വെള്ളപ്പൊക്കത്തിൽ ക്യാംപിലേക്ക് വന്ന് കുടുംബം; വീട്ടിൽ ഉപേക്ഷിച്ച നായക്കുട്ടിയെ ഓർത്ത് കരയുകയാണ് കുഞ്ഞ്
Mail This Article
ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസവും, പുഞ്ചിരിച്ച അവന്റെ ആ മുഖവും മായാതെ ഇന്നും മനസ്സിലുണ്ട്. ദിവസേന കൂടിവരുന്ന ശക്തമായ മഴ...! ഓരോ രാത്രിയും നാട്ടുകാർ ഉറക്കം ഉണർന്നു എഴുന്നേൽക്കുന്നതും വാതിൽ തുറക്കുന്നതും ഭയത്തോടെയാണ്. കാരണം കയറിവരുന്ന വെള്ളം എത്ര ഭീകരനാണെന്ന് നന്നായി മനസ്സിലാക്കിയതാണ് അവർ. വെള്ളം കയറുന്ന താഴ്ന്ന പ്രദേശമായതിനാൽ പല വീടുകളുടെയും മേൽക്കൂരകൾ വെള്ളത്തിൽ മുങ്ങി. പലരും സ്വന്തം വീടുവിട്ട് ബന്ധുക്കളുടെയും വീട്ടിലേക്കും ക്യാമ്പുകളിലേക്കും മാറിത്തുടങ്ങി. ജോലിക്കു പോകാനാകുന്നില്ല, ഭക്ഷണമില്ല, പുറത്തിറങ്ങുന്ന വഴിപോലും മനസ്സിലാകാതെയായി. വള്ളങ്ങളും ബോട്ടുകളും വീടുകളുടെ അടുത്തെത്തുകയും ആളുകളെ കയറ്റി സുരക്ഷിതമായി ക്യാമ്പുകളിലെത്തിക്കുകയും ചെയ്തു.
ഇന്ന് സന്ധ്യയോടടുത്തു ഞങ്ങൾ വള്ളവുമായി പോയത് അതുപോലെ കുറച്ചു കുടുംബങ്ങളെ ക്യാമ്പിലേക്കെത്തിക്കാൻ ആയിരുന്നു. എല്ലാവരെയും തിരക്കിട്ടു കയറ്റുന്ന കൂട്ടത്തിൽ നാലോ അഞ്ചോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും ഉണ്ടായിരുന്നു. വള്ളത്തിൽ കയറാൻ മടിച്ച അവനെ ബലം പ്രയോഗിച്ചാണ് വീട്ടുകാർ കയറ്റിയത്. പറ്റുന്ന അത്രേം ആൾക്കാരും ആയി വള്ളം മുന്നോട്ടു നീങ്ങുമ്പോളും ആ കുട്ടി കരച്ചിൽ നിർത്തിയിട്ടുണ്ടായിരുന്നില്ല. ആദ്യം ഞാൻ വിചാരിച്ചത് ഇത്രേം വെള്ളം കണ്ടതിന്റെ പേടിയോ, വല്ല കളിപ്പാട്ടം എടുക്കാൻ പറ്റാത്തതിന്റെ വിഷമം കൊണ്ടാകും എന്നാണ്. ആ വീട്ടിലേക്കു മാത്രം നോക്കി കരയുന്ന അവനെ അമ്മ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്, അതൊന്നും കേൾക്കാൻ പോലും അവൻ കൂട്ടാക്കുന്നില്ല.
കരച്ചിൽ നിർത്താൻ ഒരു ഉദ്ദേശവും അവനില്ലെന്നു കണ്ടപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു "എന്തേലും എടുക്കാൻ മറന്ന കൊണ്ടാണോ കുട്ടി കരയുന്നത്?" "ഒന്നും എടുക്കാൻ മറന്നിട്ടല്ല. കഴിഞ്ഞ ആഴ്ച കളിച്ചുകൊണ്ടിരുന്നപ്പോൾ എവിടുന്നോ ഒരു നായക്കുട്ടി വന്നു. പിന്നെ അതിന്റെ പുറകെയായി. ഈ മഴ കൂടിയ സമയം അടുക്കള ചായ്പ്പിലായി അതിന്റെ താമസവും. അതിനെ എടുക്കാതെ വന്നതിന്റെ ബഹളം ആണ് ഈ കാണുന്നെ. ഈ മഴയത്തു ആളുകളെ നോക്കാൻ പറ്റണില്ല, പിന്നെ എങ്ങനെയാ ഇവറ്റകളെ എടുത്തോണ്ട് വരുന്നെ. സാരമില്ല ക്യാമ്പിലെത്തുമ്പോൾ ഈ ബഹളം മാറിക്കോളും." അമ്മ സംസാരിച്ചു മുഴുവിപ്പിക്കും മുൻപേ ക്യാമ്പിലെത്തി.
എല്ലാവരേം പിടിച്ചു വള്ളത്തിൽ നിന്ന് ഇറക്കുമ്പോളും, അവന്റെ കലങ്ങിയ കണ്ണുകളിലേക്കാണ് എന്റെ ശ്രദ്ധ പോയത്. മഴ കുറയുമെന്നോ തിരിച്ചു പോയി നായക്കുട്ടിയെ രക്ഷിക്കാൻ പറ്റുമെന്നോ ഉറപ്പില്ലാഞ്ഞതിനാൽ ഞാൻ അവന് വാക്ക് കൊടുക്കാൻ നിന്നില്ല. പക്ഷേ ഒന്നുറപ്പുണ്ടാർന്നു ഇന്ന് ഞാൻ രക്ഷിക്കാൻ പോയില്ലെങ്കിൽ, ഭക്ഷണം കിട്ടാതെ വെള്ളത്തിൽ മുങ്ങി ആ ജീവൻ ഇല്ലാതാകുകയേ ഉള്ളു. വീണ്ടും അത്രേം ദൂരം ചെന്ന് പേടിച്ചരണ്ടിരുന്ന ആ നായക്കുട്ടിയെ എന്റെ കൈകളിൽ ചേർത്ത് പിടിച്ചപ്പോൾ അത് നന്നായി വിറയ്ക്കുന്നതായിരുന്നു. മരണം മാത്രം മുന്നിൽ കണ്ട അതിനു എന്റെ കൈകൾ ദൈവത്തിന്റെ കൈകൾ തന്നെയായിരിക്കും.
എന്റെ കണ്ണുകളിൽ ഇപ്പോൾ പേടിച്ച ഈ മുഖത്തിനൊപ്പം, എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് ചിരിക്കുന്ന അവന്റെ മുഖം കൂടിയായിരുന്നു. നമ്മൾ സ്നേഹിച്ചു വളർത്തുന്ന ഓരോ ജീവികളും നമ്മുടെ വീട്ടിലെ ഒരു അംഗം തന്നെയായി ആണ് കാണുന്നത്. ഒരിക്കലും നമുക്കവയെ അറിഞ്ഞുകൊണ്ട് ഉപേക്ഷിക്കാനാകില്ല. എല്ലാവർക്കും ഒരേ സാഹചര്യമാകില്ല, എന്നിരുന്നാലും നമുക്ക് രക്ഷപെടാൻ കിട്ടുന്ന ഒരു അവസരമാണേൽ പോലും അവരെയും കുറിച്ച് ചിന്തിക്കണം. ഇന്ന് ഈ കുഞ്ഞിനുള്ള പോലെ ഉപേക്ഷിക്കാൻ കഴിയാത്ത ഒരു മനസ്സ് നമുക്കും ഉണ്ടേൽ, നമുക്കും മറ്റൊരാളുടെ കണ്ണിലെ ദൈവത്തിന്റെ കൈകളാകാം.