ADVERTISEMENT

ഇന്ദ്രൻസ് നായകനായി എത്തിയ സസ്പെൻസ് ക്രൈം ത്രില്ലർ ജമാലിന്റെ പുഞ്ചിരിയിലൂടെ സുനിൽ ഭാസ്കർ എന്ന കഴിവുറ്റ താരം മലയാള സിനിമയിലെത്തിയിരിക്കുകയാണ്.  യുകെ ബേസ്ഡ് കമ്പനിയിൽ ഫൈനാൻസ് മാനേജർ ആയ സുനിൽ ഭാസ്കറിന് അഭിനയവും നൃത്തവും ചെറുപ്പം മുതലുള്ള പാഷനാണ്.  പ്രശസ്ത കൊറിയോഗ്രാഫർ സജ്‌ന നജാമിന്റെ ഒപ്പം സറീന ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ സുനിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും സ്വന്തം അഭിനിവേശമായ നൃത്തവും അഭിനയവും മനസ്സിൽ നിന്ന് പറിച്ചെറിഞ്ഞില്ല.  ജമാലിന്റെ പുഞ്ചിരിയിലേക്ക് പുതുമുഖ താരങ്ങളെ തേടുന്ന ഓഡിഷൻ കാൾ കണ്ണിലുടക്കിയത് സുനിലിനെ ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രത്തിലേക്ക് എത്തിക്കുയയായിരുന്നു.  തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൽ പ്രസക്തമായ ഒരു വേഷം ചെയ്ത സന്തോഷത്തിലാണ് സുനിൽ.  ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.

ഇന്ദ്രൻസിന്റെ പുഞ്ചിരി       

വിക്കി തമ്പി സംവിധാനം ചെയ്ത ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമയാണ് ജമാലിന്റെ പുഞ്ചിരി.  സസ്പെൻസ് ക്രൈം ത്രില്ലറാണ്, സിദ്ധിക്ക് ഇക്ക, അശോകൻ,  പ്രയാഗ മാർട്ടിൻ, മല്ലിക സുകുമാരൻ, ആർ ജെ മിഥുൻ രമേശ്, ജോയ് മാത്യു, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.  കുറെ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട് അതിലൊരു പുതുമുഖമാണ് ഞാൻ.   ഇന്ദ്രൻസ് ചേട്ടൻ ചെയ്യുന്ന ജമാൽ എന്ന തട്ടുകടക്കാരനെ ചുറ്റിപ്പറ്റിയുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണ് സിനിമ.  വളരെ താല്പര്യം തോന്നുന്ന വിധമാണ് സിനിമ ചെയ്തിരിക്കുന്നത്.  നാടോടി മന്നൻ, കുടുംബ കോടതി എന്നീ സിനിമകൾ നിർമ്മിച്ച ചിത്രം പ്രൊഡക്ഷൻസ് ആണ് സിനിമയുടെ നിർമ്മാണം.  വിക്കി തമ്പിയുടെ ആദ്യത്തെ സിനിമയാണ് ജമാലിന്റെ പുഞ്ചിരി. അദ്ദേഹം ഇതിനു മുന്നേ സീരിയലുകൾ ആണ് ചെയ്തിട്ടുള്ളത്.  ഉദയൻ അമ്പാടി ആണ് ക്യാമറ.  തിരുവനന്തപുരം വിതുര പൊന്മുടി ഒക്കെയായിരുന്നു ലൊക്കേഷൻ.

4

സിദ്ധിഖിന്റെ മകന്റെ വേഷം 

ഞാൻ സിദ്ധിഖ് ഇക്കയുടെ മകൻ റഹീം എന്നൊരു കഥാപാത്രമാണ് ചെയ്തത്.  നെഗറ്റീവ് റോൾ ആണ്.  ഇന്ദ്രൻസ് ചേട്ടന് എതിരെയുള്ള കഥാപാത്രമാണ്.  സിനിമയിൽ മുഴുനീളമുള്ള കഥാപാത്രം.  റഹീമും ജമാലും തമ്മിലുള്ള പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.  

യുകെ കമ്പനിയിൽ ഫൈനാൻസ് മാനേജർ 

തിരുവനന്തപുരം പോത്തൻകോട് ആണ് ഞാൻ താമസിക്കുന്നത്.  ഒരു യു കെ കമ്പനിയിൽ ഫൈനാൻസ് മാനേജർ ആയി ജോലി ചെയ്യുകയാണ്.  അഭിനയം എന്റെ പാഷനാണ്.  ജമാൽ ആണ് എന്റെ ആദ്യ സിനിമ.  ഇതിനു മുന്നേ കുറച്ച് ഷോർട്ട് ഫിലിമുകൾ ആണ് ഞാൻ ചെയ്തിട്ടുള്ളത്.  ജമാലിന് ശേഷം കപ്പേളയുടെ സംവിധായകൻ മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്നൊരു സിനിമയിലും അഭിനയിച്ചു.  

6

ചെറുപ്പം മുതലുള്ള പാഷൻ 

ചെറുപ്പം മുതലേ അഭിനയത്തോട് താല്പര്യമുണ്ടായിരുന്നു.  അഭിനയവും നൃത്തവുമാണ് എന്റെ ഇഷ്ടങ്ങൾ.  ഞാൻ കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട്.  സംസ്ഥാന അവാർഡ് ജേതാവായ സജ്‌ന നജാമിന്റെ സറീന ഡാൻസ് അക്കാദമിയിലെ ആദ്യത്തെ ബാച്ചിൽ ഉണ്ടായിരിന്നു.  പിന്നെ സജ്‌ന ചേച്ചിയുടെ കൂടെ ഏഴെട്ടു വര്ഷം ആക്റ്റീവ് ആയി ഉണ്ടായിരുന്നു.  പഠനം കഴിഞ്ഞതിനു ശേഷം ജോലി ആയിട്ട് തിരക്കായി.  പിന്നെ നമ്മുടെ ഇഷ്ടത്തിന് കൊറിയോഗ്രാഫി ചെയ്യുമായിരുന്നു.  സിനിമയിൽ ഒരു തുടക്കത്തിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ജമാലിന്റെ പുഞ്ചിരി കിട്ടിയത്.  സിനിമയ്ക്ക് വേണ്ടി ഓഡിഷൻ നടക്കുന്നുണ്ട് എന്നറിഞ്ഞു ചെന്ന് ഓഡിഷൻ കൊടുത്തു കിട്ടിയ അവസരമാണ് റഹീമിന്റെ റോൾ.  രണ്ടാമത്തെ സിനിമയും ഒഡിഷനിലൂടെ ആണ് കിട്ടിയത്.  

3

ആദ്യ സിനിമയ്ക്ക് കിട്ടുന്ന പ്രതികരണങ്ങളിൽ സന്തോഷം

സിനിമയ്ക്ക് നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്.  സിനിമയെപ്പറ്റി കൂടുതൽ ആളുകൾ അറിഞ്ഞു വരുന്നതേ ഉള്ളൂ.  കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറഞ്ഞത്.  എന്റെ കഥാപാത്രത്തെപ്പറ്റിയും നല്ല അഭിപ്രായമാണ് കേൾക്കുന്നത്.  ആദ്യത്തെ സിനിമയാണ് എന്ന് തോന്നുകയേ ഇല്ല എന്നാണ് പറയുന്നത്.  ഇത്രയും സീനിയർ താരങ്ങൾ അഭിനയിച്ച സിനിമയിൽ നല്ലൊരു വേഷം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.  അനുഭവപരിചയമുള്ള താരങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനും കഴിഞ്ഞു.

English Summary:

The article highlights the journey of Sunil Bhaskar, a finance manager from the UK who fulfilled his passion for acting by starring in the Malayalam crime thriller 'Jamalinte Punchiri'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com