ADVERTISEMENT

കോവിഡ് രാജ്യമടക്കി വാഴുന്ന കാലം. തിരുവനന്തപുരം കഴക്കൂട്ടത്തെ ഓട്ടോ സ്റ്റാൻഡിൽ ഓടുന്ന സതീശനേയും അത് ബാധിച്ചു. കഴക്കൂട്ടം ടെക്‌നോപാർക്കിലെ കമ്പനികളെല്ലാം ജോലിക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അനുമതി നൽകിയതാണ് കാരണം. അയൽവാസിയും സുഹൃത്തുമായ ഉണ്ണിക്കും ഇതേ അവസ്ഥ. ടൗണിലെ ബാർബർഷോപ്പിൽ ആണ് ഉണ്ണിക്ക് ജോലി. മറ്റെല്ലാവരെയും പോലെ ഇവരും കോവിഡ് കാലഘട്ടത്തിലെ ജീവിതം എങ്ങനെയൊക്കെയോ മുൻപോട്ട് കൊണ്ട് പോകുന്നു.

കഴക്കൂട്ടത്തിന്റെ പ്രാന്ത പ്രദേശത്താണ് ഇരുവരുടെയും ചെറിയ വീടുകൾ. വികസനം വന്നപ്പോൾ ഇവരുടെ വീടുകൾക്ക് ചുറ്റും ടെക്‌നോപാർക്കിലെ ജീവനക്കാരെ ഉദ്ദേശിച്ചു പണിത വലിയ വീടുകൾ വന്നു. ഇവരുടെ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയും മതിൽക്കെട്ടിനുള്ളിലെ വലിയ വീടുകളിലുള്ളവരുടെ ജീവിതം കളർ സിനിമയും ആണെന്ന് സതീശൻ എപ്പോഴും ഉണ്ണിയോട് തമാശ പറയും. 

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രാത്രിയിലെ മഴയും കാറ്റും കഴിഞ്ഞു ശാന്തമായ പ്രഭാതം. കാറ്റടിച്ചിട്ടായിരിക്കണം വൈദ്യുതി ഇല്ല. കട്ടൻ ചായ കുടിച്ചു ഫോണിൽ തോണ്ടികൊണ്ടിരുന്ന സതീശന്റെയടുത്തേക്ക് ഭാര്യ ഓടി വന്നു. "ഏട്ടാ ഫോൺ തരാമോ, കിച്ചുവിന് ഓൺലൈൻ ക്ലാസ്സ്‌ ഇപ്പോൾ തുടങ്ങും" ഫോൺ നൽകി സതീശൻ പുറത്തേക്ക് നോക്കി ചിന്തമഗ്നനായി ഇരുന്നു.

കോവിഡ് തുടങ്ങി കഴിഞ്ഞ എട്ട് മാസമായി ഫോൺ റീചാർജ് ചെയ്യേണ്ടി വന്നിട്ടില്ല. എല്ലാ മാസത്തിന്റെയും തുടക്കം ഫോണിൽ തനിയെ റീചാർജ് ചെയ്ത സന്ദേശം വരും. ഒരു മാസം ഉപയോഗിക്കാനുള്ള ഇന്റർനെറ്റ്‌ ഉൾപ്പടെ. വീട്ടിൽ പ്രവർത്തിക്കുന്ന ഒരേ ഒരു ഫോൺ സതീശന്റെയാണ്. ഇതേ പ്രതിഭാസമാണ് ഉണ്ണിയുടെ ഫോണിനും. ആരാണിത് ചെയ്യുന്നത് എന്നറിയാൻ രണ്ട് പേരും ശ്രമിച്ചെങ്കിലും ഇന്റർനെറ്റ്‌ വഴി ചെയ്യുന്നതിനാൽ ആരാണെന്ന് കണ്ടുപിടിക്കാൻ സാധിക്കില്ല എന്നാണ് കസ്റ്റമർ കെയർ ജീവനക്കാർ പറയുന്നത്. എന്തായാലും ഇതൊരു സമസ്യയായി തുടരുന്നു. ഇന്ന് ഈ മാസത്തെ റീചാർജ് ആകേണ്ട ദിവസമാണ്.

ഓട്ടം കുറവാണേലും സതീശൻ രാവിലെ സ്റ്റാൻഡിൽ പോകാൻ ഇറങ്ങി. പോകുന്ന വഴി അയൽവാസിയായ മത്തായിച്ചനും ഓട്ടോയിൽ കയറി. ടൗണിൽ കട നടത്തുകയാണ് ഏകദേശം എഴുപതിനടുത്ത് പ്രായമുള്ള മത്തായിച്ചൻ. സ്റ്റാൻഡിൽ ചെന്നു മത്തായിച്ചൻ ഇറങ്ങാൻ നേരത്തു ഒരു ഫോൺ വന്നു. അദ്ദേഹം ഓട്ടോയിൽ ഇരുന്ന് തന്നെ എടുത്തു. "കട തുറക്കുന്നെ ഉള്ളൂ. ഞാൻ ചെയ്തേക്കാം, നമ്പർ പറയാമോ?" മത്തായിച്ചൻ പോക്കറ്റിൽ നിന്ന് പേനയും പോക്കറ്റ് ഡയറിയും എടുത്ത് എഴുതാൻ തയാറായി. "94958XXXXX, അടുത്തത്, 94478XXXXX. ഓക്കേ.. ഞാൻ 370 ന്റെ ചെയ്തേക്കാം". സതീശൻ ഞെട്ടി, പറഞ്ഞ രണ്ട് നമ്പറും പരിചയമുള്ളത്. തന്റെയും ഉണ്ണിയുടെയും. "എടാ നമ്മുടെ അടുത്ത് വില്ലയിൽ താമസിക്കുന്ന ശരത്ത് ആണ്, കറന്റ്‌ ഇല്ലാത്തത് കൊണ്ട് റീചാർജ് ചെയ്യാൻ വിളിച്ചതാ". മത്തായിച്ചൻ ഓട്ടോയിൽ നിന്നും ഇറങ്ങി കടയിലേക്ക് പോയി.

സതീശനെ മൂന്ന് നാല് പ്രാവിശ്യം ശരത്ത് ഓട്ടം വിളിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മുടി വെട്ടാൻ ഉണ്ണിയും ആ വില്ലയിൽ പോയിട്ടുണ്ട്. ഐടി ജീവനക്കാർക്ക് ജാടയാണ്, സാധാരണ മനുഷ്യരോട് ഇടപെടില്ല, കാശ് ഒരുപാട് ധൂർത്തു അടിക്കുന്നു. എന്നിങ്ങനെയുള്ള ചിന്തകളെ സതീശൻ കുഴിച്ചു മൂടി. വൈകുന്നേരം ഉണ്ണി എത്തിയപ്പോൾ സതീശൻ പുഞ്ചിരിയോടെ പറഞ്ഞു "എടാ നമ്മുടെ ജീവിതവും കളർ സിനിമ തന്നെയാടാ, നമ്മൾ ചെറിയ ടിവിയിൽ കാണുന്നു എന്ന് മാത്രം." 

English Summary:

Malayalam Short Story ' Mathilukalillatha Hrudayangal ' Written by Tiju Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com