ADVERTISEMENT

സ്കൂളിലും കോളജിലുമെല്ലാം നല്ല കുട്ടിയായിരുന്ന ബിജു മേനോൻ ജീവിതത്തിൽ ഒരിക്കൽ മാത്രമേ തല്ലു വാങ്ങിയിട്ടുള്ളു. പക്ഷേ, അതൊരു ഉശിരൻ തല്ലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ‘ഇരുമ്പഴികൾ’ എന്ന സിനിമ കാണാൻ തൃശൂർ ജോസ് തിയറ്ററിൽ പോയതാണ്. ഗേറ്റിനു മുൻപിൽ പൂരത്തിന്റെ തിരക്ക്. തിരക്കിനിടയിലൂടെ ഇടികൂടിയും നുഴഞ്ഞുകയറിയും ഒരുവിധത്തിൽ മുൻപിലെത്തി. ഗേറ്റ് തുറന്നപ്പോൾ ഇടംവലം നോക്കാതെ, ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി ഒറ്റ ഓട്ടം. പെട്ടെന്ന് പിന്നിൽനിന്ന് ആജാനുബാഹുവായ ഒരാൾ പിടിച്ചു വലിച്ച് കരണത്ത് ഒന്നു പൊട്ടിച്ചു. അപ്പോഴാണ് തന്റെ കയ്യിൽ കുരുങ്ങിക്കിടക്കുന്ന വലിയ സ്വർണമാല ബിജുവിന്റെ ശ്രദ്ധയിൽപെട്ടത്. ബഹളത്തിനിടയിൽ എങ്ങനെയോ പൊട്ടിപ്പോയ മാല തട്ടിപ്പറിച്ചതാണെന്നു കരുതിയാണ് അയാൾ അടിച്ചത്. ബിജു വാവിട്ടു കരഞ്ഞുപോയി. ചുറ്റും കൂടിയവർക്ക് സ്കൂൾ യൂണിഫോമിൽനിന്ന പയ്യന്റെ നിരപരാധിത്വം മനസ്സിലായി. അന്നു സിനിമ കാണാൻ പോലും നിൽക്കാതെ ബിജു വീട്ടിലേക്കു തിരിച്ചോടി. ആ അടിയുടെ ഓർമ ഏറെനാൾ മനസ്സിനെ വേദനിപ്പിച്ച് അങ്ങനെ കിടന്നു.

 

സ്കൂളിലും കോളജിലുമൊക്കെ അത്രയ്ക്ക് ശാന്തനായിരുന്നോ?

 

ചെറിയ തമാശകളും കുസൃതികളുമൊക്കെ ഉണ്ടായിരുന്നു. എങ്കിലും ആരുമായും തല്ലുകൂടിയിട്ടില്ല. ഒരു പൊലീസുകാരന്റെ മകൻ ആയിരുന്നതുകൊണ്ട് മറ്റുകുട്ടികളൊന്നും അത്രപെട്ടെന്ന് എന്നോട് ഉടക്കില്ലായിരുന്നു. അച്ഛന് പേരുദോഷം ഉണ്ടാകുമെന്നു കരുതി ഞാനും ആരോടും മുട്ടാൻ പോകാറില്ലായിരുന്നു.

 

പക്ഷേ, സിനിമയിലെത്തിയപ്പോൾ തല്ലുന്ന വീരനായകനായല്ലോ?

 

അതങ്ങനെ സംഭവിച്ചതാണ്. എന്റെ ശരീര പ്രകൃതിയായിരിക്കും അതിനു കാരണം. നാലും അഞ്ചും അടികളുള്ള കഥകളാണ് എന്നെത്തേടിവരുന്നത്. എന്തോ എനിക്കതിലൊന്നും വലിയ താൽപര്യം തോന്നാറില്ല. എനിക്കു കൂടുതൽ ഇഷ്ടം നാടൻ വേഷങ്ങളാണ്. സിനിമാ നടനായി എന്നതൊഴിച്ചാൽ ഞാൻ തീർത്തും സാധാരണക്കാരനാണ്. അയ്യപ്പനും കോശിയിലും അടിയുണ്ടെങ്കിലും അതിനു പിന്നിൽ ചില ജീവിതങ്ങളും അവരുടെ കഥകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ജനം അതെപ്പറ്റി സംസാരിക്കുന്നത്.

 

തെക്കൻ തല്ലുകേസ് ഒരു അടിപ്പടം അല്ലേ?

 

ഇതിൽ നല്ല ഒന്നാന്തരം അടിയുണ്ട്. പക്ഷേ, ഇതൊരു അടിപ്പടമല്ല. ജി.ആർ.ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക്് ആധാരം. അതിനെ തിരക്കഥയാക്കിയപ്പോൾ കുറച്ചുകൂടി മനോഹരവും ശക്തവുമായി. 85–86 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്. നൂറുശതമാനം നീതി പുലർത്തിയാണ് ആ കാലഘട്ടം പുനഃസൃഷ്ടിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ രൂപത്തിലും വേഷത്തിലുമൊക്കെ ആ കാലഘട്ടം നിഴലിച്ചു കാണാം. കൊല്ലത്തെ ഒരു ഗ്രാമവും അവിടത്തെ ജീവിതവുമാണ് പശ്ചാത്തലം. വൈകാരിക മുഹൂർത്തങ്ങളും പ്രണയവും ഒക്കെയുള്ള നല്ലൊരു കുടുംബചിത്രം ആയിട്ടാണ് ഞാനതിനെ കാണുന്നത്.

 

ഇതിൽ രണ്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുണ്ട്. നിമിഷ സജയനും പത്മപ്രിയയുമാണ് ആ വേഷങ്ങൾ ചെയ്യുന്നത്. റോഷൻ മാത്യു അവതരിപ്പിക്കുന്ന പൊടിയൻ എന്ന കഥാപാത്രവും വളരെ പ്രധാനപ്പെട്ടതാണ്.

 

പുതുമുഖ സംവിധായകനായ എൻ. ശ്രീജിത്ത് എങ്ങനെയാണ് ബിജുമേനോനിലേക്ക് എത്തിയത്?

 

ഞാൻ അഭിനയിച്ച പകിട എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായിരുന്നു ശ്രീജിത്തും രാജേഷ് പിന്നാടനും. വേറെ ഒന്നുരണ്ട് കഥകൾ ഇവരുമായി ചർച്ച ചെയ്തിരുന്നു. ഒടുവിൽ ഈ കഥയിൽ എത്തി. ഈ ചിത്രം രാജേഷ് എഴുതി ശ്രീജിത്ത് സംവിധാനം ചെയ്യുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com