ADVERTISEMENT

നടക്കുമ്പോൾ ആടിത്തുടങ്ങുന്ന ഒരു മുളപ്പാലമായിരുന്നു ആ നാട്ടുതോടിന്റെ ഇരു കരകളെയും ചേർത്തു നിർത്തിയത്. തൊമ്മച്ചൻ തന്റെ പിതാവിന്റെ കാലശേഷം കട ഏറ്റെടുത്ത് അധികം വൈകാതെ അവിടെയൊരു പാലം വന്നു. മുമ്പ് ആളുകൾ ഒന്ന് ചുറ്റിക്കറങ്ങിയാണ് കടയിലേക്ക് വന്നിരുന്നത്. "എന്റെ തൊമ്മാ നിനക്ക് എങ്കിലും ഇവിടെയൊരു പാലമിടരുതൊ.." തന്നെക്കാൾ മുതിർന്ന ചിലരുടെ ആവലാതികൾ തൊമ്മച്ചൻ കേട്ടു. "തന്റെ നാട്ടുകാർ അധികം നടന്നു വിഷമിക്കാതെ പെട്ടെന്നു വന്നു പോകാൻ ഒരു പാലം നല്ലതാണെല്ലോ.." തൊമ്മച്ചനും തോന്നിയിരുന്നു. 

"വാക്കും ലിപികളും ശബ്ദവുമില്ലാത്ത നാട്ടിൻപുറത്തിന്റെ സ്നേഹമാണ് പാലം!" ഉള്ളിൽ ഇരുന്ന് ആരോ പറയുന്നു. വൈകാതെ മുളയുള്ള വീട്ടിൽ ചെന്ന് രണ്ടു മുളകൾ ചോദിച്ചു വാങ്ങി തലച്ചുമടെ തിരിച്ചുവരുമ്പോൾ വഴിയിൽ കണ്ട ചിലർ ചോദിച്ചു: "എന്താ തൊമ്മാ വിശേഷം വല്ലതും.." തിരിഞ്ഞു നോക്കാതെ തൊമ്മച്ചൻ ചിരിച്ചു. പാലം വന്നപ്പോൾ കുബുദ്ധികളായ ചിലർക്ക് സംശയം: "ഇനി തൊമ്മച്ചന്റെ കടയിൽ കച്ചവടം കൂടുമല്ലോ.." അങ്ങനെയൊന്നും അയാൾ ചിന്തിച്ചിരുന്നേ ഇല്ല. "മനുഷ്യന്റെ തോന്നലുകൾക്ക് ഒരു പേരില്ലല്ലോ.!" 

അതൊരു തുടക്കം മാത്രമായിരുന്നു. മുളപ്പാലമല്ലേ. മുളകൾ ചേർത്തു കെട്ടി, നടുവിൽ അതിനൊരു താങ്ങും കൊടുത്തു നിർത്തിയാലും ആളുകൾ കയറുമ്പോൾ പാലത്തിനൊരു ആട്ടമുണ്ട്. "പേടിക്കാതെ സൂക്ഷിച്ചു നടന്നാൽ ആരും വീഴില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ കാലുകൾക്ക് അതൊരു ശീലമായിക്കൊള്ളും." ഒരു മുന്നറിയിപ്പു പോലെ തൊമ്മച്ചൻ കടയിൽ വരുന്നവരോടായി പറയും. എങ്കിലും ചിലരൊക്കെ വീണുകൊണ്ടിരുന്നു. അതുകണ്ട്, വീഴുന്നവരും വീഴാത്തവരും തൊമ്മച്ചനെ വായിൽ വരുന്നതൊക്കെ വിളിച്ചു പറഞ്ഞു. "തൊമ്മന്റെ ഒരു പാലം! ഇവൻ അപ്പന്റെ പേര് കളയും. ചവുട്ടിയൊടിക്കണം.." നല്ലതുപോലെ വീണവർക്കാണ് ഏറെ കലി തുള്ളൽ. അന്നു രാത്രി പാലം തോട്ടിലൂടെ ഒഴുകി നടക്കും. 

കറവക്കാരി തങ്കയുടെ മകൻ പുലർച്ചെ പാലുമായി കടമുക്കിൽ എത്തും. അമ്മയെ സഹായിക്കാൻ കൂടെ പോകുന്നതാണവൻ. ഒഴുകി നടക്കുന്ന പാലം കണ്ടാൽ അത് കെട്ടിവലിച്ച് തൊമ്മച്ചന്റെ അടുക്കൽ എത്തിക്കണം. അവന് നിർബന്ധമാണ്. പാലത്തിൽ ഓടി നടക്കാനും അഭ്യാസങ്ങൾ കാട്ടി തലകുത്തി മറിയാനും അവന് വല്ലാത്ത വിരുതായിരുന്നു. വീണവർ മാത്രമല്ല, വള്ളക്കാരും പാലം വലിച്ച് ചിലപ്പോൾ വെള്ളത്തിൽ ഇടും: "വള്ളം പോകേണ്ട നാട്ടുതോട്ടിൽ ആണോടാ നിന്റെയൊക്കെ ഒരു പാലം.." എപ്പോഴും ഇങ്ങനെയുള്ള ശകാരങ്ങൾ കേൾക്കുന്നത് തൊമ്മച്ചന് ഒരു ശീലമായി.

കട ഭാഗത്ത് ആരെങ്കിലും വഴക്ക് കൂടിയാലും പാലം വെള്ളത്തിൽ ഒഴുകി പോകും. മദ്യപിച്ച് ലക്കു കേട്ട് എത്തുന്നവർക്കും പാലം കാണുമ്പോൾ തൊമ്മനെ രണ്ട് പുലഭ്യം പറയണം. കടയിൽ നിന്ന് കടം പറഞ്ഞു പറ്റുന്നവർക്കായിരുന്നു പരാതി ഏറെയും. പതിവായി വന്ന പലരും ആ വഴി വരാതെയായി. ഇതിനിടയിൽ പാലം മുളയിൽ നിന്ന് കവുങ്ങിൻ തടിയായും, തെങ്ങിൻ തടിയിലേക്കും അത് മാറിക്കൊണ്ടിരുന്നു. "തടികൾ എല്ലാം കുറച്ചു കഴിയുമ്പോൾ ജീർണ്ണിച്ചു പോകും. നല്ലൊരു കോൺക്രീറ്റ് പാലം വന്നിരുന്നെങ്കിൽ.!" തന്റെ ആഗ്രഹം തൊമ്മച്ചൻ, തിരഞ്ഞെടുപ്പിൽ ജയിച്ചവരോടും തോറ്റവരോടും പറഞ്ഞു. ആരും ചെവിക്കൊണ്ടില്ല. അധികം പഠിപ്പില്ലാത്ത തൊമ്മച്ചന് പാലമാണ് തന്റെ പള്ളിക്കൂടം എന്ന് തോന്നിയിരുന്നു. എന്തെല്ലാമാണ് പാലം തന്നെ പഠിപ്പിച്ചത്..!

"എല്ലാ ജീവികളും ചീയുമ്പോഴേ നാറൂ. എന്നാൽ ചീയാതെ നാറുന്ന ഏക ജീവി മനുഷ്യൻ ആണ്.." ചെറുപ്പത്തിൽ തന്റെ ഗുരുനാഥൻ പറഞ്ഞത് തൊമ്മച്ചൻ ഓർത്തു. പാലം വന്നതിന് ശേഷമാണ് മനുഷ്യർ തമ്മിലുള്ള അകലം കൂടിയത്.. ബന്ധങ്ങൾ കുറഞ്ഞത്.. മതി, പുതിയ പള്ളിക്കൂടത്തിലെ തന്റെ പഠിപ്പും നിർത്തുകയാണ്. കടയിൽ നിന്നും കടം വാങ്ങി പോയവരാരും ആ വഴി തിരിച്ചു വന്നില്ല. "അറിയുന്ന പണിയല്ലേ ചെയ്യാൻ പറ്റൂ." കടം വാങ്ങിയും തൊമ്മച്ചൻ ഒരു വിധം കട നടത്തി. ഒരു ദിവസം കട നിന്നു. അപ്പന്മാരുടെ കാലം മുതലേ നടന്നു വന്നിരുന്ന കട.! പാലം കയറാതെയും തൊമ്മച്ചൻ വീണു..

English Summary:

Malayalam Short Story ' Perillatha Nanmakal ' Written by Hari Karumadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com