ADVERTISEMENT

കണ്ണൂർ∙ ‘പെടയ്ക്കണ നെയ്മത്തി വരണ സമയമാണിത്. മത്തി കിട്ടിയിട്ട് രണ്ടാഴ്ചയായി. കേരളതീരത്ത് എവിടെയും മത്തി കാണാനേയില്ല’’– ആയിക്കരയിൽ തോണിക്കാരിൽനിന്ന് മീൻ വാങ്ങി വിൽപന നടത്തുന്ന എസ്.ആർ.സാഹിർ പറഞ്ഞു. ഇഷ്ടമീനായ മത്തിയില്ലാതായതോടെ കടപ്പുറത്തെ തോണിക്കാരായ മീൻപിടുത്തക്കാർക്കു ജോലിയില്ലാതായി. കടലിൽപ്പോയി വെറുംകയ്യോടെ തിരിച്ചുവരികയാണു ഭൂരിഭാഗം തോണിക്കാരും. ഇങ്ങനെയൊരു മത്തിയില്ലാകാലം ഉണ്ടായിട്ടില്ലെന്നാണ് കടപ്പുറത്തുള്ളവർ പറയുന്നത്.

കേരള തീരത്തെ കടലിൽനിന്നു പിടിക്കുന്ന മത്തി വലുതാകുന്നില്ലെന്നായിരുന്നു ഒരു മാസം മുൻപു വരെ മീൻപിടിത്തക്കാർ പറഞ്ഞിരുന്നത്. സാധാരണ മത്തിക്ക് 20 സെന്റീമീറ്റർ വരെ വലുപ്പമുണ്ടാകുമായിരുന്നെങ്കിൽ 12 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള മത്തിയായിരുന്നു വലയിൽ കുടുങ്ങാറുള്ളത്. ഇതേക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം നടത്തിക്കൊണ്ടിരിക്കെയാണ് ഉള്ള മത്തിയെയും കാണാതായത്. ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്ന് ബോട്ടുകാർ പിടിക്കുന്ന മത്തിയാണ്. 

മത്തിയല്ലെങ്കിൽ അയലയെങ്കിലും കിട്ടുമായിരുന്നു മീൻപിടിത്തക്കാർക്ക്. ഇപ്പോൾ അയലയും കുറഞ്ഞു. ഇന്നലെ കിലോഗ്രാമിന് 250 രൂപ തോതിലാണ് ആയിക്കരയിൽ അയല വിറ്റത്. അത് ഉൾപ്രദേശങ്ങളിലെത്തുമ്പോൾ 300 രൂപയിൽ കൂടുതലാകും. ഫലത്തിൽ നല്ല മീൻകൂട്ടി ഉണ്ണാമെന്നു വിചാരിച്ചാൽ അതു നടക്കില്ലെന്നർഥം. മീനുകളുടെ വളർച്ച കുറയാൻ കാരണം കടലിൽ ചൂടു കൂടുന്നതാണെന്നാണ് വിദഗ്ധർ പറയുന്നത്. മത്തി, ചെമ്മീൻ‌, ഞണ്ട്, അയല എന്നിവയെല്ലാം വലുപ്പം കുറയുന്നതായി കടലിൽ പോകുന്നവർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മീനുകളുടെ വളർച്ച കുറയ്ക്കുന്നുവെന്നു മാത്രമല്ല, പ്രജനനത്തെയും ബാധിക്കുന്നുണ്ട്.

ഇനി ജൂണിൽ നോക്കിയാൽ മതി. അതുവരെ കേരളതീരത്ത് മത്തിയുണ്ടാകുമെന്നു തോന്നുന്നില്ല. രാത്രിയും പകലുമില്ലാതെ വലിയ വല കൊണ്ടുപോയി കോരിയെടുക്കുകയല്ലേ. പിന്നെയെങ്ങനെ മീനുണ്ടാകും ?. മീനുകൾ കളിക്കുന്ന സമയത്തു വേണം പിടിക്കാൻ. അതായത് സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും. ഇപ്പോൾ മീൻ ഉറങ്ങുന്ന സമയത്തൊക്കെ പിടിക്കുകയല്ലേ. തോണിക്കാരൊക്കെ കടലിൽപോയി ഒന്നും കിട്ടാതെ തിരിച്ചുവരുന്നു. വടക്കും (തലശ്ശേരി) തെക്കും (വളപട്ടണം) ഒന്നു കറങ്ങിപ്പോയി വരാൻ 20,000 രൂപ ചെലവു വരും. അതൊക്കെ നഷ്ടമാണ്. 30 ആളെങ്കിലും ഒരു തോണിയിലുണ്ടാകും. അവർക്കൊക്കെ വല്ലതും കിട്ടിയിട്ട് ദിവസങ്ങളായി. ഇനി മഴക്കാലമാകുന്നതോടെ കൂടുതൽ ദുരിതമാകും. ട്രോളിങ് നിരോധനം വരും. തോണിക്കാർക്ക് മീനില്ലാ കാലവും.

English Summary:

Sardine shortage hits Kerala hard, leaving fishermen jobless and consumers facing soaring prices. The lack of sardines and anchovies is attributed to rising sea temperatures and climate change impacting fish growth and reproduction.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com