പ്രണവിനും തമിഴിൽ ക്ഷണം വന്നപ്പോൾ ചെയ്യുന്നില്ലെന്ന് പറഞ്ഞു: വിനീത് ശ്രീനിവാസൻ അഭിമുഖം
Mail This Article
മലയാള സിനിമകളിൽ അഭിനയിക്കുന്ന, എഴുതി സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസൻ എന്തുകൊണ്ടാണു ചെന്നൈയിൽ നിന്നു നാട്ടിലേക്കു താമസം മാറാത്തത്? തമിഴ് സിനിമയിൽ അഭിനയിക്കില്ലെന്നു പറയുന്നത്? സിനിമ എഴുതാൻ പാട്ടിനെ കൂട്ടുപിടിക്കുന്നത്? വിനീത് നായകനായ പുതിയ സിനിമ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ തിയറ്ററുകളിൽ എത്തിയ വേളയിൽ വിനീത് സംസാരിക്കുന്നു.
അഡ്വ.മുകുന്ദൻ ഉണ്ണിയുടെ തന്ത്രങ്ങൾ
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമയിലെ കഥാപാത്രം ശരിക്കുമുള്ള എന്നെക്കാൾ സൗമ്യനാണ്. പക്ഷേ, മുകുന്ദൻ ഉണ്ണി അയാളെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്. സ്വന്തം വിജയം മാത്രമാണു ലക്ഷ്യം. പലപ്പോഴും ആ കഥാപാത്രത്തിന്റേത് അപ്രതീക്ഷിത നീക്കങ്ങളാണ്. ആളുകൾക്കു കൗതുകം തോന്നുന്ന പ്രചാരണരീതിക്കു ശ്രമിക്കാമെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക് പറഞ്ഞിരുന്നു. മുകുന്ദൻ ഉണ്ണി എന്ന പേരിൽ സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങുന്നതൊക്കെ അഭിനവിന്റെ ആശയത്തിലാണ്. ആ കഥാപാത്രത്തിന്റെ സ്വഭാവം എന്തെന്നു വ്യക്തമാകുന്ന തരത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റുകളും.
തിരക്കഥയെഴുത്തിൽ സ്വന്തമായുള്ള ചില ‘ടെക്നിക്കുകൾ’ ഉണ്ടല്ലോ. എന്താണത് ?
ആശയങ്ങൾ തോന്നുമ്പോൾത്തന്നെ മൊബൈൽ ഫോണിൽ ശബ്ദമായി റിക്കോർഡ് ചെയ്തു വയ്ക്കും. ആലോചിച്ച് പിന്നീട് എഴുതാനിരുന്നാൽ ആ ആശയത്തിന് അത്ര മുറുക്കമുണ്ടാകില്ല. ചില ഡയലോഗുകളും അങ്ങനെയാണ്. ആശയം ഓർമയിലുണ്ടാകും. ആ വാചകം അതേ പോലെ കിട്ടില്ല. നമ്മുടെ ശബ്ദത്തിൽത്തന്നെ റിക്കോർഡ് ചെയ്തു പിന്നെ കേൾക്കുമ്പോൾ എവിടെയിരുന്നാണ് അതു ചെയ്തത്, അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരുന്നു എന്നെല്ലാം ഓർമയിൽ വരും. എഴുതുന്ന രംഗത്തിന്റെ മൂഡ് എന്താണോ അതിനു പറ്റുന്ന ഒരു പാട്ട് ആവർത്തിച്ചു കേൾക്കാറുണ്ട്. കൃത്യമായി കഥാപാത്രത്തിനു വേണ്ട മാനസികാവസ്ഥയിലേക്ക് എത്തുമ്പോൾ, മുൻപ് റിക്കോർഡ് ചെയ്ത ശബ്ദങ്ങൾ കേൾക്കും. തുടർന്നാണ് എഴുതുക. ഇങ്ങനെയാണ് എന്റെ രീതി.
വിനീതിന്റെ താമസം ചെന്നൈയിലാണ്. നാടിനെയും നാട്ടിലെ അനുഭവങ്ങളും എങ്ങനെയാണ് അറിയുന്നത് ?
ഞാൻ ചെന്നൈയിലാണു താമസമെങ്കിലും മാസത്തിൽ അഞ്ചാറുദിവസം കേരളത്തിലാണ്. പൂർണമായും നാട്ടിൽ നിന്നു മാറിനിൽക്കുന്നില്ല. കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾക്ക് നാടിനോടു വേറെ രീതിയിലുള്ള അടുപ്പമാണ്. ചെന്നൈയിൽ ജീവിക്കുമ്പോഴും എനിക്കു തലശ്ശേരി മിസ് ചെയ്യാറുണ്ട്. അതിൽ നിന്നാണ് ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയുണ്ടായത്. ചെന്നൈയിൽ ആരുമെന്നെ തിരിച്ചറിയാത്ത സ്ഥലത്താണു താമസം. അതുകൊണ്ട് സാധാരണ ജീവിതം എനിക്കു നഷ്ടമായിട്ടില്ല. തമിഴ് സിനിമകളിൽനിന്ന് അഭിനയിക്കാൻ വിളി വന്നതാണ്. അവിടെ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടാൽ വേറെ രീതിയിലാണ് നമ്മളെ ആളുകൾ കാണുക. അപ്പോൾ പഴയ സ്വാതന്ത്യ്രം പോകും. പ്രണവിന് തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം വന്നപ്പോൾ ചെയ്യുന്നില്ലെന്നു പറഞ്ഞു. പ്രണവും അത്തരം സ്വാതന്ത്ര്യം വേണമെന്നുള്ളയാളാണ്.
പുതിയ സിനിമകൾ ?
കുറച്ചു നാളായി മനസ്സിലുള്ള ഒരു കഥ വളർന്നു വരുന്നുണ്ട്. അതുകൊണ്ട് ഫോണിൽ വീണ്ടും ശബ്ദം റിക്കോർഡ് ചെയ്തു തുടങ്ങി. അടുത്ത വർഷം എഴുതിത്തുടങ്ങും. 2024ൽ ആകും ചിത്രീകരണം. അഭിനയിക്കാൻ കുറച്ചു സിനിമകളുണ്ട്. അതു കഴിഞ്ഞാകും എഴുത്ത്.
അച്ഛൻ ശ്രീനിവാസന്റെ ഒപ്പം അഭിനയിക്കുന്ന സിനിമ ?
‘കുറുക്കൻ’ എന്ന സിനിമയാണ്. അച്ഛന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം സിനിമയിൽ അഭിനയിച്ചിട്ട് ഒരു വർഷത്തിൽ അധികമായി. സിനിമയാണ് അച്ഛനുള്ള വലിയ മരുന്ന്. ഡയലോഗ് പഠനവും മറ്റുമായി ഇപ്പോൾ തിരക്കിലാണ്. വീണ്ടും സിനിമ എഴുതാനുള്ള പദ്ധതികൾ അച്ഛനുണ്ട്. പക്ഷേ, ഉടനെ എഴുത്തു തുടങ്ങിയാൽ സിഗരറ്റ് വലിക്കുമോ എന്ന പേടി ഞങ്ങൾക്കുള്ളതുകൊണ്ട് കുറച്ചു കഴിഞ്ഞ് ആയാലും മതി എഴുത്ത്.
ശിഷ്യൻ ബേസിൽ അഭിനയിച്ച് സിനിമകൾ ഹിറ്റാക്കുന്നു. ഉപദേശങ്ങൾ എന്തെങ്കിലും ?
വരുന്ന ഫെബ്രുവരി വരെ അഭിനയിച്ചശേഷം, കുറച്ചുനാൾ അഭിനയം നിർത്തി അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോകുമെന്നാണാണു ബേസിൽ പറഞ്ഞത്. തുടർച്ചയായി സിനിമകൾ വിജയിക്കുന്നതുകൊണ്ടും പ്രേക്ഷകർക്കു ബേസിലിനുമേൽ ഒരു വിശ്വാസം ഉള്ളതിനാലും അഭിനയം തുടരുന്നതാണ് ഇപ്പോൾ അവനു നല്ലത്. ഞാനും അവനും തമ്മിൽ സാമ്യമുണ്ട്. രണ്ടു പേരും അഭിനയിക്കുന്നുവെങ്കിലും സംവിധാനത്തിലാണ് മനസ്സ്.