ADVERTISEMENT

മുന്നൂറിൽപരം ചലച്ചിത്രങ്ങളിൽ വേഷം ഇട്ടിട്ടുള്ള പോൾ അങ്കിളിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം 'മിഥുനം' സിനിമയിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെതാണ്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ‘മിഥുനം’ നല്ലൊരു കോമഡി പടമായിരുന്നു. ഹാസ്യസാമ്രാട്ടുകളായ ജഗതിയും ഇന്നസെന്റും മത്സരിച്ചഭിനയിച്ച ചിത്രം. "ഊണ് കഴിക്കുന്നതാണ് ഒരിക്കലും മടുക്കാത്ത പരിപാടി" എന്ന് ഇന്നസെന്റ് ഈ സിനിമയിൽ പറയുന്നതുപോലെ ഒരിക്കലും മടുക്കാതെ ഞാൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയത്രേ ഇത്. വെറും ചിരിക്കുമപ്പുറം നമ്മുടെ സർക്കാർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത, അഴിമതി, നിരുത്തരവാദിത്വപരമായ പെരുമാറ്റം... ഇതൊക്കെ നർമത്തിൽ ചാലിച്ച് തുറന്നു കാണിക്കുന്ന ഒരു ആക്ഷേപഹാസ്യ സിനിമ കൂടിയാണിത്. 

ഒരു ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാൻ ആഗ്രഹിക്കുന്ന മോഹൻലാലിന് കേരളത്തിലെ ഓഫീസുകളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, ചുവപ്പുനാട ഭരണക്രമം കൊണ്ട് ഇവിടെ കുടിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ ബദ്ധപ്പാടുകൾ... എല്ലാം നന്നായി വരച്ചു കാണിച്ചിരിക്കുന്നു. 30 വർഷം മുമ്പ് ഇറങ്ങിയ സിനിമയായിട്ടു പോലും അതിപ്പോഴും കാലോചിതം എന്ന് തന്നെ നിസ്സംശയം പറയാം. കാരണം കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലയെന്നതു തന്നെ. ഇലക്ട്രിസിറ്റി ബോർഡിലെ ജോലി നഷ്ടപ്പെട്ട ഇന്നസെന്റിനു അമ്മാവന്റെ നിർദ്ദേശപ്രകാരം മോഹൻലാലിന്റെ കമ്പനിയിൽ ജോലി കൊടുക്കുന്നു. തരികിട പണികൾ മാത്രം വശമുള്ള ഇന്നസെന്റ് ആകട്ടെ അനിയന്റെ ആ കമ്പനിയിലെ റോ മെറ്റീരിയൽസ് വിറ്റ് കാശാക്കി കമ്പനിയിൽ കള്ളൻ കയറി എന്ന് പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നു.

ആ സമയത്താണ് പലപ്രാവശ്യം വിളിച്ചിട്ടും കമ്പനിയിൽ ഇലക്ട്രിസിറ്റി സാങ്ഷൻ കൊടുക്കാനുള്ള ഉദ്യോഗസ്ഥനായ സൂപ്രണ്ടിങ് എഞ്ചിനീയർ പോൾ അങ്കിൾ എത്തുന്നത്. കൈയ്യും കാലും പിടിച്ച് കൂട്ടിക്കൊണ്ടുവന്ന സർക്കാർ ഉദ്യോഗസ്ഥനെ സൽക്കരിക്കാനുള്ള ബിരിയാണിയൊക്കെ ഇന്നസെന്റ് തന്നെ അകത്താക്കി അടിച്ചു പൂസായി ചുമരിൽ ആഞ്ഞിടിച്ചു പച്ചതെറികൾ പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടാണ് പോൾ അങ്കിളിന്റെ വരവ്! ഇലക്ട്രിസിറ്റി ബോർഡിലെ തന്നെ സസ്പെൻഷനിലായ ഇന്നസെന്റിനെ ഇവിടെ കണ്ടു ഇയാൾ എന്താണ് ഇവിടെ എന്ന് ചോദിക്കുന്നു. സ്വിച്ചുകൾക്കു ഐ.എസ്.ഐ. മുദ്ര ഇല്ല, ഫാക്ടറിയിൽനിന്ന് വേസ്റ്റ് പുഴയിലേക്ക് ഒഴുക്കാൻ പറ്റില്ല... അങ്ങനെ ഓരോ നിസ്സാര കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഒപ്പിടാൻ വിസമ്മതിക്കുന്നു. ആ ഉദ്യോഗസ്ഥനോട് “ഒപ്പിടടാ പട്ടി, ചെറ്റ, നായിന്റെ മോനെ” എന്ന് പറഞ്ഞ് തല്ലാൻ ശ്രമിക്കുന്നതും, ഇത് കണ്ട് വണ്ടി എടുക്കടാ എന്ന് അലറി കൊണ്ടുള്ള പോൾ അങ്കിളിന്റെ ഓട്ടവും ഒരിക്കലും മറക്കാൻ കഴിയില്ല.

ഇലക്ട്രിസിറ്റി എൻജിനീയറെ വധിക്കാൻ ശ്രമിച്ചില്ലേ എന്ന് പറഞ്ഞ് ഇന്നസെന്റിനെ അളിയൻ ജഗതി അറസ്റ്റ് ചെയ്യുന്നതും കഥയുടെ മറ്റൊരു വഴിത്തിരിവ്. മോഹൻലാലിന്റെ ഉത്തമ സുഹൃത്ത് ശ്രീനിവാസൻ അദ്ദേഹത്തിന്റെ തന്നെ സഹോദരിയെയും കൊണ്ട് ഒളിച്ചോടുന്നു. എല്ലാംകൂടി ആയപ്പോൾ തകർന്നു തരിപ്പണമായി മോഹൻലാൽ. വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും ഭാര്യയുടെ പരാതികളും കേട്ട് മടുത്ത ഒരു ദിവസം അയാൾ  പൊട്ടിത്തെറിക്കുന്നു. രണ്ട് ഉദ്യോഗസ്ഥർക്കും കൈക്കൂലി തരാമെന്ന് പറഞ്ഞ് ഫാക്ടറിയിൽ വിളിച്ചുവരുത്തി മദ്യസൽക്കാരം നടത്തി അവസാനം "മര്യാദയ്ക്ക് ഒപ്പിട്ടോ, ഈ ഫാക്ടറിക്ക് ചുറ്റും ഞാൻ മണ്ണെണ്ണയൊഴിച്ചിരിക്കുകയാണ്. ഒന്നുകിൽ ഒപ്പിടുക. അല്ലെങ്കിൽ നമ്മൾ എല്ലാവരും ഒന്നിച്ച് കത്തി ചാമ്പലാകും" എന്ന് പറഞ്ഞ് തീപ്പെട്ടി ഉരച്ച് കാണിച്ച് ഭീഷണിപ്പെടുത്തി. രക്ഷയില്ലാതെ പോൾ അങ്കിളും സഹപ്രവർത്തകനും ഫാക്ടറിക്ക് ഇലക്ട്രിസിറ്റി കണക്ഷൻ കൊടുക്കാനുള്ള അപേക്ഷയിൽ ഒപ്പുവെച്ചു മടങ്ങുന്നു. തൊട്ടാവാടിയായ ഭാര്യ തന്റെ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്ന് രണ്ടുപേരും ഊട്ടിയിലേക്ക് അവരുടെ മധുവിധുവിനായി പോകുന്നിടത്ത്  സിനിമ അവസാനിക്കുന്നു.

വൈദ്യുതി അമൂല്യമാണ്. അത് ദുരുപയോഗപ്പെടുത്തരുത്. ഇലക്ട്രിസിറ്റി ബോർഡിലെ വിവിധ തസ്തികകൾ... ഇത്ര യൂണിറ്റ് വൈദ്യുതി... ഡാമിൽ ഇത്ര ക്യൂബിക് അടി വെള്ളം... ഇതൊക്കെ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായ എന്റെ പിതാവിൽനിന്ന് നന്നേ ചെറുപ്പത്തിൽ തന്നെ കേട്ടിരുന്നതിനാലാകാം ഈ ദൃശ്യങ്ങളോടു എനിക്കെന്തോ മാനസികമായ അടുപ്പം തോന്നിയിരുന്നു. എന്റെ പിതാവ് ജോലി ചെയ്തിരുന്ന ഒരു തസ്തികയിലെ വേഷം പോൾ അങ്കിൾ അഭിനയിച്ചത് കണ്ടത്കൊണ്ട് കൂടിയുള്ള സന്തോഷം കൊണ്ടാണോ എന്നറിയില്ല, എനിക്ക് പോൾ അങ്കിൾ ചെയ്ത എല്ലാ വേഷങ്ങളേക്കാളും ഇഷ്ടം ഈ എഞ്ചിനീയർ വേഷമാണ്. 

പോൾ അങ്കിൾ അഭിനയിച്ചതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രമാണ് 1993ൽ തന്നെ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്‍റെ ‘ഗോളാന്തരവർത്ത’ യിലെ പുതിയതായി ചാർജ് എടുത്ത എസ്. ഐ. ഇരുമ്പൻ ജോർജ്. ഇവിടുത്തെ സ്റ്റേഷനിൽ ആളുകൾ പരാതി പറയാൻ ചെല്ലാറില്ല, കള്ളന്മാരെയും കൊലപാതകികളെയും മമ്മൂട്ടി പിടിക്കും. അപ്പോൾ അവരെ കോടതിയിൽ ഹാജരാക്കേണ്ട ചുമതല മാത്രമേ പൊലീസിനുള്ളു. പോസ്റ്റ്‌ മോർട്ടത്തിനു കൊണ്ടുപോകുന്നത് വരെ ശവത്തിനു കാവൽ നിൽക്കാം. ഈ നാടിനെ കുറിച്ചുള്ള വിചിത്ര വിശേഷങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്‌ ശങ്കരാടിയിൽ നിന്ന് അറിഞ്ഞു നില തെറ്റി പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കാത്ത മമ്മൂട്ടിയെ തേടിയുള്ള വരവാണ് സിനിമയുടെ ആദ്യഭാഗം തന്നെ. 

പണിക്കാരനായ മാമുകോയയോടുള്ള ചോദ്യങ്ങൾക്കുള്ള മറുപടി വരുന്നത് തട്ടിൻ മുകളിലെ നാടക റിഹേഴ്സൽ ക്യാമ്പ് ബോബി കൊട്ടാരക്കരയുടെ സിംബൽ അടി ശബ്ദത്തോടെ. ‘ആ കാലമാടനെ എന്റെ കയ്യിൽ ഒന്നു കിട്ടിയിരുന്നെങ്കിൽ’ എന്ന് ആത്മഗതം പറഞ്ഞു കൈ കൂട്ടി തിരുമ്മുന്ന പോൾ അങ്കിൾ.. നാട്ടുകാരുടെ ഈ ആൾദൈവത്തോട് ഉടനെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നും പറഞ്ഞുള്ള പോക്ക്.. അങ്ങനെ ഇന്നും മലയാളി മറക്കാത്ത എത്രയോ സീനുകൾ.. അഭിനയിച്ചു ഗംഭീരം ആക്കിയിരിക്കുന്നു! അതുപോലെ തന്നെ മനോഹരമായ വേഷങ്ങൾ ആയിരുന്നു ‘ഉത്തമ’നിലെ സിദ്ധിക്കിന്റെ അമ്മാവൻ, ‘ഡാർലിംഗ് ഡാർലിംഗ്’ ലെ വിനീതിന്റെ അച്ഛൻ... പോൾ അങ്കിൾ പകർന്നാടിയ വേഷങ്ങളിലൂടെ എന്നും മലയാളികളുടെ ഹൃദയത്തിൽ സി. ഐ. പോൾ എന്ന നടൻ ജീവിക്കുക തന്നെ ചെയ്യും. കഥയും കടങ്കഥയും അനുഭവകഥകളും പറഞ്ഞു എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു ഒരു യാത്ര പോലും പറയാതെ കടന്നുപോയ പോൾ അങ്കിളിനു ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒത്തിരി സ്നേഹത്തോടെ!

English Summary:

Malayalam Memoir Written by Mary Josy Malayil