മോഷ്ടിക്കാൻ വന്നത് സ്വന്തം ക്ലാസിൽ പഠിക്കുന്നവന്; 'ഫീസടക്കാനില്ലാതെ വന്നപ്പോൾ ഗതികേട് കാരണം അവൻ ചെയ്തു പോയതാണ്...'
Mail This Article
രണ്ടു മൂന്നു തവണ ഇപ്പോൾ പെയ്യാം, ഇപ്പോൾ പെയ്യാം എന്നു പറഞ്ഞുപറഞ്ഞെന്നെ പറ്റിച്ച മഴയോട് പിണങ്ങി, മുഖവും വീർപ്പിച്ചു ഞാൻ ഉറങ്ങാതെ പക്ഷേ ഉറക്കം നടിച്ചു ചെരിഞ്ഞു കിടന്നു. എങ്കിലും അവൾ ഏതെങ്കിലും പാതിരാവിൽ ഒരു കുളിർകാറ്റിൻ ചിലമ്പൊലിയോടെ എന്നെ തേടി വന്നെങ്കിലോ, എന്റെ പ്രിയ മഴയെ ഞാനറിയാതെ പോകരുതല്ലോ; ഞാൻ എല്ലാ ജനലുകളുടെയും മുകളിലെ പാളികൾ മലർക്കെ തുറന്നു വച്ചു. എട്ടാം ക്ലാസ് ആരംഭിച്ചത് മുതൽ ഞാനീ ഓഫീസ് മുറിയിലാണ് ഉറക്കം, അതും ഒറ്റക്ക്. മിക്കവാറും റൂമിന്റെ വാതിൽ അടച്ചു തന്നെ വെക്കും. കാരണം ഞാനെന്റെ മഴയോടും ഏകാന്തതയോടും ഇരുട്ടിനോടും നിലാവിനോടും കിളികളോടും പൂക്കളോടും മൂകം സംസാരിക്കുന്നത് മറ്റാരും കാണുന്നത് എനിക്കിഷ്ടമല്ല.
അങ്ങനെ കെർവിച്ചു കിടന്നു സമയം പത്തു പന്ത്രണ്ടു കഴിഞ്ഞു കാണും, തുറന്നു വെച്ച ജനലഴികൾക്കിടയിലൂടെ ഒരു ഉഴി (നീണ്ടു നേർത്ത മുളന്തണ്ട്) കടന്നു വരുന്നത് രാത്രിയുടെ ഈ അരണ്ട വെളിച്ചത്തിലും എനിക്ക് വ്യക്തമായി കാണാം. ഉഴിയുടെ അറ്റത്തായി ചെറിയൊരു മീൻകോരു വല. വലയുള്ള അറ്റം നീണ്ടു നീണ്ടു പോകുന്നത് ഫോൺ വെച്ച മേശയെ ലക്ഷ്യമാക്കിയല്ലേ? ഉമ്മ പറഞ്ഞറിഞ്ഞ അലിയാരുതങ്ങളുടെയും, ഉമർ ഫാറൂഖിന്റെയും മറ്റും വീരചരിതങ്ങൾ എന്നെ തീരെ ചെറുതിലേത്തന്നെ ഒരു കൊച്ചു ധീരനാക്കിത്തുടങ്ങിയിരുന്നതിനാൽ, പേടിയല്ല പകരം ആകാംക്ഷയാണ് തോന്നിയത്.
ശരീരം കൂടുതലനക്കാതെ ഒളികണ്ണിട്ടു നോക്കിയപ്പോൾ ജനലിൽ തെളിഞ്ഞ മുഖം മനസ്സിലായി- തെക്കേടത്തെ രമേശൻ! രമേശനും പഠിക്കുന്നത് എന്നെപ്പോലെ എട്ടിലാണ്; ഒരേ ക്ലാസ്സിൽ. രമേശന്റെ അച്ഛൻ ആചാര പ്രകാരം അടുത്തായി അമ്പലത്തിലെ കൂട്ടായി എടുത്തിട്ടുണ്ട്. അതിനാൽ ഇപ്പോൾ കൂലിപ്പണിക്ക് പോകാൻ പാടില്ലാത്രേ. മഴക്കാലത്തു കൊപ്പരക്കളം പൂട്ടുന്നതിനാൽ രമേശനും അമ്മയ്ക്കും ഇപ്പോൾ കളത്തിലെ പണിയും തുലോം കുറവ്. അല്ലെങ്കിൽ കാലത്തേ എഴുന്നേറ്റു സ്കൂളിൽ പോകുന്നതിനു മുമ്പും വൈകുന്നേരം സ്കൂൾ വിട്ടു വന്നാലും രമേശൻ തേങ്ങ ഉലിക്കാനും പൂളാനും ശരം വിട്ട പോലെ കളത്തിലേക്ക് ഓടുന്നത് കാണാം. അവന്റെ ഉള്ളം കൈകൾ തഴമ്പിച്ചിട്ടെന്തുറപ്പാണെന്നോ! അതുമല്ലെങ്കിൽ പച്ചോലമെടഞ്ഞുണ്ടാക്കിയ വലിയൊരു കുട്ടയും കറിക്കത്തിയും കൊണ്ടു തോട്ടിൻ വക്കിലിറങ്ങി പശുവിന് പച്ചപ്പുല്ലരിഞ്ഞു കുട്ടയിൽ നിറക്കുന്നത് കാണാം.
രമേശനെപ്പോഴും ഇങ്ങനെയൊക്കെ തിരക്കിലാണ്. ഞങ്ങൾ സമപ്രായക്കാരോട് കൂട്ടുകൂടി കളിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. രമേശനഞ്ചു പെങ്ങന്മാരാണ്. അതിലൊരുത്തിക്കെന്നും ശ്വാസം മുട്ടും ദീനവും ഒഴിഞ്ഞ നേരവുമില്ല. വീട്ടിൽ രണ്ടു പശുവുണ്ട്. അതിനെക്കറന്നു കിട്ടുന്ന പാൽ വിറ്റിട്ടാണ് അരിയും, പരിപ്പും, ചെറുപയറും, ഉണക്കും, ചിമ്മിനിയും, ചായപ്പൊടിയും, വല്ലപ്പോഴുമൊക്കെ നൂറുഗ്രാം പഞ്ചസാരയും കാക്കിലോ അവിലും വാങ്ങുന്നത്. ബാക്കി മിക്കവാറും പീടികയിൽ ‘പറ്റ്’ ആയിരിക്കുകയും ചെയ്യും. പാലു വിൽക്കുന്ന രമേശന്റെ വീട്ടിലെ എല്ലാരും എന്നും പാലു ചേർക്കാത്ത കട്ടൻ ചായ കുടിക്കുന്നത് അത്ഭുതത്തോടെ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്.
“നാളെ സ്കൂളിൽ പോകുന്ന വഴി പോസ്റ്റോഫീസിൽ കയറി ഫോണിന്റെ ബില്ല് അടക്കണം” എന്നെന്നോട് പറഞ്ഞേൽപ്പിച്ചു 240 ഉറുപ്പിക ഫോണിന്റെ അടുത്ത് മേശമേലുള്ള ടെലിഫോൺ ഡയറക്ടറിയിൽ എന്റെ ഉമ്മ വെക്കുന്നത്, വൈകുന്നേരം വീട്ടിലേക്കു പാലും കൊണ്ടു വന്നപ്പോൾ രമേശനും കണ്ടത് ഞാനോർക്കുന്നു. മേശമേലുള്ള ഡയറക്റ്ററി കോരിയെടുക്കാനാണ് രമേശൻ ഈ പാതിരാക്ക് ഉറക്കവും കളഞ്ഞു വന്നിരിക്കുന്നത്. “എടുത്തോട്ടെ” ഞാൻ മനസ്സിൽ കരുതി. രമേശൻ ഇതുവരെ സ്കൂളിലെ എട്ടുരൂപ ഫീസടച്ചിട്ടില്ല. അവന്റെ രണ്ടു പെങ്ങന്മാരും അടച്ചിട്ടില്ല. ഇപ്പോൾ 25 പൈസ വീതം മൂന്നാൾക്കും ഫൈനുമായി. അതും പോരാഞ്ഞു, രമേശൻ രണ്ടു മൂന്നു നോട്ടു ബുക്കുകളും ഇനിയും വാങ്ങിയിട്ടില്ല. ഒരേ നോട്ടിന്റെ രണ്ടു വശങ്ങളിലായി രണ്ടു വ്യത്യസ്ത വിഷയങ്ങൾ എഴുതുന്നത് മാഷ് കണ്ടുപിടിച്ചു രമേശനെ വഴക്കു പറഞ്ഞതും ആ പിരീഡ് മുഴുവൻ ബെഞ്ചിൽ കയറ്റി നിർത്തി ശിക്ഷിച്ചതും ഞാനും കണ്ടതാണ്. പൈസ രമേശൻ കൊണ്ടു പോട്ടെ. ബില്ലടക്കാതെ ഫോൺ കണക്ഷൻ ഒന്നു രണ്ടു മാസം കട്ടായാലും സാരമില്ല. ഞാൻ ഒന്നും അറിയാത്തപോലെ, അനങ്ങാതെ കിടന്നു.
കുറേ ശ്രമിച്ചെങ്കിലും ഡയറക്റ്ററി കോരിയെടുക്കാൻ രമേശനു കഴിഞ്ഞില്ല. കൂടുതൽ പരിശ്രമിച്ചപ്പോൾ ഡയറക്റ്ററി മേശമേൽ നിന്നും താഴെ തറയിലേക്ക് വീഴുകയും ചെയ്തു. ഇനിയതെടുക്കാൻ കഴിയില്ല, എനിക്കുറപ്പായി. എനിക്കു സങ്കടം തോന്നി. ഞാൻ ഉറക്കിൻ അലസ്യം വിട്ടേഴുന്നേറ്റവനെപ്പോലെ നിശ്വസിച്ചു. നിശ്വാസം കേട്ടു, കോരുവല ഉഴിയോടൊപ്പം പതിയെ ജനലിലൂടെ ഉൾവലിഞ്ഞില്ലാതായി. ഞാൻ “എന്തൊരു തണുപ്പ്” എന്നു സ്വയം ഉച്ചത്തിൽ പിറുപിറുത്തു, എന്റെ തലയിണയും പുതപ്പുമെടുത്തു, ഓഫീസ്റൂമിന്റെ വാതിലും ചാരി ഹാളിലേക്ക് പോയി. പോകുന്നതിന് മുമ്പ് തറയിൽ വീണു കിടന്ന ഡയറക്റ്ററി, പകുതി പുറത്തേക്ക് തള്ളി നിൽക്കുന്നപോലെ മേശമേൽ വെച്ചു. പകുതി പുറത്തേക്ക് തള്ളിവെച്ചതിനാൽ ഇനിയത് എളുപ്പത്തിൽ വലകൊണ്ടു കോരിയെടുക്കാം. രാവിലെ ഉറക്കമറിഞ്ഞയുടനെ ഞാനോടിപ്പോയി നോക്കിയത് ഓഫീസ് റൂമിലെ മേശമേലേക്കും തറയിലേക്കുമാണ്. ഡയറക്റ്ററിയവിടെ രണ്ടിടത്തുമില്ല; ആശ്വാസമായി. മുറ്റത്തേക്കിറങ്ങി നോക്കിയപ്പോൾ, രമേശന്റെ കാൽപ്പാടുകൾ ജനൽപ്പടിക്കീഴിൽ നിന്നും തീർത്തും മായിച്ചിടാനാവണം, പാതിരാവിലെന്നോ നല്ല മഴയും പെയ്തിരിക്കുന്നു.
പിറ്റേന്നും കിടക്കാൻ നേരം മഴയെന്നോട് ഒളിച്ചു കളിച്ചു. ഞാൻ മുഖം കനപ്പിച്ചു, ഉറങ്ങാതെ കിടന്നു. പാതിരാവിൽ അതാ, വീണ്ടും കോരുവല ഉഴിയുടെ അറ്റത്തിലേറി ജനലഴിയിടയിലൂടെ അകത്തേക്ക്. രമേശൻ ഡയറക്റ്ററി മെല്ലെ മേശമ്മേലേക്ക് തിരിച്ചു വെക്കുന്നു. രമേശൻ പോയി എന്നുറപ്പായപ്പോൾ, ഞാൻ മെല്ലെ എഴുന്നേറ്റു ലൈറ്റിട്ടു ഡയറക്റ്ററി തുറന്നു നോക്കി. 240 രൂപയിൽ നിന്നും 25 രൂപ മാത്രം എടുത്തു ബാക്കി 215 രൂപ ഭദ്രമായി ഡയറക്റ്ററിയിൽ! മൂന്നാളുടെ ഫീസിനാവശ്യമായ തുകയല്ലാതെ, ബുക്ക് വാങ്ങേണ്ട പൈസ പോലുമെടുക്കാതെ! ഞാൻ ലൈറ്റ് അണച്ചു കിടക്കും നേരം ഒരു ചെറു കാറ്റിൻ തോളിലേറി തുറന്നു വെച്ച ജനൽ പാളിയിലൂടെ മഴയെന്നെ തഴുകാൻ വന്നു. അവളെന്നോട് അനുരാഗത്തോടെ പരിഭവിച്ചു: “നീയെന്തെ ഇന്നൊരു സ്നേഹമില്ലാത്തവനെപ്പോലെ, അതെ, ഒരു ഹൃദയമില്ലാത്തവനെപ്പോലെ?” എന്റെ ഹൃദയം രമേശൻ കവർന്നു കഴിഞ്ഞിരുന്നുവല്ലോ!