പേര് മാറ്റി പറഞ്ഞ് കല്യാണ വീട്ടിലെത്തി; 'അവിടെ ആകെ പ്രശ്നമുണ്ടാക്കിട്ട് ആരുമറിയാതെ മുങ്ങി...'
Mail This Article
അടുത്ത വീട്ടിലെ ഭാസ്കരൻ മുതലാളിയുടെ മകളുടെ കല്യാണമാണ് നാളെ. ഞങ്ങൾ ചില്ലപ്പുറം പഞ്ചായത്തിലെ കൈതവനം എന്ന ഗ്രാമത്തിൽ പുതിയ താമസക്കാർ ആയി വന്നവരാണ്. പച്ചപിടിച്ചു നിൽക്കുന്ന മരങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഭാസ്കരൻ മുതലാളിയുടെ പറമ്പ് ഞങ്ങളുടെ വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്നതാണ്. ഭാസ്കരൻ മുതലാളിയുടെ വീടിന്റെ അടുത്തുള്ള വർക്ക്‌ഷോപ്പ് നടത്തുന്ന ജോസിന്റെ വാടകവീട്ടിൽ ആണ് ഞങ്ങൾ താമസിക്കുന്നത്. ഈ ഗ്രാമത്തിൽ ഞങ്ങളെ അറിയുന്നത് ജോസഫ് മാത്രമേ ഉള്ളു.
ഭാസ്കരൻ മുതലാളിയുടെ കല്യാണവീട്ടിലെ വിശേഷങ്ങൾ അറിയുന്നതിനായി തൊട്ടടുത്ത് താമസിക്കുന്ന ഞാൻ ആദ്യമായി ഒന്ന് പോയതാണ്. അവിടെ ചെന്നപ്പോൾ എല്ലാവരും വീടിന്റെ പുറകു വശത്തായിരുന്നു. അവിടത്തെ കാര്യസ്ഥൻ എന്നെ സ്വീകരിക്കാൻ വീടിന്റെ മുൻപിൽ എത്തി. എന്നെ ഇതിന് മുമ്പ് അവിടെ കണ്ടിട്ടില്ലാത്തതിനാലും കാര്യസ്ഥന് അധികം ഈ നാട്ടിൽ ആരെയും പരിചയം ഇല്ലാത്തതിനാലും എന്നോട് ചോദിച്ചു... "അടുത്ത വീട്ടിലെ സുബ്രൻ അല്ലെ?" ഞാൻ പറഞ്ഞു, "സുബ്രൻ അല്ല സുന്ദരൻ ആണ്." ഫ്രാൻസിസ് എന്ന് എനിക്കുള്ള ആ നല്ല പേരിനെ സുബ്രൻ ആക്കി എന്നെ പേര് വിളിച്ചത് എനിക്ക് ഒട്ടും ഇഷ്ടമായില്ല. കാര്യസ്ഥൻ മുതലാളിയെ കാണാൻ വീടിന്റെ പുറകിലേക്ക് പോയപ്പോൾ, ഞാൻ അവിടെ നിന്ന് വീടിന്റെ മുന്നിലൂടെ സ്ഥലം വിട്ടു. എന്നാലും പേരറിയാത്തവർ പേര് ചോദിക്കാതെ വല്ലവരുടെയും പേര് എടുത്ത് എന്നെ വിളിച്ചത് ഒട്ടും ശരിയായ നടപടിയല്ല.
വീടിന്റെ പുറകു വശത്തുള്ള മുതലാളിയോട് കാര്യസ്ഥൻ ഉടനെ ചെന്ന് പറഞ്ഞു, "വീടിന്റെ മുൻവശത്തു ഒരു സുന്ദരൻ വന്നിരിക്കുന്നു." മുതലാളി അപ്പോൾ ചോദിച്ചു, "സുന്ദരൻ!.. ഏത് സുന്ദരൻ? ഈ നാട്ടിൽ ഞാൻ അറിയാത്ത ഒരു സുന്ദരനൊ!?" എല്ലാവരും കൂടി വീടിന്റെ മുൻവശത്തേക്കു സുന്ദരനെ കാണാൻ വന്നു. "അയാൾ എവിടെ?" മുതലാളി കാര്യസ്ഥനോട് തിരക്കി... "അയാൾ ഇവിടെ ഉണ്ടായിരുന്നല്ലോ! തെ.. ഇപ്പോൾ ഇവിടെ കാണാൻ ഇല്ല..." "എന്നാൽ പിന്നെ കള്ളൻ ആയിരിക്കോ?" കാര്യസ്ഥൻ പറഞ്ഞു. "കള്ളൻ എങ്കിൽ കള്ളൻ, അയാളെ വേഗം കണ്ടുപിടിച്ചു ഇവിടെ കൊണ്ട് വരിക," മുതലാളി ആജ്ഞാപിച്ചു. ഉടനെ തന്നെ കള്ളനെ പിടിക്കാൻ നാലു വശവും ആളെ വിട്ടു.
ഈ സമയം മുതലാളിയുടെ അഞ്ചേക്കർ വരുന്ന പറമ്പ് വട്ടം കടന്നു അപ്പുറത്തുള്ള ഒരു റോഡിലെത്തി ഫ്രാൻസിസ്. റോഡിലൂടെ കുറെ നടന്നപ്പോൾ ജോസഫ് ചേട്ടന്റെ വർക്ക്‌ഷോപ്പ് കണ്ടു. ജോസഫ് ചേട്ടൻ ഫ്രാൻസിസിനെ കണ്ടപ്പോൾ അങ്ങോട്ടു ക്ഷണിച്ചു. "ഒഴിവ് ഉണ്ടെങ്കിൽ ഒരു മണിക്കൂർ വർക് ഷോപ്പിൽ സഹായിക്കാമോ?" ഞാൻ പറഞ്ഞു, "ഓകെ, അതിനെന്താ കുഴപ്പം, ജോസഫ് ചേട്ടാ." ഞാൻ പെട്ടെന്ന് ഒരു വർക്ക്‌ഷോപ്പ് ജീവനക്കാരനായി. വർക്ക്‌ഷോപ്പിൽ നട്ടും ബോൾട്ടും മുറുക്കുന്ന പണികൾക്കൊപ്പം ക്ലീനിങ് ജോലികളും പറഞ്ഞത് പ്രകാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഭാസ്കരൻ മുതലാളിയുടെ ആൾക്കാർ അവിടെ പുതിയ കള്ളനെ തേടി എത്തി. അവർ വർക്ക്‌ഷോപ്പ് ഉടമയോട് ചോദിച്ചു, "സുന്ദരൻ എന്ന പേരിൽ ഒരു കള്ളൻ മുതലാളിയുടെ വീട്ടിൽ ഇപ്പോൾ വന്നു. എവിടെ പോയി എന്നറിയില്ല. പരിചയം ഇല്ലാത്ത ആരെങ്കിലും ഈ വഴിപോകുന്നത് കണ്ടുവോ?.. അയാളെ കണ്ടാൽ പിടിച്ചു കെട്ടി മുതലാളിയുടെ അടുത്ത് എത്തിക്കണമെന്ന് പറഞ്ഞിട്ടുണ്ട്." "ഞാൻ ആരെയും കണ്ടില്ല," എന്ന് വർക്ക്‌ഷോപ്പ് ഉടമ പറഞ്ഞു.
തടിയന്മാരായ അഞ്ച് പേർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിൽ ഒരുവൻ വർക്ക്‌ഷോപ്പിൽ നട്ടും ബോൾട്ടും മുറുക്കുന്ന ഫ്രാൻസിസിനെ നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ഫ്രാൻസിസ് ഉള്ളിന്റെ ഉള്ളിൽ ഒന്ന് പുഞ്ചിരിച്ചു. മുതലാളിയുടെ കാവൽഭടന്മാർ ഇത് പറഞ്ഞ് അവിടെ നിന്ന് വേഗം പോയി. പിറ്റേ ദിവസം മുതലാളിയുടെ വീട്ടിൽ നടക്കുന്ന കല്യാണത്തിന് ക്ഷണം ലഭിച്ചതിനാൽ ഫ്രാൻസിസ് മുഖത്തെ താടി രോമമെല്ലാം വടിച്ചു കളഞ്ഞു. കല്യാണവീട്ടിൽ ചെന്നപ്പോൾ കാര്യസ്ഥൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മനസ്സിൽ വീണ്ടും ഒന്ന് പുഞ്ചിരിച്ചു.