മലവെള്ളപെയ്ത്തിൽ സഹോദരിയെ നഷ്ടപ്പെട്ടു, മനോനില തെറ്റി; പെൺകുട്ടികളെ കാണുമ്പോൾ 'പെങ്ങളെ' എന്ന് വിളിച്ച് പുറകെ ചെല്ലും
Mail This Article
തെരുവ് മാറി നടക്കുമ്പോൾ അവൾ വിചാരിച്ചില്ല ഇങ്ങനെയൊരു ദുരനുഭവം. ഒരാൾ പിറകെ കൂടിയിട്ട് കുറെയേറെ നേരമായി. കാറ്റ് വീശിയപ്പോൾ അയാളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചു കിടന്നിരുന്ന ശവം നാറുന്ന ഗന്ധം അവളുടെ മൂക്കിലടിച്ചു. മുന്നേയുള്ള നടപ്പാതയിൽ ഇടയ്ക്കിടെ ചോരപ്പാടുകൾ. അയാൾ അടുത്തടുത്തു വരികയാണ്. നടത്തതിന് വേഗം കൂട്ടുതോറും കാലുകൾ കുഴയുന്നു. അയാൾക്ക് ലവലേശം തളർച്ചയില്ല. വേഗത്തിൽ അയാൾ അവളെ കടന്നു പിടിച്ചു. അവളുടെ പല്ലുകൾ കീരിയെപോലെ അയാളുടെ കൈകളെ ആക്രമിച്ചു. ചോരയുടെ രൂക്ഷ ഗന്ധം!. കലങ്ങിയ കണ്ണുകളിൽ അവൾ കണ്ടു, ചോര പൊടിയുന്നത് അയാളുടെ മുടിയിഴകളിൽ നിന്നായിരുന്നു. കുതറി മാറാൻ ശ്രമിക്കുമ്പോഴും അയാളുടെ പിടുത്തത്തിന്‍റെ ബലം കൂടിക്കൂടി വന്നു. അയാൾ ഇരു കൈകളും ചേർത്ത് അവളുടെ കവിളിൽ പിടിച്ചു. വിരിഞ്ഞു തീരാത്ത താമരപോലെ പാതി വെളുത്തു അവളുടെ മുഖം അയാളുടെ കൈകുമ്പിളിൽ പിടഞ്ഞു. ഭയം പടർത്തിയ മൂകതയിൽ വാക്കുകളും അലർച്ചകളും എരിഞ്ഞടങ്ങിയപ്പോൾ അയാൾ അവളെ വിളിച്ചു "പെങ്ങളേ".
പൊട്ടിച്ചിരിയുടെ ഭ്രാന്താവേശത്തിൽ അയാൾ അവളുടെ മുഖത്ത് മുഴുവൻ അവളുടെ കീരിപ്പല്ലുകൾ സമ്മാനിച്ച ചോര പടർത്തി. ഇപ്പോൾ അയാളുടെ ബലം കുറഞ്ഞിരിക്കുന്നു. കണ്ണുകൾ ഈറൻ കവർന്നിരിക്കുന്നു. അയാൾ അവളിൽ ആരെയോ കാണുകയായിരുന്നു. അവളും അതു തിരിച്ചറിഞ്ഞു. പൊട്ടിപ്പോയ ചരടിന്‍റെ അറ്റംതേടി അലയുന്ന മനസ്സിന്‍റെ വിഷാദസ്വരങ്ങൾ അവൾ കേട്ടു. അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു. ഇപ്പോൾ അയാളെ ശവം മണക്കുന്നില്ല. അയാളുടെ തലമുടി പൊട്ടിച്ചിരിച്ച കണിക്കൊന്ന പോലെ സുന്ദരമായിരിക്കുന്നു. "നീ ഇത്ര നാൾ എവിടെയായിരുന്നു, മഞ്ഞുരുകുന്ന രാവിലെ മലവെള്ളപെയ്ത്തിൽ ഒലിച്ചു പോയി എന്നല്ലേ ഞാൻ കരുതിയത്. നീയവശേഷിപ്പിച്ച ഓർമതുണ്ടുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് മനസ്സിലാക്കിയതാണ് ജീവിതത്തിലെ ഏറ്റവും കറുത്ത നിമിഷം." അയാൾ വീണ്ടും പൊട്ടിക്കരഞ്ഞു. അയാൾ കൈകൾ പിൻവലിച്ചു. അവളുടെ കവിളിൽ പത്തു ചോര വിരൽ പാടുകൾ. അവളുടെ കണ്ണുകളിൽ ചോര നിറയുന്നു. ഇരുട്ടിനു ചുവപ്പിന്‍റെ ഛായ.
'ആഹ്' രശ്മി ഞെട്ടി ഉണർന്നു. സ്വപ്നത്തിന്റെ നീരുറവകൾ അവളുടെ കോശങ്ങളിലേക്കു ആഴ്ന്നിറങ്ങി. അടിവയറ് വേദനിക്കുന്നു. വയറ്റിലെ വൈകിവന്ന ഇലയനക്കം പെട്ടെന്ന് നിലയ്ക്കുമോ അവൾ ഭയപ്പെട്ടു. ഫോൺ പരതുമ്പോഴും താലികെട്ടിയവന്‍റെ മുഖം മനസ്സിൽ വന്നില്ല. പതുക്കെ പതുക്കെ, പ്രേമിച്ചവരുടെ ഓരോരുത്തരുടെയും മുഖങ്ങൾ രശ്മിയുടെ കണ്ണിൽ തെളിഞ്ഞു. കഴിഞ്ഞ ദിവസം എഴുതിവെച്ച ഡയറികുറിപ്പിലെ നമ്പർ ഓർമ വന്നു. ഇരുന്നൂറ്റിമുപ്പത്തിയേഴ്. പല പ്രണയങ്ങളും വിട്ടുപോയിക്കാണും, ഈ ലിസ്റ്റ് അപൂര്‍ണമാവാനാണ് സാധ്യത! ഇവരിൽ ആരെയാണ് കൂടുതൽ പ്രേമിച്ചത്? അറിയില്ല!. വെളുത്തതും കറുത്തതും ഇരുനിറവുമുള്ളതുമായി ഒരുപാട് മുഖങ്ങൾ. എഴുതിവെച്ച സങ്കൽപ്പങ്ങൾ എല്ലാം മാറ്റി മറിച്ചു തോന്നിയ പ്രണയങ്ങളാണ് പലതും. ഒന്നുകൂടി ലിസ്റ്റ് പരതി, ഇരുന്നൂറ്റിഇരുപത്തിയാറെണ്ണം പറയാതെ വിട്ട പ്രണയങ്ങളാണ്. കണ്ണുകൾ കൊണ്ടു പറഞ്ഞ പ്രണയങ്ങൾ പലതും അതിൽ തമസ്കരിക്കപ്പെട്ടു. ബാക്കിയുള്ള പതിനൊന്നിൽ ഏറ്റവും തീവ്രമായത് ഏതായിരുന്നു. ഓരോ മുഖങ്ങൾ ഓർക്കുമ്പോഴും രശ്മിയുടെ മുഖത്ത് ഓരോ തരം പുഞ്ചിരി ജനിച്ചു മരിച്ചു.
വയറിൽ അൽപം വേദന കൂടുന്നത് പോലെ. ഞെട്ടലിന്‍റെ ആഘാതമാവാം. തുടകൾക്കിടയിൽ പതിവില്ലാത്ത തിളപ്പ്. വെള്ളത്തെക്കാൾ ഗാഢമായ എന്തോ ഒലിച്ചിറങ്ങുന്നത്പോലെ. തൊട്ട് നോക്കി. ചോരയല്ല! ഏഴു മാസത്തെ വളർച്ചയിൽ ഒരു ജീവൻ പുറത്ത് ചാടുമോ! അവൾ ഭയന്നു. ഫാനിന്‍റെ കിരുകിരു ശബ്ദം അവളുടെ കാതുകളെ കീഴ്പ്പെടുത്തി. എത്ര ഓർമിച്ചു വെക്കുവാൻ ശ്രമിച്ചാലും മറന്നുപോകുന്ന വിദേശ സമയം അവൾ ഫോണിൽ നോക്കി. വേണ്ട! അയാൾ ഉറങ്ങുകയാവും ഉറങ്ങിക്കോട്ടെ. അയാൾ കടന്നു വന്ന ദിവസം അവൾക്കോർമ്മ വന്നു. ഇരുന്നൂറ്റിമുപ്പത്തിയേഴാമൻ!
പകൽ കട തുറന്നതും അവൾ പ്രദർശിപ്പിക്കാനുള്ള സ്റ്റോക്ക് എടുത്തു പുറത്ത് വെക്കുന്ന ധൃതിയിൽ ആയിരുന്നു. "എനിക്കൊരു ബാഗ് വേണം, പെട്ടെന്ന്! നാളെ പോവാനുള്ളതാണ് ദുബായ്ക്ക്". ഏതൊരു പ്രധാന കാര്യവും ഏറ്റവും അവസാനത്തേക്ക് വെക്കുന്ന പതിവ് പുരുഷ രീതികളെ ആവോളം പുച്ഛിച്ചു അവൾ അയാളുടെ മുഖത്തേക്ക് നോക്കി. കറുത്ത കണ്ണടചില്ലിനകത്ത് അയാളുടെ കുഞ്ഞൻ കണ്ണുകൾ വിശ്രമിക്കുന്നു. കവിളുകളാണ് ചിരി വിളിച്ചു പറയുന്നത്. ബാഗ് എടുത്തു കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, "എനിക്ക് നിന്നെ കെട്ടണം!". ഒറ്റവാക്കിൽ ഇന്നേവരെ ഒരു പ്രണയവും ഇങ്ങനെ പറഞ്ഞിട്ടില്ല. രശ്മിയുടെ അടിവയറ്റിൽ അവളറിയാതെ ഒരു വെള്ളിടി പാഞ്ഞു. ഒരുടമ്പടി അവിടെ ഉടലെടുത്തു. ഒന്നിൽ നിന്നൊന്നിലേക്ക് മാത്രം ഒഴുകുക എന്നൊരു ഉടമ്പടി.
പക്ഷേ മിന്നുകെട്ടിനു പത്തു ദിവസം മുന്നേ ആ ഉടമ്പടി ഭേദിക്കപ്പെട്ടു. മുന്നേ പ്രണയം പറഞ്ഞവൻ അവസാന വാക്കിന് അരികിൽ വന്നപ്പോൾ അവന്‍റെ കണ്ണുനീർതുള്ളികൾക്ക് പകരം കൊടുക്കുവാൻ ബലമില്ലാത്ത മനസ്സ് ശങ്കിച്ചില്ല. അവൻ അവളുടെ നെഞ്ചിന് നടുവിലൂടെ വിരൽ ഓടിച്ചപ്പോൾ വിരുന്നു വരാനിരിക്കുന്ന സ്വർഗത്തേക്കാൾ മഹത്തരമാണ് ഈ ദിനം എന്നവൾക്ക് തോന്നി. ഏതോ വിജയിയെപ്പോലെ അവൻ വേർപ്പ്തുള്ളികൾ തുടച്ചു മാറ്റിയപ്പോൾ അവളുടെ തുടകൾക്കിടയിൽ ബീജം നനുത്ത രോമങ്ങളിൽ ഒട്ടിപ്പിച്ചിരുന്നു. അടുത്ത ദിവസവും അവൻ ജനാലക്കരുകിൽ പതുങ്ങി നിന്നപ്പോൾ ഇന്നലെയുടെ താരുണ്യം അവളുടെ ശരീരത്തെ ചൂട് പിടിപ്പിച്ചു. ആ വാതിലുകൾ വീണ്ടും തുറന്നു. അവൾ അവന്‍റെ ശ്വാസം വലിച്ചെടുത്തു. ഇരുന്നൂറ്റിമുപ്പത്തിയാറാമന്‍റെ ശ്വാസം. വേദന കൂടുന്നു. സഹിക്കാനാവുന്നില്ല. അടിവയറ് പൊട്ടി ഒലിക്കുന്ന പോലെ. അവൾ വീണ്ടും ക്ലോക്കിൽ നോക്കി. സമയം പാതിരയാണ്. അയാള്‍ ഉറക്കമാവും എന്നാലും വിളിക്കാതെ വയ്യ!.
വെളിച്ചം പുതച്ച മണൽക്കാറ്റ് പതിവില്ലാതെ മരുഭൂമിയിൽ ആഞ്ഞു വീശി. അയാൾ ഫോൺ ശബ്ദിക്കുന്നത് അറിഞ്ഞു. സഹിക്കാനാവാത്ത വേദന! അവൾ പറഞ്ഞു. "ശരി, ഞാൻ പരിഹാരമുണ്ടാക്കാം". അയാൾ കോള്‍ കട്ട് ചെയ്തു ഫോണിൽ എന്തോ പരതി. 'ആരാണ്?' പുതപ്പിനടിയിൽ നിന്നും ഒരു ഫിലിപിനോ സുന്ദരി മുഖം നീട്ടി ചോദിച്ചു. അയാൾ ശ്രദ്ധിച്ചില്ല, അയാളോട് ചോദ്യം ആവർത്തിക്കാതെ അവൾ അവളുടെ തുടകൾക്കിടയിലെ രേതസ്സ് തുടച്ചു കളയുവാനായി എഴുന്നേറ്റു.