ADVERTISEMENT

അടിമയായ ഒരു ഭൂതം പാറമടയിൽ താമസിച്ചിരുന്നു. കൂടമില്ലാതെ പാറയായ പാറയെല്ലാം തലകൊണ്ട് അടിച്ചുപൊട്ടിക്കുന്ന ജോലി ചെയ്തിരുന്ന ഭൂതത്തിന്, ഓരോ അടിയിലും ചിതറുന്ന പാറക്കഷ്ണങ്ങൾക്കൊപ്പം തലയിൽ പരക്കുന്ന വേദന ഒരു പ്രശ്നമേയല്ലായിരുന്നു. പാറ ചിതറുമ്പോൾ ഉടമയുടെ മുഖത്ത് വിരിയുന്ന ചിരിയിലായിരുന്നു ഭൂതത്തിന്റെ സന്തോഷം. ഏതു ഭാരവും ആഘാതവും താങ്ങുന്ന തലയുള്ള ഭൂതത്തിന് പാറ പൊട്ടിക്കാൻ മറ്റ് പണിയായുധങ്ങൾ ഉടമ കൊടുത്തതും ഇല്ല. സ്വന്തം ജോലി തുടർന്ന ഭൂതത്തിന്റെ ശ്രദ്ധ മാറിപ്പോകുന്നത് അയാൾ അതുവഴി വരുമ്പോഴായിരുന്നു. അയാൾ പാറപ്പുറത്ത് വന്നിരിക്കും. സങ്കടത്തോടെ പാറയിൽ കിടക്കും. പാറയിൽ കവിൾ അമർത്തും, ചുംബിക്കും, ചിലപ്പോൾ കരയും. എന്തുകൊണ്ടാണ് അയാൾ ഇത് ചെയ്യുന്നത് എന്ന് അറിയാവുന്ന ഭൂതത്തിന് സങ്കടവും സ്നേഹവും ഒക്കെ വരും. അടുത്തിരിക്കാനും ആശ്വസിപ്പിക്കാനും സ്നേഹിച്ച് കൂടെക്കൂടാനും തോന്നും. പണ്ടൊരിക്കൽ അയാളുടെ ഭാര്യ ഈ പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചതാണ്. കുതിച്ചുള്ള ഒരോട്ടത്തിനൊടുവിൽ താഴേക്ക് വീഴുകയായിരുന്നു. അന്നത്തെ അയാളുടെ നിലവിളി ഓർത്താൽ ഇപ്പോഴും ഭൂതത്തിന്റെ ഇടനെഞ്ചിൽ പാറ പിളരുന്നത് പോലെ തോന്നും.

ഭാര്യയുടെ ഓർമ്മയിൽ അവിടെ വന്ന് ദുഃഖിച്ചിരിക്കുന്ന അയാളെ നോക്കി നിൽക്കാറുണ്ടായിരുന്ന ഭൂതം ഒരു സത്യം തിരിച്ചറിഞ്ഞു. അയാൾ പാറയിൽ ഓരോ തവണ ചുംബിക്കുമ്പോഴും ഭൂതം മോചനം നേടുകയാണെന്ന്. അങ്ങനെ ഒരു ദിവസം, സ്നേഹം നിറഞ്ഞ ഒരു ചുടുചുംബനത്തിനൊടുവിൽ, എല്ലാ വിലക്കുകളും പൊട്ടിച്ചെറിഞ്ഞ ഭൂതം അയാളുടെ അടുത്ത് വന്നിരുന്നു; ഒരു സുന്ദരിപ്പെണ്ണായി. ഒരുപാട് സ്നേഹം പകർന്നപ്പോൾ അയാൾ അവളെ ഭാര്യയായി കൂട്ടാമെന്ന് സമ്മതിച്ചു. നാട്ടുകാരും വീട്ടുകാരും എന്തുപറയും എന്ന ചിന്തയ്ക്ക് മുകളിൽ മക്കൾക്ക് ഒരു അമ്മ എന്ന സ്ഥാനപ്പേരിട്ട് മൂടി അയാൾ ഭൂതപ്പെണ്ണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സുന്ദരിഭൂതം അയാളോടൊപ്പം വീട്ടിലെത്തി. മക്കൾ ആദ്യം ഒന്നും അടുത്തില്ല. പൂതപ്പാട്ട് പാടിയും കഥ പറഞ്ഞും ഭൂതം അവരെ പാട്ടിലാക്കാൻ നോക്കി. പഴയ ഭാര്യയുടെ ചിത്രത്തിൽ നോക്കിനിന്ന ഭർത്താവിന്റെ കണ്ണുനിറഞ്ഞപ്പോൾ ഭൂതത്തിന്റെ ഉള്ള് പുകഞ്ഞു. അയാളെ പുണർന്ന് സ്നേഹം പകരാൻ തുടങ്ങി. ആദ്യ ദിവസമായതുകൊണ്ട് വിശ്രമിക്കാനും സുഖമായി ഉറങ്ങാനും അയാൾ പറഞ്ഞു. സ്വപ്നങ്ങളും പ്രതീക്ഷകളും ഒരുമിച്ച് കൂട്ടിയിട്ട പതുപതുത്ത മെത്തയിൽ സുന്ദരി ഭൂതം കിടന്നുറങ്ങി.

രണ്ടാം ദിവസം

ഭൂതം വീട് വൃത്തിയാക്കുന്നത് കണ്ടാണ് ഭർത്താവ് ഉണർന്നത്. പാറ തലകൊണ്ട് അടിച്ച് തകർക്കുന്ന ഭൂതത്തിന് ജോലികളെല്ലാം നിസ്സാരമായിരുന്നു. കുട്ടികൾ പെട്ടെന്ന് കൂട്ടായി. ഭർത്താവും കുട്ടികളും ആഹാരം കഴിച്ച് പോയിക്കഴിഞ്ഞപ്പോൾ, ഭൂതം വീടും പരിസരവും മനോഹരമാക്കാൻ തുടങ്ങി. വൈകുന്നേരം തിരികെ എത്തിയപ്പോൾ വീട് സ്വർഗ്ഗതുല്യമായതായി അയാൾക്ക് തോന്നി. വൃത്തിയുള്ള മുറികൾ. കുട്ടികൾ പഠിക്കുന്നു. ഏറ്റവും രുചികരമായ ആഹാരം. രാത്രി കുളിച്ച് സുന്ദരിയായി മുറിയിലേക്ക് എത്തിയ അവൾ ഭർത്താവിന്റെ കാൽതൊട്ടു വന്ദിച്ചു. ജോലി ചെയ്തുവന്ന തളർന്നു കിടന്നുറങ്ങുന്ന അയാളെ ഉണർത്താൻ തോന്നിയില്ല. ഭാര്യയും അമ്മയുമായ നിർവൃതിയിൽ ഉറങ്ങിപ്പോയ ഭൂതം രാത്രി എപ്പോഴോ അയാൾ സ്നേഹിക്കുന്നതായി അറിഞ്ഞു. അവൾ ഉണർന്നപ്പോഴേക്കും അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.

മൂന്നാം ദിവസം

കഴിഞ്ഞദിവസം സ്വർഗ്ഗതുല്യമാക്കിയ വീട് എങ്ങനെ വീണ്ടും അലങ്കോലമായി എന്ന് ഭൂതത്തിന് അത്ഭുതമായി. ഭർത്താവിനെയും മക്കളെയും വിട്ടിട്ട് എല്ലാം പഴയരീതിയിൽ ആക്കിയപ്പോഴേക്കും ഭർത്താവിന്റെ സ്വന്തക്കാർ എത്തി. അമ്മയും സഹോദരിയും മറ്റുചിലരും. ബന്ധുക്കളും സ്വന്തക്കാരും തമ്മിലുള്ള പദവ്യത്യാസം അറിയില്ലെങ്കിലും എല്ലാവരെയും സ്വന്തക്കാരായി ഭൂതം കരുതി. ചുരുങ്ങിയ സമയം കൊണ്ട് അവരുടെയെല്ലാം പ്രിയപ്പെട്ടവളായി ഭൂതം. അവർക്ക് തിന്നാനും കുടിക്കാനുമുള്ളത് കൊടുത്ത് സന്തോഷിപ്പിച്ചു. ഭൂതത്തിന്റെ ചുറ്റും നിന്നവർ അവളെ പുകഴ്ത്തി സംസാരിച്ചു. അവളുടെ മുടിയും ചൊടിയും കണ്ണും കവിളും എല്ലാം അവർ വാഴ്ത്തി. ചേലയെക്കുറിച്ചും ചേലിനെക്കുറിച്ചും പറയുന്നത് കേട്ട് കേട്ട് ഭൂതത്തിന് ബോധം പോകുമെന്ന് തോന്നി. അയാളുടെ തെരഞ്ഞെടുപ്പ് ഇത്രയും നന്നാവുമെന്ന് കരുതിയില്ലെന്ന അഭിപ്രായം കേട്ട് ഭൂതത്തിന് തുള്ളിച്ചാടാൻ തോന്നി. ചോറിനൊപ്പം എത്ര കറികളാണ് നിരത്തിയത് എന്ന് ഭൂതം തന്നെ എണ്ണാൻ മറന്നു.

ഒടുവിൽ വയറ് നിറഞ്ഞ ബന്ധുക്കൾ വിശ്രമിച്ചപ്പോൾ ഭൂതം അവർ കഴിച്ച പാത്രങ്ങൾ കഴുകാൻ തുടങ്ങി. അവൾ അടുക്കളയിൽ ആയിരുന്നിട്ടും അകത്ത് മുറികളിൽ ഇരുന്ന ബന്ധുക്കളുടെ സംസാരം ചെവിയിൽ വന്നു. മർമ്മരങ്ങൾ പോലും കേൾക്കാൻ കഴിയുന്ന സ്വന്തം കാത് ചൂട് പാറപ്പൊടിയിട്ട് നിറയ്ക്കാൻ തോന്നി. തന്റെ തടിയെക്കുറിച്ചും ചെമ്പിച്ച മുടിയെക്കുറിച്ചും കളിയാക്കി സംസാരിക്കുന്നു. ചിരിക്കുമ്പോൾ പുറത്തേക്ക് കാണുന്ന കോന്ത്രപ്പല്ലിനെക്കുറിച്ചും കാല് അടുപ്പിച്ച് വക്കാതെയുള്ള നടത്തത്തെക്കുറിച്ചും പറയുന്നു. അടക്കവും ഒതുക്കവും ഇല്ലാത്തതിനെ കുറിച്ച് അടക്കം പറയുന്നു. അവൻ എവിടെ നിന്ന് നോക്കി ഈ ഭൂതത്തെ എടുത്തു എന്ന് ബന്ധുക്കൾ പരസ്പരം ചോദിച്ചു. അവരുടെ ചിരികൾ ചെവിയിലൂടെ ഇരച്ച് കയറി തലയിൽ ചിതറി നിറഞ്ഞു. സങ്കടം മാത്രമല്ല പുറത്തേക്കിറങ്ങാൻ തുടങ്ങിയ ദംഷ്ട്രകളും ഭൂതം കടിച്ചമർത്തി. ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ തന്റെ കവിളിൽ കിള്ളുകയും മോളെ എന്ന് വിളിച്ചു ഉമ്മ തരികയും ചെയ്ത ബന്ധുക്കളോടൊക്കെ ഭൂതം ചിരിച്ച് തലയാട്ടി. ചിരി നിറഞ്ഞ മുഖം മനസ്സിന്റെ മുഖംമൂടിയാക്കി മനുഷ്യനെപ്പോലെ ഭൂതം നിന്നു. 

രാത്രി ഭർത്താവ് വരാൻ ഭൂതം കാത്തിരുന്നു. അയാൾ വന്ന് വസ്ത്രം മാറാൻ തുടങ്ങിയപ്പോൾ ബന്ധുക്കൾ വന്ന കാര്യം പറഞ്ഞു. അയാൾ ഉടുപ്പ് അഴിക്കാൻ മറന്ന് കുടുക്കിൽ പിടിച്ച് ചിരിയോടെ കേട്ട് നിന്നു. ബന്ധുക്കൾ അവളെ കുറ്റപ്പെടുത്തിയതും കളിയാക്കിയതും പറഞ്ഞ് തുടങ്ങിയപ്പോൾ ചിരി മറഞ്ഞ് ഉടുപ്പ് അഴിഞ്ഞ് തുടങ്ങി. ആശ്വാസവാക്കുകൾക്ക് വേണ്ടി ഭൂതച്ചെവി വട്ടം പിടിച്ചു. അവരൊക്കെ പഴയ ആളുകളല്ലേ എന്നു പറഞ്ഞ് കട്ടിലിൽ മുഷിഞ്ഞ തുണി അഴിച്ചിട്ടതിന് മുകളിൽ അയാൾ ചരിഞ്ഞ് കിടന്നു. എല്ലാവരും അവരവരുടെ പ്രായത്തിൽ പുതിയതല്ലേ എന്ന ചോദ്യം തലയിലിട്ട് കറക്കിയ ഭൂതത്തിന്റെ ചെവിയിൽ ചുണ്ട് ചേർത്ത് അയാൾ സുന്ദരിക്കുട്ടീയെന്ന് വിളിക്കുകയും കഴിക്കാനെന്താണെന്ന് ചോദിക്കുകയും ചെയ്തു. സുന്ദരിക്കുട്ടി എന്ന വിളിയിൽ പാത്രങ്ങളെല്ലാം വിഭവങ്ങൾ കൊണ്ട് വീണ്ടും നിറഞ്ഞു. ഉറക്കത്തിനും ഉണർവിനും ഇടയിൽ അയാൾ സ്വയം സ്നേഹിക്കുന്നതും അറിഞ്ഞു.

നാലാം ദിവസം

രാവിലെ മുതൽ ഭൂതത്തിന് അത് തന്നെയായിരുന്നു ചിന്ത. ഭർത്താവിന് എന്തോ ഇഷ്ടക്കേടുണ്ട്. ഒരാൾക്ക് സ്വന്തമായുള്ള സ്നേഹത്തിന്റെ തൂക്കത്തിന് ഒരു പരിധിയുണ്ട്. ഒരിടത്ത് അത് കൊടുക്കുമ്പോൾ അടുത്ത സ്ഥലത്ത് കുറയുമത്രേ. തന്റെ അടുത്ത് കുറഞ്ഞ ഭർത്താവിന്റെ സ്നേഹം വേറെ എവിടെയോ കൂടുന്നുണ്ട് എന്ന ചിന്ത ഭൂതത്തിനെ വല്ലായ്മയിൽ ആക്കി. ആരായിരിക്കും ഭർത്താവിൽ നിന്ന് തനിക്ക് കിട്ടേണ്ട സ്നേഹം കവരുന്നത്. രാത്രി ഭർത്താവ് വരുന്നതിനു മുൻപേ കുളിച്ച്, കണ്ണ് കറുപ്പിച്ച്, പൊട്ടുതൊട്ട്, ചേലചുറ്റി സുന്ദരിയായി നിന്നു. ജോലി കഴിഞ്ഞ് വന്ന ഭർത്താവ് അടിമുടി നോക്കിയിട്ട് എന്നത്തേക്കാളും സുന്ദരിയായിരിക്കുന്നല്ലോ എന്ന് പറഞ്ഞത് കേട്ട് ഭൂതം മോഹാലസ്യപ്പെട്ട് വീഴാതെ ഭിത്തിയിൽ പിടിച്ചുനിന്നു. അയാൾ കൈയ്യിലിരുന്ന ഒരു കടലാസുകെട്ട് മേശമേൽ വച്ചു. ജോലികൾ ബാക്കിയാണ് എന്ന് പറഞ്ഞ് അസ്വസ്ഥനായി നടന്നുപോയി. കൂടുതൽ സുന്ദരിയായെന്ന് പറഞ്ഞ ഭർത്താവ് തന്നെ കൂടുതൽ സ്നേഹിക്കും എന്ന് കരുതിയ ഭൂതത്തിന് തെറ്റി. 

രാത്രി വൈകിയും കടലാസ്സിൽ തലനാട്ടിയിരുന്ന ഭർത്താവ് ജോലി തുടർന്നു. ഇന്ന് ഉറങ്ങരുതെന്നും ഉറങ്ങിപ്പോകുന്നതാവും സ്നേഹക്കുറവ് ഉണ്ടാക്കുന്നതെന്നും ഉള്ള ചിന്തയിൽ വാശിയോടെ കാത്തിരുന്നിട്ടും ഭൂതത്തിന്റെ കണ്ണുകൾ അടഞ്ഞുപോയി. ഇടയ്ക്ക് കണ്ണ് തുറന്നു. ഭർത്താവിന്റെ കൈയ്യിൽ ഒരു സ്ത്രീയുടെ ചിത്രം. മനസ്സ് തകർന്ന ഭൂതം തുറിച്ച് നോക്കിയപ്പോഴാണ് ചിത്രം അയാളുടെ മരിച്ചുപോയ ഭാര്യയുടെതാണെന്ന് മനസ്സിലായത്. പഴയ ജീവിത പങ്കാളിയുടെ ഓർമ്മകളിൽ ജീവിക്കുന്ന അയാളിലേക്ക് ഭൂതത്തിന്റെ സ്നേഹം അതിരുവിട്ടൊഴുകി. അയാളെ പുണരാനായി കൈകളിലേക്ക് ആവേഗം എത്തും മുമ്പ് ആ കാഴ്ച കണ്ട് ഞെട്ടി. അയാളുടെ കൈയ്യിൽ മറ്റാരുടെയൊക്കെയോ ചിത്രങ്ങൾ. ഓരോന്നും മാറിമാറി നോക്കുന്ന അയാളെ മനസ്സിലാക്കാൻ ആവാതെ ഭൂതം തലയിണയിൽ മുഖം അമർത്തി. നിലവിളിയായി പുറത്ത് വരേണ്ട ശബ്ദം കണ്ഠനാളത്തിന്റെ അരികുകളുടച്ച് ഹൃദയത്തിൽ വന്നൊടുങ്ങി. രാത്രി ഏറെ വൈകി സ്നേഹിക്കാൻ വന്നപ്പോൾ എതിർക്കാൻ നോക്കിയെങ്കിലും അയാളുടെ ഭ്രാന്തിന് ഭൂതത്തെക്കാളും ശക്തിയുണ്ടായിരുന്നു.

അഞ്ചാം ദിവസം

ഒറ്റപ്പെടൽ. വിരസത. കുടുംബത്തിൽ മാത്രം മനസ്സുറപ്പിച്ചിരുന്ന ഭൂതം മറ്റുള്ളവരെക്കൂടി ശ്രദ്ധിക്കാൻ തുടങ്ങി. ചുറ്റുമുള്ള ചുഴിഞ്ഞ നോട്ടങ്ങൾ അറിഞ്ഞു. ദർശിക്കാനും സ്പർശിക്കാനും കണ്ണുകളും കൈകളും. തൊടുത്തുവിടാൻ തയ്യാറായി നിൽക്കുന്ന മോഹശരങ്ങൾ ചുറ്റിലും. രാവിലെ മുതൽ തുടങ്ങും. പാൽക്കാരൻ പത്രക്കാരൻ. കടയിൽ നിന്ന് വരുന്ന പയ്യൻ. ഒരു നോട്ടത്തിന് പകരം കണ്ണുകൾ തന്നെ നമ്മളെ ഏൽപ്പിച്ചിട്ട് പോകുന്നവർ. അടിമുടി നോക്കിനിന്ന് ഉഴിയാൻ ജാള്യത തോന്നാത്തവർ. മുറ്റത്തേക്ക് ഇറങ്ങിയ ഭൂതത്തിനെ പരിചയപ്പെടാനും പെടുത്താനും വെമ്പി നിൽക്കുന്ന അയൽക്കാരൻ. പാഞ്ഞു പോകുന്ന വാഹനങ്ങളിൽ നിന്ന് കണ്ണുകൾ കൊണ്ട് ഞൊടിയിടയിൽ ശരീരത്തിന്റെ അളവും തൂക്കവും എടുത്ത് പോകുന്നവർ. ഭൂതം ഒറ്റപ്പെട്ട മരമായി പുറത്തേക്കു വളർന്നു. ഇരുവശവും പടരാനായി മോഹത്തിന്റെ വള്ളിച്ചെടികൾ വീശുന്നു. 

വഴിയിൽ തിരക്ക്  കൂടി. കൂടുതൽ തിരക്കുണ്ടാക്കി ഉരുമ്മി നടന്ന് പോകുന്നവർ.  ഗഗന ചാരിയായിരുന്ന പെൺഭൂതം ഭൂമിയിൽ നടന്നപ്പോൾ ആൺരൂപങ്ങൾ ചാരി. ഞെരുങ്ങി നടന്ന ഭൂതത്തിന്റെ ശരീരഭാഗങ്ങൾ ഞെരിച്ചമർത്താൻ കൈവിരലുകൾ തിരക്കിട്ടു. പിടച്ച് കൊണ്ട് ഭൂതം തിരിച്ച് വീട്ടിലെത്തി. തന്റെ ശരീരത്തിലേക്ക് വീശിച്ചുറ്റാൻ തുടങ്ങിയ വള്ളികളെക്കുറിച്ച് രാത്രി ഭർത്താവിനോട് പറഞ്ഞു. അയാൾ അവളെ കുറ്റപ്പെടുത്തിയില്ല. അവളുടെ വസ്ത്രത്തിന്റെ ഇറക്കവും ഇറുക്കവും നോക്കാൻ പറഞ്ഞു. നടത്തത്തിനോട് അടക്കവും ഒതുക്കവും തക്കത്തിൽ കൂട്ടിച്ചേർത്തു. ഉള്ളു നീറി നിന്നിരുന്ന അവളെ അയാൾ ചേർത്തുപിടിച്ച് വീട്ടിലെ ചിലവ് കൂടുന്നതിനെ പറ്റി സംസാരിച്ചു. ഭക്ഷണവും വൈദ്യുതിയും വെള്ളവും എല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ കടം കഥകൾ ഉണ്ടാക്കുമെന്ന് ഭൂതത്തിനെ പഠിപ്പിച്ചു. ചെലവ് എങ്ങനെ ചുരുക്കാം എന്ന ചിന്തയിട്ട് ഭൂതത്തിന്റെ അന്നത്തെ ഉറക്കത്തെ പൂട്ടി.

ആറാം ദിവസം

ചെലവ്  ചുരുക്കുക എന്നത് മാത്രമായി അവളുടെ ചിന്ത. യജമാനന്റെ ആഗ്രഹത്തിന് അനുസരിച്ച് ജോലി ചെയ്യണം. ഭൂതങ്ങളെല്ലാം അങ്ങനെയാണ്. അവൾ പാചകത്തിൽ നിയന്ത്രണം വരുത്തി. വെള്ളവും വൈദ്യുതിയും അരിഷ്ടിച്ചു. അവളുടെ ആഹാരം ഒരു നേരമാക്കി കുറച്ചു. വിശക്കുന്നുണ്ടെങ്കിലും വൈകുന്നേരം ഇന്ന് കുറെ ചെലവ് ചുരുക്കാനായി എന്ന ആശ്വാസത്തിൽ കിടന്ന ഭൂതത്തിന്റെ പുറത്തേക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങൾ വന്നു വീണു. ഉപ്പും പുളിയും മധുരവും എരിവും ഇല്ലാത്ത ആഹാരത്തിന്റെ വർണ്ണന വാക്കുകളായി ഭൂതത്തിന്റെ മുഖത്തേക്ക് ഛർദിച്ചു. അയാളോളം വളർന്ന കടത്തെക്കുറിച്ച് അയാൾ പുലമ്പി. തന്റെ ഭക്ഷണം വീണ്ടും കുറക്കാം എന്ന് കരഞ്ഞ് വീഴും മുമ്പ് ഭൂതം ഉറപ്പിച്ചിരുന്നു. നാളെ അവധിയാണെന്നും ജോലിക്ക് പോകേണ്ടെന്നും പറഞ്ഞയാൾ വീണ്ടും പ്രതീക്ഷകൾ നൽകി ഭൂതപ്പെണ്ണിനെ ഉറങ്ങാൻ വിട്ടു.

ഏഴാം ദിവസം

ആറ് ദിവസത്തെ ജോലി കഴിഞ്ഞ് ഏഴാം ദിവസത്തെ വിശ്രമം ദൈവം പോലും ഒഴിവാക്കാത്തത് ആയിരുന്നു. അന്ന് മുഴുവൻ ഭർത്താവ് ഒപ്പം കാണുമെന്ന് ചിന്തയുടെ പുളകത്തിലാണ് അവൾ ഉണർന്നത്. അയാൾ അന്ന് ഏറെ വൈകിയാണ് എഴുന്നേറ്റത്. ചെലവ് അധികരിക്കാതെ കുട്ടികൾക്ക് കഴിക്കാൻ ചിലതൊക്കെ ഉണ്ടാക്കിക്കൊടുത്തു. അവർ കൂട്ടുകാരുമൊത്ത് കളിക്കാൻ പോയി. അവധിയായതുകൊണ്ട് അയാളും ചില കൂട്ടുകാരെ കാണണമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ഉച്ചക്ക് അയാൾ വരുമ്പോൾ അയാളോടൊപ്പം കഴിക്കാൻ കാത്ത് വച്ചിരുന്ന പകുതി ഭക്ഷണം തണുത്തു. കടൽ കാണാമെന്നും ഭക്ഷണശാലയിൽ നിന്ന് ആഹാരം വാങ്ങി നൽകാമെന്നും പറഞ്ഞ സ്വപ്നങ്ങൾ അയാളുടെ വരവോടെ അസ്തമിച്ചു. മദ്യപിച്ചിരുന്ന അയാൾ എല്ലാത്തിനും ആറ് ദിവസത്തെ ജോലി കഴിഞ്ഞുള്ള അവധിയുടെ കണക്ക് പറഞ്ഞു. കൂടെ പലതും പറഞ്ഞു. സമാധാനവും സ്വസ്ഥതയും സ്വാതന്ത്ര്യവും ഇല്ലാതായ ഒരാഴ്ചയിലെ  ജീവിതത്തെക്കുറിച്ച് പറഞ്ഞു. അയാൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും ഭൂതം സ്വപ്നലോകത്താണെന്നും പറഞ്ഞു.

സങ്കടം സഹിക്കാതെ ഭൂതം കടലാസുകെട്ടിലെ ചിത്രങ്ങൾ വലിച്ച് താഴെയിട്ടു. അയാളുടെ ഭാര്യയുടെ ചിത്രം ഒഴികെ എല്ലാം വലിച്ചുകീറി അയാളുടെ മുഖത്തേക്കിട്ടു. അയാളുടെ കടത്തിന് കാരണം കള്ളും പെണ്ണുമാണെന്ന് അവൾ മനസ്സിലാക്കിയത് വിളിച്ചുപറഞ്ഞു. മരിച്ചിരുന്ന അവളുടെ ദംഷ്ട്രകളെ ഇളക്കുന്ന വിധം ഒരു പാറ വീശി വന്ന് മുഖത്ത് പതിച്ചു. അയാളുടെ കൈകൾ തനിക്ക് തകർക്കാൻ പറ്റാത്ത പാറക്കെട്ടാണെന്ന് കണ്ട് അവൾ ഭയന്നു. മുറിയിലെ മൂലയിലേക്ക് ഒതുങ്ങി. മലയിടിയും പോലെ അയാളുടെ വാക്കുകളുടെ പാറക്കൂട്ടങ്ങൾ അവൾക്കു മേൽ പതിച്ചു. വായടക്കാൻ ആകാതെ കരച്ചിൽ പോലൊരു ശബ്ദം മാത്രം ഭൂതത്തിൽ നിന്ന് വന്നു. കൺമഷി കലങ്ങിയ കറുത്ത കണ്ണീർപ്രവാഹം ചോര ചുവപ്പായി മാറി. തലക്കുള്ളിൽ ചൊരിഞ്ഞ മൺതരികളുടെ വേദനയിൽ ഭയന്ന ഭൂതത്തിന്റെ കാലുകൾ വിറച്ച് നിലത്തുറക്കാതെ ആടി. അടുത്ത നിമിഷം വാതിൽ തകർത്ത് പുറത്തേക്കോടി. അവൾ ആരോടോ ഒപ്പം ഓടിപ്പോയി എന്ന അവ്യക്തമായ വാക്കുകൾ പിറകിൽ കേൾക്കുന്നു. കരഞ്ഞ് പാഞ്ഞ ഭൂതം പാറക്കെട്ടെത്തിയപ്പോഴാണ് ഓട്ടം നിർത്തിയത്. ഉയർന്ന പാറക്കെട്ടുകൾ കണ്ടവൾ ചിരിച്ചു. തലയറഞ്ഞ് വലിയ പാറക്കൂട്ടങ്ങൾ തെറിപ്പിച്ചപ്പോൾ തലയിൽ പകർന്ന സുഖമേറ്റവൾ പൊട്ടിച്ചിരിച്ചു.

പാറ തകരുന്ന ശബ്ദത്തിലും രണ്ട് കാലുകൾ ഓടി വരുന്ന ശബ്ദം അവൾ കേട്ടു. കല്ലുകൾക്കിടയിൽ ഇരുട്ട് കണ്ടെത്തി അവൾ ഒളിച്ചു. പാറക്കല്ലിലേക്ക് വീണിരുന്ന് കരയുന്ന ഭർത്താവിനെ അവൾ കണ്ടു. അയാൾ കരിങ്കല്ലിൽ ചുംബനം നൽകുമ്പോൾ ഭൂതത്തിന്റെ ഉള്ളിൽ ഇരുട്ട് നിറഞ്ഞു. അവളെക്കിട്ടാതെ ജീവിക്കാൻ ആകില്ലെന്ന് പറഞ്ഞ് തിരയാൻ തുടങ്ങിയ അയാളെ ഭയന്ന് പാറക്കെട്ടിന്റെ മറുഭാഗത്തേക്ക് ഭൂതം പിടിച്ചിറങ്ങി. ചവിട്ടിയാൽ വഴുതുന്ന താഴ്ചയിലേക്ക് ഒഴുകി നീങ്ങി. മനസ്സ് കൈവിട്ട്, അയാളുടെ പഴയ ഭാര്യയെപ്പോലെ ഭൂതം താഴേക്ക് പതിച്ചു.

English Summary:

Malayalam Short Story ' Ezham Divasam Bhootham ' Written by Kani S. Kalam Keralapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com