രാത്രി പെരുമഴയത്ത് ഒരു സ്ത്രീക്ക് ലിഫ്റ്റ് കൊടുത്തു; അവൾ പറഞ്ഞു, 'എന്റെ അമ്മ അവിടെ മരിച്ചു കിടക്കുകയാണ്...'
Mail This Article
പാതിരാ മുതൽ കനത്തമഴയാണ്. എന്നാൽ ഈ കനത്ത മഴകൾ അയാൾക്ക് കൊതിയാണ്. വീടിന്റെ വരാന്തയിൽ വന്നിരുന്നു അയാൾ ആടിയുലയുന്ന മരങ്ങളിൽ മഴ തീർക്കുന്ന നൃത്തവിന്യാസങ്ങൾ ആസ്വദിച്ചു. പിന്നെ പതുക്കെ മഴയിലേക്കിറങ്ങി. തണുപ്പുണ്ട്, എങ്കിലും അയാൾ മഴയിൽ നടന്നു. ഗേറ്റ് തുറന്നു ഇടവഴിയിലൂടെ മഴയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. കൈകൾ വിടർത്തിപ്പിടിച്ചു, മഴയുടെ ഉത്ഭവം കാണാൻ ആകാശത്തേക്ക് പറക്കാനുള്ള കൊതിയോടെ അയാൾ മുകളിലേക്ക് നോക്കി. പെട്ടെന്ന് ആ പ്രദേശമാകെ പ്രകാശത്തിൽ ആഴ്ത്തി ഒരു മിന്നൽ പ്രഹരം, തുടർന്ന്, തൊട്ടടുത്ത് പൊട്ടിത്തെറിക്കുന്നപോലെ, ദിക്കുകൾ തകർന്നു വീഴുന്നപോലെ ഇടിവെട്ടി. ഭൂമി കുലുങ്ങുന്നതും, താൻ വിറക്കുന്നതും അയാൾ തിരിച്ചറിഞ്ഞു.
ഇതൊക്കെയാണെങ്കിലും, കനത്ത മഴകളിൽ അയാൾ കാറുമെടുത്ത് ഇടവഴികളിലേക്കിറങ്ങും. വളരെ പതിയെ, കാറിന്റെ തുറന്നിട്ട ജനലിലൂടെ വീശിയടിക്കുകയും, മരച്ചില്ലകളിൽ നിന്ന് കുടഞ്ഞുവീഴുന്നതുമായ മഴത്തുള്ളികൾ കൈകളിലും, മുഖത്തും, ശരീരത്തിലും വീഴുമ്പോഴുള്ള കുളിര് അയാൾ ഹൃദയത്തിൽ ആഘോഷിക്കും. ഇടവഴികളിലേക്ക് ചാഞ്ഞുനിൽക്കുന്ന ശീമകൊന്നത്തലപ്പുകൾ കാറിന്റെ മുൻവശത്തെ ഗ്ലാസ്സുകൾ തഴുകി മുകളിലേക്ക് പോകുമ്പോൾ മുന്നിലെ ടാറിട്ട റോഡ് അറിയാത്ത ഏതോ ഗുഹാമുഖത്തേക്ക് വണ്ടി കൊണ്ടുപോവുകയാണെന്ന് തോന്നും. അരിപ്പാലത്തുനിന്ന് പൈങ്ങോട്ടിലേക്ക് നീണ്ടു ബ്രാലത്തേക്ക് പോകുന്ന ഇടവഴികളിൽ ഇപ്പോഴും ഇതെല്ലാം ആസ്വദിക്കാൻ കഴിയും.
രാത്രി ഒരുമണിക്കാരംഭിച്ച ആ സ്വകാര്യ യാത്ര അയാൾ അവസാനിപ്പിച്ചത് മൂന്നരക്കാണ്. നാലുമണിക്ക് അയാൾക്ക് ഉഴിച്ചിലിന് പോകണം. സജിലെ ഞാൻ പുറപ്പെട്ടു, പതിവുപോലെ അയാൾ സജിലിനെ ഫോൺ വിളിച്ചു പറഞ്ഞു, ഉഴിച്ചിലിന് വരുന്നു എന്നുറപ്പാക്കാനാണ് ആ വിളി, ചെല്ലുമ്പോഴേക്കും എല്ലാം തയാറാക്കി സജിൽ ഉഴിയാൻ തയാറായിരിക്കും. റോഡിൽ ചിലയിടങ്ങളിൽ നടക്കുന്നവരെക്കാണാം. ഇരുട്ടിൽ, മഴയിൽ അവരെക്കാണാൻ ബുദ്ധിമുട്ടാണെന്ന് അവർക്കറിയില്ല, അതിനാൽ അയാൾ ആ സമയങ്ങളിൽ ശക്തിയേറിയ വെളിച്ചം ഉപയോഗിക്കും, എങ്ങാനും എതിരെ വണ്ടി വന്നാൽ വെളിച്ചം കുറയ്ക്കും. പടിയൂർ വഴിയിൽ ചിലപ്പോൾ ഇറച്ചിക്കോഴി വിൽപ്പനക്കാർ വണ്ടി റോഡിന്റെ നടുവിൽ തന്നെ ഇട്ടിരിക്കും. ശ്രദ്ധിക്കണം. എടതിരിഞ്ഞി സെന്ററിൽ വിവിധപത്രങ്ങൾ, അവരവരുടെ ഭാഗങ്ങളിലേക്ക് വീതം വെച്ച് തരംതിരിക്കുന്നവരെക്കാണാം.
എടതിരിഞ്ഞി മുതൽ ചെട്ടിയാൽ വരെ വളരെയധികം ലോറികൾ എതിരെ വരുന്നുണ്ടാകും. ദേശീയപാത അറുപത്താറിൽ നിന്ന് തിരിഞ്ഞുവരുന്നവർ, രാത്രിമുഴുവൻ വണ്ടിയോടിച്ചു വരുന്നവരാണ്, പാതി ഉറക്കത്തിൽ ആകാം. എതിരെ വലിയ വണ്ടികൾ കണ്ടാൽ അയാൾ കാറ് നന്നായി ഇടത്തോട്ട് ഒതുക്കും. മീൻ വാങ്ങാൻ പോകുന്ന സൈക്കിളുകാരെ പെട്ടെന്നാകും മുന്നിൽ കാണുക, അവർ മുന്നിലുള്ളപ്പോൾ മറ്റൊരു ലോറി എതിരെ വന്നാൽ പതുക്കെയാക്കി വണ്ടി കടന്നുപോകുന്നത് കാത്തുനിൽക്കുന്നതാണ് നല്ലത്, ഇരുൾവെളിച്ചത്തിൽ ശരിയായി റോഡിൽ എത്ര ഒഴിവുണ്ടെന്ന് തിരിച്ചറിയാനാകില്ല. ചെട്ടിയാലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ വേഗതയാകാം, ആർ ഐ എൽ പി സ്കൂളിന്റെ മുന്നിലെ രണ്ട് ഹംബ് മാത്രം ശ്രദ്ധിച്ചാൽ മതി, ഒരുവിധം നേർവഴി, എന്നാൽ നടക്കുന്നവർ കൂടുതൽ ആണ് ഇവിടെ.
കോതറ പാലം അയാളുടെ ഇഷ്ടയിടമാണ്. അവിടെ കാറ് നിർബന്ധമായും കുറച്ചുനേരം നിൽക്കും. അരണ്ടവെളിച്ചത്തിൽ വലത്തോട്ടും ഇടത്തോട്ടും നോക്കി കനാൽ കുറച്ചുനേരം കാണും. പകൽ വെളിച്ചത്തേക്കാൾ കനാൽ കാണാൻ അപ്പോൾ മനോഹരമാണ്, ആ ഇരുട്ടിലൂടെ ആരൊക്കെയോ കനാലിൽ തുഴയുന്നുണ്ട്, ആരൊക്കെയോ ആൽമരങ്ങളിൽ ഒളിച്ചിരിപ്പുണ്ട്. തേക്കുംമൂല വരെ എത്തുന്ന പാടങ്ങളും ഇടയ്ക്കിടെ വീടുകളും നിറഞ്ഞ നീണ്ട റോഡ്, വണ്ടി നന്നായി കത്തിക്കാൻ പറ്റുന്നയിടമാണ്. അപ്പോഴത്തെ മനസ്സിന്റെ മൂഡനുസരിച്ചാകും വേഗത, ചിലപ്പോൾ അലസ വേഗതയും കൂട്ടിനു വരും. തേക്കുംമൂലയിൽ അയാൾ വളരെ പതുക്കെയേ കടക്കാറുള്ളൂ. രാത്രിയാണെങ്കിലും പെട്ടെന്നാകും നാലുംകൂടിയ ആ വഴിയിൽ വണ്ടികൾ മുന്നിൽ വരിക. തെക്കുനിന്ന് വരുന്നവർക്ക് കിഴക്കുനിന്ന് വരുന്ന വണ്ടികൾ കാണാനും കഴിയില്ല.
അവിടെ വണ്ടി നിർത്തി അയാൾ കിഴക്കോട്ട് നോക്കി. അപ്പോൾ ഒരു മനുഷ്യരൂപം ഇരുട്ടിൽ നിന്ന് പുറത്തേക്കു വന്ന് ചോദിച്ചു, "ചേട്ടാ എടമുട്ടം വഴിയാണോ പോകുന്നത്" അയാൾ സത്യത്തിൽ ഞെട്ടിപ്പോയി. ആ സമയത്ത് അവിടെ അയാൾ ആരെയും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. കറുത്തുതടിച്ച ഒരു സ്ത്രീ രൂപം അയാളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു വന്നു, കൈയ്യിൽ ഒരു ചെറിയ മുളവടിയുമുണ്ട്, എന്നാൽ വളരെ തളർന്നവശയായപോലെ. ഇല്ല, ഞാൻ കാട്ടൂർ നിന്ന് വടക്കോട്ട് പോകും, എനിക്ക് കിഴുപ്പിള്ളിക്കര ആണ് പോകേണ്ടത് - അയാൾ പറഞ്ഞു. അവർ ഒന്നും മിണ്ടാതെ അവിടെ നിന്നു. അവർ വണ്ടിയിലേക്ക് കയറാൻ വെമ്പുന്നത്പോലെ അയാൾക്ക് തോന്നി.
മഴയാണ്, കനത്ത തണുപ്പും, അതും വെളുപ്പിന് നാലുമണി നേരത്ത് ഇവരെ വണ്ടിയിൽ കയറ്റി കാട്ടൂർ ഇറക്കിയാൽ കുഴപ്പമാകുമോ? അയാൾക്ക് ചെറിയ ഒരു പേടി തോന്നി. എന്നാൽ അവരുടെ നിസ്സഹായമായ കണ്ണുകൾ അയാളിലെ മനുഷ്യനെ ചോദ്യം ചെയ്യുന്നുമുണ്ട്. പെട്ടെന്ന് പടിഞ്ഞാറുനിന്ന് വലിയ ആരവത്തോടെ മഴവരുന്നത് അയാൾ അറിഞ്ഞു. കയറൂ. അയാൾ പറഞ്ഞു. അവർ പുറകിലെ ഡോർ തുറക്കാൻ ശ്രമിച്ചു, അതപകടമാണ്. മുന്നിൽ കയറൂ, അയാൾ പറഞ്ഞു. വസ്ത്രങ്ങൾ ഒതുക്കിപ്പിടിച്ചു അവർ വണ്ടിയിൽ കയറിയതും, മേഘങ്ങൾ പൊട്ടിച്ചിതറിയപോലെ മഴ വണ്ടിയിൽ വലിയ ശബ്ദത്തോടെ പതിച്ചു. മുന്നിൽ ഒന്നും കാണാൻ വയ്യ. മഴ ഒന്ന് പെയ്തൊഴിയട്ടെ എന്നയാൾ കരുതി.
നമുക്ക് പോകാം, തിരക്കുണ്ട്. അവർ പറഞ്ഞു. കാട്ടൂരിൽ നിന്നും എടമുട്ടത്തേക്ക് എങ്ങനെപോകും? അയാൾ ചോദിച്ചു. ഇതുപോലെ ഏതെങ്കിലും വണ്ടി കിട്ടും. അവർ പറഞ്ഞു. എന്താണ് ഈ വെളുപ്പാൻ കാലത്ത്, നിങ്ങളുടെ ഒപ്പം പോരാൻ ആണുങ്ങൾ ആരുമില്ലേ? വീടിന്റെ അടുത്തുള്ള വണ്ടിക്കാരെയൊക്കെ വിളിച്ചു, ആരും ഫോണെടുത്തില്ല. ഒന്ന് അവർ നല്ല ഉറക്കത്തിലാകും, പിന്നെ ഓടിയാൽ തന്നെ കാശ് കിട്ടില്ല, എന്ന് തോന്നിയിരിക്കും. ഭയമുണ്ടായിരുന്നു, എങ്കിലും കൈയിൽ ഈ ചെറിയ മുളവടിയെടുത്തു നടന്നു. നടന്നേ മതിയാകൂ. പട്ടിയായാലും, മനുഷ്യനായാലും, വടിയുണ്ടല്ലോ കൂട്ടിനെന്ന് തോന്നി. ആരുമില്ലാത്തവർ ആരെക്കാത്ത് നിൽക്കാൻ. മഴയും കാറ്റും, ഇന്നിനി കൊടുങ്കാറ്റ് വന്നാലും എനിക്ക് പോയെ മതിയാകൂ. അവരുടെ മുഖത്തെ നിശ്ചയദാർഢ്യം അയാളെ അത്ഭുതപ്പെടുത്തി.
കാട്ടൂര് നിന്ന് കരാഞ്ചിറയിലേക്ക് തുടങ്ങുന്ന വഴിയിൽ അയാൾ വണ്ടി നിർത്തി. കനത്തമഴ തുടരുകയാണ്. ഈ മഴയത്ത് ഇരുട്ടിൽ ഇവരെ എങ്ങനെയാണ് ഇറക്കി നിർത്തുക. പെട്ടെന്ന് വണ്ടി പുറകിലേക്കെടുത്തു, ഇടത്തേക്ക് തിരിച്ചു അയാൾ വണ്ടി എടമുട്ടം റോഡിലേക്ക് പാഞ്ഞു. അവർ ഒന്നും മിണ്ടിയില്ല, എന്നാൽ അവരിൽ നിന്ന് വലിയൊരു നിശ്വാസം പുറത്തേക്ക് വന്നത് അയാൾ തിരിച്ചറിഞ്ഞു. വഴിയിൽ നിറയെ വെള്ളം കെട്ടി നിൽക്കുന്നു. തനിക്കും നേരത്തിന് എത്തണം. കെട്ടിക്കിടക്കുന്ന റോഡരുകിലെ ജലാശയങ്ങൾപോലുള്ള വഴിയിലൂടെ അയാൾ വേഗത്തിൽ വണ്ടിയോടിച്ചു. മേഘവിസ്ഫോടനംപോലുള്ള മഴ തുടരുകയാണ്. എടമുട്ടം മൂന്നുംകൂടിയ വഴിയിൽ അയാൾ വണ്ടി നിർത്തി, അവർ ഇറങ്ങാൻ ശ്രമിച്ചു. അയാൾ പറഞ്ഞു.
നിൽക്കൂ, പുറത്തു കനത്ത മഴയാണ്, നിങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് പറയാമോ. തൃശൂർ മെഡിക്കൽ കോളജിലേക്ക്, എന്റെ അമ്മ അവിടെ മരിച്ചുകിടക്കുകയാണ്. പെട്ടെന്ന് വലിയ ശബ്‍ദത്തിൽ ഒരിടിവെട്ടി, അയാൾക്ക് താൻ തകർന്നു തരിപ്പണമാകുന്നതുപോലെ തോന്നി. ഞാനും അമ്മയും മാത്രമേയുള്ളൂ, ദീഘകാലമായി അമ്മ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. കനത്ത മഴയിൽ ഇന്നലെ വീടിന്റെ ഒരുഭാഗം തകർന്നെന്ന് അടുത്തവീട്ടുകാർ വിളിച്ചറിയിച്ചു. അമ്മയെ അടുത്തുള്ള രോഗിയുടെ കൂട്ടിരിപ്പുകാരോട് നോക്കാൻ പറഞ്ഞു പോന്നതാണ്. വരുമ്പോൾ വൈകി, ജോലിക്കാരെ ആരെയെങ്കിലും വിളിച്ചു ഇന്ന് കാലത്ത് ഇടിഞ്ഞുവീണഭാഗം നന്നാക്കാൻ വിചാരിച്ചു നിന്നതാണ്. ആറുമാസമായി ഞാൻ അമ്മയുടെ മരണം കാത്ത് അരികിൽത്തന്നെയിരുന്നു. ഒരുപക്ഷേ ഞാൻ മാറിനിൽക്കാൻ അമ്മ കാത്തിരുന്നതാകാം, ഒപ്പം ഉണ്ടായിരുന്ന മരണത്തോടൊപ്പം എന്നെ ഒറ്റക്കാക്കി പോകാൻ.
അയാൾക്ക് മുന്നിൽ ഭീമാകാരമായ കടൽ തന്നെ വിഴുങ്ങാൻ വരുന്നപോലെ തോന്നി. വാക്കുകൾ കിട്ടാതെ അയാൾ ചുമച്ചു. നാവു വരണ്ടുപോകുന്നപോലെ. ഞാൻ നിങ്ങളെ തൃശ്ശൂരിൽ കൊണ്ടാക്കട്ടെ. അയാൾ ചോദിച്ചു. വേണ്ട സർ, ഇപ്പോൾത്തന്നെ നിങ്ങൾ എന്നെ കുറെ സഹായിച്ചുകഴിഞ്ഞു. ഇവിടെ നിന്ന് കൈകാട്ടിയാൽ തൃശ്ശൂരിലേക്ക് പോകുന്ന ദീർഘദൂര ബസ്സ് കിട്ടും. അവർ പറഞ്ഞു. ഇല്ല അവർ വണ്ടി ഇവിടെ നിർത്തില്ല, മഴയല്ലേ അവർ കാണുകയുമില്ല. ഞാൻ നിങ്ങളെ തൃപ്രയാർ വിടാം, എനിക്ക് അവിടെ നിന്ന് കിഴുപ്പിള്ളിക്കരയിലേക്ക് പോകാനുമാകും. അവർ ഒന്നും പറഞ്ഞില്ല. അയാൾ വണ്ടി തൃപ്രയാറിലേക്ക് തിരിച്ചു. തൃപ്രയാറിൽ വണ്ടി നിർത്തിയപ്പോൾ മഴ ശമിച്ചിരുന്നു. അവരോട് വണ്ടിയിൽ തന്നെയിരിക്കാൻ പറഞ്ഞു, അയാൾ തുറന്നു വെച്ചിരുന്ന പെട്ടിക്കടയിൽ നിന്ന് രണ്ടുകുപ്പി വെള്ളം വാങ്ങി, ഒപ്പം ഒന്നുരണ്ട് പാക്കറ്റ് ബിസ്ക്കറ്റും.
തൃശൂർ വഴി പോകുന്ന ഒരു സൂപ്പർഫാസ്റ്റ് വണ്ടി വന്നു നിന്നു. അവർ വണ്ടിയിൽ നിന്നിറങ്ങി. അയാൾ വെള്ളവും ബിസ്ക്കറ്റും വെച്ച കവർ അവർക്ക് നൽകി, ഒപ്പം ബാഗു തുറന്ന് കിട്ടിയ നോട്ടുകൾ അവർക്കെടുത്തു നൽകി. സർ നമ്പർ തരൂ, ഞാൻ പിന്നീട് അയച്ചുതരാം. അവർ പറഞ്ഞു. ഇത് തിരിച്ചുതരാനുള്ളതല്ല. അയാൾ പറഞ്ഞു. ബസ്സ് അവരെയുംകൊണ്ട് വടക്കോട്ട് പാഞ്ഞു, അയാൾ വണ്ടി കിഴക്കോട്ട് തിരിച്ചു. തൃപ്രയാർ പാലത്തിന്നടുത്തു കാർ നിർത്തി അയാൾ പുറത്തിറങ്ങി കനോലി കനാലിലേക്ക് നോക്കി നിന്നു. അപ്പോഴേക്കും മഴ കനത്തിരുന്നു, മഴ കനത്തിരുന്നെങ്കിലും അയാളുടെ ഉള്ള് കത്തുകയായിരുന്നു.