‘ആർഡിഎക്സ്’ ടീമിനെ വിറപ്പിച്ച വില്ലൻ; വിഷ്ണു അഗസ്ത്യ അഭിമുഖം
Mail This Article
ഓണത്തിനിറങ്ങിയ ചിത്രങ്ങളിൽ മൗത്ത് പബ്ലിസിറ്റിയിലൂടെ സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ്. തിയറ്ററിൽ കയ്യടി നേടിയത് ഷെയ്ൻ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ്, ബാബു ആന്റണി എന്നിവരുടെ മാസ് പ്രകടനങ്ങൾ ആണെങ്കിലും, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഏറ്റവും കൂടുതൽ സംസാരിച്ചത് കട്ട വില്ലനായി അഴിഞ്ഞാടിയ വിഷ്ണു അഗസ്ത്യയെക്കുറിച്ചാണ്. ആളൊരുക്കത്തിലൂടെ വരവ് അറിയിച്ച വിഷ്ണു അഗസ്ത്യയിലെ നടനെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് കരിക്കിന്റെ വെബ് സീരീസുകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ഈയടുത്ത് ഇറങ്ങിയ രഞ്ജൻ പ്രമോദ് ചിത്രം ഒ ബേബിയിലൂടെയുമാണ്. പ്രേക്ഷകർക്ക് പരിചിതമായ മുഖത്തിൽ നിന്ന് താരപരിവേഷമുള്ള അഭിനേതാവിലേക്കുള്ള വരവ് അറിയിക്കുന്ന ചിത്രമാണ് ആർഡിഎക്സും അതിലെ പോൾസൺ എന്ന കഥാപാത്രവും. സിനിമ മോഹിച്ചു നടന്ന യുവാവിൽ നിന്ന് വിജയചിത്രത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോൾ വിഷ്ണു പറയുന്നു, "ഒരു പടം വരും. അതു ഹിറ്റാകും. പ്രേക്ഷകർ കാണും... എന്നു പറയുന്നതു വരെയേ സ്വപ്നം കാണാൻ പറ്റൂ. അതിനപ്പുറത്ത് സിനിമ ആഘോഷിക്കപ്പെടുകയും സ്പെഷൽ ഷോകൾ വരെ ഹൗസ്ഫുൾ ആവുകയും ചെയ്യുന്ന ലെവലിലേക്ക് സിനിമ പോയതിൽ ഹാപ്പിയാണ്. അല്ലാതെ എനിക്ക് സൂപ്പർ കോൺഫിഡൻസ് ഒന്നുമില്ല."
70 പ്ലസിൽ നിന്ന് 62ലേക്ക് പോൾസൺന്റെ മേക്കോവർ
സംവിധായകൻ നിഹാസ് പോൾസൺ എന്ന കഥാപാത്രം ചെയ്യാൻ തമിഴ്–തെലുങ്കു ഇൻഡസ്ട്രിയിൽ നിന്നുള്ളവരെയൊക്കെയാണ് ആദ്യം നോക്കിയിരുന്നത്. അതിനായി ഒരുപാട് സ്ഥലങ്ങളിൽ പോയി. ആ സമയത്താണ് അശ്വിൻ എന്ന സുഹൃത്ത് ഞാൻ അഭിനയിച്ച ഇൻസോമ്നിയ നൈറ്റ്സ് നഹാസിന് അയച്ചു കൊടുക്കുന്നത്. അതു കണ്ടതിനു ശേഷം നഹാസ് എന്നെ വിളിച്ചു. ഒന്നു നേരിൽ കാണണമെന്നു പറഞ്ഞു. ആ സമയത്ത് എനിക്ക് തടിയുണ്ട്. ഞങ്ങൾ അന്ന് സംസാരിച്ചപ്പോൾ നഹാസിന്റെ മനസിലുള്ള കഥാപാത്രത്തിന്റെ ഏകദേശ രൂപം എനിക്കു പിടി കിട്ടി. അപ്പോഴും സമാന്തരമായി അദ്ദേഹം വേറെ ആളുകളെ നോക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ചയിൽ ഞാനൽപം ഭാരം കുറച്ചിട്ട് നഹാസിനെ പോയി കണ്ടു. എന്നിട്ടു ചോദിച്ചു, ഞാൻ ഈ കഥാപാത്രത്തിനായി ഒരു ശ്രമം നടത്തിക്കോട്ടെ? അതിന്റെ ഉത്തരവാദിത്തമൊന്നും താങ്കൾ എടുക്കേണ്ടതില്ല. ഞാനൊന്നു ശ്രമിച്ചു നോക്കുന്നതാണ് എന്ന്. അതിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ നേരിൽ കണ്ടു. അപ്പോൾ നഹാസ് കുറച്ചു സീനുകളെക്കുറിച്ച് സംസാരിച്ചു.
ഞാൻ ആ കഥാപാത്രത്തിനു വേണ്ടി ഞാൻ വർക്ക് ചെയ്യുന്നുണ്ടെന്നു അദ്ദേഹത്തിനു തോന്നിയതുകൊണ്ടായിരിക്കണം അന്ന് വിശദമായി സംസാരിച്ചത്. അന്നാണ് പോൾസൺ എന്ന കഥാപാത്രത്തിന്റെ കണ്ണുകളെക്കുറിച്ച് നഹാസ് പറയുന്നത്. പോൾസൺന്റെ കണ്ണുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. അതിലൂടെ ചില കാര്യങ്ങൾ സിനിമയിൽ പറയാൻ ശ്രമിക്കുന്നുണ്ടെന്ന് നഹാസ് പറഞ്ഞു. പിന്നീടൊരു ദിവസം നഹാസ് എന്നെ വിളിച്ചു പറഞ്ഞു, "മച്ചാനെ... നിങ്ങളാണ് പൊൾസണെ ചെയ്യുന്നതെന്ന്"! നഹാസിന് എന്നിൽ ഒരു വിശ്വാസം തോന്നിയിരിക്കണം. ഞാനപ്പോഴേക്കും ശരീരഭാരം 70 പ്ലസിൽ നിന്ന് 62 കിലോയിൽ എത്തിച്ചിരുന്നു. എന്നെ വില്ലനായി കാസ്റ്റ് ചെയ്തത് നിർമാതാവ് സോഫിയ പോൾ അംഗീകരിച്ചു. എന്നെപ്പോലെ പുതിയ ഒരാളെ, സിനിയുടെ ഡാർക്ക് സൈഡിന്റെ നെടുംതൂണായി വയ്ക്കാൻ അവർ കാണിച്ച ധൈര്യമാണ് എന്നെ പോൾസൺ ആക്കിയത്. ഒരു പുതുമുഖത്തോടെന്ന പോലെയല്ല ഒരു ആക്ടർ എന്ന നിലയിലാണ് പ്രൊഡക്ഷൻ ടീം എന്നെ എല്ലാ സമയത്തും പരിഗണിച്ചതും ചേർത്തു നിറുത്തിയതും.
ആദ്യം പഠിച്ചത് വീഴാൻ
കഥാപാത്രം ഓകെ ആയതിനു ശേഷം ഞാൻ അതിൽ അൽപം കൂടി ഗൗരവത്തോടെ വർക്ക് ചെയ്യാൻ തുടങ്ങി. ഉത്തരേന്ത്യയിൽ ആക്ടിങ് കോഴ്സിനോക്കെ നേതൃത്വം നൽകുന്ന ഒരു കക്ഷിയുണ്ട്. ജോയ് ആശാൻ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുക. കൊച്ചിക്കാരനാണ്. അതുകൊണ്ട്, സിനിമയിൽ പറയുന്ന കാലഘട്ടത്തിലെ കൊച്ചിയുടെ കൾച്ചർ അദ്ദേഹത്തിന് പരിചിതമാണ്. അദ്ദേഹത്തോടു ധാരാളം സംസാരിച്ചു. പിന്നെ മട്ടാഞ്ചേരിയിൽ അക്കർ എന്നൊരു സുഹൃത്തുണ്ട് എനിക്ക്. അദ്ദേഹത്തിനൊപ്പം ധാരാളം സമയം ഞാൻ ചെലവഴിച്ചു. പോൾസണെ പരുവപ്പെടുത്തുന്നതിൽ അദ്ദേഹവും എന്നെ സഹായിച്ചു. പിന്നെ, അൻപറിവ് മാസ്റ്ററിനൊപ്പം വർക്ക് ചെയ്യണമെങ്കിൽ ഞാനും ഒന്നു ഒരുങ്ങണമല്ലോ. എന്നാലല്ലേ അവർ പറയുന്ന മൂവ്മെന്റുകൾ വേഗത്തിൽ ചെയ്യാൻ പറ്റൂ. അതിനായി ഞാൻ ട്രെയിനിങ് എടുത്തു.
നഹാസിനോടോ പ്രൊഡക്ഷൻ ടീമിനോടോ പറയാതെയാണ് ഞാൻ ട്രെയിനിങ്ങിനു പോയത്. സെറ്റിൽ പോയി പഠിക്കാമെന്നല്ല ഞാനോർത്തത്. സെറ്റിൽ അവർക്ക് പെട്ടെന്ന ഉപകാരപ്പെടുന്ന ആളാകണം എന്നായിരുന്നു മനസിൽ. സുരക്ഷിതമായി വീഴാനാണ് ആദ്യം പഠിച്ചത്. ലാൻഡിങ് സേഫ് ആകാൻ പരിശീലിച്ചു. കൂടാതെ, വളരെ പവർ പാക്ക്ഡ് മൂവ്മെന്റുകൾ ചെയ്യുമ്പോൾ കൂടെ ചെയ്യുന്ന വ്യക്തിക്ക് ഇടി കൊള്ളാതെ എങ്ങനെ നിയന്ത്രിതമായി സ്റ്റണ്ട് ചെയ്യാമെന്നും പരിശീലിച്ചു. ശരിക്കും ശാരീരിക അച്ചടക്കം വേണ്ട പരിപാടിയാണ് ഫൈറ്റ്. ഞാൻ ഭയങ്കര ഗംഭീരമായി ആക്ഷൻ ചെയ്തോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എന്റെ കയ്യിൽ നിന്ന് ആർക്കും അടി വീണിട്ടില്ല. അപകടം പറ്റിയിട്ടില്ല.
കണ്ണിന്റെ ക്രെഡിറ്റ് സംവിധായകന്
സിനിമ റിലീസായതിനു ശേഷം പലരും എന്റെ കണ്ണുകളെക്കുറിച്ച് പരാമർശിച്ചു. ലൗഡ് മൂവ്മെന്റ് അല്ലാതെ ഉള്ളിലെ തീഷ്ണ മുഖത്തും കണ്ണിലും വന്നാൽ ഹാപ്പിയാണെന്നായിരുന്നു സംവിധായകൻ നഹാസ് ബ്രോ പറഞ്ഞത്. എന്നു കരുതി ആവശ്യമില്ലാതെ കണ്ണു തുറുപ്പിച്ചാൽ ബോറാകും. ആ കഥാപാത്രത്തിന്റെ അകത്തെ തീയാണ് കണ്ണിൽ പ്രതിഫലിക്കുന്നത്. അതിനെക്കുറിച്ച് കൃത്യമായ ബ്രീഫിങ് സംവിധായകൻ നൽകിയിരുന്നു. ഇനി ഒരു ഡയറക്ടർ വിളിച്ച് കണ്ണ് ഉപയോഗിക്കു... അങ്ങനെ ചെയ്യൂ.. ഇങ്ങനെ ചെയ്യൂ.. എന്നു പറഞ്ഞാൽ ഇനി ചെയ്യാൻ പറ്റുമോ എന്നറിയില്ല. അകത്തെ മാറ്ററാണ് റിഫ്ലെക്റ്റ് ചെയ്യുന്നത്. നഹാസ് ബ്രോ അത്തരം ഡീറ്റെയ്ലിങ് നമ്മെ കംഫർട്ടബിളാക്കിയേ പങ്കുവയ്ക്കൂ. നമ്മൾ ഇങ്ങനെ ചെയ്യട്ടേ എന്നു ചോദിച്ചാലും പുള്ളിയുടെ ആ ഡിസൈന് അകത്തുള്ളതാണെങ്കിൽ ചെയ്യാൻ അനുവദിക്കും.
അല്ലെങ്കിൽ അതെന്തുകൊണ്ടാണ് വേണ്ട എന്നു പറഞ്ഞു തരികയും ചെയ്യും. സിനിമയിൽ ഞാനൊരാളെ കൊല്ലുന്ന രംഗമുണ്ട്. അതൊരു വൈഡ് ഷോട്ടാണ്. സാധാരണ അങ്ങനെയൊരു കൊലപാതകം നടത്തിയാൽ ആ വില്ലൻ അലറുന്നതാണ് നമ്മൾ സിനിമയിൽ കണ്ടിട്ടുള്ള ഡിസൈൻ. അതൊന്നു മാറ്റി ചെയ്യണമെന്ന് ഞാൻ ആലോചിച്ചിരുന്നു. അങ്ങനെയൊരു ആലോചനയോടെയാണ് ഞാൻ ആ സീൻ ചെയ്യുന്നത്. എടുത്തു കഴിഞ്ഞപ്പോൾ നഹാസ് ബ്രോ ഓകെ പറഞ്ഞു. ഒരു വട്ടം കൂടി പോകണോ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആവശ്യമുള്ളതു കിട്ടിയെന്നു പറഞ്ഞു. ആ സീനിൽ എന്റെ കൈ ഒരു പ്രത്യേക രീതിയിൽ അനങ്ങുന്നുണ്ട്. എങ്ങനെ ആ സീൻ ചെയ്യാമെന്ന ആലോചനയിൽ സ്വാഭാവികമായി വന്നതായിരുന്നു ആ മൂവ്മെന്റ്. ഷോട്ട് കഴിഞ്ഞതും ആ കയ്യുടെ ചലനം നന്നായെന്ന് നഹാസ് പറഞ്ഞു. ആ ഷോട്ട് തന്നെ മതിയെന്നും പറഞ്ഞു.
ലാൽ സർ എന്ന സീനിയർ സാന്നിധ്യം
എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ലാൽ സർ. പുതിയ ജനറേഷനിലുള്ള എല്ലാ മേക്കേഴ്സിന്റെയും ആക്ടേഴ്സിന്റെയും കൂടെ ഭയങ്കര ജെല്ലായി വർക്ക് ചെയ്യുന്ന ഒരു സീനിയറാണ് അദ്ദേഹം. കൂടെ അഭിനയിക്കണമെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്. ഒടുവിൽ അവസരം കിട്ടിയപ്പോൾ അദ്ദേഹത്തിന്റെ കയ്യും കാലും തല്ലിയൊടിക്കുന്ന സീൻ ആയിപ്പോയി. ഷൂട്ട് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ ഞങ്ങൾ അധികം സംസാരിച്ചിരുന്നില്ല. ഒരു ദിവസം, നഹാസ് ബ്രോ വന്നു പറഞ്ഞു, "നിന്നെപ്പറ്റി ഗംഭീര അഭിപ്രായമാണല്ലോ ലാൽ സർ പറയുന്നത്" എന്ന്. വലിയ സന്തോഷമായിരുന്നു അപ്പോഴെനിക്ക്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ലാൽ സാറിന്റെയടുത്ത് പരിചയപ്പെടാൻ പോയി. അദ്ദേഹത്തിന്റെ അടുത്ത് പേരൊക്കെ പറഞ്ഞു സംസാരിച്ചു തുടങ്ങിയപ്പോൾ ലാൽ സർ പറഞ്ഞു, "എനിക്കറിയാം... ഇങ്ങനത്തെ സീനുകൾ ആയതുകൊണ്ടാണ് അധികം സംസാരിക്കാത്തത്. കൂടുതൽ സംസാരിച്ചാല്‍ നിനക്കു ബുദ്ധിമുട്ടാകും എന്നു വിചാരിച്ചിട്ടാണ് പരിചയപ്പെടാഞ്ഞത്" എന്നു പറഞ്ഞു. എനിക്ക് അധികം എക്സ്പീരിയൻസില്ലല്ലോ. പരിചയപ്പെട്ടു കഴിഞ്ഞാൽ സീനെടുക്കുമ്പോൾ സാറിനോടുള്ള ആദരവും സൗഹൃദവും പ്രതിഫലിച്ചാൽ അത് എടുക്കുന്ന സീനിനെയും ബാധിക്കുമല്ലോ. അതു കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഇനി സിനിമയുടെ വിജയാഘോഷത്തിലോ മറ്റോ വരുമ്പോൾ സമാധാനമായി അദ്ദേഹത്തെ കാണണം. സംസാരിക്കണം.
സൂപ്പർ കൂൾ പെപ്പെ
പെപ്പേ ഒരു സൂപ്പർ കൂൾ മനുഷ്യനാണ്. പെരുന്നാൾ സീൻ എടുക്കുമ്പോഴാണ് ഞങ്ങൾ പരസ്പരം കാണുന്നത്. ധൈര്യമായി ചവുട്ടിക്കോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷമാണ് വീട്ടിൽ കയറി ഉപദ്രവിക്കുന്ന രംഗം എടുത്തത്. അവിടെ വച്ചാണ് ഞങ്ങൾ കൂടുതൽ സംസാരിച്ചത്. അതിൽ ചെടിച്ചട്ടി എടുത്ത് തലയ്ക്കടിക്കുന്ന സീൻ ഉണ്ട്. അതിൽ പെപ്പെക്കു പകരം ഡ്യൂപ്പിനെ വയ്ക്കാമെന്നൊക്കെ പറഞ്ഞിരുന്നു. അപ്പോൾ പെപ്പെ പറഞ്ഞു, ഡ്യൂപ്പിട്ടാൽ പെട്ടെന്ന് അറിയും. അതു വേണ്ട ഞാൻ തന്നെ നിന്നോളാം, എന്ന്. എന്റെ ടെൻഷൻ ഞാൻ ആദ്യമേ പറഞ്ഞു. അപ്പോൾ പെപ്പെ എന്നെ ധൈര്യപ്പെടുത്തിയത് ഒരു ആക്ടർ മറ്റൊരു ആക്ടറെ കംഫർട്ട് ചെയ്യുന്ന പോലെയായിരുന്നു. ഒരേ തൊഴിൽ ചെയ്യുന്നവർ എന്ന രീതിയിൽ പരിഗണിച്ചുകൊണ്ടായിരുന്നു ആ സംഭാഷണം. പെപ്പെ പറഞ്ഞു, "പ്ലാസ്റ്റർ ഓഫ് പാരീസിന്റെ ചെടിച്ചട്ടിയാണ്. കുഴപ്പമില്ല. ഒറ്റ അടി.... അടിച്ചേക്കുക. അത്രയേ ഉള്ളൂ. ശരിക്ക് അടിച്ചില്ലെങ്കിൽ വീണ്ടും വീണ്ടും അടിക്കേണ്ടി വരും".
അങ്ങനെ ടേക്ക് പോയി. അതു ഓകെ ആയിരുന്നു. സത്യത്തിൽ ഇങ്ങനെയുള്ള ഷോട്ട് പോകുമ്പോൾ അതു ചെയ്യുന്നവർക്ക് ചെറുതാണെങ്കിലും വേദനിക്കുമെന്ന കാര്യം ഉറപ്പാണ്. ആ പരിപാടി പെപ്പെക്ക് അറിയാം. "അടിക്കുമ്പോൾ ശ്രദ്ധിച്ചു അടിക്കണേ" എന്നാണ് കൂടെ അഭിനയിക്കുന്ന ആൾ പറയുന്നതെങ്കിൽ ഞാൻ കുറച്ചു പരിഭ്രമിച്ചു പോകുമായിരുന്നു. പക്ഷേ, പെപ്പെ വളരെ കൂൾ ആയിരുന്നു. എന്നോടെന്നല്ല, എല്ലാവരോടും ജനറസ് ആയാണ് പെരുമാറിയത്. സിനിമയെ ഏറെ സത്യസന്ധമായി സമീപിക്കുന്ന വ്യക്തിയാണ് ഷെയ്ൻ നിഗം. ഫൈറ്റ് സമയത്ത് അറിയാതെ ഇടി കൊണ്ടെന്നു തോന്നിയാൽ ഉടനെ വന്നു സോറി പറയും. ഒരു വിദ്യാർത്ഥിയെ പോലെയായിരുന്നു ഷെയ്ൻ സെറ്റിൽ. ഞങ്ങൾ ഒരുപാടു സംസാരിക്കുമായിരുന്നു.
ബാബു ആന്റണി ഇപ്പോഴും സ്റ്റാർ
ഷൂട്ടിനു വരുന്നതിനു മുമ്പ് എവിടെയോ വീണ് ചെറിയൊരു പരിക്ക് ഉണ്ടായിരുന്നു ബാബു ചേട്ടന്. പക്ഷേ, സിനിമയുടെ അവസാന രംഗത്തുള്ള ഒരു മൂവ്മെന്റ് എടുത്ത സമയത്ത് അൻപറിവ് മാസ്റ്റർ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്ത് കൃത്യം ആ പോയിന്റിൽ വന്നു നിന്നു. "കറക്ടാ പണ്ണീട്ടാര്," എന്നു പറഞ്ഞ് അൻപറിവ് മാസ്റ്റർ അദ്ഭുതത്തോടെ നോക്കുമ്പോൾ, "This is our action hero" എന്ന മട്ടിൽ അഭിമാനത്തോടെ പിന്നിൽ നിൽക്കുകയാണ് ഞങ്ങൾ. ബാബു ചേട്ടന്റെ (ബാബു ആന്റണി) വലിയൊരു ആരാധകനാണ് ഞാൻ. അദ്ദേഹം തിളങ്ങി നിന്നിരുന്ന കാലത്ത് ഇത്രയേറെ മാധ്യമങ്ങളില്ലല്ലോ. കുട്ടികളടക്കം ഒരുപാട് പേർ അദ്ദേഹത്തിന്റെ ശൈലിയും സ്റ്റൈലും അനുകരിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഞാനും. ഇങ്ങനെയൊക്കെ ആരാധകരുള്ളതും ഇത്രയേറെ പേരെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹത്തിന് അറിയുമായിരുന്നോ എന്നു ഞാൻ ഒരിക്കൽ ചോദിച്ചു. സത്യത്തിൽ ഇതൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല.
അവർക്ക് ഞാൻ പോൾസൺ
അൻപറിവ് മാസ്റ്റർ എന്നെ പോൾസൺ എന്നാണ് വിളിച്ചിരുന്നത്. സെറ്റിലെപ്പോഴും ഞാൻ അവരെ ചുറ്റിപ്പറ്റിയുണ്ടാകും. അവരുടെ വർക്ക് കാണാൻ എനിക്ക് വലിയ കൗതുകം ഉണ്ടായിരുന്നു. കെ.ജിഎഫ്, വിക്രം പോലെയൊക്കെ ബ്രഹ്മാണ്ഡ സിനിമകൾ ചെയ്തിട്ടുള്ള മാസ്റ്റേഴ്സിനൊപ്പം പ്രവർത്തിക്കാൻ കഴിയുകയെന്നത് വലിയൊരു അവസരം അവസരമായിരുന്നു എനിക്ക്. അതും എന്റെ കരിയറിന്റെ തുടക്കക്കാലത്തു തന്നെ! മാസ്റ്റേഴ്സ് പറയുന്ന പോലെയൊക്കെ ചെയ്യാൻ പറ്റണമെന്ന ആഗ്രഹം എനിക്ക് വലിയ രീതിയിൽ തന്നെയുണ്ടായിരുന്നു. സിനിമയിലെ പുതിയ കാലഘട്ടത്തിലെ എന്റെ രൂപത്തിൽ വന്നപ്പോൾ ആദ്യം അവർക്ക് എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാനാണെന്നു മനസിലായപ്പോൾ അവർ പറഞ്ഞു, സെമ്മ ഗെറ്റപ്പെടാ! സിനിമ റിലീസായതിനു ശേഷം ഞാൻ അവരെ വിളിച്ചിരുന്നു. നല്ല പ്രതികരണങ്ങളാണ് അവർക്കും ലഭിക്കുന്നതെന്നു പറഞ്ഞു. കൂടാതെ, ഇനിയും ഒരുമിച്ച് പ്രവർത്തിക്കണം എന്നു പറഞ്ഞു. സാർ വിളിച്ചാൽ മതി, ഞാൻ വന്നിരിക്കും എന്നായിരുന്നു എന്റെ മറുപടി.
ട്രോളുകൾക്കുള്ള മറുപടിയാണ് ഈ വിജയം
ആന്റണി പെപ്പെ, ഷെയ്ൻ നിഗം, നീരജ് മാധവ്– ഇവർ മൂന്നു പേരും പല രീതിയിൽ ട്രോൾ ചെയ്യപ്പെട്ട വ്യക്തികളാണ്. ഇവർ ചെയ്ത നല്ല കഥാപാത്രങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഡിപ്രസീവ് സ്റ്റാറെന്നു പരിഹസിക്കപ്പെട്ടിട്ടുണ്ട് ഷെയ്ൻ. സ്ക്രീനിൽ ഇടിക്കാൻ മാത്രമേ അറിയൂ എന്ന് പെപ്പെയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നീരജ് മാധവിനെക്കൊണ്ട് മാർഷൽ ആർട്സ് ചെയ്യാൻ പറ്റുമോ എന്നു സംശയിച്ചവരുണ്ട്. അയാളുടെ റാപ്പിനെ ട്രോളുന്നവരുണ്ട്. അങ്ങനെയുള്ള സ്ഥലത്തു നിന്നാണ് ഈ മൂന്നു പേരും അവരുടെ കഠിനാധ്വാനത്തിലൂടെ പുതിയൊരു ഷെയ്ഡ് കാണിച്ചു തന്നത്. ആർഡിഎക്സിന്റെ വലിയ വിജയത്തിനു പിന്നിൽ ഞാൻ കാണുന്ന കാരണം അതാണ്. ഷെയ്ൻ നന്നായി ഹ്യൂമർ ചെയ്തു. അതിഗംഭീരമായി നൃത്തം ചെയ്തു.
റോബർട്ട് എന്ന കഥാപാത്രത്തെ അസലായി ഷെയ്ൻ അവതരിപ്പിച്ചു. എല്ലാവർക്കും ഇഷ്ടം തോന്നുന്ന ഫാമിലി മാൻ ആയി പെപ്പെ. സിനിമയിലെ ഇമോഷണൽ രംഗങ്ങളിൽ ഗംഭീര നിമിഷങ്ങൾ സമ്മാനിച്ചത് പെപ്പെ ആയിരുന്നു. നഞ്ചക്ക് പോലൊരു ആയുധം അനായാസമായി ഉപയോഗിക്കാനുള്ള നൈപുണ്യം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നീരജ് മാധവ് ആർജ്ജിച്ചെടുത്തു. ക്യാമറയ്ക്കു മുമ്പിൽ എപ്പോഴൊക്കെ ആവശ്യപ്പെട്ടോ അപ്പോഴൊക്കെ കൃത്യമായി അതു ചെയ്തു. ഒരിക്കൽ പോലും ചീറ്റ് ചെയ്യാനായി വേറൊരു ഷോട്ട് എടുക്കേണ്ടി വന്നില്ല. റിയൽ ആയി തന്നെ നീരജ് അതു ചെയ്തു. അവർ നേരിടേണ്ടി വന്ന ട്രോളുകൾക്ക് മറുപടി പോലെ അവർ കഠിനാധ്വാനം ചെയ്തു. സിനിമ ഹിറ്റാകാൻ അത് ഉറപ്പായും സഹായിച്ചിട്ടുണ്ട്.