ADVERTISEMENT

ഞാൻ എവിടെയാണെന്ന് അറിയില്ല. ചുറ്റും കാണുന്നത് എന്താണെന്ന് മനസ്സിലായില്ല. കേൾക്കുന്ന ശബ്ദങ്ങൾ ഏതൊക്കെയാണ്? ആവോ അറിയില്ല! ഇതിപ്പോൾ ഞാൻ ആരാണെന്ന് തന്നെ മനസ്സിലാകുന്നില്ല. കുറച്ചു സമാധാനമായി ചിന്തിച്ചാൽ ഓർമ്മ കിട്ടുമായിരിക്കും. അതെ ശരിയാണ് കുറേശ്ശെ എന്റെ യാത്രയുടെ ചിത്രം ഇപ്പോൾ വ്യക്തമാവുന്നുണ്ട്. 

കുറെ നാളുകൾക്ക് മുൻപ് ഒരു ദിവസം എവിടെ നിന്നോ വന്ന് വീണത് പോലെ ഒരു ചെറിയ ഓർമ്മ. ഒരു വലിയ പതനം തന്നെ ആയിരുന്നു അത്. പിന്നെ ദീർഘനാൾ ആ കിടപ്പ് കിടന്നു. എന്നിൽ ഒരു മാറ്റവും സംഭവിക്കാതെ ഒരു നീണ്ട ഉറക്കം. പിന്നെ എപ്പോഴോ  എന്തോ ഒരു ശക്തി എന്നിൽ നിറഞ്ഞതു പോലെ തോന്നി. പിന്നീട് എന്നിൽ വന്ന മാറ്റങ്ങൾ അതി വേഗത്തിൽ ആയിരുന്നു ഒരു ഞെട്ടലോടെ ഞാൻ അത് തിരിച്ചറിഞ്ഞു. ഒരു നീണ്ടുരുണ്ട ആളായിരുന്നു ഞാൻ. കട്ടിയുള്ള ഒരു പുറംചട്ട എനിക്കുണ്ടായിരുന്നു. ഈ മാറ്റം തുടങ്ങിയപ്പോൾ ഞാൻ വലുതാവുന്നതു പോലെ തോന്നി. എന്നെ ഉൾക്കൊള്ളാൻ ശക്തി ഇല്ലാതെ എന്റെ പുറം ചട്ട പൊട്ടിപ്പിളർന്നു. നുറുങ്ങുന്ന വേദന ആയിരുന്നു. ആ ഓർമ്മ വന്നപ്പോൾ ഇപ്പോഴും ഒരു വേദന പോലെ. പുറംചട്ട പൊട്ടി മാറിയ വിടവിലൂടെ ഞാൻ പതിയെ പുറത്തേക്കു വളർന്നു. ഒരു വശത്തേക്കല്ല. രണ്ടു വശത്തേക്ക്-താഴേക്കും മുകളിലേക്കും. താഴേക്ക് വളർന്ന ഭാഗത്തിന് വെള്ള നിറമായിരുന്നു മുകളിലേക്ക് വളർന്ന ഭാഗത്തിന് പച്ച കലർന്ന വെള്ള. താഴേക്കുള്ള വളർച്ച ദ്രുത ഗതിയിലായിരുന്നു തത്‌ഫലമായി എന്നിലേക്ക്‌ ഒരു അത്ഭുതദ്രാവകം നിറയാൻ തുടങ്ങി. അതോടു കൂടി എന്റെ മുകളിലേക്കുള്ള വളർച്ചയും അതിവേഗത്തിലായി.

ഇളം പച്ച നിറം ഉണ്ടായിരുന്ന ഭാഗം നീണ്ട് നീണ്ട് പോയപ്പോൾ വീണ്ടും ഒരു തടസ്സം പോലെ ഒരു വേദന എന്തോ പിളർക്കുന്ന വേദന. കുറച്ചു നാളുകൾ അങ്ങനെ ആ അവസ്ഥയിൽ കിടന്നു പിന്നീട് ശരീരത്തിന് ഒരു നേർത്ത ചൂട് അനുഭവപെട്ടു പ്രകാശത്തിന്റെ ഒരു വലിയ ലോകത്തേക്ക് ഞാൻ എത്തിപ്പെട്ടു. ഞാൻ ചുറ്റും എത്തി നോക്കി. അത് വരെ ഇല്ലാതിരുന്ന പല അനുഭവങ്ങളും കിട്ടി. അന്നാണ് ആദ്യമായി ശബ്ദം കേട്ടത്, കാഴ്ചകൾ തെളിഞ്ഞു കണ്ടത്, പിന്നെ എന്തോ സുഖകരമായ ഒരു സ്പർശം ഇടക്കിടക്ക് കിട്ടികൊണ്ടിരുന്നു. അതൊരു വല്ലാത്ത അനുഭൂതിയായിരുന്നു. കാലം മുന്നോട്ടു പോയപ്പോൾ ഞാൻ മനസ്സിലാക്കി അത് കാറ്റ് എന്ന അത്ഭുത പ്രതിഭാസമാണെന്ന്. പിന്നീട് അതിവേഗം ഞാൻ വളർന്നു താഴേക്കും മുകളിലേക്കും വശങ്ങളിലേക്കും എല്ലാം. ഒരു ഭീമാകാരനായി തീരുന്നത് അഭിമാനത്തോടെ ഞാൻ അറിഞ്ഞു.

മാറ്റങ്ങൾ എന്ന് ഞാൻ പറഞ്ഞില്ലേ, ഏതൊക്കെയാണെന്നോ അതെല്ലാം. ഇളം പച്ച നിറമുണ്ടായിരുന്ന ഭാഗം കടും പച്ച നിറമായി മാറി ആദ്യം. പിന്നീടത് കടുത്ത നിറമായി മാറി, കറുപ്പല്ല മറ്റൊരു നിറം. ശരീരത്തിന്റെ പലവശങ്ങളിലേക്ക് വളർന്ന് നീങ്ങിയ എന്തോ ഒന്ന് അതിൽ നിറയെ കാറ്റിൽ ആടുന്ന പച്ച നിറത്തിലുള്ള ഭംഗിയുള്ള എന്തോ ഒന്ന്. അവയിൽ സൂര്യപ്രകാശം തട്ടുമ്പോൾ എന്നിൽ ഒരു ശക്തി നിറയും. ഞാൻ ആകെ ഒരു ശക്തിസ്രോതസ്സായി മാറിയതുപോലെ ഒരു തോന്നലാണ്. താഴേക്ക് വളർന്ന ഭാഗവും വെളുപ്പ് മാറി കടുത്ത നിറമായി മാറി വീണ്ടും വീണ്ടും അതിൽ ചെറിയ വെളുത്ത ഭാഗങ്ങൾ വളരുന്നുണ്ടായിരുന്നു. അതിലൂടെ ആദ്യം എന്നെ വളരാൻ സഹായിച്ച ദ്രാവകം ഇപ്പോഴും എന്നിലേക്ക്‌ കയറിക്കൊണ്ടിരുന്നു. വെള്ളം എന്നാണത്രെ അതിന്റെ പേര്. അങ്ങനെ ഞാൻ ഒരു അതികായനായി മാറി. ഒരു നവലോകം എൻ മുന്നിൽ അങ്ങനെ നിറഞ്ഞാടി നിന്നു. ഇത്രയും ഓർത്തെടുത്ത് എത്ര നന്നായി ഇപ്പോൾ ഓർമ്മ കിട്ടുന്നു എന്താണ് എന്നെ വിളിക്കുന്നതെന്ന്. ഞാൻ ഒരു വൃക്ഷമാണ്. 

എന്റെ വശങ്ങളിലേക്ക് വളർന്നു നീണ്ട ശിഖരങ്ങൾ (അങ്ങനെ ആണ് അവർ പറഞ്ഞ് കേട്ടത്) അതിലുള്ള ആ പച്ചനിറമുള്ള ഇലകൾ (അതും അവർ പറഞ്ഞു) എല്ലാം കൂടി ചേർന്നങ്ങനെ നിൽക്കുമ്പോൾ എനിക്ക് താഴെ സൂര്യപ്രകാശത്തിന്റെ ചൂടറിയില്ല. അവിടെ തണൽ ഉണ്ടെന്നാണ് പറയുന്നത്. അങ്ങനെ എന്റെ തണലിൽ ചാരിനിന്ന് ഇരുകാലികൾ - മനുഷ്യർ- ക്ഷീണമകറ്റി, വർത്തമാനം പറഞ്ഞു. ചിലർ നേരിയ തോതിൽ എന്നെ വേദനിപ്പിച്ചു കൊണ്ട് എന്റെ ശരീരത്തിൽ കൂർത്ത ചില സാധനങ്ങൾ കൊണ്ട് എന്തൊക്കെയോ വരച്ചിട്ടു. പിന്നെ നാല് കാലുള്ള ജീവികൾ അവ എന്റെ ചുവട്ടിൽ നിൽക്കുന്ന ചെറിയ പച്ചനിറമുള്ള എന്നെ പോലെ പൊക്കമോ വണ്ണമോ ഇല്ലാത്ത തീരെ ചെറിയ ചെടികൾ ഭക്ഷിച്ചു നിന്നു. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവരുടെ ശരീരത്തിലെ എന്തോ ഒരു സാധനം എനിക്ക് ചുവട്ടിൽ നിക്ഷേപിച്ചു. വല്ലാത്ത ഒരു ഗന്ധമായിരുന്നു അതിന്. പിന്നീടൊരു ദിവസമാണ് മറ്റൊരു സുഖകരമായ അനുഭൂതി എനിക്കുണ്ടായത്. എന്റെ താഴേക്ക് വളർന്ന ഭാഗത്തു കൂടി കയറിയിരുന്ന വെള്ളം മുകളിൽ നിന്നു സൂര്യൻ പ്രത്യക്ഷപ്പെടുന്ന ആകാശം എന്ന് പറയുന്ന സ്ഥലത്തു നിന്നു താഴേക്ക് വന്നു.അതെങ്ങനെയാ മുകളിൽ എത്തിയതെന്ന് ഇപ്പോഴും എനിക്കറിയില്ല. എന്തൊരു കുളിരായിരുന്നു. എന്റെ ദേഹം മുഴുവനും വെള്ളം കൊണ്ട് നനഞ്ഞു. മഴ അതാണ് അന്ന് എന്റെ തണലിൽ അഭയം തേടിയിരുന്ന ഒരു കൂട്ടം കുട്ടികൾ പറഞ്ഞ പേര്. മഴ കഴിഞ്ഞപ്പോൾ ഇലകളുടെ തുമ്പത്തൊക്കെ ചെറുവെള്ളത്തുള്ളികൾ അങ്ങനെ തത്തിക്കളിച്ചു. അപ്പോൾ എന്നെ തഴുകിയ കാറ്റിൽ ഞാൻ ആകെ ഒന്ന് കുലുങ്ങി അപ്പോൾ അതാ എന്റെ ചുവട്ടിൽ മാത്രം വീണ്ടും ഒരു ചെറുമഴ പെയ്തപോലെ. മഴ കഴിഞ്ഞതോടെ എന്റെ വളർച്ച എനിക്ക് തന്നെ കണക്കുകൂട്ടാൻ പറ്റാത്തത് പോലെ വേഗത്തിൽ അങ്ങ് തുടർന്നു. ഹോ ആശ്വാസമായി എന്തായിരുന്നു ഇടയ്ക്ക് ഒരു ഓർമ്മക്കുറവ് പോലെ തോന്നിയത്. ആകെ ഒരു ഇരുട്ട് പോലെയാ തോന്നിയത്. ഇപ്പോൾ എല്ലാം ഒന്നോർത്തു വന്നപ്പോൾ എന്തൊരാശ്വാസം.

പ്രായം കൂടിയത് കൊണ്ട് ഇനി എല്ലാം അങ്ങ് മറന്നു പോയതാണോ എന്നൊന്ന് ഭയന്നു പോയി. എല്ലാം ഇപ്പോൾ വ്യക്തമായി ഓർക്കുന്നു. എത്രയോ വർഷങ്ങൾക്ക് മുൻപാണ് എന്റെ ആ പതനം. തലമുറകൾ എന്റെ മുന്നിൽ കളിച്ചു വളർന്നു. ഇപ്പോൾ ഓർക്കുന്നു ഏതോ ഒരു പക്ഷി എന്റെ തായ്‌മരത്തിന്റെ കായ ഭക്ഷിച്ചിട്ട് വിത്ത് (അതായതു എന്നെ) താഴേക്ക് ഇട്ടതായിരുന്നു ആ പതനം. പിന്നെ ആരൊക്കെയോ വെള്ളം തന്നു ചിലർ വളവും. ഞാൻ നിന്നിരുന്നത് ഒരു വീടിനോടു ചേർന്നായിരുന്നു. അതുകൊണ്ടു തന്നെ ഇടക്കൊക്കെ അവർ എന്റെ ശിഖരങ്ങൾ മുറിച്ചു കൊണ്ടിരുന്നു എന്നാലും എന്നെ മുഴുവനായി വെട്ടാൻ അവർ തയ്യാറായില്ല. മുറിച്ച ശിഖരങ്ങൾക്കു പകരം പുതിയവ വളരാൻ അധികം സമയം വേണ്ടിവരാറില്ല. അന്ന് പിന്നെ ചെറുപ്പവുമായിരുന്നു. ആ വീടിന്റെ മുറ്റം വൃത്തിയാക്കാൻ പലപ്പോഴായി വന്നിരുന്ന സ്ത്രീകൾ എന്നെ വഴക്കു പറയും. എന്റെ ഇലകൾ കാരണം അവരുടെ ജോലി കൂടുന്നു എന്നായിരുന്നു പരാതി. എന്നാലും എന്നും ഒരു പാത്രം  വെള്ളം എനിക്ക് തരാൻ അവർ മറക്കാറില്ല. അങ്ങനെ വർഷങ്ങളോളം അല്ലലറിയാതെ ഞാൻ തഴച്ചു വളർന്നുകൊണ്ടേ ഇരുന്നു. വീട്ടിൽ പുതിയ ആൾക്കാർ മാറിമാറി വന്നു. ആരും എനിക്കൊരു ഭീഷണി ആയില്ല.

എന്നാൽ ഈ അടുത്ത കാലത്തായി എന്നോളം വളർന്ന വന്മരങ്ങൾ പലതും മനുഷ്യർ മുറിച്ചു മാറ്റുന്നത് കാണുന്നു. കൊമ്പുകൾ  മുറിക്കുന്നത് പോലെ ചെറിയ ഒരു കോടാലികൊണ്ടൊന്നുമല്ല, വലിയ യന്ത്രങ്ങൾ വന്നാണ് ഒക്കെ മുറിച്ചു മാറ്റുന്നത്. നിമിഷ നേരം കൊണ്ട് എല്ലാം കഴിയും. ഒറ്റയടിക്ക് വീഴുന്ന അവരെയൊക്കെ തലങ്ങും വിലങ്ങും വെട്ടി വലിയ വട്ടകഷ്ണങ്ങൾ ആക്കി വണ്ടിയിൽ കയറ്റി കൊണ്ടുപോകും. എങ്ങോട്ടാണോ കൊണ്ടുപോകുന്നത്. അറിയില്ല. വല്ലാതെ ഭീതി തോന്നിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഇതെല്ലാം. എന്തൊരു  വേദന ആയിരിക്കും  അവർ അനുഭവിക്കുന്നത്. ഇനി ഒരുനാൾ ഞാനും ആ പ്രക്രിയക്ക് ഇരയാകും  എന്നൊരു ഭയം എപ്പോഴും ഉള്ളിൽ നിറയുന്നുണ്ട്.  

വളരെ ഉപകാരപ്രദമായ വൃക്ഷങ്ങളാണ് വെട്ടിമാറ്റിയവ ഒക്കെയും. ചിലതിന്റെയൊക്കെ പഴങ്ങളെ കുറിച്ച് കുട്ടികൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. വിസ്തൃതമായ തണൽ ഒരുക്കിയിരുന്ന വൃക്ഷങ്ങൾ അനവധി. പിന്നെന്താ ഇങ്ങനെ അവരെ ഇല്ലാതാക്കിയത്? അതിനൊരു കാരണമുണ്ടെങ്കിൽ  എന്തേ തന്നെ മാത്രം ഒഴിവാക്കി ? കുറെ നാളായി ഈ സംശയം മനസ്സിൽ ഉണ്ട്. ഞാൻ നിൽക്കുന്ന വീടിന്റെ ആൾക്കാരുടെ തന്നെ ആണ് തൊട്ടടുത്ത പുരയിടവും. അവിടെ ഇവർ തന്നെ പോയി നിർദേശങ്ങൾ ഒക്കെ കൊടുത്തു മരങ്ങൾ  വെട്ടി നൽകുന്നത് കാണുന്നുണ്ട്. പിന്നെ എന്താണ് എന്നോട് വേറൊരു നയം. എന്തോ ഒന്ന് എന്നെ ഉപദ്രവിക്കുന്നതിൽ നിന്ന് അവരെ തടയുന്നുണ്ട്. എന്തായാലും അതിനു നന്ദി. 

സംശയം തോന്നി തുടങ്ങി കഴിഞ്ഞപ്പോൾ ആണ് വ്യത്യാസങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. എന്നും മുടങ്ങാതെ ആരെങ്കിലും എനിക്ക് വെള്ളം തരും. ചിലപ്പോഴൊക്കെ വളവും. പിന്നീടൊരിക്കൽ ഞാൻ ശ്രദ്ധിച്ചു മറ്റുള്ള മരങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത , എന്റെ ദേഹത്തിനു കുറുകെ നിരവധി മഞ്ഞ ചരടുകൾ ചുറ്റികെട്ടിയിട്ടുണ്ട്.മഞ്ഞ ആണ് ആ നിറമെന്നു കുട്ടികൾ പറഞ്ഞു കേട്ടു. പിന്നെ ഒരു ഓട് കമഴ്ത്തി വെച്ചിട്ടുണ്ട് അതിൽ ദിവസവും വിളക്ക് തെളിയിക്കും. അതെന്തിനാണെന്നു മനസ്സിലായില്ല എന്തുകൊണ്ടാണീ വ്യത്യാസം ശ്രദ്ധിക്കാഞ്ഞതെന്നും പിടികിട്ടിയില്ല. കാരണം വളരെ നാൾ ആയിട്ടില്ല ഈ സംഭവങ്ങൾ വന്നിട്ടെന്ന് വ്യക്തം. ആദ്യമൊക്കെ നാല്കാലികൾ അടുത്ത് വന്നു ചാരി നിൽക്കാറുണ്ടായിരുന്നു. കുറെ നാളായി അവയെ കാണുന്നില്ല. അപ്പോൾ ഈ സംവിധാനം വന്ന ശേഷമായിരിക്കണം ചുറ്റും അധികം ആൾക്കാരില്ലാതെ ആയത്. കുട്ടികൾ മാത്രമേ വരാറുള്ളൂ. അതും മറ്റുള്ളവർ കാണാതെ ആണ് ദേഹത്ത് കയറി ഇറങ്ങുന്നത്. ആരെങ്കിലും ഉള്ളപ്പോൾ വെറുതെ സംസാരിച്ചിരിക്കയെ ഉള്ളു. 

ഇനി ആ വഴിക്കു ഒന്നോർക്കണമല്ലോ. പ്രായം കൂടുന്നു എന്ന് വ്യക്തം. പലതും ശ്രമിച്ച്  ഓർത്തെടുക്കേണ്ടി വരുന്നു. ചെറുപ്പത്തിൽ ഈ വിളക്കൊന്നും ഇല്ലായിരുന്നു. പിന്നെന്നാണ്? ഓ ശരിയാണ് ഒരിക്കൽ  അതായത് ഈ വൻവൃക്ഷങ്ങളിൽ ആദ്യത്തേതിനെ മുറിക്കാൻ യന്ത്രം വന്ന സമയത്താണ് ഒരു ദിവസം ഗൃഹനാഥൻ എന്റെ ചുവട്ടിൽ വന്നിരുന്ന്  എന്നെ തലോടി കൊണ്ട് നെടുവീർപ്പോടെ  പറഞ്ഞത്. " നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല"  അന്ന് മുതലാണ് ഈ വിളക്ക് വന്നത്. ഓഹോ അത് ശരി എന്നെ മുറിക്കാൻ വരാതിരിക്കാൻ അദ്ദേഹം ചെയ്ത ബുദ്ധിയാണിത്.  അതെ അതിപ്പോൾ ഓർക്കുന്നു. അദ്ദേഹം തനിയെ എന്നും വന്ന്‌ ഈ വിളക്ക് കത്തിക്കുന്നത്  ഓർമ്മവരുന്നുണ്ട്. പിന്നീടാണ് പലരും വരാൻ തുടങ്ങിയത്. അതിനു ശേഷം ഒരു സ്ത്രീയാണ് ഈ ചരട് കെട്ടിയത്. ഇങ്ങനെ ഒന്ന് കെട്ടിയതാണെന്ന് അന്ന്  മനസ്സിലായില്ല. അവർ കുറെ പ്രാവശ്യം ചുറ്റും കറങ്ങി നടന്നു, അതിതായിരിക്കും. ഓരോന്നോരോന്നായി ഓർക്കാൻ വയ്യ. എന്തായാലും ഈ ഓടും ചരടും ആണ് എന്റെ രക്ഷ. കാർന്നോരെ നന്ദി അങ്ങെന്നെ ബുദ്ധിപൂർവം രക്ഷിച്ചല്ലോ.

വർഷങ്ങൾ പലതും ഓടി അകന്നു. മാറി മാറി വന്ന  ആൾക്കാർ പതിവ് തെറ്റിക്കാതെ വിളക്ക് വെച്ചു. പിന്നീട് എനിക്ക് ചുറ്റും ഉയർന്ന ഒരു പീഠം പണിഞ്ഞു. ധാരാളം പേര് എനിക്ക് ചുറ്റും വട്ടത്തിൽ നടക്കാനും സങ്കടം പറയാനും തുടങ്ങി. അങ്ങനെ ഞാൻ ഒരു മഹാപ്രസ്ഥാനമായി മാറി. ആളൊഴിഞ്ഞ നേരമില്ല. ഞാൻ ഇതിലെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. വെറുതെ അങ്ങ് നിന്ന് കൊടുത്തു അത്രതന്നെ. നേരത്തെ ശിഖരങ്ങൾ മുറിക്കപ്പെട്ടിരുന്നു എന്നാൽ ഇന്ന് അതും ഇല്ല. ഞാൻ ഭീമാകാരനായി വളർന്നു. ഒപ്പം ഒരു കാര്യം എന്നിൽ നിറയുന്നുണ്ട്. മറ്റു വൃക്ഷങ്ങൾ വളരാൻ പോലും അനുവദിക്കാത്ത മനുഷ്യർ ഭക്തിയോടെ എന്നെ കാണുന്നതിൽ അൽപ്പം അഹങ്കാരം തന്നെ തോന്നി തുടങ്ങി.  

അങ്ങനെ കാലം രസകരമായി പോകുന്നു. ഇതെന്താണ് ഈ വരുന്നത്. അതിശക്തമായി മഴ പെയ്യുന്നു , നേരത്തെ പോലെ ഒരു കുളിരുള്ള നാനവല്ല വല്ലാത്ത ശക്തി.താങ്ങാൻ വയ്യാത്ത ഭാരം. കൂടാതെ നേരത്തെ സുഖമായി തഴുകി പോയിരുന്ന കാറ്റും വല്ലാത്ത ഒരു ഊർജ്ജത്തോടെ ശരീരത്തിൽ വന്നടിക്കുന്നു. വെള്ളം നിറയുന്ന ഭാരവും കാറ്റിന്റെ ശക്തിയും കൂടി താങ്ങാൻ വയ്യാതെ ആടിയുലയുന്നു. എതിർത്ത് നില്ക്കാൻ  പറ്റുന്നില്ലല്ലോ.അതാ ചില ശിഖരങ്ങൾ ഒടിയുന്നു. ഹോ എന്തൊരു വേദന. ഒടിഞ്ഞു വീണ ഒരു കൊമ്പ് അതാ വീടിന്റെ  ഓട് തകർത്തിരിക്കുന്നു. ആടിയുലയുകയാണ് അതിശക്തമായി തന്നെ. സ്വയം ഒരു നിയന്ത്രണവും തോന്നുന്നില്ല. വേരുകൾ മണ്ണിൽ നിന്നും വിട്ടു പോരുന്നപോലെ തോന്നുന്നു ഒരു ബലക്കുറവ് തളർച്ച. വേരുകളിൽ ചിലതു പൊട്ടിപ്പോയി അതോടൊപ്പം തന്നെ ആ പീഠം പലയിടത്തും തകർന്നു. 

ചുറ്റുമുള്ള അപൂർവം ചില വൃക്ഷങ്ങൾ മുഴുവൻ തന്നെ ചരിഞ്ഞു വീണു കഴിഞ്ഞു. അവയിൽ പലതും എന്നേക്കാൾ എത്രയോ ചെറുപ്പമാണ്.  വെള്ളം കുത്തിയൊഴുകുകയാണ് എല്ലായിടത്തും. മധുരമായി നേർത്തൊരു ധാരയായി ശരീരത്തിൽ ഒഴുകിയിരുന്ന വെള്ളം ഇന്നിപ്പോൾ തള്ളിക്കയറുകയാണ് , വേരുകൾ ഒക്കെ ദുർബലമാകുന്നു.  എന്തും വരട്ടെ എന്ന് കരുതി അങ്ങ് നിന്ന് കൊടുത്തു.  മഴ നിന്നു എങ്കിലും വല്ലാത്ത ക്ഷീണം. കൊമ്പുകൾ ഒക്കെ ഒടിഞ്ഞു തൂങ്ങി വൃത്തികേടായി. വേരുകൾ പലസ്ഥലത്തും അഴുകിപ്പോയതായി തോന്നുന്നു. പ്രത്യേകിച്ചൊന്നും അവിടെ ഉള്ളതായി പോലും തോന്നുന്നില്ല. എന്റെ സംരക്ഷണ കവചങ്ങൾ അവിടെ ഉണ്ടല്ലോ അല്ലേ? ഇല്ല..ഒന്നും ഇല്ല...പീഠം താറുമാറായി ചരടുകൾ ഒക്കെ അഴിഞ്ഞുതൂങ്ങി കിടക്കുന്നു..ഓട് കാണാനേ ഇല്ല. സർവത്ര വേദന മാത്രം. ഒന്നും കാണാനും കേൾക്കാനും വയ്യ....ഉറങ്ങാം ഉറങ്ങാം...

നീണ്ട ഉറക്കം... ഒരു അപരിചിതമായ ശബ്ദം വളരെ അടുത്ത് നിന്നു കേൾക്കുന്നല്ലോ..ആരാണ്? അതാ എന്റെ ചുവട്ടിൽ ആ വലിയ യന്ത്രം. അതിന്റെ യന്ത്രകൈ കൊമ്പുകൾ ലക്ഷ്യമാക്കി നീങ്ങുന്നു. അയ്യോ ഞാനും ! പാടില്ല എന്ന് അലറി നോക്കി. എന്റെ ഭാഷ അവർക്കറിയില്ലല്ലോ. അറിയുമായിരുന്നെങ്കിൽ എന്നെപ്പോലെ തന്നെ ഇതിനു മുൻപ് നിലവിളിച്ചവരെ ഒക്കെ അവർ സഹായിക്കുമായിരുന്നല്ലോ. ഇനി ഇപ്പോൾ എന്ത് ചെയ്യും. യന്ത്രകൈ എന്നെ തൊട്ടതും അത് നിശബ്ദമായി. കൈ അനങ്ങുന്നില്ല. വളരെ മുൻപ് എന്റെ ചുവട്ടിൽ ഓട് വെച്ച് തന്ന മനുഷ്യന്റെ ചെറുമകൻ അവിടെ ഉണ്ട്. അവന്റെ മുഖത്തു വിഷാദമാണ്. 

അവൻ പതിയെ മുന്നോട്ട് വരുന്നു. യന്ത്രം ഓടിക്കുന്ന ആളിനടുത്തേക്ക് അവൻ ഓടി ചെല്ലുന്നു.

"അതെ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് ഈ മരം വെട്ടാൻ പാടില്ല എന്ന്. ഏതോ വിശേഷപ്പെട്ട മരമാണെന്ന് അച്ഛനോട് അപ്പൂപ്പൻ പറഞ്ഞിട്ടുണ്ട്."

മരം വെട്ടാൻ തുടങ്ങിയപ്പോൾ യന്ത്രം കേടായപ്പോൾ തന്നെ ആ മനുഷ്യന് ഒരു ഭയം ഉള്ളപോലെ തോന്നിയിരുന്നു. കുട്ടിയുടെ വർത്തമാനം കേട്ടപ്പോൾ അയാൾ ശങ്കയോടെ ആ കുട്ടിയുടെ അമ്മയെ നോക്കി. 

"ഞാനാണ് വൃത്തിയാക്കി നടുവൊടിക്കുന്നത്. അച്ഛനും അപ്പൂപ്പനും ഒക്കെ ചുമ്മാതെ അങ്ങ് പറഞ്ഞാൽ മതി " 

ശരിയാണ് വയസ്സായി തുടങ്ങിയപ്പോൾ ധാരാളം ഇലകൾ പൊഴിയുന്നുണ്ട്. അന്നത്തെ ആ കാറ്റിനും മഴക്കും ശേഷം പഴയപോലെ ഒരു ആരോഗ്യം തോന്നുന്നില്ല. മനസ്സിൽ ഒരു വിഷമം പോലെ. അവൻ അതാ അമ്മയുടെ അടുത്തേക്ക് നടക്കുന്നു 

"അമ്മേ ഞാൻ വൃത്തിയാക്കി തരാം. പക്ഷേ ഈ അപ്പൂപ്പൻ മരത്തിനെ വെട്ടണ്ട " 

"എനിക്ക് ഈ മരം ഇഷ്ടമാണ്. അച്ഛനും കൂട്ടുകാരും ഒക്കെ ഇതിനു ചുവട്ടിൽ എത്ര കളിച്ചിട്ടുണ്ട്. അച്ഛൻ അമ്മയെ കല്യാണം കഴിച്ചതും ഈ മരത്തിന്റെ ചുവട്ടിലെ പന്തലിൽ അല്ലേ ? നാളെ ഞാനും ഈ മരത്തിന്റെ ചുവട്ടിലെ പന്തലിൽ വെച്ച് കല്യാണം കഴിക്കും എന്റെ വാവകളും ഇതിനു ചുവട്ടിൽ കളിക്കും " 

മകൻ പറയുന്നത് എല്ലാവരും ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്. ഞാൻ രക്ഷപ്പെടുമോ? എനിക്കോർമ്മയുണ്ട് അന്നൊരിക്കൽ ഈ വീട്ടിൽ വെച്ച് നടന്ന ആ ആഘോഷം. ഒരുപാടു പേര് വന്നതും പാട്ടും ബഹളവും. എന്തൊരു രസമായിരുന്നു. 

"പക്ഷേ ഇതിനു വയസ്സായി. എപ്പോൾ വേണമെങ്കിലും അത് മറിഞ്ഞു വീഴും പിന്നെ എന്ത് ചെയ്യും. നമ്മുടെ വീടും കൂടി പോകും. അതിനു ചുവട്ടിൽ ഒരു തൈയ്യോ മറ്റോ ഉണ്ടെങ്കിൽ അവിടെ നിർത്താം അല്ലാതെ ഇതിപ്പോൾ എന്ത് ചെയ്യാനാ  " അമ്മ പറയുന്നത് കേട്ടപ്പോൾ  ആ കുട്ടിക്ക് മറുപടി ഇല്ല. 

അപ്പോൾ എനിക്കിനി രക്ഷയില്ല. യന്ത്രം ശരിയാകേണ്ട താമസം ഞാൻ മറ്റുള്ളവരെ പോലെ കഷ്ണങ്ങളാകും. അപ്പോഴാണ് ഒരു കുറ്റബോധം തോന്നിയത് എന്റെ ചുവട്ടിൽ ഒരു ചെറു വൃക്ഷം പോലും ഇല്ല. ഞാൻ ഒരിക്കലും പൂവോ കായോ സമ്മാനിച്ചില്ല. എന്തേ മറന്നു പോയത്. അടുത്ത തലമുറക്കായി എന്റെ ഒരംശം കാത്തു സൂക്ഷിക്കാൻ എന്ത് കൊണ്ടാണ് ഞാൻ ശ്രമിക്കാഞ്ഞത്. അറിയില്ല.  ഒറ്റക്കങ്ങനെ തലയുയർത്തി നിൽക്കുന്നതിനിടയിൽ അജയ്യനായി അങ്ങനെ വിലസിയപ്പോൾ ഓർത്തില്ല  ‘ഇന്ന് ഞാൻ നാളെ നീ’ എന്നുള്ള ലോകതത്വം. മറ്റുള്ള വേരറ്റു പോയ മരങ്ങളുടെ ഒക്കെ പരിസരത്ത്  കുഞ്ഞു മരങ്ങൾ തലപൊക്കി എന്നുള്ളത് മനപ്പൂർവം ശ്രദ്ധിക്കാഞ്ഞതാണോ. അഹങ്കാരം കൂടുകെട്ടിയ മനസ്സിൽ നല്ലതൊന്നും തോന്നിയില്ല. ആ മരങ്ങൾക്കൊക്കെ തന്നെക്കാൾ കൂടുതൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നു , ധാരാളമായി പക്ഷികൾ വന്നും പോയും ഇരിക്കാറുണ്ടായിരുന്നു അവയുടെ കൊമ്പുകളിൽ നിന്നു അവർ കായ്കൾ പറിച്ചു തിന്നുന്നത് പുച്ഛത്തോടെയാണ് കണ്ടത്. കായ്കൾ ഉണ്ടാവാത്തത് നന്നായി വേദനിക്കണ്ടല്ലോ എന്ന് തോന്നി. പക്ഷേ ഇപ്പോൾ തോന്നുന്നു അതായിരുന്നു ശരിയെന്ന്. സ്വയം ഇല്ലാതായാലും സ്വന്തം എന്ന് പറയാൻ എന്തെങ്കിലും ബാക്കി വെച്ചിട്ടു പോകാനുള്ള ഭാഗ്യം അവർക്കൊക്കെ ഉണ്ടായി. ഞാൻ മാത്രം ഇങ്ങനെ. ഇപ്പോൾ അവർ എന്നെ ഇല്ലാതാക്കും പിന്നെ ഞാൻ ഒരോർമ്മയായെങ്കിലും ഉണ്ടാകുമോ ?

ഭാഗ്യം എന്റെ ഒപ്പമാണ് എന്നാണ് തോന്നുന്നത്. കുറെ  ദിവസങ്ങൾ ആ യന്ത്രം എനിക്ക് കൂട്ടുകിടന്നു ഇന്നിപ്പോൾ അതാ പോകുന്നു. എനിക്ക് കിട്ടിയ വലിയ ഗുണപാഠം പരോപകാരിയായി ജീവിക്കാനുള്ള ഗുണപാഠം.

വർഷങ്ങൾക്കുശേഷം:

ഞാൻ എല്ലാ ജീവജാലങ്ങൾക്കും ഉപകാരപ്രദമായി വളരാൻ അന്ന് എടുത്ത തീരുമാനം നന്നായി. അന്നൊക്കെ അനുഭവപ്പെട്ടിരുന്ന തളർച്ച പിന്നീട് മാറി.എനിക്ക് വീണ്ടും ആരോഗ്യം തിരിച്ചു കിട്ടി ചെറുപ്പമായപോലെ തോന്നി. ഞാൻ  പുഷ്പ്പിക്കയും കായ്ക്കുകയും ചെയ്തു. എന്റെ  ശിഖരങ്ങളിൽ ധാരാളം കിളികൾ കൂടുവെച്ചു. കായ്കൾ  ഉണ്ടായപ്പോൾ  പല പരുവത്തിൽ പല പല പക്ഷികളും മൃഗങ്ങളും അതൊക്കെ ഭക്ഷിച്ചു. ചില പഴുത്ത പഴങ്ങൾ താഴെ വീണു ചിലവ പക്ഷികൾ കഴിച്ചു എന്നിട്ട് അതിന്റെ കുരു കാഷ്ഠിച്ചു. അതെ അങ്ങനെ ഒരു പതനത്തിലായിരുന്നു എന്റെ തുടക്കവും. എന്റെ ചുവട്ടിൽ എന്റെ ജീവിതത്തിന്റെ തനിയാവർത്തനം നടക്കുന്നത് ഞാൻ കാണുന്നു. എന്റെ അടുത്ത തലമുറ വലുതായി എനിക്കൊപ്പം എത്താറായപ്പോൾ ഞാൻ ഉണങ്ങാൻ തുടങ്ങി. ആ പഴയ ക്ഷീണം തോന്നി തുടങ്ങി. അൽപ്പം വിഷമത്തോടെ ആണെങ്കിലും ഇന്നിപ്പോൾ അപ്പൂപ്പനായ അന്നത്തെ ആ കുഞ്ഞു മകൻ എന്നെ മുറിച്ചു. പക്ഷേ അവൻ എന്റെ ഒരു കൊമ്പ് കൊണ്ട് ഒരു ചെറിയ പീഠം ഉണ്ടാക്കിപുതിയ മരത്തിന്റെ തണലിൽ ഇട്ടു. അഭിമാനത്തോടെ ഇന്നിതാ ഞാൻ ഇവിടെ ഇരിക്കുന്നു. ഒക്കെ കാണുന്നുണ്ട്. പക്ഷേ പഴയ പോലെ ഒന്നും  അറിയുന്നില്ല. 

അഭിമാനമാണ് ജീവിതത്തെക്കുറിച്ച്. ധാരാളം കൊച്ചുമക്കൾ ഇന്നും എന്റെ കുട്ടിയുടെ ചുറ്റും കളിച്ചു നടക്കുന്നു. എനിക്ക് കൂട്ടായി ആ അപ്പൂപ്പൻ ദിവസവും വന്നിരിക്കും എനിക്ക് മുകളിൽ. ഇരിക്കുന്നതിന് മുൻപ് എന്നും സ്നേഹത്തോടെ ഒന്ന് തുടയ്ക്കും. പതിയെ ആണ് ഇരിപ്പൊക്കെ വല്ലാതെ വയസായിരുന്നു. പക്ഷേ എന്നോടൊപ്പം ഇരുന്ന് ഉച്ചത്തിലുള്ള പത്രവായന മുടക്കുന്നില്ല. അവിടെയും നിയമം ഒന്ന് തന്നെ “ ഇന്ന് ഞാൻ നാളെ നീ “. അടുത്ത തലമുറ എങ്ങനെ ഒക്കെ നോക്കി കാണും എന്നറിയില്ല എങ്കിലും ഉള്ളിടത്തോളും ഫലവത്തായി ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.

English Summary:

Malayalam Short Story ' Njan ' Written by Mayadevi K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com