ADVERTISEMENT

ജയറാം എന്ന പേരിനോടു ചേർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളും ചെണ്ടയും ആനക്കമ്പവും തമാശയും മിമിക്രിയുമുണ്ട്. കഥാനായകൻ എന്ന സിനിമയിലെ ജയറാം കഥാപാത്രത്തോട് ‘രാമനാഥന്  ഇതും വശമുണ്ടോ’ എന്നു ചോദിക്കുമ്പോൾ പ്രേക്ഷകർക്കും തോന്നുന്നു ജയറാമിനു വശമില്ലാത്ത ഒന്നുമില്ലെന്ന്. ഏറ്റവും പുതിയ ജയറാം സിനിമയാണ് അബ്രഹാം ഓസ്‌ലർ. ജയറാം ജീവിതവും തമാശയും സിനിമയും സംസാരിക്കുന്നു മനോരമ ഓൺലൈനിൽ.

‘അപ്പാ, ബ്രേക്ക് എടുക്കൂ...’

എന്തു തീരുമാനം എടുക്കുമ്പോഴും കുടുംബമാണ് എനിക്കു വലുത്. സിനിമയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ എന്റെ മോനാണു പറഞ്ഞത് ‘മലയാളത്തില്‍ അപ്പായ്ക്കു ബ്രേക്ക് എടുക്കാം. ആവർത്തനവിരസത മാറുമല്ലോ. തെലുങ്കില്‍ നിന്നൊക്കെ വരുന്ന പടങ്ങളും ചെയ്യാം. നായകനല്ല എന്നല്ലേയുള്ളൂ. മറ്റു വേഷങ്ങൾ ചെയ്യാനും കൂടുതൽ ഭാഷകളിലേക്കു പോകാനും പറ്റും. നല്ല സിനിമ വരുമ്പോൾ മലയാളത്തിലും ചെയ്യാം’ എന്ന്.

ഒന്നര വർഷം മുൻപു മിഥുൻ എന്റടുത്തു വന്നു കഥ പറഞ്ഞു. ടൈറ്റിൽ മാത്രമാണ് ആദ്യം പറഞ്ഞത്. അബ്രഹാം ഓസ്‌ലർ. ഇതൊരു ആക്‌ഷൻ സിനിമയാണോ എന്നാണ‌ു ഞാൻ മിഥുനോടു ചോദിച്ചത്. ആക്‌ഷനല്ല, ഇതൊരു ക്രൈം മെഡിക്കൽ ത്രില്ലറാണെന്നു കേട്ടപ്പോൾ രസം തോന്നി. വയനാട്ടിലുള്ള ഡോക്ടർ കൃഷ്ണയാണു കഥ എഴുതിയത്. കഥ മുഴുവൻ കേട്ടപ്പോൾ ഞാൻ മിഥുനോട് ചോദിച്ചു, ‘ഇതു ജയറാമിനു ചേരുന്ന ക്യാരക്ടറാണോ അതോ നിങ്ങൾ വേറെ ആരിലേക്കെങ്കിലും പോകുന്നതാണോ നല്ലത്’ എന്ന്. അത്രയും ഹെവി ആയ, നല്ല കഥാപാത്രമാണ്. ഞാൻ ചെയ്യുന്നില്ലെങ്കിൽ അവർ ഈ പടം തന്നെ വേണ്ടെന്നു വയ്ക്കും എന്നു കേട്ടപ്പോൾ സന്തോഷം തോന്നി.

ജീവിതത്തിൽ ഒരുപാടു പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ് ഈ കഥാപാത്രം. ആ രൂപവും നടത്തവും കഥാപാത്രത്തിന്റെ ഭൂതകാലവും കേട്ടപ്പോൾ വലിയ ആവേശമായി. 

മിമിക്രി എന്നെ ബാധിക്കാറില്ല 

കുടുംബത്തിൽ എന്തെങ്കിലും ആഘോഷം നടക്കുമ്പോൾ അവിടെയുള്ള എല്ലാവരെയും ഞാൻ അനുകരിക്കും. അതിൽ വിവിഐപികളായ ചിലരും ഉണ്ടായിരുന്നു. എന്റെ വീട്ടുമുറ്റത്തു കൂടുന്ന പ്രഗത്ഭസദസ്സിൽ പി.ഗോവിന്ദപ്പിള്ള സാർ, മലയാറ്റൂർ രാമകൃഷ്ണൻ, പികെവി സാർ തുടങ്ങിയവരൊക്കെ ഉണ്ടാകാറുണ്ട്. വൈകുന്നേരത്തെ അവസാനത്തെ ഇനം എന്റെ മിമിക്രി ആണ്. ആരെ അനുകരിച്ചാലും അതു ഞാൻ പെട്ടെന്നു മനസ്സിൽനിന്നും വിടും. ഒന്നും തലയിലേക്കു കയറ്റാറില്ല.

എന്റെ ഇൻസ്റ്റഗ്രാം; കണ്ണന്റെയും 

എനിക്ക് ഇതൊന്നും അറിയില്ല. എല്ലാം കാളിദാസാണു നോക്കുന്നത്. പുതിയ കാലമല്ലേ? എല്ലായിടത്തും നമ്മളും എത്തണമല്ലോ. സുരേഷ് ഗോപിയെ അനുകരിച്ചതൊക്കെ സമ്മതം ചോദിച്ചതിനു ശേഷമാണ്. എന്റെ സഹോദരനെ പോലെയാണു സുരേഷ്. ഭാര്യ അശ്വതിയോട് സ്വന്തം സഹോദരൻ ആരാണെന്നു ചോദിച്ചാൽ സുരേഷ് ഗോപി എന്നാവും ഉത്തരം. 

വിനയം സത്യമാണ്  

എനിക്ക് ആളുകളോടു സംസാരിക്കാതിരിക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാവരും കാരവാനിലേക്കു പോകുന്നതു കൊണ്ടു സംസാരിക്കാൻ ഒരാളെയും കിട്ടുന്നില്ല. അമ്പലപ്പറമ്പിൽ ആളുകൂടുന്നിടത്തു ഞാനിപ്പോഴും ചെണ്ട കൊട്ടാൻ പോകാറുണ്ട്. അവിടെ മിമിക്രി ചെയ്തു തുടങ്ങിയതാണ്. നന്നായി എന്ന് എല്ലാവരും പറയുമ്പോള്‍ കിട്ടുന്ന സന്തോഷം ദൂരെ നിന്ന് റ്റാറ്റാ കാണിച്ചാൽ കിട്ടില്ലല്ലോ. 

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

ചുറ്റിലും ബൗൺസേഴ്‌സും പരിവാരങ്ങളുമായി നടക്കാൻ എനിക്കു ചമ്മലാണ്. അവർ നിൽക്കുന്നതു കാണുംമ്പോൾ ‘നിങ്ങൾ ഇവിടെ ഒരു കസേര ഇട്ട് ഇരിക്കൂ. ഞാൻ ഇപ്പോൾ വരാം’ എന്നു പറയാൻ തോന്നും. എല്ലാവരുമായി വളരെ അടുപ്പത്തോടെ ഇടപെടാൻ കഴിയും. 

നമ്മളെ കച്ചവടം ചെയ്യണം 

ഇത്രയും വിനയം വേണ്ട എന്ന് ഒരിക്കലും തോന്നിയിട്ടില്ല. സിനിമയ്ക്ക് ഇതൊക്കെ ആവശ്യമാണ്. നമ്മൾ തന്നെ നമ്മളെ ബൂസ്റ്റ് അപ് ചെയ്യണം. ഒപ്പം നില്ക്കാൻ ജനം ആവശ്യമാണ്. പിആർഒ വർക്ക് നിർബന്ധമാണ്. പണ്ടത്തെ കാലം പോലെയല്ല. നമ്മൾ നമ്മളെത്തന്നെ ബിസിനസ് ചെയ്യണം. ഞാനതിൽ നൂറ് ശതമാനം തോറ്റ ആളായിട്ടാണ് തോന്നുന്നത്. ഹൈദരാബാദിൽ ഞാൻ ഷൂട്ടിങ്ങിനു പോകാറുണ്ട്. അവിടെ എയർപോർട്ട് ഫൊട്ടോഗ്രഫി എന്നു പറഞ്ഞ് ഒരു സംവിധാനം ഉണ്ട്. എല്ലാം അവർ കൊണ്ടുവരും. ഫാൻ ഉൾപ്പെടെ. ഒരു പത്തു പേരുമായി ഞാൻ ഇങ്ങനെ നടന്നു വരുന്ന ടൈപ്പുണ്ട്. മറ്റൊന്ന് ഞാൻ മാസ്‌ക്കും ഹൂഡിയുമൊക്കെയിട്ട് ഒളിച്ചു പോണം. അപ്പോൾ പുറകിൽ കൂടി വന്ന് കണ്ടു പിടിച്ച് ‘ഹോയ് ജയറാം’ എന്നൊക്കെ വിളിച്ച് ബഹളം വയ്ക്കുന്നതായൊക്കെ വിഡിയോ എടുത്തു തരും. അതിന് ഏജൻസി വരെ ഉണ്ട്. അതിനൊന്നും നിന്നുകൊടുക്കാൻ തോന്നിയിട്ടില്ല.

ഈ സിനിമയിൽ മമ്മൂക്കയുണ്ടോ?

ozler

എനിക്ക് അറിയില്ല. ഞാൻ 54 ദിവസം സെറ്റിൽ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂക്കയെ ഞാൻ സെറ്റിൽ കണ്ടിട്ടില്ല.

മറക്കില്ല മലയാളം 

365 ദിവസത്തിൽ 300 ദിവസവും ഞാൻ കേരളത്തിലാണ്. ചെണ്ട കൊട്ടോ ഷൂട്ടിങ്ങോ പ്രോഗ്രാമോ എന്തെങ്കിലുമൊക്കെ ഉണ്ടാകും. ഇതൊന്നുമില്ലെങ്കിലും ഞാനൊരു ക്ഷീര കർഷകനാണ്. ഇതെല്ലാമായി ഞാനെപ്പോഴും കേരളത്തിലാണ്. എന്റെ അമ്മ തമിഴ്നാട്ടുകാരിയാണ്. തഞ്ചാവൂരാണ്. പൊന്നിയിൻ സെൽവന്റെ കഥയൊക്കെ എനിക്ക് കുട്ടിക്കാലത്തേ അറിയാം. അമ്മ തമിഴ്നാട്ടിൽനിന്ന് പുസ്തകങ്ങൾ വരുത്തുമായിരുന്നു. അതൊക്കെ വായിച്ച് അമ്മ കഥകള്‍ പറഞ്ഞു തരുമായിരുന്നു. ആൾവാർക്കടിയൻ നമ്പിയെപ്പറ്റി അമ്മ പറഞ്ഞു തന്നിരുന്നു. അതാണ് ഞാൻ പൊന്നിയിൻ സെൽവനിൽ ചെയ്ത കഥാപാത്രം. 

അതുപോലെ എന്റെ കുട്ടികൾക്കും പറഞ്ഞുകൊടുത്തിരുന്നത് ആനക്കഥകളും മലയാളം കഥകളുമൊക്കെയാണ്. അതുകൊണ്ട് അവരും മലയാളം അറിഞ്ഞു വളർന്നു.

നേരിട്ടു നൽകുന്ന ആശ്വാസം 

നമ്മള്‍ അനുഭവിച്ചിട്ടുള്ള വേദന മറ്റൊരാൾ അനുഭവിക്കുമ്പോൾ ഒന്നു ചെന്ന് ആശ്വസിപ്പിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ സന്തോഷം. പൈക്കളെ നഷ്ടപെട്ട കുഞ്ഞുങ്ങളെ കാണാൻ നേരിട്ടു പോയത് അതുകൊണ്ടാണ്. ആ തുക ആരുടെയെങ്കിലും കയ്യിൽ കൊടുത്തുവിട്ടാലും മതിയായിരുന്നു. പക്ഷേ നേരിട്ടു പോകണമെന്ന് തോന്നി. അവരെ സഹായിക്കാൻ ഒരുപാട് ആളുകളുണ്ടായിരിക്കും. അബ്രഹാം ഓസ്‌ലറിന്റെ ട്രെയിലർ ലോഞ്ചിനു വേണ്ടി വച്ചിരുന്ന പൈസയാണ്. എല്ലാം കൂടി അഞ്ചു ലക്ഷം ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇതേ അനുഭവം എന്റെ ഫാമിൽ എനിക്കും ഉണ്ടായിട്ടുണ്ട്. അന്നു ഞാനും ഒരുപാട് വിഷമിച്ചിരുന്നു. മക്കൾക്കും അശ്വതിക്കും ഒക്കെ ഒരുപാട് ഇഷ്ടമായിരുന്നു ആ പൈക്കളെ. 

ആനപ്രേമം ഒഴിവാക്കാനാകാത്തത്

ആന ഒരു വന്യജീവിയാണ്. അതിനെ നാട്ടിൽ കൊണ്ടു വരുന്നു, വളർത്തുന്നു. കേരള ക്ഷേത്രോത്സവങ്ങളുടെ ഒരു ഭാഗമാണ് ആന. മലയാളികളുടെ മനസ്സില്‍ ആനക്കമ്പം അലിഞ്ഞു ചേർന്നതാണ്. ജാർഖണ്ഡിലൊക്കെ ആനയെ പശുവിന് പകരം ഉഴുവാനായി ഉപയോഗിക്കുന്നു. അതുപക്ഷേ നമുക്ക് സങ്കൽപിക്കാനാകില്ലല്ലോ. ആനയെ കാട്ടിലേക്കു തുറന്നു വിടണമെന്ന് പറയുന്നവരും ഉണ്ട്. ആനപ്രേമി എന്ന നിലയ്ക്ക് എനിക്ക് ആനയെ കാട്ടിലേക്ക് വിടണമെന്നോ വിടണ്ട എന്നോ പറയാൻ പറ്റില്ല.

35 വർഷത്തെ വിമർശനങ്ങൾ

കൂടുതലും സിനിമയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ വരാറുണ്ട്. ഏതെങ്കിലും സിനിമ പരാജയപ്പെട്ടാൽ, എന്തിനാണ് ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നതെന്ന് നാട്ടുകാർ ചോദിക്കും. ഒരു  പടം വിജയിച്ചാൽ ഇവർ തന്നെ അഭിനന്ദനവുമായും വരാറുണ്ട്. രണ്ടും നമ്മൾ സ്വീകരിക്കണം. സിനിമ എന്നു മാത്രം കരുതിയല്ല ജീവിക്കുന്നത്. സിനിമ ഉണ്ടെങ്കിൽ ഉണ്ട്. ഇല്ലെങ്കിൽ ഇല്ല. എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാൻ. ഷൂട്ടിങ് സൈറ്റിലാണെങ്കിലും വെറുതെ എല്ലാവരെയും നോക്കിയിരിക്കും. ഭയങ്കര രസമാണ് അത്. എന്തെല്ലാം കാര്യങ്ങൾ പഠിക്കാൻ പറ്റുമെന്നറിയാമോ. അതൊക്കെ പിന്നീട് ഉപകാരപ്പെടുകയും ചെയ്യുമല്ലോ. 

English Summary:

Chat with actor Jayaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com