ADVERTISEMENT

നഗരത്തിലെ കൂറ്റൻ ഫ്ലാറ്റിലെ പതിനൊന്നാം നിലയിലെ ജനവാതിൽ. ഇപ്പോഴും ആ തല അങ്ങനെത്തന്നെയുണ്ട്, നിശ്ചലമായി... രാവിലെ എഴുന്നേറ്റത് മുതൽ രാത്രി തലചായ്ക്കും വരെ ഫ്ലാറ്റ് വാസികൾക്കാകാഴ്ച പതിവാണ്. രാത്രിയിൽ മാത്രമാണ് ആ പെണ്ണുടൽ ഒന്നിളകി ജനൽ പാളി അടയുക. നിർഭലമായി, നിർവികാരമായി എങ്ങോ നോക്കി നിൽക്കുന്ന കണ്ണുകളുടെ ലക്ഷ്യം ഇന്നേവരെ ആരും തിരക്കിയിട്ടില്ല. നോക്കുന്ന ദിശയിൽ വലിയൊരു കൂറ്റൻ മതിലുള്ളത് കൊണ്ട് തന്നെ ആരും അങ്ങനെ സംശയിച്ചിട്ട് കൂടിയുണ്ടാകില്ല. ചിതറിയ തലമുടികൾക്ക് ഒതുക്കമുണ്ടാകാറില്ല. മാസത്തിൽ അവളുടെ അമ്മമ്മ വന്നു തേക്കുന്ന ഇരുപത്തിമൂന്നിന്റെ അന്ന് തലമുടികൾക്ക് ഒതുക്കം വരും. ചിലപ്പോൾ കയ്യിലുള്ള പാവക്കും.

കാഴ്ച കണ്ട് ആവർത്തന വിരസത ബാധിച്ചവരായിരുന്നു ഫ്ലാറ്റ് നിവാസികളിൽ പലരും. മാസക്കാലം കുറെയായി ആ ജഡബാധിച്ച തലമുടിയും മുഖവും ജനൽ കമ്പികളിൽ കൊളുത്തിക്കണ്ടു തുടങ്ങിയിട്ട്. പക്ഷേ ആ കാഴ്ച ഇതുവരെ അവളുടെ രക്ഷിതാക്കൾ എന്ന സ്ഥാനാർഹർ കണ്ടിട്ടില്ല. പൊന്നോമന മകൾ മുറിയിൽ പാവക്കൊപ്പം സന്തോഷവതിയാണെന്ന മനക്കോട്ടയിലാണിപ്പോഴും. സമയത്തിനു പിന്നിലോടുന്ന അവർക്ക് "ഗേൾ... ആർ യു ഓക്കേ?" എന്ന ചോദ്യത്തിന് മൂളൽ തന്നെ വലിയ ഉത്തരമായിരുന്നു. ഇരുട്ടിനെയും അന്ധതയെയും കണ്ടുവളർന്ന, അവളുടെ കൂട്ടുകാരനും കൂരിരുട്ടായിരുന്നു. എവിടേക്കും ഏകാന്തത മാറ്റാൻ ഇരുട്ടിനെ തപ്പിയ അവൾക്ക് കൂട്ടുകാരനാണ് ഇരുട്ടെങ്കിൽ മറ്റുള്ളവർക്ക് പ്രേതവും. 

ഫ്ലാറ്റ് നിവാസികളുടെ കുട്ടികൾക്കടുത്തേക്ക് പാപ്പം കഴിച്ചില്ലേലും വികൃതി കാട്ടിയാലും വരുന്ന പോക്കാമ്പിയായവൾ പരിണമിച്ചു. മുടിയെല്ലാം മുന്നോട്ടിട്ട്, പറക്കുന്ന വസ്ത്രമിട്ട, കുഴിഞ്ഞ കണ്ണുള്ള പാവയുള്ള പോക്കാമ്പി. ശബ്ദം തീരെ പരിചയമില്ലാത്ത ആ പോക്കാമ്പിക്ക് മഴക്കാലമോ കാറ്റോ വന്നാൽ ശക്തമായി അടയുന്ന ജനലിനെയും ആടുന്ന മരത്തിനെയും പേടിയാണ്.

അവൾ ഉറക്കെയാർത്താലും ലാപിലെ നാല് കണ്ണുകൾ ചലിക്കാറില്ല. "പോക്കാമ്പിയാണാർത്തത്... ഇറങ്ങിവരാൻ നേരമായി... ഉറങ്ങിക്കേ..." അവർ കുട്ടികളെ ഉറക്കി തുടങ്ങി. ഇരുട്ടിൽ ദിശയറിയാതെ നാളെക്ക് വേണ്ടി കണ്ണടച്ച് പോക്കാമ്പിയും. 

English Summary:

Malayalam Short Story ' Pokkambi ' Written by Nasbanu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com