ADVERTISEMENT

ഒരു തേങ്ങലും അടക്കിപ്പിടിച്ച വിലാപവും കേട്ട് ഭീമൻ പെട്ടെന്ന് നിന്നു. ആ ശബ്ദം അയാൾക്ക് ഏത് കോലഹലത്തിനിടയിലും തിരിച്ചറിയാം. 

ദ്രൗപദി വീണിരിക്കുന്നു. 

ഇക്കാര്യം ഭീമൻ ജ്യേഷ്‌ഠനെ അറിയിച്ചു. ഉടലോടെ ദേവപദത്തിലെത്താനുള്ള ആത്മവീര്യം അവൾക്കില്ലെന്ന മറുപടിയാണ് ഭീമന് ലഭിച്ചത്. കാൽവെയ്‌പുകൾ പിന്നിൽ അടുത്തെത്തി. അർജ്ജുനൻ മഹാമേരുവിന്റെ ശൃംഗത്തിൽ നോക്കിക്കൊണ്ട് വഴിമുടക്കി നിൽക്കുന്ന ഭീമനെ തൊടാതെ കടന്നുപോയി. ആർക്കും വേണ്ടി കാത്തുനിൽക്കാൻ സമയമില്ലെന്നു പിറുപിറുത്തുകൊണ്ട് നകുലനും യാത്ര തുടർന്നു. വീണു കിടക്കുന്ന ദ്രൗപദിയെയും വാരിയെടുത്ത് തന്നെ കടന്നുപോകുന്ന സഹദേവനെയും കാത്ത് ഭീമൻ നിന്നു. അവസാനം സഹദേവനും ഏകനായി. ധ്യാനത്താൽ വിറയാർന്ന ചുണ്ടുകളോടെ കടന്നുപോയപ്പോൾ ഭീമസേനൻ മഹാപ്രസ്ഥാനത്തിന്റെ നിയമം മറന്നു. അയാൾ തിരിഞ്ഞു നിന്നു. നടന്ന വഴികളിലൂടെ വീണ്ടും ഭീമൻ തളർന്ന കാലുകൾ വലിച്ചുവെച്ച് തിരിച്ചു നടന്നു.

രണ്ടാമൂഴത്തിലെ ഭീമനാണത്. മഹാമേരുവായി വളർന്ന് മറ്റുള്ളവർക്ക് തണലായി മാറിയവന് അങ്ങനെയാകാനെ പറ്റൂ. യുദ്ധം കഴിഞ്ഞ് ഇഹലോക കാംഷകളെ വേണ്ടെന്നു വെച്ച് നടന്നകലുന്ന കൂടപ്പിറപ്പുകളെ പോലെയാകാൻ ഭീമനു സാധിക്കുന്നില്ല. ഒരു സാധാരണ മനുഷ്യന്റെ നോവും ചതവും രോദനവും അപ്പോഴും അയാളിൽ ബാക്കിയുണ്ട്. സ്നേഹിച്ചവളെ സ്വർഗത്തിനു വേണ്ടി പോലും വഴിയിൽ കളയുവാൻ ഭീമൻ തയ്യാറല്ല. 

randamoozham-mt

അനുസരണക്കേട് കാട്ടാതിരിക്കാൻ കുറച്ചു നേരം കാത്തുനിൽക്കുന്നുണ്ട്. പക്ഷേ മനസ്സിന്റെ നിയമത്തെയാണ് ഒടുവിൽ അയാൾ അനുസരിക്കുന്നത്. തന്നെ തിരസ്കരിച്ചവൾക്കു നേരെ ഭീമൻ നടന്നടുക്കുന്നു...!

ഹിഡിംബിയെയും ബലന്ധരയെയും സ്നേഹിക്കുമ്പോഴും ഭീമന്റെ മനസ്സിൽ പാഞ്ചാലിക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. തന്നെ എന്നും അവൾ അവഗണിച്ചിട്ടേയുള്ളൂ എന്ന് അറിയാമായിരുന്നിട്ടും ആ സ്ഥാനത്തിനു മാറ്റമുണ്ടായില്ല. അവസാന നിമിഷം വരെ അവളെ സംരക്ഷിക്കുവാൻ, സാന്ത്വനപ്പെടുത്തുവാൻ ഭീമൻ ശ്രദ്ധിച്ചു. മഹാപ്രസ്ഥാനത്തിനിടയ്ക്ക് വീണു പോയ ദ്രൗപദിയെ താങ്ങാനും ഭീമനേ ഉണ്ടായിരുന്നുള്ളൂ. സ്നേഹിക്കപ്പെട്ടിരുന്നെങ്കിൽ എന്ന് കൊതിച്ച് എന്നും അവളെ സമീപിച്ച ഭീമൻ മാത്രം.

പാണ്ഡുവിന്റെ മരണശേഷം ശതശൃംഗത്തിൽ നിന്ന് ഹസ്തിനപുരത്തേക്കുള്ള മടക്കയാത്രയോടെയാണ് യഥാർഥത്തിൽ ഭീമന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ തുടങ്ങുന്നത്. അഞ്ചുവയസ്സുള്ള ഭീമൻ എന്ന കുട്ടി കാണേണ്ടി വരുന്നത് ഗൂഢതന്ത്രങ്ങളുടെ, കുടിപ്പകയുടെ വലയമാണ്. അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമാവേണ്ടി വരുമ്പോൾ അയാൾ ശ്രമിക്കുന്നത്, തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനാണ്. അത് പൂർണ്ണ മനസ്സോടെ ചെയ്യുമ്പോഴും കേൾക്കേണ്ടി വരുന്നത് തന്റെ ജനനം പോലും ഒരു ആയുധത്തെ നിർമ്മിച്ചെടുക്കൽ മാത്രമായിരുന്നുവെന്നാണ്. രാജാവാകുവാൻ വിധിക്കപ്പെട്ടവനെ സംരക്ഷിക്കാൻ പോന്ന ഒരു ആയുധം. അതിനപ്പുറം തന്റെ പ്രിയപ്പെട്ടവർക്കു പോലും താൻ ഒന്നുമല്ലെന്ന് ഭീമൻ മനസ്സിലാക്കുന്നു. 

“പിന്നെ രാജാവിന് വേണ്ടിയിരുന്നത് ശക്തനെയായിരുന്നു. വായുദേവനെപ്പോലെ ശക്തൻ! കൈയ്യൂക്കുള്ളവൻ"

കൊടുങ്കാട്ടിൽ താണ്ഡവമാടി മാരുതനെപ്പോലെ വന്ന ഒരാള്‍, പേരറിയാത്ത ഒരു കാട്ടാളനിൽ കുന്തി രാജാവായ ഭർത്താവിന്റെ ആ ആഗ്രഹം നിവർത്തിച്ചു കൊടുത്തു. ആയുധമാകാൻ വിധിക്കപ്പെട്ട മകനോട് പിന്നീട് അമ്മ മാത്രമല്ല, ദൈവത്തെപ്പോലെ കരുതിയിരുന്ന ജ്യേഷ്‌ഠനും ഗുരുവും മതിമറന്നു സ്നേഹിച്ച  പത്നിയും പരിഹാസത്തോടെയും നിന്ദയോടെയും അവഗണനയോടുമാണ് പെരുമാറിയത്. 

randamoozham

ചക്രവ്യൂഹത്തിൽ കൊല്ലപ്പെട്ട അഭിമന്യുവിനെ നിർത്താതെ വാഴ്ത്തുമ്പോൾ, യഥാർഥത്തിൽ രാജാവാകേണ്ടിരുന്ന ഘടോൽക്കചൻ എന്ന മൂത്ത പുത്രനെ, യുദ്ധത്തിൽ വിളിച്ചു വരുത്തി കൊല്ലിച്ചശേഷം കൃഷ്ണന്‍ പറയുന്നതിതാണ്. 

"ഭീമപുത്രനാണെങ്കിലും കാട്ടാളനാണ്. രാക്ഷസപ്രകൃതി, യജ്ഞവിദ്വേഷി, ബ്രാഹ്‌മണശത്രു. അവനെ എന്നെങ്കിലും കൊല്ലേണ്ടിവരും. ചത്തതു രണ്ടുനിലയ്ക്കും നന്നായി." പിന്നെ കൃഷ്‌ണന്റെ ചിരി കേട്ടു. "നീ മാത്രമാണ് ആശ്രയം എന്നു പറഞ്ഞ് അവനെ കർണ്ണന്റെ നേർക്ക് വിട്ടത് ഞാൻ ഒന്നും കാണാതെയല്ല.''

അച്ഛൻ മനസ്സിലോർത്താൽ എത്തിക്കൊള്ളാം എന്ന വാക്കു നൽകി, ആ വാക്കു പാലിച്ച ആ ഭീമപുത്രനോട് കാണിക്കുന്ന നീതികേടിൽ, അവർണ്ണനോട് സവർണ്ണൻ പൊതുവേ കാട്ടപ്പെടുന്ന എല്ലാ അകൽച്ചയുമുണ്ട്. അച്ഛനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയ പോലെ മകനെയും മാറ്റി നിർത്തുന്നു. 

ആരിൽ നിന്നും സ്നേഹമോ അംഗീകാരമോ ലഭിക്കാത്തതില്‍ പലപ്പോഴും പ്രതികരിക്കുന്നുണ്ട് ഭീമൻ. എന്നാൽ ഈ സമയം കൊണ്ട് അയാള്‍ എല്ലാം മനസ്സിലാക്കിയിരുന്നു. സ്തബ്ധനായി നിന്ന് മകന്റെ മരണത്തെ ഏറ്റുവാങ്ങുന്ന ഭീമനെ ആരും ഒരിക്കലും മനസ്സിലാക്കുന്നില്ല. മരണം വരെയും അയാൾ ഏവർക്കും ഒരു ആയുധമാണ്. അങ്ങനെ ചിന്തിക്കാതെ അയാളെ സ്നേഹിച്ച ഹിഡിംബിയെയും ബലന്ധരയെയും മക്കളെയും അധികം അടുക്കുവാൻ കുന്തി സമ്മതിക്കുന്നില്ല. രാജ്യം തിരികെ പിടിക്കാൻ ഭീമൻ വേണം എന്ന തിരിച്ചറിവ് കാരണം, അയാൾ സ്നേഹത്തിനടിമപ്പെട്ടു പോകാതെ സഹോദരങ്ങൾക്കൊപ്പം നിർത്തുവാൻ കുന്തി നിർബന്ധിതയാകുന്നു. 

അസ്വസ്ഥമായിരുന്ന അയാളുടെ മനസ്സ് ആരും കാണാതെ പോയി എന്നതിൽ നിന്നാണ് രണ്ടാമൂഴം ജനിക്കുന്നത്. ഭീമനൊപ്പം മഹാഭാരതത്തിലെ കഥാഗതികൾ അറിഞ്ഞവരാണ് പുതുതലമുറയിലെ പല വായനക്കാരും. അവർക്കയാൾ മന്ദനോ, വൃകോദരനോ അല്ല. ഭീമനാണ്. രാജാവാകാൻ, സ്നേഹിക്കപ്പെടാന്‍ യോഗ്യത ഉണ്ടായിരുന്നിട്ടും മാറ്റി നിർത്തപ്പെട്ടവൻ. കുരുപാണ്ഡവന്മാർ തമ്മിലുള്ള വിള്ളലിനിടയിൽ ഭീമന്റെ വളർച്ചയും തളർച്ചയും അവതരിപ്പിക്കുന്ന എം.ടി. മലയാളത്തിനു നൽകിയത് സാധാരണ മനുഷ്യനായ ഒരു കഥാപാത്രത്തെയാണ്. മഹാബലവാനായി തന്നെ വളരുന്ന ഭീമന്‍ പക്ഷേ സ്നേഹശീലം കൊണ്ടാണ് വായനക്കാരെ കീഴടക്കിയത്. എവിടെയും രണ്ടാമൂഴക്കാരനാകാൻ വിധിക്കപ്പെട്ടവന്‍ മലയാളിയുടെ മനസ്സിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 

English Summary:

From Weapon to Beloved: How MT's Randamoozham Redefined Bhima for a Generation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com