ADVERTISEMENT

‘ഹൃദയത്തിന്റെ നിറങ്ങളി'ൽ അവസാനിച്ച മെറിലാൻഡ് സ്റ്റുഡിയോ സിനിമാ നിർമാണം വീണ്ടുമൊരു 'ഹൃദയ'ത്തോടെ പുതുജീവൻ വച്ചിരിക്കുകയാണ്.  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച 'ഹൃദയം' എന്ന ചിത്രം നിർമിച്ചിരിക്കുന്നത് മലയാള സിനിമാചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ട 'മെറിലാൻഡ് സിനിമാസ്' എന്ന ബാനറിലാണ്.  

 

മെറിലാൻഡ് സ്റ്റുഡിയോസിന്റെ ഉടമയും സംവിധായകനും നിർമാതാവുമായിരുന്ന പി. സുബ്രഹ്മണ്യന്റെ ചെറുമകനായ വിശാഖ് സുബ്രഹ്മണ്യം ആണ് ഹൃദയത്തിന്റെ നിർമാണത്തിലൂടെ മെറിലാൻഡിനു പുതുജീവനേകിയത്. മെറിലാൻഡ് വീണ്ടും സിനിമാ നിർമാണത്തിൽ സജീവമാകുമ്പോൾ അത് എല്ലാവരും ഓർത്തിരിക്കുന്ന ഒരു വിജയചിത്രം ആയിരിക്കണം, നിരവധി ചലച്ചിത്രപ്രതിഭകളുടെ ഉദയത്തിനു കാരണമായി മുത്തച്ഛൻ ജീവൻ കൊടുത്തു വളർത്തിയ മെറിലാൻഡ് എന്ന പേര് താൻ കാരണം ചീത്തയാകരുതെന്ന ദൃഢ നിശ്ചയവും വിശാഖിനു ഉണ്ടായിരുന്നു.  കുടുംബത്തിന്റെ അഭിമാനമായ മെറിലാൻഡ് എന്ന ബാനറിൽ ചെയ്ത 'ഹൃദയം' ഒരു വൻ വിജയമായതിന്റെ സന്തോഷം വിശാഖ് സുബ്രഹ്മണ്യൻ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.   

 

മെറിലാൻഡ് തിരിച്ചുവരുന്നു 

aju-pranav

 

മെറിലാൻഡ് എന്ന പേര് വീണ്ടും തിയറ്ററിൽ കാണാനായതിൽ ഭയങ്കര സന്തോഷം തോന്നുന്നു.  മുത്തച്ഛനായി തുടങ്ങിവച്ച സ്റ്റുഡിയോ ആണ് അതിന് അത്രമാത്രം പ്രാധാന്യമുണ്ട്.  അത് തിരികെ കൊണ്ടുവരുമ്പോൾ വലിയ വിജയമാകുന്ന നല്ല പ്രോജക്ടിലൂടെ വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു.  വളരെ നല്ല രീതിയിൽ തുടങ്ങി സംസ്ഥാന അവാർഡും ദേശീയ അവാർഡും കരസ്ഥമാക്കിയ സിനിമകൾ ചെയ്ത ഒരു ബാനർ ആണ്.  എന്നിലൂടെ ആ ബാനറിന് ഒരു ചീത്തപ്പേര് ഉണ്ടാകാൻ പാടില്ല.  അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു.  എന്റെ ആദ്യ പടം 'ലവ് ആക്‌ഷൻ ഡ്രാമ' ആണ് അന്ന് ഞാൻ മെറിലാൻഡ് ബാനർ ഉപയോഗിച്ചില്ല.  

 

ഞാനും അജു വർഗീസും ധ്യാൻ ശ്രീനിവാസനും കൂടി 'ഫൺടാസ്റ്റിക് ഫിലിംസ്' എന്നൊരു ബാനർ തുടങ്ങി ആണ് ആ പടം ചെയ്തത്.  സിനിമാ നിർമാണം എന്താണെന്ന് പഠിച്ചെടുത്ത ഒരു സിനിമ ആയിരുന്നു ‘ലവ് ആക്‌ഷൻ ഡ്രാമ’.  ആ പടം സാമ്പത്തികമായി വിജയിച്ചു.  പടം ബ്ലോക്ക് ബസ്റ്റർ ആയതിന്റെ ആത്മവിശ്വാസം കൈമുതലായി.  ഞാൻ ലവ് ആക്‌ഷന്റെ സെറ്റിൽ പോകുമ്പോഴെല്ലാം മെറിലാൻഡ് എന്നാണ് തിരിച്ചു വരുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.  പണ്ട് എന്റെ മുത്തച്ഛനോടൊപ്പം ജോലി ചെയ്തു പരിചയമുള്ളവരെല്ലാം ചോദിക്കുമായിരുന്നു.  

 

മെറിലാൻഡ് തിരിച്ചുവരുന്നത് വിനീതിന്റെ പടത്തിലൂടെ ആകണം എന്ന് എന്റെ ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ എനിക്ക് തോന്നി.  ആ ഒരു ആഗ്രഹം ഞാൻ വിനീതിനോട് പറഞ്ഞു.  ആ സമയത്ത് വിനീത്, ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ ചെയ്തിട്ട് ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.  2018-ൽ പ്രണവിന്റെ 'ആദി' വന്നപ്പോൾ ഞാൻ വിനീതിനോട് പറഞ്ഞു പ്രണവിനായി ഒരു കഥ വിനീതിന്റെ മനസ്സിൽ എപ്പോഴെങ്കിലും വരുന്നെങ്കിൽ ഉറപ്പായും എന്നോട് പറയണം.  എന്റെ മുത്തച്ഛനും പ്രണവിന്റെ മുത്തച്ഛനും തമ്മിൽ വളരെ അടുത്ത സുഹൃദ്ബന്ധമുണ്ട്. ആ ബന്ധം ഞങ്ങളും കാത്തുസൂക്ഷിക്കുന്നുണ്ട്.  

 

മെറിലാൻഡ് തിരിച്ചുവരുമ്പോൾ അത് ഈ ഒരു കൂട്ടുകെട്ടിലൂടെ ആയിരിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.  നമ്മൾ ഒന്ന് ശക്തമായി ആഗ്രഹിക്കുമ്പോൾ അതിനായി ലോകം മുഴുവൻ കൂടെ നിൽക്കും എന്ന് പറയാറില്ലേ അങ്ങനെ സംഭവിച്ചു.  2018ൽ തന്നെ ഒരു ദിവസം വിനീത് എന്നെ വിളിച്ചിട്ട് നീ ചെന്നൈയിലേക്ക് വരൂ എന്റെ മനസ്സിൽ ഒരു കഥയുണ്ട് എന്ന് പറഞ്ഞു.  ഞാനും അജുവും കൂടി വിനീതിനെ കാണാൻ പോയി.  അപ്പോഴാണ് ഈ ഒരു കഥയുടെ ത്രെഡ് വിനീത് പറയുന്നത്.  ‘ഞാൻ പ്രണവിനെ ആണ് ഉദ്ദേശിക്കുന്നത് പക്ഷേ ഇപ്പോൾ അവനോടു പറയണ്ട ഞാൻ സ്ക്രിപ്റ്റ് ഒന്ന് പൂർത്തിയാക്കട്ടെ’ എന്ന് പറഞ്ഞു.  എനിക്ക്  ഭയങ്കര സന്തോഷം തോന്നി.  

 

2019  ഡിസംബറിൽ പ്രണവിനെ നായകനാക്കി ഞങ്ങൾ ‘ഹൃദയം’ പ്രഖ്യാപിച്ചു.  അടുത്ത വർഷം ജനുവരിയിൽ തന്നെ ഷൂട്ട്‌ തുടങ്ങി.  പക്ഷേ അപ്രതീക്ഷിതമായി ആ വർഷം മാർച്ചിൽ കോവിഡ് വ്യാപനത്തോടെ ലോക്ഡൗൺ ആയത് ഞങ്ങളെ ആശങ്കയിലാക്കി.  പടം ബാക്കി ഷൂട്ട് ചെയ്യാൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു.  ‘ഹൃദയം’ ഞങ്ങൾ തിയറ്ററിനുവേണ്ടി ചെയ്തതാണ്.  പടം പൂർത്തിയായപ്പോൾ ഭീകരമായ തുകയ്ക്ക് ഒടിടി ഓഫറുകൾ വന്നിരുന്നു.  പടം ഒടിടി ക്കു കൊടുത്താൽ എനിക്ക് ലാഭം കിട്ടും. പക്ഷേ ഈ പടത്തിനു പിന്നിൽ പ്രവർത്തിച്ച ഒരുപാടുപേരുണ്ട്.  കൂടാതെ ഞാനും ഒരു തിയറ്റർ ഉടമയാണ്.  

suchitra-vishakh

 

എനിക്ക് ഈ പടത്തിലുള്ള വിശ്വാസവും മെറിലാൻഡ് തിരിച്ചു വരുന്നത് തിയറ്ററിൽ കൂടി ആകണം എന്ന ആഗ്രഹവും തിയറ്ററുകളുടെ ഇപ്പോഴത്തെ അവസ്ഥയും എല്ലാം കൂടിയാണ് ഇത്രയും കാത്തിരുന്ന് ഈ പ്രതിസന്ധി ഘട്ടത്തിലും തിയറ്ററിൽ തന്നെ പടം എത്തിക്കാൻ കാരണം.   അതിൽ എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്.  അപ്രതീക്ഷിതമായി ഞായറാഴ്ച ലോക്ഡൗൺ ഒക്കെ പ്രഖ്യാപിച്ച സമയത്താണ് ലാഭം പോലും വേണ്ട എന്ന് തീരുമാനിച്ച് ഞങ്ങൾ പടം തിയറ്ററിൽ ഇറക്കിയത്.  കേരളത്തിലെ തിയറ്ററുകൾ പൂട്ടിപ്പോകരുത് എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്.  മൂന്നാഴ്ചയായി ‘ഹൃദയം’ മാത്രമേ തിയറ്ററുകളിൽ ഉള്ളൂ.  ഇപ്പോഴും പടം ഹൗസ്ഫുൾ ആയി ഓടുകയാണ്.  തിയറ്റർ ഉടമകളുടെ ബുദ്ധിമുട്ടുകൂടി കണ്ടിട്ടാണ് ഞാൻ തിയറ്ററിൽ റിലീസ് ചെയ്തു ഒരു മൂന്നുനാല് ആഴ്ച കഴിഞ്ഞു ഒടിടി റിലീസ് ചെയ്താൽ മതി എന്ന് തീരുമാനിച്ചത്. 

 

hridayam-producer-1

ആത്മവിശ്വാസം നൽകിയ പിന്തുണ 

 

‘ഹൃദയം’ എളുപ്പം ഷൂട്ട് ചെയ്യാൻ പറ്റുന്ന പടം ആയിരുന്നില്ല .  ഒരുപാട് ലൊക്കേഷൻ , ഒരുപാട് പുതിയ കുട്ടികൾ... ഒക്കെ ഉണ്ട്.  ഈ ഒരു സമയത്ത് തിയറ്ററുകൾ തുറക്കുമെന്ന വിശ്വാസം പോലും ഇല്ലാതിരിക്കുകയായിരുന്നു.  ഒരുപക്ഷെ വേറൊരു സംവിധായകനോ വേറൊരു നടനോ ആയിരുന്നെങ്കിൽ ഇത്ര എളുപ്പത്തിൽ എനിക്ക് ഹൃദയം പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു.  വിനീതും പ്രണവും ഈ രണ്ടുകൊല്ലം മുഴുവൻ എന്നോടൊപ്പം നിന്നു.  

 

2020 ജനുവരി മുതൽ 2022 ജനുവരി വരെ വിനീത് ഒരു പടത്തിൽ അഭിനയിക്കാനോ തിരക്കഥ എഴുതാനോ പടം ചെയ്യാനോ പോയില്ല. അതുപോലെ പ്രണവും മറ്റൊരു പടം ചെയ്തില്ല.  അതുപോലെ പ്രതിഫലം പോലും പടം ഇറങ്ങിക്കഴിഞ്ഞു മതി എന്ന് ഇവർ രണ്ടുപേരും പറഞ്ഞിരുന്നു.  ഒരു നിർമാതാവിന് ആത്മവിശ്വാസം തരുന്ന പെരുമാറ്റമായിരുന്നു അവരുടേത്.   ഇങ്ങനെ ഒരു സാഹചര്യം നീ ഒറ്റയ്ക്ക് നേരിടേണ്ട ഞങ്ങളെല്ലാം നിന്നോടൊപ്പം തന്നെ എപ്പോഴും ഉണ്ടാകും എന്ന് അവർ പറഞ്ഞു.  

 

visakh-vineeth-31

അതുപോലെ തന്നെ എന്നോടൊപ്പം എപ്പോഴും നിൽക്കാൻ പ്രണവിന്റെ കുടുംബവും ഉണ്ടായിരുന്നു.  സുചിത്ര ചേച്ചി ആണ് ഞങ്ങൾ പിള്ളേരെ എല്ലാം ഒരുമിച്ച് താങ്ങി നിർത്തിയത്.  ഞങ്ങൾക്ക് ഒരു പ്രതിസന്ധി വരുമ്പോൾ എപ്പോഴും   സുചിത്ര ചേച്ചിയുടെ ഒരു ഉപദേശം കിട്ടും.  സിനിമ റിലീസ് ചെയ്യുന്നതുവരെ ആ പിന്തുണ ഒപ്പമുണ്ടായിരുന്നു.  റിലീസ് ദിവസം ഒരു അഞ്ചു മണിക്കൂർ മുൻപേ ആണ് ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്.  സുചിത്രച്ചേച്ചി പറഞ്ഞു, ‘ഒരു കുഴപ്പവുമില്ല നിങ്ങൾ മുന്നോട്ടു പൊയ്‌ക്കോളൂ ഞാൻ കൂടെയുണ്ടെന്ന്’.   ഈ സിനിമ തിയറ്ററിൽ എത്തിക്കാൻ കാരണം ഇവർ എല്ലാം എനിക്ക് തന്ന വലിയ ഒപ്പമുള്ളതുകൊണ്ടാണ്.   

 

സുചിത്ര ചേച്ചിക്ക് ഇത് മക്കളുടെ സിനിമ 

 

pranav-visakh-1

സുചിത്ര ചേച്ചി അങ്ങനെ സ്ക്രിപ്റ്റ് കേൾക്കാൻ ഇരിക്കുന്ന ആളല്ല.  പക്ഷേ ‘ഹൃദയ’ത്തിന്റെ തിരക്കഥ വായിച്ചപ്പോൾ ഞങ്ങളുടെ കൂടെ ഇരിക്കുമോ എന്ന് ഞങ്ങൾ ചോദിച്ചു.  അപ്പുവും ചേച്ചിയും ഞാനും വിനീതും എല്ലാം ഒരുമിച്ചിരുന്നാണ് സ്ക്രിപ്റ്റ് കേട്ടത്.  സ്ക്രിപ്റ്റ് കേട്ടപ്പോൾ ചേച്ചി നന്നായി ആസ്വദിച്ചതായി തോന്നി.  ഇത് നന്നായി വരും എന്ന് പറഞ്ഞിട്ട് ആദ്യം മുതൽ തന്നെ ഈ ഒരു പ്രൊജക്ടിൽ ചേച്ചിയുടെ പിന്തുണയുണ്ട്.  ചെന്നൈയിൽ ഷൂട്ട് ചെയ്യുമ്പോൾ എവിടെയെങ്കിലും ലൊക്കേഷൻ കിട്ടിയില്ലെങ്കിൽ ചേച്ചിയുടെ ഇടപെടൽ കൊണ്ട് അത് കിട്ടിയിട്ടുണ്ട്.  അങ്ങനെ പല ലൊക്കേഷനും ചേച്ചി കാരണമാണ് കിട്ടിയത്.  ലോക്ഡൗൺ സമയത്തൊക്കെ നിരന്തരം വിളിച്ച് സിനിമയുടെ കാര്യങ്ങൾ അന്വേഷിക്കും ഞങ്ങൾക്ക് മാനസിക പിന്തുണ തരും.  ഞങ്ങളെ ഹൃദയത്തിനു പിന്നിൽ ഉറച്ചു നിൽക്കാൻ സഹായിച്ച നെടുംതൂൺ സുചിത്രച്ചേച്ചി തന്നെയാണ്.

 

പ്രേക്ഷകർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു 

vineeth-visakh

 

പ്രേക്ഷകരെ വിശ്വസിച്ചാണ് തിയറ്ററിൽ തന്നെ ഹൃദയം റിലീസ് ചെയ്തത്.  ആ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിയില്ല കാരണം ‘ഹൃദയം’ കാണാൻ തിയറ്ററുകളിലേക്ക് പ്രേക്ഷകർ ഒഴുകിയെത്തി.  തിരുവന്തപുരത്ത് തിയറ്ററുകൾ അടയ്ക്കുമ്പോഴും അവസാന ഷോ പോലും ഹൗസ്ഫുൾ ആയിരുന്നു.  കൊച്ചി, മലബാർ, ചെന്നൈ വരെ ഉള്ള തിയറ്റർ ഉടമകൾ വിളിച്ച് നന്ദി അറിയിച്ചു.  "ഞങ്ങൾ കടപ്പെട്ടു പോകേണ്ടതായിരുന്നു ഈ മാസത്തെ ലോൺ എന്ന് അടക്കുമെന്നു പേടിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് ഹൃദയം വന്നത്" എന്നൊക്കെ പറഞ്ഞു.  

pranav-visakh-2

 

തിരുവനന്തപുരത്ത് തിയറ്റർ അടച്ചപ്പോൾ വിഷമം തോന്നി.  കാരണം മെറിലാൻഡ് ബാനർ തിരികെ കൊണ്ടുവരുന്ന സിനിമ നമ്മുടെ സ്ഥലത്ത് പ്രദർശിപ്പിക്കാൻ കഴിയുന്നില്ലല്ലോ ആ ഒരു വിജയം സ്ഥലമായ തിരുവനന്തപുരത്ത് ആഘോഷിക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമമായിരുന്നു.  മെറിലാൻഡിനോട് തിരുവനന്തപുരംകാർ കാണിക്കുന്ന സ്നേഹം, മെറിലാൻഡ് തിരിച്ചുവരുന്ന സിനിമ ആഘോഷിക്കാൻ എന്റെ കുടുംബം മുഴുവൻ കാത്തിരുന്നതാണ്, അതുപോലെ എന്റെ ആദ്യ സിനിമ ‘ലവ് ആക്‌ഷൻ ഡ്രാമ’ ഏറ്റവും കൂടുതൽ ഓടിയതും തിരുവനന്തപുരത്ത് ആണ്.  തിരുവനന്തപുരത്ത് നിന്ന് അത്രമാത്രം ഫോൺ കാൾ എനിക്ക് വന്നിട്ടുണ്ട്.  ആദ്യ ദിവസം തന്നെ ബുക്ക് ചെയ്തു സിനിമ കണ്ടവർ വിളിച്ചിരുന്നു അന്ന് ഞാൻ തിയറ്ററിൽ ഉണ്ടായിരുന്നു.  ഇപ്പൊ വീണ്ടും തിയറ്റർ തുറന്നപ്പോൾ റിലീസ് ദിവസം പോലെ വീണ്ടും തിയറ്ററുകൾ നിറയുന്നത് കാണാൻ കഴിഞ്ഞു.  വളരെ സന്തോഷം തോന്നുന്നുണ്ട്.  പ്രേക്ഷകർ തന്ന സ്നേഹം കണ്ടു മനസ്സ് നിറഞ്ഞു.

 

kalyani-visakh

ഹൃദയത്തിൽ ലാഭനഷ്ടങ്ങൾ നോക്കുന്നില്ല 

 

ഹൃദയത്തിന്റെ ലാഭ നഷ്ടങ്ങൾ പുറത്തുപറയില്ല. ആ ഒരു രീതിയിലുള്ള പ്രചാരണം ഒന്നും വേണ്ട എന്ന് ഞാനും വിനീതും കൂടി എടുത്ത ഒരു തീരുമാനം ഉണ്ടായിരുന്നു.  അതുകൊണ്ടു കലക്‌ഷൻ വിവരങ്ങളൊന്നും പറയുന്നില്ല.  പക്ഷേ ഒന്ന് പറയാം പടം ലാഭം തന്നെ ആയിരുന്നു.  എനിക്ക് ലാഭത്തിൽ മാത്രമാണ് നഷ്ടം വന്നത്.  ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ ദൈവം എനിക്ക് തന്നു.  മൂന്നു ഞായറാഴ്ച ലോക്ഡൗൺ വരുമ്പോൾ തന്നെ അറിയാമല്ലോ ആ ദിവസങ്ങളിലെ കലക്‌ഷൻ നഷ്ടമാവുകയാണ് എന്നിട്ടും പടം നഷ്ടമായിട്ടില്ല.

 

ഒടിടി റിലീസ് ഉണ്ടാകും 

 

ഹൃദയം ഒടിടി റിലീസ് ഉണ്ടാകും. പക്ഷേ തീയതി തീരുമാനിച്ചിട്ടില്ല.  ഹൃദയത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റും ഒടിടി റൈറ്റ്സ് ഡിസ്നിയും സ്വന്തമാക്കിക്കഴിഞ്ഞു.  ഉടനെയൊന്നും സിനിമ തിയറ്ററിൽ നിന്നും പോകില്ല .  വാലന്റൈൻസ് ഡേ ആഴ്ച വരുകയാണ്.  ഈ ഒരു ആഴ്ച തിയറ്ററിൽ തന്നെ ഹൃദയം ഓടും, ഒടിടിയിൽ വന്നാലും തിയറ്ററിൽ സിനിമ ഉണ്ടാകും.  ഇത് തിയറ്ററിൽ തന്നെ കാണേണ്ട ചിത്രമാണ്.  സിനിമയുടെ ആകെത്തുകയായ ഭംഗി ആസ്വദിക്കണമെങ്കിൽ തിയറ്ററിൽ തന്നെ കാണണം.  ഒടിടിയിൽ വന്നാലും തിയറ്ററിൽ കാണാൻ ആഗ്രഹമുള്ളവർ പോയി കാണണം.  സിനിമയുടെ തിയറ്റർ അനുഭവം  നഷ്ടപ്പെടുത്തരുത്.

 

ചേട്ടന്റെയും അനുജന്റെയും സിനിമ ചെയ്തു വർഷം നാല് പോയി എന്ന് കേട്ടല്ലോ, വൈശാഖിന്റെ കാഴ്ചപ്പാടിൽ എങ്ങനെയാണ് ഈ രണ്ടു സംവിധായകരും 

 

വിനീതും ധ്യാനും എനിക്ക് നല്ല ഒരു കംഫര്‍ട്ട് സോൺ ആണ്.  ഞങ്ങളുടേത് ഏതു പ്രതിസന്ധിയിലും ഒരുമിച്ചു നിൽക്കുന്ന ഒരു കൂട്ടായ്മയാണ്.  ധ്യാൻ ആദ്യ പടം ‘ലവ് ആക്‌ഷൻ ഡ്രാമ’ ചെയ്തപ്പോൾ ഞാനും അജുവും ധ്യാനും ചേർന്ന് ഫൺടാസ്റ്റിക് സിനിമ എന്ന ഒരു ബാനർ ഉണ്ടാക്കി അതിന്റെ പേരിൽ ആണ് ആ ചിത്രം നിർമിച്ചത്.  വിനീത് നിർമിച്ച ഹെലൻ എന്ന ചിത്രത്തിന്റെ വിതരണം ഞങ്ങൾ ആയിരുന്നു.  എന്തുകൊണ്ടാണ് സുഹൃത്തുക്കളുടെ പടം മാത്രം ചെയ്യുന്നത് എന്ന് പലരും ചോദിക്കാറുണ്ട്.  

 

ഒരു പ്രതിസന്ധി വരുമ്പോഴാണ്  കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ പ്രാധാന്യം നമുക് മനസിലാകുന്നത്.  ‘ഹൃദയം’ റിലീസ് ചെയ്യാൻ രണ്ടു വർഷം എടുത്തു.  വിനീത് എന്റെ സുഹൃത്തും വർഷങ്ങളായി എന്നെ മനസ്സിലാക്കുന്ന ആളുമായതുകൊണ്ടാണ് എനിക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞത്.  പ്രൊഡക്‌ഷൻ കാര്യങ്ങളിൽ ഇവരും സിനിമ എങ്ങനെ ചെയ്യണം എന്നുള്ള കാര്യത്തിൽ ഞാനും ഇടപെടാറില്ല അവിടെയാണ് ഞങ്ങളുടെ വിജയം.  വിനീത് അല്ലെങ്കിൽ  ധ്യാനിന്  എങ്ങനെ ചെയ്യണം എന്ന് അറിയാം. അതുപോലെ നിർമാണ കാര്യങ്ങളിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും അത് വിശാഖ് നോക്കി ചെയ്തോളും എന്ന് അവർ പറയും.  അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു ബോണ്ടിങ് ഉണ്ട് അതുകൊണ്ടാണ് ഈ അഞ്ചു വർഷമായി ഞങ്ങളുടെ പടങ്ങൾ ഓടുന്നതും വിജയിച്ച ഒരു ടീമായി വർക്ക് ചെയ്യാൻ സാധിക്കുന്നതും.

 

സിനിമ ബജറ്റിൽ നിന്നും പുറത്തുപോയി

 

കോവിഡ് ഇല്ലാതിരുന്നെങ്കിൽ പോലും അത്യാവശ്യം ബജറ്റ്‌ ആകുമായിരുന്നു പടമാണ് ഹൃദയം.  അത്രമാത്രം ലൊക്കേഷനും ക്യാംപസും പിന്നെ ഒരു പന്ത്രണ്ടോളം കല്യാണങ്ങളും ഒക്കെ ഉണ്ട്.  ഫ്രെയ്മിൽ വരുമ്പോൾ കല്യാണങ്ങൾ രണ്ടോ മൂന്നോ സെക്കൻഡ്സ് മാത്രമേ കാണു. എങ്കിലും ഒരു കല്യാണത്തിന്റെ മുഴുവൻ ഡെക്കറേഷനും ചെയ്യണം.  കല്യാണത്തിന് വരുന്ന ബന്ധുക്കളുടെ കോസ്റ്റ്യൂം, പന്ത്രണ്ടു ലൊക്കേഷൻ ഇതെല്ലം റെഡി ആക്കണം.  

 

കോവിഡ് കാരണം കൂടുതൽ ചില ചിലവ് വന്നു.  ഇത്രയും ആളുകൾക്ക് ആർടിപിസിആർ, ഇത്രയും പേര് വാക്‌സിനേറ്റഡ് ആയിരിക്കണം അതിനു തന്നെ കുറെ ചെലവ് വന്നു അങ്ങനെ നോക്കുമ്പോൾ ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണ് ‘ഹൃദയം’.  ഞമ്മൾ എവിടെയും ചെലവ് ചുരുക്കി ചെയ്തിട്ടില്ല, ഒട്ടും കോംപ്രമൈസ് ചെയ്തിട്ടില്ല സിനിമ കാണുമ്പോൾ തന്നെ ആ ഒരു ഭംഗി മനസിലാകും.  വിനീത് ആയതുകൊണ്ടാണ് എനിക്ക് ഈ ബജറ്റിൽ എങ്കിലും നിർത്താൻ പറ്റിയത്.  

 

‘ഹൃദയം’ പണം നോക്കി ചെയ്തതല്ല.  ഞങ്ങളുടെ സ്വപ്നമായിരുന്നു ഹൃദയം.  ഹിന്ദിയിലെ ചില സിനിമകൾ ഇല്ലേ ദിൽ ചാഹ്താ ഹേ, സിന്ദഗി മിലേഗാ, മലയാളത്തിൽ ബാംഗ്ലൂർ ഡേയ്സ് അതുപോലെ എന്നും പ്രേക്ഷകർ മനസ്സിൽ ചേർത്ത് വയ്ക്കുന്ന എല്ലാവരും ഓർത്തിരിക്കുന്ന ഒരു ചിത്രം ആയിരിക്കണം ‘ഹൃദയം’ എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്.  തീയറ്ററിൽ ഇറങ്ങിയാലേ ഈ ഒരു അനുഭവം പ്രേക്ഷകർക്ക് കിട്ടൂ.  എനിക്ക് പോലും ഞാൻ കണ്ട ചില ചിത്രങ്ങൾ അത് റിലീസ് ചെയ്ത ദിവസം ഉൾപ്പടെ ഓർമയുണ്ട്.  ഓൺലൈൻ ബുക്കിങ് വരുന്നതിനു മുൻപ് ക്യുവിൽ നിന്ന് ടിക്കറ്റ് എടുത്തു ആർപ്പുവിളിയോടെ സിനിമ കണ്ടതൊന്നും  മറക്കാൻ കഴിയില്ല. അങ്ങനെ ചില അനുഭവങ്ങൾ എനിക്കും വിനീതിനുമൊക്കെ ഉണ്ട്.  ഞങ്ങളുടെ പടവും ഇതുപോലെ എല്ലാവരും ഓർത്തുവയ്ക്കുന്ന ഒരു സിനിമ ആയിരിക്കണം എന്ന സ്വപ്നം ആയിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്.

 

മെറിലാൻഡ് കുടുംബം ഹാപ്പി ആണ് 

 

മെറിലാൻഡിന്റെ ബാനറിൽ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് കുടുംബത്തിന് മുഴുവൻ ആകാംഷയുണ്ടായിരുന്നു.  എന്റെ ആദ്യ ചിത്രം വിജയിച്ചതുകൊണ്ടു അവർക്ക് എന്നിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു.  എന്നാലും വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്ത് തിയറ്ററിന് മുന്നിൽ ആൾക്കൂട്ടം രൂപപ്പെടുന്നത് കണ്ടാലേ നമുക്ക് റിസൾട്ട്  അറിയാൻ പറ്റൂ.  പടം നന്നായി വരുമെന്ന് വിനീതിനും എനിക്കും ആത്മവിശ്വാസമുണ്ടായിരുന്നു.  തിയറ്റർ അല്ലെങ്കിൽ ഒടിടി എന്ന ഓപ്‌ഷൻ ഉള്ളപ്പോൾ പടത്തിൽ വിശ്വാസമുള്ളതുകൊണ്ടാണ് ഞങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചത്.  അതുകൊണ്ടു എനിക്കും ധൈര്യമായി എന്റെ കുടുംബത്തിന് മുന്നിൽ തലയുയർത്തി നില്ക്കാൻ കഴിയുന്നുണ്ട്.  

 

ഇപ്പോൾ എനിക്ക് വരുന്നതിനേക്കാൾ കൂടുതൽ ഫോൺ കാളുകൾ എന്റെ അച്ഛനാണ് വരുന്നത്.  മോൻ ചെയ്ത പടം കൊള്ളാം, മെറിലാൻഡിന്റെ ലോഗോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നൊക്കെ ഉള്ള കമന്റുകൾ എന്റെ അച്ഛനും അമ്മാവൻമാർക്കും ലഭിക്കുന്നുണ്ട്.  അതിൽ ഞാൻ സന്തോഷവാനാണ്.  ആളുകൾ ഇപ്പോഴും ഓർത്തിരിക്കുന്ന മെറിലാൻഡ് എന്ന ബാനറിൽ നല്ല ഒരു ചിത്രം ചെയ്തതിൽ അച്ഛനും അമ്മയും സന്തോഷത്തിലാണ്. 

 

വിനീതിനോടാണ് എനിക്ക് കടപ്പാട്.  ഈ രണ്ടുവർഷവും വിനീതിന്റെ കഠിനാദ്ധ്വാനം ഞാൻ കണ്ടതാണ് അതിന്റെ ഫലമാണ് ഈ വിജയം.  ഒരു സുഹൃത്ത് എന്ന രീതിയിലാണ് ഞാൻ വിനീതിനോടൊപ്പം നിന്നത്.  വിനീത് കാരണമാണ് മെറിലാൻഡിന്റെ ബാനർ തിരിച്ചു വന്നത്.  ഈ സിനിമ വഴി കുറെ പുതിയ താരങ്ങൾ വന്നിട്ടുണ്ട് അതുപോലെ സംഗീത സംവിധായകൻ ഹിഷാമിന്‌ കഴിവ് തെളിയിക്കാൻ ഒരു അവസരമുണ്ടായി, വിശ്വ എന്ന കാമറാമാൻ, അശ്വിൻ, ദിവ്യ തുടങ്ങി ഒരുപാടുപേരുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു പ്രൊജക്റ്റായി ഹൃദയം മാറിയത് വിനീത് കാരണമാണ്.  ഈ സിനിമയുടെ മുഴുവൻ ക്രെഡിറ്റും വിനീതിന് അവകാശപ്പെട്ടതാണ്.

 

പ്രണവിന്റെ കരിയർ ബെസ്റ്റ് 

 

പ്രണവുമായി ചെറുപ്പം മുതൽ ഉള്ള സൗഹൃദമാണ്.  ഒരാൾ അഭിനയിക്കുമ്പോൾ തന്നെ അയാളുടെ കഴിവ് എത്രമാത്രമുണ്ടെന്നു നമുക്ക് മനസിലാകും. പക്ഷെ പ്രണവ് അഭിനയിക്കുന്ന ഓരോ ഫ്രെയിമും കാണുമ്പോൾ ഞങ്ങളുടെ ക്രൂ മെമ്പേർസിന് ഭയങ്കര അതിശയമായിരുന്നു ഇത്രയും കഴിവ് ഈ പയ്യന്റെ ഉള്ളിൽ ഉണ്ടായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്.  അതുകൊണ്ടു തന്നെയാണ് ഈ ചിത്രം തിയറ്ററിൽ തന്നെ എത്തിക്കണം എന്ന് കരുതിയത്.  പ്രണവ് ഇഷ്ടമില്ലാതെ സിനിമയിൽ വന്നതാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്.  പക്ഷേ പ്രണവ് ചെയ്ത സിനിമകൾ ഒന്നും ഉഴപ്പി ചെയ്തിട്ടില്ല.  ചെയ്ത നാല് പടങ്ങളും 100% ആത്മാർഥതയോടെയാണ് ചെയ്തത്.  

 

6:30 നു ഷൂട്ട് ഉണ്ടെങ്കിൽ 6 മണിക്ക് തന്നെ പ്രണവ് സെറ്റിൽ എത്തിയിരിക്കും.  കാരവൻ കൊടുത്തിട്ടുണ്ടെങ്കിലും അവിടെ ബാക്കി കുട്ടികളെ കൂടി വിളിച്ച് ഇരുത്തുകയും എല്ലാവരുടെയും സുഖ സൗകര്യങ്ങൾ നോക്കുകയും ചെയ്യുമായിരുന്നു.  ഈ സിനിമ വിജയിച്ചിട്ടുണ്ടങ്കിൽ ആ വിജയം പ്രണവ് അർഹിക്കുന്നു.  അഭിനേതാവിനേക്കാൾ  കൂടുതൽ പ്രണവ് ഒരു മനുഷ്യസ്നേഹിയാണ്.  പ്രണവിന്റെ വിജയത്തിൽ ഞങ്ങൾ എല്ലാവരും സന്തോഷിക്കുന്നു.

 

കല്യാണി പെട്ടി ചുമപ്പിച്ചു എന്ന് കേട്ടല്ലോ

 

അത് രസകരമായ ഒരു സംഭവമായിരുന്നു.  ഞങ്ങൾ മൂന്നാറിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ക്രൂ വളരെ കുറച്ചു മതി എന്ന് വിനീത് പറഞ്ഞു.  സ്ത്രീകൾക്ക് കുറെയധികം ലഗ്ഗേജ് ഉണ്ടല്ലോ.  എന്റെ സാധനങ്ങൾ എടുക്കാൻ എല്ലാവരും സഹായിച്ചാൽ മതി എന്ന് കല്യാണി പറഞ്ഞു.  മൂന്നാറിൽ ബസ് ഇറങ്ങി ഞാനും സിത്താരയും കല്യാണിയും നടന്നു തുടങ്ങിയപ്പോൾ "ഹേ ഇവിടെ വരൂ ദാ ഇതുകൂടി എടുക്കൂ"  എന്ന് കിലുക്കം സ്റ്റൈലിൽ രേവതി മാം ചെയ്തതുപോലെ ബാഗുമെടുത്ത് ഒറ്റ നടത്തം.  

 

എല്ലാവരും മലകയറി മുകളിൽ എത്തിയിട്ടും ഞാനും കല്യാണിയും സിത്താരയും കൂടി ബാഗും ചുമന്നു നടക്കുകയാണ്.  ആ സംഭവം ഓർക്കുമ്പോൾ കിലുക്കത്തിലെ ജോജി പറഞ്ഞതുപോലെ "ഏതു സമയത്താണോ എനിക്കീ ബുദ്ധി തോന്നിയത്" എന്ന സീൻ ആണ് ഓർമ്മവരുന്നത്.  ഓർക്കുമ്പോൾ തന്നെ ചിരി വരും.  ഞങ്ങൾ തമ്മിൽ അവിടെ തുടങ്ങിയ സൗഹൃദമാണ്.  പ്രിയൻ അങ്കിളും എന്റെ അച്ഛനും വലിയ സുഹൃത്തുക്കളാണ്.  ഇപ്പോൾ എന്ത് സംശയമുണ്ടെങ്കിലും "വിശാഖേട്ടാ ഇതെന്താണ്" എന്ന് കല്യാണി വിളിച്ചു ചോദിക്കും.  ഈ പ്രോജക്റ്റ് ഒരു സിനിമ എന്നതിലുപരി ഇതിൽ ഉൾപ്പെട്ട എല്ലാവരും ഒരു കുടുംബംപോലെ ആയി.  ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും പിരിയാൻ വിഷമമായിരുന്നു.

 

പുതിയ പ്രോജക്ടുകൾ 

 

ഫൺടാസ്റ്റിക്കിന്റെ ബാനറിൽ രണ്ടുമൂന്നു പ്രോജക്ടുകൾ ചെയ്യാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ.  മെറിലാൻഡ് പ്രോജക്ടുകൾ ആലോചിച്ചു മാത്രമേ ചെയ്യൂ. മെറിലാൻഡ് ബാനറിൽ ചെയ്യാൻ ഒരുപാട് പേര് സമീപിക്കുന്നുണ്ട്. പക്ഷേ ഹൃദയം പോലെ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന നല്ല ചിത്രങ്ങൾ മാത്രമേ മെറിലാൻഡിന്റെ ബാനറിൽ ചെയ്യൂ.  ഞാനും വിനീതും പ്രണവും ചേർന്ന കൂട്ടുകെട്ടിൽ  ഒരു ചിത്രം കൂടി ചെയ്യണം എന്ന്  വിനീതിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.  നല്ല ഒരു സ്ക്രിപ്റ്റ് കിട്ടിയാൽ എപ്പോഴെങ്കിലും മെറിലാൻഡ് ബാനറിൽ തന്നെ ഞങ്ങൾ അത് ചെയ്യും .  ഇപ്പോൾ ഫൺടാസ്റ്റിക്കിന്റെ ബാനറിൽ ധ്യാനിന്റെ തിരക്കഥയിൽ ചെയ്ത ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com