ADVERTISEMENT

"നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാമോ?" രാവിലെ പ്രിയതമയുടെ ചോദ്യം കേട്ടാണുണർന്നത്. "അതിപ്പോൾ പ്രത്യേകം ചോദിക്കണോ, നാളെയല്ലേ, നമ്മുടെ റാലി" "റാലികളില്ലാത്ത ദിവസമുണ്ടോ? അതല്ല, ചേട്ടൻ ഒന്നു കൂടെ ഒന്ന് ഓർത്തു നോക്ക്" പ്രിയതമ വിടാൻ ഭാവമില്ല. മുഖമൊന്ന് കഴുകിയിട്ട് വന്നിട്ട് ഓർത്തു നോക്കിയാൽ പോരേ.. അങ്ങോട്ടു പോകുന്നതിനിടയിലും ഇങ്ങോട്ട് വരുന്നതിനിടയിലും പലവട്ടം ആലോചിച്ചിട്ടും ഒന്നുമങ്ങോട്ട് ഓർമ്മ വരുന്നില്ല. ചൂടു ചായയുമായി വന്ന ഭാര്യ പിന്നെയും തിരക്കി, "ചേട്ടൻ ചായ കുടിച്ചിട്ട് ഓർത്തു നോക്ക്, ചൂട് ചായ അകത്തു ചെല്ലുമ്പോൾ ചിലപ്പോൾ ബുദ്ധി ഉണരും." കുറെ നേരമായിട്ടും രക്ഷയില്ലെന്ന് കണ്ടപ്പോൾ ഭാര്യ കീഴടങ്ങി, "ചേട്ടാ, നാളെയാണ് നമ്മുടെ വിവാഹ വാർഷികം.." വെറുതെയല്ല ഓർക്കാതിരുന്നത്, ഏതെങ്കിലും പുരുഷൻമാർ ഓർക്കാനിഷ്ടപ്പെടുന്ന ദിവസമാണോ അത്..

വെറും വാർഷികമൊന്നുമല്ല, പത്താം വാർഷികം.. "അല്ല, ചേട്ടൻ എനിക്കെന്താ പ്രസന്റേഷൻ തരുന്നത്.." ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടാകാം ഭാര്യ പറഞ്ഞു. "പ്രസെന്റേഷന്റെ കാര്യം സസ്പെൻസാണെങ്കിൽ പറയേണ്ട, പക്ഷേ, പത്താം വാർഷികമായിട്ട് എവിടെയെങ്കിലും കറങ്ങാൻ പോയേ പറ്റൂ..'' വൈകിട്ട് തീരുമാനിക്കാമെന്ന് പറഞ്ഞെങ്കിലും കറക്കം എങ്ങനെ ഒഴിവാക്കാമെന്നുള്ള ആലോചനയിലായിരുന്നു ഞാൻ.. ഇത്തരം പല സന്ദർഭങ്ങളിലും രക്ഷകനായിട്ടുള്ളത് സുഹൃത്ത് ബിജുവാണ്. അവനെ വിളിച്ച് തന്ത്രങ്ങൾ പ്ലാൻ ചെയ്തു.

വൈകിട്ട് വന്നയുടൻ തന്നെ ഞാൻ ഒരു പ്രഖ്യാപനം നടത്തി "നിങ്ങൾക്ക് എവിടെ പോകണമെന്ന് പറഞ്ഞാലും ഞാൻ റെഡി.." ഒടുവിൽ അടുത്ത അവധി ദിവസങ്ങളിൽ ടൂർ പ്ലാൻ ചെയ്തു. പിറ്റേന്ന് രാവിലെ ബിജുവിന്റെ വിളി കേട്ടാണ് എല്ലാവരും ഉണർന്നത്. വാതിൽ തുറന്നത് പ്രിയതമയാണ്. "ആരാ, എന്തു വേണം?" "ഞാൻ വേനൽ തുമ്പികൾ പറക്കുന്നു.." ബിജു പറഞ്ഞു തീരും മുമ്പ് അവൾ ചോദിച്ചു. "നാടകക്കാരാണല്ലേ, പിരിവിനാണോ?" "അയ്യോ, നാടകമൊന്നുമല്ല, അത് കുട്ടികൾക്കായുള്ള ഞങ്ങളുടെ ഈ വർഷത്തെ വെക്കേഷൻ പ്രോഗ്രാമിന്റെ പേരാണ്.." അത്രയുമായപ്പോൾ ഞാൻ രംഗപ്രവേശം ചെയ്തു. ആലുവ ബസ് സ്റ്റാന്റിൽ വെച്ച് പോലും കണ്ട് പരിചയമില്ലാത്ത ഭാവത്തിൽ ബിജുവിനെ ഞാനൊന്ന് നോക്കി നിന്നു. "സാറിനെ കുറിച്ച് കേട്ടിട്ടുണ്ട്, ഇത്തവണ സാറിനെയാണ് ഞങ്ങൾ പ്രോഗ്രാം കോ ഓർഡിനേറ്ററായി എടുത്തിട്ടുള്ളത്."

"അതിനെന്താ, എപ്പോഴാണ് പരിപാടി" ഞാൻ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു. ''പത്താം തിയതി തുടങ്ങും.. സാറിന്റെ പേര് കൂടി ചേർത്ത് ഇന്ന് തന്നെ നോട്ടീസ് പ്രിന്റ് ചെയ്യാൻ കൊടുക്കണം." "അയ്യോ, അന്ന് ഞങ്ങൾ ഒരു ടൂറ് പ്ലാൻ ചെയ്തു പോയല്ലോ" "അങ്ങനെ പറയരുത്, സാറ് വന്നില്ലെങ്കിൽ എല്ലാം അവതാളത്തിലാകും.." എല്ലാം കേട്ട് നിരാശരായി അടുത്തു നിൽക്കുന്ന ഭാര്യയും മക്കളും കേൾക്കാനായി ഞാൻ പറഞ്ഞു.. "ഞാൻ കാരണം നിങ്ങളുടെ പരിപാടി നടക്കാതിരിക്കണ്ട. ടൂറ് പിന്നെയാണെങ്കിലും പോകാമല്ലോ?"

സന്തോഷത്തോടെ ബിജു യാത്ര പറഞ്ഞിറങ്ങിയപ്പോൾ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി പടി കടന്നെത്തി. "സാറേ, ഞങ്ങൾ സാറിനും ഭാര്യയ്ക്കും ഒരു സ്വീകരണം ഏർപ്പാട് ചെയ്തിട്ടുണ്ട്." ''സ്വീകരണമോ, എന്തിന്" എനിക്ക്  ഒന്നും പിടി കിട്ടിയില്ല. "എല്ലാം ഞങ്ങളറിഞ്ഞു സാറേ, പത്താം വിവാഹ വാർഷികമൊന്നും അങ്ങനെ ആരെയും അറിയിക്കാതെ നടത്താനൊന്നും നോക്കേണ്ട. നമുക്ക് വിപുലമായി ആഘോഷിക്കണം, വേണമെങ്കിൽ ഒരു റാലി കൂടി നടത്തിയാലോ എന്നാലോചിക്കുവാ.. ഇപ്പോൾ എന്തിനും ഏതിനും റാലികളുടെ കാലമാണല്ലോ? ഏതായാലും ഞങ്ങൾ പിരിവു തുടങ്ങി കഴിഞ്ഞു.."

അവരിറങ്ങിക്കഴിഞ്ഞപ്പോൾ ഞാനോർത്തു, വാർത്ത ചോർന്നത് പ്രിയതമ വഴി തന്നെയാകാനാണ് സാധ്യത. എന്തെങ്കിലും രഹസ്യങ്ങൾ സൂക്ഷിക്കാനുണ്ടെങ്കിൽ അത് സ്ത്രീകളെ തന്നെ ഏൽപ്പിക്കണം.. ഏതായാലും ആഘോഷമെങ്കിൽ ആഘോഷം തന്നെ നടക്കട്ടെ. അകത്തേക്ക് കയറുമ്പോൾ പ്രിയതമയുടെ ചോദ്യം. "അപ്പോൾ എല്ലാം ഉദ്ദേശിച്ച പോലെ തന്നെ നടന്നു അല്ലേ?" സത്യത്തിൽ പ്രിയതമ ഉദ്ദേശിച്ചതെന്താണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

English Summary:

Malayalam Short Story ' Vivaha Varshika Rali ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com