ADVERTISEMENT

‘പെരിഞ്ഞേലിൽ കറിയാക്കുട്ടി സോഷ്യലിസ്റ്റാണ്. വിശാലമനസ്കനും. മക്കളിൽ മൂത്തവൻ ജോണിക്കുട്ടി ആരെ പ്രേമിച്ചാലും അവൾ ഏതു ജാതിക്കാരിയായാലും ദരിദ്രയായോ പൊട്ടിയോ, കടത്തിപ്പറഞ്ഞാൽ ഒന്നു പെറ്റതാണേലും ഇനി പെണ്ണേ അല്ലേലും മോന്റെ ഇഷ്ടത്തെ അങ്ങേരംഗീകരിക്കും. കല്യാണോം നടത്തിക്കൊടുക്കും. ഒറപ്പാ’!

ഇതൊക്കെയായിരുന്നു സകല നാട്ടുകാരേയും പോലെ എന്റെയും വിശ്വാസം – ഇന്നലെ വരെ! പക്ഷേ, ചെറുക്കൻ കുഴിത്തറേലെ ജോസിന്റെ മോൾ സിസിലിയുമായി അടുപ്പത്തിലാണെന്നറിഞ്ഞതും അളിയൻ ഉടക്കി. ചത്താലും ഈ ബന്ധം അംഗീകരിക്കില്ലെന്നു കട്ടായം പറഞ്ഞു. അവനെ തല്ലി. 

അപ്പനോടു പറയേണ്ട താമസം തങ്ങളുടെ കെട്ട് നടക്കുമെന്നു പ്രതീക്ഷിച്ച ജോണിക്കുട്ടിയ്ക്ക് വെഷമത്തേക്കാളേറെ അമ്പരപ്പാണ് തോന്നിയത് - അളിയനെ അറിയാവുന്ന എല്ലാവരേയും പോലെ... പക്ഷേ, അപ്പനെ പേടിച്ച് പ്രേമിച്ച പെണ്ണിനെ ഉപേക്ഷിക്കാൻ ചെറുക്കൻ തയാറല്ലായിരുന്നു. 

‘കെട്ടുന്നെങ്കീ സിസിലിയേ... ഇല്ലെങ്കിൽ നാടുവിടും. ചെലപ്പോ ചാകും’. 

ജോണിക്കുട്ടിയും കടുപ്പിച്ചു പറഞ്ഞതോടെ ഭർത്താവിനും മോനുമിടയിൽ പെട്ട് പൊറുതിമുട്ടി മനപ്രയാസം കൂടിയ ഏലിപ്പെങ്ങള് കരഞ്ഞ് വിളിച്ച് എന്നെക്കാണാനെത്തി.

എളേവള് ആൻസിയേക്കാൾ പെങ്ങൾക്കിഷ്ടം തന്റെ കന്നിസന്താനമായ ജോണിക്കുട്ടിയെയാണ്. അതു കൊണ്ട് അവനെന്തേലും സങ്കടം തോന്നിയാൽ അവക്കത് സഹിക്കാനൊക്കിയേല.

‘എടാ ആന്റപ്പാ... നീ അങ്ങേരോടൊന്നു ചോദിക്ക്, എന്നാത്തിനാ ഈ എതിർപ്പെന്ന്. എനിക്കാണേ അതിയാന്റെയീ മനം മാറ്റമൊട്ടും മനസ്സിലാകുന്നേയില്ല....ഇതിന്റെ പേരില് എന്റെ ജോണിമോനെന്തേലും മണ്ടത്തരം കാണിച്ചാൽ ഞാൻ ചത്തുകളയും...’

ഏലിപ്പെണ്ണിന്റെ ഭീഷണിയിൽ ഞാൻ നടുങ്ങി. ആകെയുള്ളൊരു പെങ്ങള് ഈ പ്രായത്തിലിങ്ങനെ ദെണ്ണപ്പെടുന്നത് കണ്ടപ്പോൾ എന്റെ ചങ്ക് നൊന്തു.

‘പെങ്ങള് കരയാതെ ഞാൻ അളിയനോട് സംസാരിക്കാം...’. 

ഏലിപ്പെണ്ണിനെ ആശ്വസിപ്പിച്ച് പറഞ്ഞയച്ചേച്ച് ഞാൻ നേരെ കുരിശുപള്ളിക്കവലേലെ അളിയന്റെ പലചരക്ക് കടേലോട്ട് ചെന്നു. പതിവ് പോലെ കാഷ് കൗണ്ടറിലിരുന്ന് അന്നത്തെ പത്രം നാലാമതോ അഞ്ചാമതോ വായിക്കുന്ന തിരക്കിലായിരുന്നു കക്ഷി. അളിയനെ കടേന്ന് വിളിച്ചിറക്കി മാറ്റി നിർത്തി, ബഹുമാനം ഒട്ടും കുറയാതെ ഞാൻ കാര്യം ചോദിച്ചു.

‘അതു നടക്കിയേല’.

അളിയൻ തീർത്തു പറഞ്ഞു.

ഞാനെത്ര കിണ്ടിയിട്ടും അതിന്റെ കാരണം മാത്രം അങ്ങേര് പറഞ്ഞില്ല.

ഒടുക്കും ഗതികെട്ടപ്പോൾ ഞാൻ പറഞ്ഞു –

‘എങ്കീ അവരുടെ കല്യാണം ഞാന്‍ നടത്തിക്കൊടുക്കും’. 

അത്രകാലം അളിയനോട് യാതൊരു തറുതലയും പറഞ്ഞിട്ടില്ലാത്തവനാണ് ഞാന്‍. അതിനാലാകണം എന്റെ പ്രതികരണം അളിയനെ ഞെട്ടിച്ചു. പറഞ്ഞു കഴിഞ്ഞപ്പോൾ എന്നെയും. എന്തായാലും പറഞ്ഞു. അതിലുറച്ചു നിൽക്കുന്നതാണ് ഈ സാഹചര്യത്തിൽ ബുദ്ധി. 

‘വെറുതേ പറഞ്ഞതല്ലളിയാ... അവരുടെ കല്യാണം ഞാന്‍ നടത്തിക്കൊടുക്കും’.

പിന്നീടൊരു നിമിഷം പോലും ഞാനവിടെ നിന്നില്ല. തിരിച്ചു പോരുന്ന വഴി പെങ്ങളെയും ചെറുക്കനെയും കണ്ടു കാര്യം പറഞ്ഞു. എന്റെ പൂർണ പിന്തുണ കിട്ടിയപ്പോൾ ചെറുക്കൻ സന്തോഷത്താൽ മതി മറന്നെങ്കിലും പെങ്ങൾക്കാകെ പരവേശമായി.

‘എടാ ആന്റപ്പാ അങ്ങേനെ നിഷേധിച്ചോണ്ട് കല്യാണമോ... കർത്താവ് ക്ഷമിക്കുകേല...’

ഈ വെരട്ടില്‍ അളിയൻ അയയുമെന്നും എല്ലാം മംഗളം പാടി അവസാനിക്കുമെന്നും ഞാനും ചെറുക്കനും കൂടി ഏലിപ്പെണ്ണിനെ സമാധാനിപ്പിച്ചു. 

രണ്ടു മൂന്നു ദിവസം കഴിഞ്ഞു. അതിനിടെ പറയത്തക്ക സംഭവവികാസങ്ങളൊന്നുമുണ്ടായില്ല. നാലാം നാൾ രാത്രി അളിയൻ എന്നെ കാണാൻ വന്നു. വീടിനുള്ളിലേക്കു കയറിയില്ല. എന്നെയും കൂട്ടി ഗേറ്റിന്റെ അരികിലുള്ള പ്ലാവിന്റെ ചോട്ടിലേക്ക് നീങ്ങി നിന്നു. 

എന്തോ പറയാൻ പരവേശപ്പെടുകയാണ് കക്ഷി. തർക്കുത്തരം പറഞ്ഞതിന്റെ കുറ്റബോധത്താൽ നീറി നിൽക്കുകയായിരുന്ന ഞാനാകട്ടേ അങ്ങോട്ട് കയറി എന്താ കാര്യമെന്നു ചോദിച്ചതുമില്ല. ഒടുവിൽ മൗനത്തിനു വിരാമമിട്ട് അളിയൻ പറഞ്ഞു.

‘ആന്റപ്പാ...ആ കെട്ട് നടക്കാൻ പാടില്ലെടാ....’

അളിയന്റെ ഒച്ച പതറി. ഒരു തളർച്ച മൊത്തത്തിൽ ബാധിച്ചതു പോലെ അങ്ങേരൊന്നു വിറച്ചു.

‘അതെന്താ അളിയാ...?’

ഞാൻ അതിശത്തോടെയാണ് ചോദിച്ചത്.

‘ആ പെങ്കൊച്ച്... സിസിലി... അതെന്റെയാ...’

ഞാനൊന്നു നടുങ്ങി. കേട്ടത് സത്യമോ അതോ തോന്നലോ എന്ന സംശയത്തിൽ ആകെയൊന്നുലഞ്ഞു. സിസിലി അളിയന്റെയോ? എന്നു വച്ചാൽ?

അളിയൻ നിസ്സഹായനായി, കൂടുതൽ വ്യക്തമാക്കാനെന്നോണം പറഞ്ഞു – 

‘സത്യമാടാ.. അവളെന്റെ മോളാ...’

എനിക്കു ചുറ്റും രാത്രിയൊന്നു വേഗത്തിൽ കറങ്ങിയെന്നു തോന്നി. ആ പതർച്ചയിൽ കുരുങ്ങി കുറേ നേരം അളിയന്റെ മുഖത്തേക്കു നിർനിമേഷനായി നോക്കി നിന്ന ശേഷം ഞാൻ ചോദിച്ചു – സത്യമാണോ അളിയാ...?

സത്യം... അവളുടെ അമ്മ മറിയയും ഞാനും... പണ്ട്...

പറഞ്ഞതു പൂർത്തിയാക്കാനാകാതെ അളിയന്റെ  തല താഴ്ന്നു.

പ്ലാവിന്റെ ചോട്ടിൽ, കനം കുറഞ്ഞ ഇരുട്ടിൽ പുതഞ്ഞ്, രണ്ടു പ്രതിമകൾ പോലെ ഞങ്ങൾ നിസ്സഹായരായി നിന്നു.

തൽക്കാലം കൂടുതലെന്തെങ്കിലും പറയുകയോ ചോദിക്കുകയോ വേണ്ട. എന്താ സംഭവമെന്ന് അങ്ങേർക്ക് തോന്നുമ്പോൾ പറയട്ടേ.

‘അളിയൻ പേടിക്കേണ്ട. സമാധാനത്തേ പോയിക്കെടന്നൊറങ്ങ്. ഇതു ഞാനേറ്റു’. 

ആ മറുപടി ആശ്വാസമായെന്ന പോലെ, അൽപ്പനേരം എന്റെ മുഖത്തേക്ക് തളർച്ച വിങ്ങുന്നൊരു നോട്ടമിട്ടു നിന്ന ശേഷം അളിയൻ മെല്ലെ പറഞ്ഞു –

ശരി... ഞാൻ പോകുവാ...

നേരിയ നിലാവിന്റെ വെട്ടത്തിൽ, തല താഴ്ത്തി നീങ്ങുന്ന ആ രൂപത്തെ നോക്കി ഞാൻ കുറച്ചു നേരം കൂടി പ്ലാവിന്റെ ചോട്ടിൽ നിന്നു. ഉത്തരമറിയാത്ത നൂറായിരം ചോദ്യങ്ങൾ മനസ്സിൽ കിടന്നു നുരയ്ക്കുകയാണ്. എങ്ങനെയീ പ്രതിസന്ധി മറികടക്കും? എങ്ങനെ അളിയനെയും ചെറുക്കനെയും രക്ഷിക്കും? എനിക്കൊരു ധാരണയും കിട്ടിയില്ല. 

2

പിറ്റേന്നു രാവിലെ, ജോണിക്കുട്ടിയെ കണ്ട് എന്തേലും ന്യായം പറഞ്ഞ് ഈ ബന്ധത്തീന് ഊരിയെടുക്കണമെന്ന് ചിന്തിച്ച് കാപ്പീം കുടിച്ച് പുറത്തേക്കിറങ്ങാനൊരുങ്ങുമ്പോഴാണ് അളിയന്റെ കടേ സാധനമെടുത്തു കൊടുക്കാൻ നിൽക്കുന്ന പൈലി സൈക്കിളേൽ പാഞ്ഞു വന്ന് മുറ്റത്തു നിന്നത്. വെപ്രാളത്തോടെ ചാടിയിറങ്ങിയ അവൻ എന്നെ കണ്ടതും ഒരു നിലവിളി പോലെയാണത് പറഞ്ഞത് – ‘അച്ചായോ... കറിയാച്ചന്‍ പോയി’. 

തലെന്നു രാത്രിയിലെപ്പോലെ എന്റെ ചുറ്റും ലോകമൊന്നു കറങ്ങി നിന്നതു പോലെ തോന്നി. ചെവികളിലൊരു മൂളിച്ചയും കുത്തലും... പൈലി പറഞ്ഞത് റിപ്പീറ്റ് മോഡിൽ ഞാൻ വീണ്ടും വീണ്ടും കേട്ടു –

‘അച്ചായോ... കറിയാച്ചന്‍ പോയി’. 

തൊട്ടടുത്ത നിമിഷം ആ യാഥാർഥ്യത്തെ ഞാന്‍ ഉൾക്കൊണ്ടു – അളിയൻ മരിച്ചു!

എന്റെ കണ്ണുകൾ നനഞ്ഞു. ആ നീരൊഴുക്ക് കവിളുകളെ നനച്ച് താഴോട്ടൊഴുകി. നെഞ്ച് കീറിപ്പിടയുകയാണ്...

3

എന്നെ കണ്ട ശേഷം വീട്ടിലെത്തിയ അളിയൻ ആരോടും മിണ്ടാതെ, ഭക്ഷണവും കഴിക്കാതെ കയറിക്കിടന്നത്രേ. പെങ്ങള്‍ മൂന്നാല് പ്രാവശ്യം ചെന്ന് നിർബന്ധിച്ചെങ്കിലും, ‘എനിക്കൊന്നും വേണ്ട’ എന്നു മാത്രം പറഞ്ഞു. സ്വഭാവമറിയാവുന്നതിനാല്‍ അവൾ കൂടുതൽ നിർബന്ധിച്ചതുമില്ല. രാവിലെ എഴുന്നേൽക്കാൻ പതിവിലും വൈകിയപ്പോൾ പെങ്ങള്‍ ചെന്നു കുലുക്കിവിളിച്ചപ്പോഴാണ്...

ഞാനെത്തുമ്പോൾ വിവരമറിഞ്ഞ് ആളുകൾ കൂടുന്നതേയുള്ളൂ. പെങ്ങളുടെയും ആൻസിക്കൊച്ചിന്റെയും അലമുറകൾക്കിടയിൽ ഉറങ്ങും പോലെ അളിയൻ ശാന്തനായി കിടക്കുന്നു. എനിക്ക് സങ്കടം നിയന്ത്രിക്കാനായില്ല. കരയുമെന്നുറപ്പായപ്പോൾ മുറ്റത്തേക്കിറങ്ങി. അരപ്രേസില്‍ ചാരി നിന്നു വിങ്ങിപ്പൊട്ടുന്ന ജോണിക്കുട്ടി എന്നെ കണ്ടതും ഒരു വിപാലത്തോടെ പറഞ്ഞു – ഞാൻ കാരണം മനപ്രയാസപ്പെട്ടാ അമ്മാച്ചാ എന്റെ അപ്പച്ചൻ...

എനിക്ക‌ാ വിഷമം കണ്ടിട്ട് സഹിച്ചില്ല. ചേർത്തു പിടിച്ച്, ആശ്വാസിപ്പിക്കാനെന്നോണം ഞാനവന്റെ തലമുടിയിൽ തഴുകി.

അങ്ങനെയൊന്നും ചിന്തിക്കണ്ടെ‌ടാ... അതൊന്നുമല്ല... കർത്താവ് വിളിച്ചാ ആരായാലും എപ്പഴായാലും പോണം...

അവന്റെ ഏങ്ങലടികൾ എന്റെ ഹൃദയത്തിലേക്കാണ് തുളഞ്ഞു കയറുന്നതെന്നു തോന്നി... തുടരെത്തുടരേ...

4

പള്ളിയിൽ അടക്ക് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകുമ്പോഴാണ് കുഴിത്തറേലെ ജോസിന്റെ ഭാര്യ മറിയ – സിസിലിയേടെ അമ്മ – എന്റെ അടുത്തേക്ക് വന്നത്. ആ മുഖം സങ്കടത്താൽ വിങ്ങുന്നതായി എനിക്കു തോന്നി. ഒന്നു ദീർഘനിശ്വാസമെടുത്ത ശേഷം അവർ പറ‍ഞ്ഞു.

ആന്റപ്പാ... എന്റെ മോള് ജോണിക്കുട്ടിയെ കെട്ടത്തില്ല... ഞാനത് പെണ്ണിനെ പറഞ്ഞ് മനസ്സിലാക്കിക്കോളാം. അതിന്റെ പ്രയാസത്തിലാ കറിയാച്ചൻ പോയേന്നെനിക്കറിയാം. 

മരവിപ്പിന്റെ മറുകരയിലായിരുന്ന ഞാൻ നിസ്സംഗതയോടെ മറിയയെ നോക്കി. ശേഷം പറ‍ഞ്ഞു – എനിക്കെല്ലാം അറിയാം... അളിയൻ പറഞ്ഞിട്ടൊണ്ട്...

അവരൊന്നു പതറിയോ? പക്ഷേ, അത് മറയ്ക്കാനെന്നോണം സാരിയുടെ തുമ്പ് തലയിലേക്കൊന്നു കൂടി വലിച്ചിട്ട് അവരൊന്നു മൂളി. എല്ലാം സത്യമെന്ന് ദ്യോതിപ്പിക്കുന്ന ഭാവത്തിൽ. 

ചെറുക്കനെ ഞാൻ പറ‍ഞ്ഞ് പറഞ്ഞ് മനസ്സിലാക്കാം. ഇല്ലെങ്കീ സത്യം പറയാം. പെങ്കോച്ച് കേട്ടില്ലേലോ?‌ ഞാൻ ചോദിച്ചു.

ഒന്നു രണ്ടു നിമിഷം മൗനത്തോടെ നിന്ന ശേഷം മറിയ ഉറപ്പിക്കും പോലെ പറഞ്ഞു – കേട്ടില്ലേ. അവളെ ഞാൻ കൊല്ലും. ഞാനും ചാവും...

വിലാപത്തിന്റെ അറ്റ ചിറകു പോലെ ഒരു വരണ്ട കാറ്റ് ഞങ്ങളെ കടന്നു പോയി. മറിയ തിരിഞ്ഞു നടന്നു. ഞാൻ തല ചെരിച്ച് അളിയന്റെ കല്ലറയിലേക്ക് നോക്കി. അവിടെ നനഞ്ഞ മണ്ണിൽ ഒരു കാക്കയിരിക്കുന്നു, വൈകുന്നേരത്തെ നരച്ച വെയിൽ അതിനെ തൊടുന്നു...

5

ഏകദേശം ആറ് മാസത്തിനുള്ളില്‍ കാര്യങ്ങളെല്ലാം കലങ്ങിത്തെളിഞ്ഞു. മറിയ സിസിലിയെ കൊന്നില്ല. ഒരു പക്ഷേ, ഗതികെട്ട് സത്യം പറഞ്ഞിട്ടുണ്ടാകും. എന്തായാലും പെണ്ണ് പ്രേമത്തീന്നു പിൻമാറി, ഏതോ ഒരു തെക്കനെ കെട്ടി അമേരിക്കയിലേക്കു പോയി. അപ്പൻ മരിച്ചതു തന്റെ പ്രേമം കാരണമാണെന്നു വിശ്വസിച്ച്, ദൈവമാർഗത്തിൽ അഭയം തേടിയ ജോണിക്കുട്ടിയെ അതൊന്നും ബാധിച്ചില്ല. സിസിലിയേടെ കല്യാണത്തിന്റന്ന് അവൻ സെമിനാരിയിൽ ചേരാൻ കാഞ്ഞിരപ്പള്ളിയ്ക്ക് പോയി. 

പിന്നീടൊരിക്കൽ സംസാരിക്കാൻ പാകത്തിൽ മറിയയെ ഒത്തുകിട്ടിയപ്പോൾ ഞാൻ പറഞ്ഞു – എന്തായാലും വലിയ കുഴപ്പമൊന്നുമില്ലാതെ എല്ലാം അവസാനിച്ചല്ലോ... കർത്താവിന്റെ കൃപ.

മറിയ ചിരിച്ചു - ആന്റപ്പാ... കറിയാച്ചൻ നിങ്ങളോട് പറഞ്ഞതെന്തൊക്കെയാണെന്ന് എനിക്കറിയേല. പക്ഷേ, അതിലെല്ലാമുണ്ടാകില്ല. അതുറപ്പാ. ഞങ്ങൾക്കു മാത്രമറിയാവുന്ന കുറേ രഹസ്യങ്ങൾ... അതാരോടും അങ്ങേരു പറയില്ല. ഞാനും... കൂടുതലൊന്നും വിശദീകരിക്കാൻ നിൽക്കാതെ അവർ പോയി. 

വർഷം 26 കഴിഞ്ഞു. ഇടവകപ്പള്ളീടെ സെമിത്തേരീല് മറിയേടെ ശവത്തിന് അന്ത്യശുശ്രൂഷ നൽകുന്ന ഫാദർ ജോൺസ് പി. സ്കറിയയെ, എന്റ ജോണിക്കുട്ടിയെ, നോക്കി നിൽക്കവേ ഞാൻ ചിന്തിച്ചു – ഇത്രേയുള്ളൂ, എല്ലാ രഹസ്യവും!

English Summary:

Malayalam Short Story ' Pithavinteyum Mathavinteyum Rahasyam ' Written by Nakul V. G.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com