ADVERTISEMENT

‘പഞ്ചായത്തിലെ ഏറ്റവും മോശം വീട് നിർമിച്ചതിനാണ്’ ജ്യോതിഷ് ശങ്കര്‍ എന്ന കലാ സംവിധായകനെ തേടി ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരമെത്തിയത്. പായല്‍ വച്ചുപിടിപ്പിച്ചും അതിനു വളരാന്‍ അടച്ചുറപ്പില്ലാത്ത കാഴ്ചയില്‍ തന്നെ അരാജകത്വം മാത്രമുള്ള ആ കുമ്പളങ്ങിയിലെ കുഞ്ഞന്‍ വീടായിരുന്നു, എന്താണ് കലാസംവിധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കിത്തന്നത്. സ്വാഭാവികതയുടെ സൗന്ദര്യം പറഞ്ഞ സൃഷ്ടി അവാര്‍ഡ് നേടുമ്പോള്‍ ആത്യന്തികമായി കലയെ സ്‌നേഹിക്കുന്ന അടിസ്ഥാനപരമായി ശില്പിയായ ജ്യോതിഷിന് എന്താണ് പറയാനുള്ളത് ....

 

ശില്പങ്ങളിലൂടെ സിനിമയിലേക്ക്

kumbalangi-house-11
കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സെറ്റിൽ നിന്നും

 

അച്ഛന്‍ അധ്യാപകനായിരുന്നു. എടത്വ തകഴിയിലാണ് ഞങ്ങളുടെ വീട്. അവിടത്തെ സ്‌കൂളിലൊക്കെ പഠിപ്പിച്ചിട്ടുണ്ട് അച്ഛന്‍. പക്ഷേ ഞങ്ങള്‍ എന്തായി തീരണമെന്നതില്‍ ഒരു അധ്യാപകന്‍ ആയിട്ടുകൂടി അച്ഛന്‍ ഒരു തീരുമാനവും എടുത്തിരുന്നില്ല. അങ്ങനെയാണ് സ്‌കൂളില്‍ തുടങ്ങിയ വരയോടുള്ള ഇഷ്ടത്തിന്റെ തുടര്‍ച്ചയെന്നോണം തുടര്‍പഠനത്തിനും കലയുടെ വഴി മതിയെന്ന തീരുമാനത്തെ പിന്തുണച്ച് മാവേലിക്കരയിലുള്ള രാജാ രവി വര്‍മ ആര്‍ട്‌സ് കോളജില്‍ ചേര്‍ക്കുന്നത്. വരയേക്കാള്‍ ശില്പകലയാണ് എനിക്കു കൂടുതല്‍ ഇഷ്ടവും അതിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. സിനിമയെന്നത് എന്നെന്നും മനസ്സിലുള്ളൊരു സ്വപ്‌നവുമായിരുന്നു.

kumbalangi-house-09

 

kumbalangi-house-07

ആദാമിന്റെ മകന്‍ അബു തുടക്കം

kumbalangi-house-05

 

കോളജില്‍ പഠിക്കുന്ന സമയത്തു തന്നെ ചെറിയ വര്‍ക്കുകളൊക്കെ ചെയ്തിരുന്നു. അതുകഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോയി. അവിടെ നിന്നു കിട്ടിയ സുഹൃത്തുക്കളോടൊപ്പം കൊല്ലത്ത് ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. അത് ഉദ്ഘാടനം ചെയ്യാനെത്തിയത് കാനായി സര്‍ ആയിരുന്നു. അദ്ദേഹം ഞങ്ങള്‍ സുഹൃത്തുക്കളെ ഒരുമിപ്പിച്ച് മോന്തായം എന്നൊരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി. അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായിരുന്നു. 

kumbalangi-house-03

 

kumbalangi-house-4

സിനിമയിലേക്കുള്ള മാര്‍ഗമായത് ശരത് ലത്തീഫ് എന്ന സുഹൃത്താണ്. അദ്ദേഹമാണ് സാലു.കെ.ജോര്‍ജ് എന്ന ആര്‍ട് ഡയറക്ടറെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിനൊപ്പം ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ അസിസ്റ്റ് ചെയ്യുന്ന സമയത്താണ് ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലേക്ക് കലാഭവന്‍ മണിയെ ക്ഷണിക്കാന്‍ സംവിധായകന്‍ സലീം അഹമ്മദ് കണ്ണൂര്‍ വരുന്നത്. സലീം അഹമ്മദിനൊപ്പം ഞാന്‍ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹമാണ് അവിടെ വച്ച് ആദ്യ സ്വതന്ത്ര സിനിമയിലേക്കുള്ള അവസരം തരുന്നത്. അബു അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു പിന്നീട്. 

 

എല്ലാത്തരം ചിത്രങ്ങളും ഇഷ്ടമാണ്. സിനിമ സിനിമയാകുന്ന ഓരോ പ്രക്രിയകളോടും വലിയ ആകാംക്ഷയുള്ളൊരു ആളാണ് ഞാന്‍. എങ്കിലും എനിക്ക് കൂടുതല്‍ ചേരുന്നതും ചെയ്യാന്‍ എനിക്ക് കുറച്ചുകൂടി ആത്മവിശ്വാസമുള്ളതും ഇടമുള്ളതും റിയലിസ്റ്റിക് സിനിമകളാണ്. എന്നിലേക്കു വന്ന ചിത്രങ്ങളും അതുതന്നെയായിരുന്നു. കുഞ്ഞനന്തന്റെ കട, പത്തേമാരി, കാര്‍ബണ്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി കുറേ നല്ല സിനിമകളുടെ ഭാഗമാകാനായി എന്നതാണ് സന്തോഷം.

kumbalangi-house-13

 

അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും

 

കുമ്പളങ്ങി നൈറ്റ്‌സിലെ വീട് ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് ചിന്തിച്ചിരുന്നില്ല. അത് അവിടെ തന്നെയുള്ളൊരു വീടാണെന്നാണ് കരുതിയതെന്ന് പലരും പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. രണ്ടരമാസം കൊണ്ടാണ് വീട് കെട്ടിപ്പടുത്തതും പായല്‍ വച്ചുപിടിപ്പിച്ചതും. ഒറിജിനല്‍ പായല്‍ കൊണ്ടുവന്ന് വെള്ളം സ്പ്രേ ചെയ്ത് വളര്‍ത്തിയെടുക്കുകയായിരുന്നു. അവര്‍ മീന്‍ പിടിക്കാന്‍ പോകുന്ന സ്ഥലത്തെ കണ്ടല്‍കാട്, പ്ലൈവുഡ് ഒക്കെയിട്ടാണ് സെറ്റ് ചെയ്‌തെടുത്തത്. വള്ളവും വലയുമെല്ലാം അവിടെ നിന്ന് ഞങ്ങള്‍ തന്നെ സംഘടിപ്പിച്ചതാണ്. ഷമ്മിയുടെ (ഫഹദ് ഫാസിലിന് മികച്ച സഹനടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത കഥാപാത്രം) വീടിനു മുന്നിലെ ഗ്രൗണ്ടും ഞങ്ങള്‍ ചെയ്തു നല്‍കിയതാണ്. 

ചെയ്ത വര്‍ക്കുകളില്‍ എല്ലാമിഷ്ടമെങ്കിലും ഇതിനു മുന്‍പേയും ഇത്ര തന്നെ പരിശ്രമിച്ച് ചെയ്ത വേറെയും വര്‍ക്കുകളുണ്ടെങ്കിലും അതൊന്നും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിരുന്നുമില്ല. എനിക്ക് ഇറാന്‍ സിനിമകള്‍ വലിയ ഇഷ്ടമാണ്. ആ സിനിമ കാണുന്ന ഫീല്‍ ആയിരുന്നു കുമ്പളങിയിലേത്. അതുകൊണ്ട് ആ സിനിമ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.

 

കുഞ്ഞനന്തന്റെ കടയിലെ കവല, പത്തേമാരിയിലെ എല്ലാ കാലഘട്ടങ്ങളും, കാര്‍ബണിലെ വീടിന്റെ പശ്ചാത്തലം, തൊണ്ടിമുതലിലെ പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവ എനിക്കൊരു സംതൃപ്തി തന്നെ കലാസൃഷ്ടികളായിരുന്നു. പൊലീസ് സ്റ്റേഷന്‍ 13 ദിവസം കൊണ്ടാണ് കെട്ടിപ്പടുത്തത്. 

 

മത്സരിക്കാനിഷ്ടമില്ല...

 

എനിക്ക് അവാർഡ് നല്‍കിയത് സംബന്ധിച്ച് വന്ന നല്ല വാക്കുകളോടും വിമര്‍ശനങ്ങളോടും ഒരേ ചിരിയാണ്, ഒരേ മനസ്സാണ്. ആ മനസ്സ് നിറഞ്ഞതും ഒരേ തീവ്രതയുള്ള ചിരിയുമാണ്. കാരണം എന്നെ സംബന്ധിച്ച് ആ്ത്യന്തികമായി കലയാണ് എല്ലാം. അതുവഴി എനിക്ക് സിനിമ എന്ന മാധ്യമത്തിന്റെ ഭാഗമാകാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. നമുക്കിഷ്ടമുളളതും ആത്മവിശ്വാസമുള്ളതുമായ ഒന്നിലൂടെ പോകാനും അതുവഴി ജീവിതവരുമാനവും നല്ല സൗഹൃദങ്ങളും കിട്ടുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. സിനിമയ്ക്കും അതുനല്‍കുന്ന പ്രശസ്തിക്കും പുരസ്‌കാരങ്ങള്‍ക്കും അപ്പുറം കുടുംബമെന്ന ഒരിടമുണ്ട്. ഞാന്‍ അവിടെ അങ്ങേയറ്റം സന്തോഷത്തോടെ ജീവിക്കുന്ന ഒരാളാണ്. 

 

അവാര്‍ഡ് എന്നൊരു കാര്യം തന്നെ മനസ്സിലില്ലായിരുന്നു. അതുകൊണ്ടു തന്നെ അന്നേരം തോന്നിയ സന്തോഷത്തിനപ്പുറം മറ്റൊന്നും മനസ്സിലില്ല. ഒരു ദിവസം മാത്രം എല്ലാവരുടെയും സന്തോഷത്തിനും പ്രതികരണങ്ങള്‍ക്കും വേണ്ടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. അത്രതന്നെ. പിറ്റേന്ന് മുതല്‍ ഞാന്‍ വീണ്ടും പഴയ ആളായി. 

 

ഈ അവാര്‍ഡ് നേട്ടത്തെ വിമര്‍ശിച്ച് എഴുതിയവര്‍ സാബു സിറിള്‍ സാറിന്റെ പേര് പറയുന്നത് വായിച്ചിരുന്നു. അദ്ദേഹമൊക്കെ എന്നെക്കാള്‍ എത്രയോ മുന്നോട്ടുപോയ വ്യക്തികളാണ്. ബ്രഹ്മാണ്ഡ വര്‍ക്കുകള്‍ ചെയ്യുന്ന പ്രഗത്ഭനായ വ്യക്തിയാണ് എന്നു മാത്രമാണ് എനിക്ക് അതിനുള്ള മറുപടി. എനിക്ക് അദ്ദേഹം ഒരുക്കുന്ന പോലെ വലിയ കൊട്ടാരങ്ങളോ കെട്ടിടങ്ങളോ സൃഷ്ടിക്കാനാകും എന്നുപോലും കരുതുന്നില്ല

 

ആത്യന്തികമായി വേണ്ടത്

 

ഞാന്‍ ആകെ ചെയ്തതും എനിക്ക് അറിയാവുന്നതും ഒരു പ്രമേയം, ആശയം എന്നിവ പറയുന്നതിന് ഭൗതികമായ ഒരു തലം ഒരുക്കിക്കൊടുക്കാനാണ്. അതില്‍ ആര്‍ട് ഉണ്ടെന്ന ആര്‍ക്കും തിരിച്ചറിയാന്‍ കഴിയരുത് എന്നാണ്. അതില്‍ മനുഷ്യരെ കൂടാതെ കാണുന്നതെല്ലാം അവിടെ തന്നെയുള്ളതാണ് അത് ആരെങ്കിലും സൃഷ്ടിച്ചതണെന്ന് കാണുന്നവര്‍ക്കു തോന്നരുത്. ഒരു കഥ ആവശ്യപ്പെടുന്ന പശ്ചാത്തലം കലയിലുടെ സൃഷ്ടിക്കാനേ എനിക്കു സാധിക്കൂ. ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആകാന്‍ എനിക്കു സാധിക്കില്ല. 

 

കുടുംബം

 

ആലപ്പുഴ ജില്ലയിലെ എടത്വയിലാണ് താമസം. വീട്ടില്‍ ഭാര്യ ദേവിക പിന്നെ ഇരുപത്തിയെട്ട് ദിവസം പ്രായമായ മകനുമുണ്ട്. അച്ഛന്‍ ആര്‍.കെ.ശങ്കരന്‍. അമ്മ ശകുന്തള. അച്ഛന്‍ മരിച്ചുപോയി. രണ്ട് ഏട്ടന്മാരും ഉണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com