ADVERTISEMENT

മലയാളി മനസ്സിന്റെ പ്രിയ എഴുത്തുകാരിയുടെ 'മയൂഖ വർണ്ണങ്ങൾ' എന്ന കഥാസമാഹാരം കൈയ്യിൽ കിട്ടിയ പാടെ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. പ്രഭയുടെ ചെറുകഥാസമാഹാരം ആദ്യമായി ഏറ്റുവാങ്ങിയത് മുരുകൻ കാട്ടാക്കടയിൽ നിന്ന് പ്രഭയുടെ ഭർത്താവ് ആർ. ദിനേശ് ആയിരുന്നു.

സ്നേഹതീരം 

വായിച്ചപ്പോൾ തോന്നിയത് കഥാകൃത്ത് എഴുതിയത് 100 ശതമാനം ശരിയായ ഒരു കാര്യമാണ്. മനുഷ്യനോളം മറ്റൊന്നിനെയും ഭയക്കേണ്ട ആവശ്യം ഭൂമിയിലില്ല. വിഷപ്പാമ്പുകൾ പോലും അവരെ ഉപദ്രവിച്ചാൽ മാത്രമേ അവർ സ്വരക്ഷയ്ക്കായി തിരികെ ഉപദ്രവിക്കുകയുള്ളൂ. പക്ഷേ മനുഷ്യന്‍റെ കാര്യം അങ്ങനെയല്ല. ഒരാൾ നന്നാവുന്നത് കണ്ടാൽ തുടങ്ങും കണ്ണുകടി.

"പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാൻ ഉണ്ണും" എന്ന രീതി ശീലിച്ചവരാണ് നമ്മളിൽ അധികം പേരും. മണ്ണിൽ എല്ലു മുറിയെ പണിയെടുത്ത് പല്ലുമുറിയെ തിന്നുന്ന ഈ കുടുംബത്തിന്റെ കഥ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഉണ്ണിയേട്ടനും ലക്ഷ്മിയും സന്തോഷത്തോടെ അനേകം നാൾ നീണാൾ വാഴട്ടെ.

സാമൂഹ്യ പാഠം

വിദ്യാസമ്പന്നരായ മക്കൾ വിദേശത്ത് ആയിരുന്നിട്ടുപോലും അപ്പനെയും അമ്മയെയും മരിക്കുന്നതിനുമുമ്പ് വൃദ്ധസദനത്തിൽ കൊണ്ടാക്കാൻ തിടുക്കപ്പെട്ടപ്പോൾ ഉപ്പുമാവ് കഴിക്കാൻ വേണ്ടി മാത്രം സ്കൂളിൽ പോയിരുന്ന, പഠിപ്പിൽ മണ്ടനായിരുന്ന, വിശപ്പിന്റെ വില നന്നായി അറിഞ്ഞു ഗൾഫിൽ പോയി കാശുണ്ടാക്കിയവന്റെ അത്ര മര്യാദ അല്ലെങ്കിൽ വിവേകം പോലും നമ്മുടെ മക്കൾക്ക് ഇല്ലാതെ പോയല്ലോ എന്ന് ഓർത്തുള്ള ഗീവർഗീസ് മാഷിന്റെയും ഭാര്യ ത്രേസ്യ കുഞ്ഞിന്റെയും സങ്കടവും സന്തോഷവും ഇടകലർന്നുള്ള വികാരം വായനക്കാരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കും. ഈ കഥയിൽ എന്റെ മുന്നിലൂടെ കടന്നുപോയ ചില കഥാപാത്രങ്ങളെ തന്നെ ഞാൻ കണ്ടു. അവരുടെ ഇന്നത്തെ അവസ്ഥയും.

തീർഥയാത്ര

തീർഥാടനയാത്രയ്ക്ക് സമാപനം കുറിച്ചു കൊണ്ട് വർഷങ്ങൾക്കുശേഷം തന്നെ തിരഞ്ഞു വന്ന മകനോടൊപ്പം ഉള്ള ജീവിതം സ്വപ്നം കണ്ടു സന്തോഷത്തോടെ മകനോടൊപ്പം മറ്റുള്ളവരോട് യാത്ര പറഞ്ഞു വൃദ്ധസദനത്തിൽ നിന്ന് പടിയിറങ്ങുന്ന ലക്ഷ്മി അമ്മയുടെ കഥയും അവതരണ ഭംഗികൊണ്ട് എഴുത്തിൽ വ്യത്യസ്ത ആകുന്നു ഈ കഥാകാരി.

സ്മൃതി നൊമ്പരങ്ങൾ

ഇതിലെ കല്യാണി മുത്തശ്ശിയുടെ മരണം വായനക്കാരെയും കരയിച്ചു. തിങ്കളാഴ്ച ഗ്രഹണി പിടിച്ച് മണ്ണ് വാരി തിന്നുന്ന ചീരു കുട്ടി മാതാവിന്റെ സന്ദർശന ദിവസം. ചൊവ്വാഴ്ച കാവിലെ വെളിച്ചപ്പാടിന്റെ വരവ്. ബുധൻ മരചക്കിലാട്ടിയ ശുദ്ധ നല്ലെണ്ണയും ആയുള്ള ചെട്ടിയാരുടെ വരവ്. വ്യാഴം-കുറിക്കാരി. വെള്ളി തുണിയല‌ക്കുകാരി മാധവിയുടെ വരവും സംഭാരം കൊടുത്ത് ദാഹം തീർത്തു പറഞ്ഞയക്കലും ശനി തന്റെ ഇളയ മകന്റെ വരവ്. ഓരോരുത്തരോടും കുശലാന്വേഷണം നടത്തി യാത്ര പറയുമ്പോൾ കല്യാണി മുത്തശ്ശി പിറുപിറുക്കും “നാളെ കാണാവോ... കണ്ടാൽ ആയി” അങ്ങനെ ആ ദിവസവും വന്നെത്തി. മരണം എന്ന മഹാസത്യത്തിനു മുന്നിൽ കീഴടങ്ങുമ്പോൾ കാലം ബാക്കിവയ്ക്കുന്നത് അമ്മൂട്ടിയ്ക്ക് ഒരിക്കലും മറക്കാത്ത കുറെ ഓർമ്മകൾ മാത്രം.

വിധിവൈപരീത്യം 

ഇതിലെ ജബ്ബാറിന് ദൈവം ഇതിലും നല്ലത് ഒന്ന് ഒരുക്കിവെച്ചിട്ടുണ്ട് എന്ന് നമുക്ക് ആശ്വസിക്കാം. കാരണം അയാൾ ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ‘നമുക്ക് വിധിച്ചത് മലകൾക്ക് അപ്പുറത്ത് നിന്നായാലും ലഭിക്കും. വിധിച്ചിട്ടില്ലാത്തത് നമ്മുടെ ചുണ്ടുകൾക്കിടയിൽ എത്തിയാൽ പോലും നഷ്ടപ്പെടും എന്ന് കേട്ടിട്ടില്ലേ? അതിന്റെ കൂടെ ഒരു പ്രവാസിയുടെ ദുഃഖവും രചയിതാവ് നന്നായി വരച്ചു കാട്ടി.

ദിനരാത്രങ്ങൾ 

ആ കഥ കാലോചിതം എന്ന് പറയാതെ വയ്യ. അടുത്ത കാലത്ത് പത്രങ്ങളിൽ വരുന്ന സ്ഥിരം വാർത്തകൾ ഫോട്ടോഷൂട്ടും, പ്രീ ഷൂട്ടും ഹണിമൂൺ ഷൂട്ടും... അവസാനം മരണ ഷൂട്ടും. ഇതൊക്ക വായിക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന വികാരം സങ്കടം അല്ല. പണത്തിന്റെ കൊഴുപ്പ് പത്തു പേരെ കാണിക്കാൻ ഇറങ്ങി പുറപ്പെടുന്ന ഈ അൽപന്മാർക്ക് നല്ല അടിയുടെ കുറവ് എന്ന വികാരമാണ് ഉണ്ടായിട്ടുള്ളത്.

ഇത്തിൾകണ്ണി 

എല്ലാവരും ഇത്തിൾ കണ്ണിയായി രാജേട്ടനെ ഉപയോഗിച്ച് കടന്നു കളഞ്ഞപ്പോൾ അർജുനന്റെ തേരാളിയായി ഭഗവാൻ കൃഷ്ണൻ അവതരിച്ചത് പോലെ തനിക്കും ഒരു അവസരം കിട്ടിയത് ഓർത്ത് അൽപമെങ്കിലും ആശ്വസിക്കുന്നു ഹേമ. രാജേഷ് നായരുടെ മരണം അനുവാചകർക്ക് വലിയ വേദന നൽകുന്നുണ്ടെങ്കിലും ചെറിയൊരു ആശ്വാസം കഥാകൃത്ത് സർക്കാർ ജോലിയിലൂടെ സമ്മാനിക്കുന്നു.

മനക്കോട്ടകുറ്റബോധം

അതേ, കൊറോണ കൊണ്ട് അങ്ങനെയും ചില ഗുണങ്ങൾ ഉണ്ടായി. അഞ്ചു വർഷമായിട്ടും മാതാപിതാക്കളെ കാണാൻ തോന്നാതിരുന്ന മക്കൾക്ക് അവരെ കാണാനുള്ള ആഗ്രഹം ഉണ്ടാക്കി എടുത്തല്ലോ! കെടാവിളക്കിലെ ഡോക്ടർ വർഷയുടെ കഥയും കാലികപ്രസക്തമായത് തന്നെ. കുറ്റബോധം കൊണ്ട് മരണം ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന അജയൻ ഇന്നത്തെ യുവതലമുറയെ പ്രതിനിധീകരിക്കുന്നു. മദ്യം എന്ന വിഷം കൊണ്ട് മൂല്യച്യുതി സംഭവിച്ച യുവ തലമുറയുടെ യഥാർഥചിത്രം രചയിതാവ് ഇവിടെ തുറന്നു കാണിക്കുന്നു.

മനക്ഷതങ്ങൾ, മയൂഖ വർണങ്ങൾ തേടി

പത്തുവയസ്സുകാരൻ കണ്ണന്റെ മനസ്സിന്റെ വിഹ്വലതകളെ, ചാഞ്ചാട്ടത്തെയൊക്കെ വരച്ചുകാട്ടുന്നു തന്റെ രചനയിലൂടെ എഴുത്തുകാരി. ആണഹന്തയുടെ നേർക്ക് പായുന്ന ഒരു കൂർത്ത അമ്പാണ് മയൂഖവർണ്ണങ്ങൾ എന്ന കഥ. ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി സിനിമയാക്കിയപ്പോൾ ശോഭന ഇതുപോലൊരു കഥാപാത്രം ചെയ്തതായി ഓർക്കുന്നുണ്ട്. പക്ഷേ കീഴടങ്ങുകയല്ല. താലിചരട് പൊട്ടിച്ചെറിഞ്ഞ് ആ ജീവിതത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയാണ് എന്ന് മാത്രം. 

പ്രണയ നിലാവ്

അവസാനത്തെ കഥയും വളരെയധികം നന്നായി എന്ന് പറയാതെ വയ്യ. ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെ ഭാവനയുടെ അകമ്പടിയോടുകൂടി അങ്ങേയറ്റം സ്വാഭാവികമായി എഴുതിയിട്ടുണ്ട്. വായനക്കാരിൽ ഒരു പുതു ലോകം തന്നെ സൃഷ്ടിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.

ഒരു ചരടിൽ കോർത്തിരിക്കുന്ന 14 മണിമുത്തുകൾ പോലുണ്ട് പ്രഭയുടെ ഈ കഥകൾ. ഈ അനുഗ്രഹീത തൂലികയിൽ നിന്ന് ഇനിയും ഒരുപാട് നല്ല കൃതികൾ കഥാകാരി നമുക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു. ലളിതവും മനോഹരവുമായ ആഖ്യാനശൈലിയാണ് പ്രഭയുടെ മുഖമുദ്ര. ഈ കഥാസമാഹാരത്തിൽ എല്ലാവർക്കും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ ആഗ്രഹം തോന്നിപ്പിക്കുന്ന കഥകൾ തന്നെയാണുള്ളത്. ഈ പുസ്തകം ധാരാളം വായനക്കാരിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് പ്രഭാ ദിനേഷ് എന്ന കഥാകാരിക്ക് അഭിനന്ദനങ്ങൾ.

English Summary:

Malayalam Article Written by Mary Josy Malayil