ഫാഷൻ ഐക്കണ്‍ വാങ്ങി കൂട്ടിയത് 3 ലക്ഷം പുസ്തകങ്ങൾ; വല്ലാത്തൊരു 'ഹോബി' തന്നെ
Mail This Article
ഫാഷൻ ഐക്കണും ക്രിയേറ്റീവ് ഡയറക്ടറുമായ കാൾ ലാഗർഫെൽഡ് വൈരുദ്ധ്യങ്ങളുള്ള വ്യക്തിത്വമാണ്. ജർമ്മൻ ഫാഷൻ ഡിസൈനറായിരുന്ന കാൾ, 1950കളിലാണ് തന്റെ കരിയർ ആരംഭിച്ചത്. ഷണെൽ എന്ന ലോകോത്തര ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായി മൂന്ന് പതിറ്റാണ്ടിലേറെയായി നിന്ന കാൾ 1983ൽ അവിടെ ചേരുന്നതിന് മുമ്പ് ബാൽമെ, പാട്ടു, ക്ലോയി എന്നീ ബ്രാൻഡുകൾക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്.
ലോകത്തെ മുൻനിര ഫാഷൻ ഹൗസുകളിലൊന്നായി ഷണെൽ ബ്രാൻഡിനെ വളർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഫാഷൻ ഹൗസിന്റെ ക്രിയേറ്റീവ് ഔട്ട്‌പുട്ടിന്റെ എല്ലാ വശങ്ങളും മേൽനോട്ടം വഹിച്ച, ഉത്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നത് മുതൽ പരസ്യ കാമ്പെയ്‌നുകളുടെയും സ്റ്റോർ ഡിസ്‌പ്ലേകളുടെയും മേൽനോട്ടം വരെ നിർവഹിച്ച കാൾ, ആഴമേറിയതും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു അഭിനിവേശം സൂക്ഷിച്ചിരുന്നു – പുസ്തകങ്ങൾ. ബഹുഭാഷാ പണ്ഡിതരായിരുന്ന കാളിന്റെ മാതാപിതാക്കളായിരുന്നു അദ്ദേഹത്തിന്റെ പുസ്തകസ്നേഹത്തിന് പിന്നിൽ. പിതാവിന് ഒൻപത് ഭാഷകൾ സംസാരിക്കാൻ അറിയാമായിരുന്നു.
കാളിന്റെ സ്വകാര്യ ലൈബ്രറിയുടെ വ്യാപ്തി കേട്ടാൽ ആരും അത്ഭുതപ്പെടും. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി എന്ന് പലരും വിശ്വസിക്കുന്ന ആ ലൈബ്രറിയിൽ 3 ലക്ഷം പുസ്തകങ്ങളാണുള്ളത്. പുസ്‌തകങ്ങളോടുള്ള കാളിന്റെ സമർപ്പണം ആസക്തിയാണെന്ന് വേണമെങ്കിൽ പറയാം. പാരിസ്, മൊണാക്കോ, ബിയാറിറ്റ്‌സ് എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ വീടുകളിലെല്ലാം ഉയർന്ന ഷെൽഫുകളുള്ള മുറികളുമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ചരിത്രം, കല, സംഗീതം, ഫാഷന്‍ ഉൾപ്പെടെയുള്ള വിപുലമായ വിഷയങ്ങളിലെ പുസ്തകങ്ങൾ മാത്രമല്ല പല ഗ്രന്ഥങ്ങളുടെ അപൂർവമായ പതിപ്പുകളും അവിടെയുണ്ട്.
ജാക്വസ് ലക്കാനും സെർജ് ഗെയ്ൻസ്‌ബർഗും ഒരിക്കൽ താമസിച്ചിരുന്ന പാരിസിലെ ഏഴാമത്തെ അറോണ്ടിസ്‌മെന്റിലിനരികിലാണ് കാൾ ലാഗർഫെൽഡ് രൂപകൽപ്പന ചെയ്ത 7 എൽ എന്ന സ്റ്റുഡിയോ. പുസ്തകങ്ങൾ നിറഞ്ഞ സ്റ്റുഡിയോ എന്നതാണ് 7 എല്ലിന്റെ പ്രത്യേകത. ഇത് ഭാഗികമായി പൊതുജനങ്ങൾക്കായി ഒരു പുസ്തകശാലയായും ഭാഗികമായി സ്വകാര്യമായ സാംസ്കാരിക പരിപാടി നടത്താനുള്ള ലൈബ്രറിയായും പ്രവർത്തിക്കുന്നു. ജീവചരിത്രങ്ങൾ, ഉപന്യാസങ്ങൾ, ക്ലാസിക്കുകൾ എന്നിവയുണ്ടെങ്കിലും ഫോട്ടോഗ്രാഫി, കല എന്നീ വിഭാഗങ്ങളിലെ പ്രത്യേക സൃഷ്ടികൾ വാഗ്ദാനം ചെയ്യുക എന്നതായിരുന്നു പുസ്തകശാലയുടെ പിന്നിലെ ആശയം.
ഒരിക്കൽ കാള്‍ പറഞ്ഞു, “ഇന്ന് ഞാൻ പുസ്തകങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്; മറ്റൊന്നിനും ഇടമില്ല. നിങ്ങൾ എന്റെ വീട്ടിൽ പോയാൽ, ഞാൻ നിങ്ങളെ പുസ്തകങ്ങൾക്ക് ചുറ്റുമായിരിക്കും നടത്തിക്കുക. എന്റെ ലൈബ്രറിയിൽ 3 ലക്ഷം പുസ്തകങ്ങളായി. ഇത് ഒരു വ്യക്തിക്ക് ധാരാളമാണ്.” കാൾ ലാഗർഫെൽഡ് 2019ൽ മരിച്ചു. അദ്ദേഹം ഫാഷൻ ഐക്കണുകളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചുമൊക്കെ പുസ്തകങ്ങള്‍ എഴുതിയിട്ടുമുണ്ട്. തന്റെ വീട് സന്ദർശിക്കുന്ന ആർക്കും തന്റെ പുസ്തകശേഖരം കാണിക്കാൻ കാൾ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ശേഖരത്തിൽ ഫ്രഞ്ച്, ഇംഗ്ലിഷ്, ജർമ്മൻ ഭാഷകളിലുള്ള പുസ്തകങ്ങളാണ് കൂടുതലായി ഉൾപ്പെടുന്നത്.