'കൂടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരൻ എന്നോട് സംസാരിക്കാറില്ല, മന:പൂർവം അകന്നു മാറുന്നതു പോലെ...'
Mail This Article
ജോലിയുടെ ഇടവേളയിൽ പതിവു പോലെ ഞാൻ അദ്ദേഹത്തോട് സംസാരിക്കുവാനായി ചെന്നു. "കുറച്ചു ദിവസങ്ങളായി ആൻഡ്രുവിനെ കാണുന്നില്ലല്ലോ" ഞാൻ ചോദിച്ചു. "അറിയില്ല... ഞാനുമായി അദ്ദേഹം സംസാരിക്കാറില്ല." "അതെന്താ? അങ്ങ് അദ്ദേഹവുമായി പിണക്കത്തിലാണോ?" "ഏയ് ..ഒരിക്കലുമല്ല." "അപ്പോൾ അങ്ങേയ്ക്ക് അദ്ദേഹത്തെ ഇഷ്ടമല്ലേ?" "എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. അദ്ദേഹം വളരെ രസമുള്ള, ചുറുചുറുക്കുള്ള മനുഷ്യനാണ്. ആദ്യമൊക്കെ, ഞാനിവിടെ ജോലിയാരംഭിച്ച സമയം വല്ലപ്പോഴുമൊക്കെ സംസാരിച്ചിരുന്നു. പിന്നീടെന്തുപറ്റി എന്നെനിക്കറിയില്ല. പലപ്പോഴായി അദ്ദേഹം എന്നിൽ നിന്നും അകന്നു മാറുന്നത് പോലെ തോന്നി."
"പ്രത്യേകിച്ചു എന്തെങ്കിലും കാരണം..?" ഞാൻ ശങ്കയോടെ ചോദിച്ചു. "ചിലപ്പോൾ ഞാൻ വയസ്സനായത് കൊണ്ടായിരിക്കാം." "അതിനു അദ്ദേഹവും വളരെ ചെറുപ്പമൊന്നുമല്ലല്ലോ?" "എനിക്കറിയില്ല.., ചിലപ്പോൾ ഞാൻ വൃത്തികെട്ടവനായതായിരിക്കാം കാരണം." അദ്ദേഹം തന്റെ കെട്ട പല്ലു കാട്ടി ഉറക്കെ ചിരിച്ചു. "അതിനു താങ്കളിൽ ഞാനൊരു വൃത്തികേടും കാണുന്നില്ലല്ലോ!" "ഞാനെന്റെ രൂപമാണ് ഉദ്ദേശിച്ചത്." പല്ലു കാട്ടിയുള്ള ചിരി അദ്ദേഹം തുടർന്നു. ഇതൊക്കെ ഒരു മനുഷ്യനോട് സംസാരിക്കാതിരിക്കുവാനുള്ള കാരണമാണോ? ഞാനദ്ദേഹം പറഞ്ഞതിനോട് ഒന്ന് മൂളുക മാത്രം ചെയ്തു. മനസ്സിനുള്ളിലൂടെ എന്തൊക്കെയോ കടന്നു പോയി. എന്റെ പഴയ ചങ്ങാതിമാരും ചിലപ്പോൾ..? "പ്രായമായവരുമായി സംസാരിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. അങ്ങയോട് വർത്തമാനങ്ങൾ പറയുമ്പോൾ ദൂരെയുള്ള എന്റെ അച്ഛനോട് സംസാരിക്കുന്നതു പോലെ തോന്നും. ഒരു വല്ലാത്ത സുഖം, പറഞ്ഞറിയിക്കാനാവാത്ത ആനന്ദം." ഞാനദ്ദേഹത്തോട് സന്തോഷത്തോടെ പറഞ്ഞു. ഒരു നേരിയ സന്തോഷം അയാളിൽ പ്രകടമായി.
"ആൻഡ്രു അങ്ങയോട് സംസാരിക്കാത്തതു പോലെ, എന്റെ പഴയ ചങ്ങാതിമാർ പലരും ഇന്ന് ഞാനുമായി അകന്നിരിക്കുന്നു." ഞാൻ അദ്ദേഹത്തോട് തുടർന്നു. "താൻ ചെറുപ്പവും, സുന്ദരനും, ചുറുചുറുക്കുള്ളവനുമാണല്ലോ...? പിന്നെന്താ...? താൻ അവരോടൊക്കെ തെറ്റുകൾ വല്ലതും.....?" "അറിഞ്ഞോ, അറിയാതെയോ, ഞാനവരോടോന്നും ഒരു തെറ്റും ചെയ്തിട്ടില്ല. പലപ്പോഴായി മാറ്റി നിറുത്തൽ അനുഭവിച്ച ഞാൻ, അവരിൽ നിന്നും മാറി നിൽക്കുന്നു... അത്ര മാത്രം. അവരെയൊക്കെ എനിക്കിന്നും വലിയ ഇഷ്ടമാണ്..." "അങ്ങയുടെ ഓർമയിൽ ആൻഡ്രുവിനോട് തെറ്റായിട്ടെന്തെങ്കിലും...?" എന്റെ ചോദ്യത്തിന് അലസമായി 'ഞാനൊരു പഴഞ്ചൻ ' എന്നു മാത്രം പറഞ്ഞു കൊണ്ട് അദ്ദേഹം നടന്നകന്നു. അപ്പോഴായിരുന്നു ഭാര്യ പണ്ടൊരിക്കൽ എന്നെക്കുറിച്ച് പറഞ്ഞ കാര്യം എനിക്കോർമ്മ വന്നത്. അത് ഞാനുമൊരു പഴഞ്ചനാണെന്നുള്ളതായിരുന്നു. ഈ കാലഘട്ടത്തിനു ചേരാത്തവൻ!