ADVERTISEMENT

പച്ച മാവിൻ വിറകിനെ അഗ്നി ആഹരിക്കുമ്പോൾ ഉണ്ടാകുന്ന പൊട്ടൽ ശബ്ദം എന്റെ കർണ്ണപടത്തിൽ പതിക്കുമ്പോഴും പറഞ്ഞറിയിക്കുവാൻ കഴിയാത്ത ഹൃദയവേദന കൊണ്ട് എന്റെ നെഞ്ച്  നീറുമ്പോഴും ചിതയിൽ എരിയുന്ന ജീവന്റെ പാതിയുടെ ഓർമ്മകൾ മാത്രമാണ് ഇനി എനിക്ക് അവശേഷിക്കുന്നത് എന്ന യാഥാർഥ്യം എന്റെ മനസ് എന്നെ ഓർമ്മിപ്പിച്ച് കൊണ്ടിരുന്നു. നിർനിമേഷനായി കണ്ണുനീർ വറ്റിയ കണ്ണുകളോടെ ഹുങ്കാര ശബ്ദത്തോടെ കത്തിയെരിയുന്ന അഗ്നിയെ നോക്കിയിരിക്കുമ്പോൾ കണ്ണിന്റെ മുൻപിൽ കൂടി ഒരു സ്ക്രീനിൽ എന്നതുപോലെ അവൾ എന്റെ ജീവിതത്തിലേക്ക് വന്നു കയറിയ ദിവസം മുതലുള്ള കാഴ്ചകൾ ഒഴുകി നടക്കുകയായിരുന്നു. "ദാമു എന്ത് ഇരിപ്പാണ്. ഡാ എഴുന്നേൽക്കൂ.." കൂട്ടുകാരനാണ് നാരായണൻ. എന്തിനും ഏതിനും കൂടെ കാണുന്ന കൂട്ടുകാരൻ. എല്ലാ രഹസ്യങ്ങളും അറിയുന്ന കൂട്ടുകാരൻ. മറ ഇല്ലാത്ത കൂട്ടുകാരൻ. ജീവന്റെ ജീവനായ കൂട്ടുകാരൻ. നാരായണന്റെ കൈ പിടിച്ചാണ് എരിഞ്ഞടങ്ങിയ ചിതയുടെ അടുത്തുനിന്ന് ഞാൻ വീടിന്റെ തിണ്ണയിലേക്ക് നടന്നു കയറിയത്. എനിക്ക് ഇരിക്കുവാനായി ഒരു കസേര അവൻ തിണ്ണയുടെ കോണിൽ എടുത്തു വച്ചിരുന്നു. അതിലേക്ക് ഞാൻ ഇരിക്കുമ്പോൾ വീഴാതിരിക്കുവാൻ അവന്റെ കൈകൾ ആ കസേരയിൽ ബലമായി പിടിച്ചിരുന്നു. 

മരണം അറിഞ്ഞ് എത്തിയവർ ഓരോരുത്തരായി പിരിഞ്ഞ് പോയ്ക്കൊണ്ടിരിക്കുകയാണ് പന്തലിൽ അവശേഷിക്കുന്നത് എന്റെ കുറച്ചു കൂട്ടുകാരും അയൽക്കാരും ദൂരെ ചിതയിലേക്ക് നോക്കി തലതാഴ്ത്തി മണ്ണിലേക്ക് തല വെച്ച് കിടക്കുന്ന എന്റെ ശുനകനും മാത്രമാണ്. നാരായണൻ കൊണ്ടുവന്ന ചൂട് കട്ടൻകാപ്പി ചുണ്ടിലേക്ക് അടുപ്പിച്ചപ്പോൾ രണ്ടു തുള്ളി കണ്ണുനീർ എന്റെ കണ്ണിൽ ഉരുണ്ടു കൂടി വന്നു അതോടൊപ്പം ചുണ്ടിൽ നിന്ന് അറിയാതെ ചില വാക്കുകളും അടർന്നു വീണു. "എന്നും രാവിലെ ഉറക്കം ഉണർന്നു വരുമ്പോൾ അവൾ ഒരു കട്ടൻകാപ്പിയുമായി എന്റെ മുൻപിൽ ഉണ്ടാവും ഇനി അതെല്ലാം ഒരു ഓർമ്മയായി മാറിയല്ലോ നാരായണാ." സമാശ്വസിപ്പിക്കാൻ എന്നവണ്ണം പുറത്ത് തട്ടിക്കൊണ്ട് നാരായണൻ പറഞ്ഞു "അവൾക്ക് ഒരു നല്ല മരണമല്ലേ ദൈവം കൊടുത്തത് ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു ദിവസം പോലും കിടക്കാതെ." വാക്കുകൾ തൊണ്ടയിൽ തടഞ്ഞത് പോലെ നാരായണൻ വാക്കുകൾ പകുതി മുറിച്ച് പറഞ്ഞു നിർത്തി.

ഞാൻ. "നല്ല മരണം അതെ നല്ല മരണം. നിനക്ക് അറിയുമോ എന്നത്തേയും പോലെ എന്റെ നെഞ്ചിൽ കിടന്നാണ് അവൾ ഉറങ്ങിയത്. എന്റെ ഹൃദയത്തിന്റെ താളം ആയിരുന്നു അവളുടെ ഉറക്ക് പാട്ട്. ഉറങ്ങും വരെ അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് എന്റെ താണ്ടിയിൽ തട്ടും എന്നിട്ട് ചോദിക്കും നിങ്ങൾ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ. ഉറക്കത്തിൽ ഞാൻ പറയും കേൾക്കുന്നുണ്ട് നീ പറയൂ. ഇടമുറിയാതെ അവൾ പറഞ്ഞു കൊണ്ടേയിരിക്കും. നാട്ടിൽ നടന്നതും നടക്കാൻ പാടില്ലാത്തതും കൂടു വിട്ടു പറന്നു പോയ മകളെ പറ്റിയും എല്ലാം. സ്വന്തം കൂടുകൂട്ടി പറന്നുപോയ മകൾ എപ്പോഴും തങ്ങളുടെ കൂട്ടിലേക്ക് ഞങ്ങളെ ക്ഷണിക്കാറുണ്ടായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും മകനും മകളും ആയി അവൾ ഒറ്റയൊരുത്തി അല്ലേ ഉള്ളൂ. മാസത്തിലൊരിക്കൽ തിരക്ക് പിടിച്ച് അവൾ വരും. അവളുടെ ഭർത്താവിന് ജോലി തിരക്കിനാൽ വീട് നോക്കാൻ സമയമില്ലാതായി എന്റെ ദിയ മോൾക്കായി വീടിന്റെ എല്ലാ ഉത്തരവാദിത്വവും. എങ്കിലും മാസത്തിലൊരിക്കൽ അവൾ ഓടിയെത്തും ഞങ്ങളെ കാണാനായി. വന്നാലോ അച്ഛന് ഷുഗറാണ് അമ്മയ്ക്ക് ഒരു ശ്രദ്ധയുമില്ല. ചായക്ക് മധുരം ഇട്ടു തന്നെ കൊടുക്ക് എന്നിങ്ങനെ സ്നേഹിച്ചു വഴക്കിട്ടാണ് അവൾ വന്നു കഴിഞ്ഞാൽ പോകാറ് പതിവ്. പോവുമ്പോൾ കണ്ണ് നിറഞ്ഞ് അവൾ ചോദിക്കും നിങ്ങൾക്ക് എന്റെ കൂടെ വന്നു നിന്നുകൂടെ ഞാൻ നിങ്ങളെ പൊന്നുപോലെ നോക്കില്ലേ എന്നൊക്കെ.

പക്ഷേ നാരായണ എനിക്ക് ഈ കൂരവിട്ട് എവിടെപ്പോയാലും തിരികെ ഇവിടെ വന്ന് എന്റെ കട്ടിൽ കിടന്ന് മച്ചിലേക്ക് നോക്കി എന്നെ നോക്കി തൂങ്ങിക്കിടക്കുന്ന കടവാവലിനെ കാണാതെ, കിടക്കാതെ ഉറക്കം വരില്ലടാ. അതിനാൽ തന്നെ എപ്പോഴും അവളോട് പറയും ഞാൻ എന്റെ കിളവിയുമായി ഇവിടെ കഴിഞ്ഞു കൊള്ളാം. നിനക്ക് സമയം കിട്ടുമ്പോൾ നീ വന്നാൽമതി. നിനക്കറിയുമോ അവൾ ഓരോ പ്രാവശ്യവും വീട്ടിൽ വന്നു പോകുമ്പോൾ ഞങ്ങൾക്ക് അനുഭവപ്പെടുന്നത് എന്താണ് എന്ന്. അവളുടെ കല്യാണത്തിന് ചെറുക്കന് കൈപിടിച്ച് കൊടുത്ത് അവൾ വീട്ടിൽ നിന്ന് ഇറങ്ങി വേറൊരു വീട്ടിലേക്ക് പോയപ്പോൾ ഉണ്ടായ ആ ഒരു സങ്കടം അതുതന്നെയാടാ എപ്പോഴും അവൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ തോന്നാറുള്ളത്. ഡാ നാരായണാ ഓരോ കുടുംബത്തിനും ഒരു ശബ്ദമുണ്ട് സ്നേഹത്തിന്റെ ഒരു ശബ്ദം. അത് കേട്ടല്ല അറിയേണ്ടത് അത് അനുഭവിച്ചറിയേണ്ടതാണ്. എന്റെ ദിയ അവളാണ് ഈ വീടിന്റെ ശബ്ദം. അവൾ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പിന്നെ ഇവിടെ ഒരു അനക്കമില്ലടാ. ഉം (ഒന്നു മൂളിക്കൊണ്ട്). നീ തല കുലുക്കുകയൊന്നും വേണ്ട ഒറ്റത്തടിയായി നടക്കുന്ന നിനക്ക് ഇതൊന്നും പറഞ്ഞാൽ എന്ത് അറിയാനാണ്.

ഓർമ്മകളുടെ സൂചിമുന വല്ലാതെ ഹൃദയത്തിലേക്ക് ആഴത്തിൽ ആണ്ട് പോയപ്പോഴാണ് ഞാൻ ദൂരെ ഇമ വെട്ടാതെ ചിതയിലേക്ക് നോക്കി കിടക്കുന്ന എന്റെ ശുനകനെ ശ്രദ്ധിച്ചത്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കണ്ണുനീർ ചാലുകളായി താഴേക്ക് ഒഴുകി ഇറങ്ങിയതിന്റെ പാടുകൾ കാണാമായിരുന്നു അവന്റെ മുഖത്ത്. ആ മിണ്ടാപ്രാണിക്കും മനസ്സിലായല്ലോ അവന് അന്നം തന്ന ആ ജീവൻ ഈ ചിതയിൽ എരിഞ്ഞടങ്ങിയെന്നത്. എന്നും വൈകിട്ട് ഞാനും രാജിയും അടുത്തുള്ള അമ്പലത്തിൽ പോകാറ് പതിവാണ് അമ്പലത്തിൽ തൊഴുത് കളത്തട്ടിൽ എത്തുമ്പോൾ ഞങ്ങളുടെ തരക്കാർ കുറച്ചുപേർ കളത്തട്ടിലുണ്ടാവും. ഞങ്ങളുടെ സമയം പോക്കും അവിടെ ആയിരുന്നു. വീട്ടിൽ ഒറ്റയ്ക്കായ ഞങ്ങൾക്ക് പരസ്പരം അല്ലാതെ മറ്റുള്ളവരോട് ഇടപഴകുവാൻ കിട്ടുന്ന അവസരവും ഈ കളത്തട്ടാണ്. കാലം മാറിയെങ്കിലും കളത്തട്ട് ഇപ്പോഴും ഓല കൊണ്ടാണ് മേഞ്ഞിരിക്കുന്നത്. പഴയ തടിയിൽ തീർത്ത പലകകൾക്ക് ഇപ്പോഴും ഒരു ചലനവും വന്നിട്ടുമില്ല. എത്ര ചൂടുള്ള സമയത്തും അതിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ ഒരു തണുപ്പ് അനുഭവപ്പെടാറുണ്ട്. ശരീരം മുഴുവൻ വ്യാപിക്കുന്ന ഒരു തണുപ്പ്.  അമ്പലത്തിൽ നിന്ന് സോപാനസംഗീതവും ഇടയ്ക്കയുടെ മൂളലും കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. 

എല്ലാ ദിവസത്തെയും പോലെ ശ്രീകോവിൽ നട അടച്ചതിനുശേഷമാണ് ഞങ്ങൾ അന്നും കളത്തട്ടിൽ നിന്നും പിരിഞ്ഞത്. ടാറിട്ട മെയിൻ റോഡിൽ കൂടി വീട്ടിലേക്ക് നടന്നാൽ പെട്ടെന്നുതന്നെ എത്താമെങ്കിലും, വണ്ടികളുടെ തിരക്കും പൊടിയും ഒക്കെ ആയതിനാൽ ഞങ്ങൾ എപ്പോഴും ഇടവഴിയിൽ കൂടിയുള്ള മൺപാതകളാണ് വീട്ടിലേക്ക് പോകുവാനായി തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അന്ന് വെട്ടത്തിനായി കൂടെ കരുതിയിരുന്ന ടോർച്ച് പണിമുടക്കിയതിനാൽ ഞങ്ങൾ വെളിച്ചമുള്ള മെയിൻ റോഡിൽ കൂടി തന്നെ വീട്ടിലേക്ക് നടക്കാം എന്ന് കരുതി. രാജി. "പണ്ടൊക്കെ ലൈറ്റുകൾക്ക് നല്ല ഒരു സ്വർണ്ണ വെളിച്ചം ആയിരുന്നു. ഇപ്പോൾ എല്ലാം മാറി. ഇരുട്ടിനെ പകലാക്കുന്ന തരത്തിലുള്ള വെള്ള വെളിച്ചമാണ് ഇപ്പോഴുള്ള ലൈറ്റുകൾക്ക്." ഞാൻ. "ശരിയാണ് പകൽ പോലുള്ള വെളിച്ചമാണ് ഇപ്പോഴുള്ളത്. എങ്കിലും ഈ രാത്രിയായിട്ടും റോഡിലെ തിരക്കൊന്നു കുറയുന്നില്ലല്ലോ." വടികുത്തി പിടിച്ച് നടന്നു പോയ ഞങ്ങളുടെ ശ്രദ്ധ പെട്ടെന്നായിരുന്നു ആ പൊന്തക്കാട്ടിലേക്ക് തിരിഞ്ഞത്. ഏതോ വണ്ടി ഇടിച്ചുതെറിപ്പിച്ചിട്ടത് ആവാം അവിടെ ഒരു പട്ടിക്കുഞ്ഞ് രക്ഷയ്ക്ക് വേണ്ടി കേഴുന്നുണ്ടായിരുന്നു അപ്പോൾ. എന്നാൽ അത് കണ്ടിട്ടും കാണാത്തതുപോലെ നടന്ന പോയ എന്നെ തടഞ്ഞ രാജിയുടെ വാക്കുകൾ ദൃഢമായിരുന്നു. 

"നിങ്ങൾ ഇത് കാണുന്നില്ലേ. മനുഷ്യനെപ്പോലെ തന്നെ ഒരു ജീവനല്ലേ അവിടെ കിടന്നു പിടയുന്നത്. നിങ്ങൾ അത് കണ്ടിട്ട് കാണാത്തതുപോലെ പോവുകയാണോ?" അവളുടെ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. വയ്യെങ്കിലും പൊന്തക്കാട് വകഞ്ഞു മാറ്റി ഞാൻ ആ പട്ടി കുഞ്ഞിനെ എടുത്ത് അവളുടെ അടുത്ത് എത്തി. അടുത്തുവന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ച് ഞങ്ങൾ അതിൽ കയറിയാണ് മൃഗഡോക്ടറുടെ അടുത്ത് എത്തിയത്. എക്സ്-റേയിൽ കാലുകളുടെ അസ്ഥി പൊട്ടിയതിനാൽ അവനെ ബാൻഡേജ് ഇട്ട കാലുമായാണ് ഞങ്ങളുടെ വീട്ടിലേക്ക് ആദ്യമായി കൊണ്ടുവന്നതും. വീട്ടിലെത്തിയ അവന് ഞങ്ങൾ രണ്ടുപേരും കൂടി ഒരു പേരും സമ്മാനിച്ചു ശുനകൻ. ഖനീഭവിച്ച ഞങ്ങളിലെ നിശബ്ദതയെ ഇല്ലാതാക്കുവാൻ അവൻ ശുനകൻ ഉറക്കെ ഉറക്കെ കുരച്ചു കൊണ്ടിരുന്നു. ഞങ്ങൾ വാശിയോടെ ആയിരുന്നു അവനെ പരിചരിച്ചിരുന്നത്. ഏകദേശം ഒന്ന് ഒന്നര മാസത്തെ ചികിത്സയ്ക്കുശേഷമാണ് അവൻ നടക്കുവാൻ തുടങ്ങിയത്. അവനുവേണ്ടി ഞങ്ങൾ ഭക്ഷണം ഉണ്ടാക്കിയില്ല ഞങ്ങളുടെ ഭക്ഷണം തന്നെയായിരുന്നു അവന്റേയും, അവനെ ഞങ്ങൾ ചങ്ങലയിൽ ഇട്ടില്ല. അവനായി ഞങ്ങൾ ഒരു കൂടു പണിതു, പക്ഷേ കൂടിന് വാതിൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ അവന്റെ സ്വാതന്ത്ര്യത്തെ തടഞ്ഞ് വെച്ചില്ല. അവൻ ഞങ്ങളുടെ കുടുംബത്തിൽ ഒരാളായി വളർന്നു.

ആരോഗ്യം വീണ്ടെടുത്ത അവൻ അവന്റെ കൂട്ടുകാരെ തേടി യാത്രയായി എങ്കിലും അമ്പലത്തിലെ കളത്തട്ടിൽ നിന്ന് തിരികെ ഞങ്ങൾ വീട്ടിലേക്ക് നടക്കുമ്പോൾ എവിടെപ്പോയാലും അവൻ ഞങ്ങളുടെ കൂടെ കാവലായി ഞങ്ങൾക്ക് മുമ്പിൽ  നടക്കുമായിരുന്നു ഒരു വഴികാട്ടിയെ പോലെ. രാത്രിയിൽ അവനായി പണിത ചെറിയ കൂടിന്റെ വാതിലിൽ അവൻ ഉണ്ടാവും നേരം പുലരുവോളം ഉറങ്ങാതെ ഞങ്ങളുടെ കാവലായി കാവൽക്കാരനായ്. എന്നത്തേയും പോലെ എന്റെ നെഞ്ചിൽ തല ചേർത്ത് വെച്ചു തന്നെയാണ് അവൾ കിടന്നിരുന്നത്. കഥകൾ പറഞ്ഞ് ഏതോ യാമത്തിൽ അവൾ ഉറങ്ങിപ്പോയി. ഒരിക്കലും ഉണരാത്ത ഉറക്കം, രാവിലെ കുലുക്കി വിളിച്ചിട്ടും ഉണരാതെ അവൾ എന്നിൽ നിന്നും അകന്നു പോയി എന്ന സത്യം ഡോക്ടർ വന്നാണ് സ്ഥിരീകരിച്ചത്. ചന്നം പിന്നം ചെയ്യുന്ന മഴയുടെ ശബ്ദം കേൾക്കാൻ അവൾക്ക് ഇഷ്ടവായിരുന്നു. എങ്കിലും അവൾക്ക് തണുപ്പ് ഇഷ്ടമല്ലായിരുന്നു. തണുപ്പുള്ള മഴയുള്ള രാത്രികളിൽ അവൾ രണ്ടും മൂന്നും പുതപ്പുകൾ ഉപയോഗിച്ച് മൂടി കിടക്കാറാണ് പതിവ്. അപ്പോഴും എന്നെ കെട്ടിപിടിച്ച് അവൾ പറയും നാശം തണുപ്പ്.

ആശുപത്രിയിലെ എല്ലാ കാര്യത്തിലും ഓടി നടന്നിരുന്നതും നാരായണൻ ആയിരുന്നു. അവനായിരുന്നു എല്ലാവരോടും വിവരം വിളിച്ചറിയിച്ചത്. മകളുടെ ഏക മകൻ നാട്ടിൽ എത്തുവാനായി താമസം ഉള്ളതിനാൽ ശരീരം തണുത്തുറഞ്ഞ ഫ്രീസറിലേക്ക് മാറ്റേണ്ടതായി വരുമെന്ന് എന്നെ ധരിപ്പിച്ചത് നാരായണനായിരുന്നു. അവനോട് ശരി പറയുമ്പോഴും നടക്കില്ല എന്നറിഞ്ഞിട്ടും എന്റെ മനസ്സിൽ ഞാൻ പറയുന്നുണ്ടായിരുന്നു അവൾക്ക് തണുപ്പ് ഇഷ്ടമല്ലടാ അവളെ ആ തണുപ്പിലേക്ക് വിടല്ലേടാ. അവൾ ആ ഫ്രീസറിൽ കിടക്കുമ്പോൾ എപ്പോഴും എന്റെ ചെവിയിൽ അവൾ പറയുന്നത് ഒരു മൂളല് പോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു, നാശം വല്ലാത്ത തണുപ്പ്. മാവിൻ വിറക് കൊണ്ട് തന്നെ ചിത ഒരുക്കണമെന്നത് എന്റെ വാശിയായിരുന്നു. അല്ല അത് അവളുടെ ആഗ്രഹമായിരുന്നു. തന്റെ മരണം അറിയുന്നതുപോലെയായിരുന്നു അവളുടെ ചില സമയത്തെ വാക്കുകൾ. അവൾ എപ്പോഴും പറയുമായിരുന്നു ഞാൻ മരിക്കുമ്പോൾ ഞാൻ വെച്ചുവളർത്തിയ ഈ മാവിൻ വിറക് വച്ച് തന്നെ വേണം എന്നെ ദഹിപ്പിക്കുവാൻ, എന്നെ ചിതയിലേക്ക് എടുക്കുമ്പോൾ നമ്മളുടെ കല്യാണത്തിന് ഉപയോഗിച്ച കല്യാണസാരി വേണം എന്നെ ധരിപ്പിക്കുവാൻ, എന്നെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും നിങ്ങൾ ആയിരിക്കണം അങ്ങനെ പലതും.

അപ്പോഴൊക്കെ ഞാൻ ചോദിക്കുമായിരുന്നു "ആദ്യം ഞാൻ മരിക്കുകയാണെങ്കിലോ." "ഇല്ല ആദ്യം ഞാനേ പോവുകയുള്ളൂ. എന്നാൽ നിങ്ങളെ ഒറ്റയ്ക്ക് ആക്കി പോകുവാൻ എനിക്കെന്റെ മനസ്സ് അനുവദിക്കുകയില്ല. മരിച്ചു കഴിഞ്ഞ് ഞാൻ വരും ഈ മച്ചിന്റെ ഒരു കോണിൽ അദൃശ്യമായി പറ്റിപ്പിടിച്ച് ഇരിക്കും. നിങ്ങളുടെ ഉറക്കത്തിന്റെ ഓരോ ശ്വാസവും എനിക്ക് കേൾക്കണം. നിങ്ങൾ ഇല്ലാതെ ഒരു ദിവസം പോലും ഈ ലോകത്ത് കഴിയുവാൻ എനിക്ക് പറ്റില്ല ഒരു ആത്മാവായി പോലും." ഉറങ്ങുവാൻ കിടക്കുമ്പോൾ അവളുടെ വാക്കുകൾ എന്റെ ചെവിയിൽ ഒരു മന്ത്രണം  പോലെ തഴുകി എത്തി. കണ്ണുകൾ മച്ചിനിയുടെ ഒരു കോണിൽ അദൃശ്യതയിൽ പരതി നടന്ന് എവിടെയോ ഉടക്കി തുറിച്ചു തന്നെ നിന്നു. ശരീരത്തിൽ നിന്ന് ചൂട് അകന്നു മാറുമ്പോഴും അവൾ എനിക്കായി കാത്തു നിൽക്കുകയായിരുന്നു എന്റെ കൈകോർത്ത് മറ്റൊരു ലോകത്തേക്ക് പറന്നു പോകുവാനായി.

English Summary:

Malayalam Short Story ' Athmavinte Yathra ' Written by V. S. Gireesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com