ADVERTISEMENT

ടൊവീനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന 'അവറാൻ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരു സംവിധായിക കൂടി തയാറെടുക്കുകയാണ്– ശിൽപ അലക്സാണ്ടർ. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത 'നോർത്ത് 24 കാതം' മുതൽ മലയാള സിനിമയുടെ ഭാഗമാണ് ശിൽപ. ലിജോ ജോസ് പെല്ലിശ്ശേരി, ഖാലിദ് റഹ്മാൻ, റഫീഖ് ഇബ്രാഹിം എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് സ്വതന്ത്രസംവിധാന സംരംഭവുമായി ശിൽപ എത്തുന്നത്. ബെന്നി.പി നായരമ്പലം, ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ്, ജേക്സ് ബിജോയ്, സമീറ സനീഷ്, ഷാജി നടുവിൽ, റോണക്സ് സേവ്യർ, ജിനു വി. എബ്രഹാം എന്നിങ്ങനെ മലയാള സിനിമയിലെ പ്രഗത്ഭരുടെ ഒരു സംഘമാണ് ഈ ചിത്രത്തിന്റെ അണിയറയിൽ ശിൽപയ്ക്കൊപ്പം ഒരുമിക്കുന്നത്. സിനിമാ വിശേഷങ്ങളുമായി ശിൽപ അലക്സാണ്ടർ മനോരമ ഓൺലൈനിൽ. 

അവറാൻ വന്ന വഴി

അഞ്ചു വർഷമായി ഞാൻ മനസിൽ കൊണ്ടു നടക്കുന്ന കഥയാണ് അവറാൻ എന്ന സിനിമയുടേത്. എന്റെ അമ്മൂമ്മയുടെ അടുത്തു നിന്നു കേട്ടിട്ടുള്ള ഒരു കഥയാണ് ഇതിന് ആധാരം. അതുമായാണ് ഞാൻ ബെന്നി ചേട്ടനെ (ബെന്നി.പി.നായരമ്പലം) പോയി കാണുന്നത്. എന്റെ സുഹൃത്ത് ഖാലിദ് റഹ്മാനാണ് ബെന്നി ചേട്ടനെ നിർദേശിക്കുന്നത്. അങ്ങനെ അദ്ദേഹത്തെ കണ്ടു കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ താൽപര്യം തോന്നി. പിന്നീട് അദ്ദേഹം ഈ കഥ ഏറ്റെടുത്തു. ‌ബെന്നി ചേട്ടനാണ് നിർമാതാവ് ജിനു ചേട്ടനെ പരിചയപ്പെടുത്തിയത്. അദ്ദഹം ടൊവീനോയോടു കഥ പറഞ്ഞു. തല്ലുമാലയിൽ ഞാനും വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് എന്നെ അറിയാം. പിന്നീട് ഞാനും ബെന്നി ചേട്ടനും പോയി അദ്ദേഹത്തെ കണ്ടു. അങ്ങനെയാണ് ഈ പ്രൊജക്ട് ഓൺ ആകുന്നത്. മറ്റു കാസ്റ്റിങ് നടന്നു വരുന്നേയുള്ളൂ. എന്തായാലും, സിനിമയിൽ ശക്തമായ ഒരു ഫീമെയിൽ ലീഡ് ഉണ്ടാകും. 

ആനിമേഷൻ വഴി സിനിമയിലേക്ക്

പപ്പയുടെ നാട് കാഞ്ഞിരപ്പള്ളി ആണ്. അമ്മയുടെ നാടാണ് എറണാകുളം. പപ്പ റിസർവ് ബാങ്കിലായിരുന്നു. അദ്ദേഹത്തിന് ട്രാൻസ്ഫർ കിട്ടുന്നതിന് അനുസരിച്ച് ഞങ്ങളും പലയിടങ്ങളിൽ അദ്ദേഹത്തിനൊപ്പം പോയി. ഏഴു വരെ നാട്ടിലായിരുന്നു. പിന്നീട് പഠിച്ചത് മുംബൈയിലായിരുന്നു. ജെജെ സ്കൂൾ ഓഫ് ആർടിൽ നിന്നാണ് ഫൈൻ ആർട്സിൽ ബിരുദം എടുത്തത്. എൻഐഡിയിൽ നിന്ന് ആനിമേഷനിൽ ബിരുദാനന്തര ബിരുദം എടുത്തു. ടൂൺസിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നു. അങ്ങനെയാണ് സംവിധായകൻ അനിൽ രാധാകൃഷ്ണ മോനോനെ പരിചയപ്പെടുന്നത്. അദ്ദേഹവും അവിടെ ജോലി ചെയ്തിരുന്നു. പണ്ടൊന്നും മനസിൽ സിനിമ ഉണ്ടായിരുന്നില്ല. എന്നെ അതിലേക്ക് വലിച്ചിട്ടത് അനിലേട്ടൻ (അനിൽ രാധാകൃഷ്ണ മോനോൻ) ആണ്. അദ്ദേഹം ആ സമയത്ത് ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. എന്നോട് ഒരു സ്റ്റോറി ബോർഡ് ചെയ്യാമോ എന്നു ചോദിച്ചു. ഞാൻ അതു ചെയ്തു കൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു, 'സിനിമ ആകുമ്പോൾ വിളിക്കാം' എന്ന്. ഞാൻ അതു കാര്യമായി എടുത്തിരുന്നില്ല. പക്ഷേ, ഒരു ദിവസം അദ്ദേഹം വിളിച്ചു പറഞ്ഞു, ബാഗ് പാക്ക് ചെയ്തു പോന്നോളൂ, സിനിമ ഓൺ ആയെന്ന്! അങ്ങനെയാണ് ഞാൻ സിനിമയിലെത്തിയത്. 'നോർത്ത് 24 കാതം' എന്ന സിനിമയിലാണ് ഞാൻ അദ്യമായി വർക്ക് ചെയ്യുന്നത്. 

സിനിമ നൽകിയ സുഹൃത്തുക്കൾ

'നോർത്ത് 24 കാതം' സിനിമയുടെ സെറ്റിൽ വച്ചാണ് ചെമ്പൻ ചേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആന്റി ക്രൈസ്റ്റ് പ്രോജക്ടിനെക്കുറിച്ച് എന്നോടു സംസാരിച്ചു. അതിൽ അസിസ്റ്റന്റ്സിനെ അന്വേഷിക്കുന്നുണ്ട് എന്നു പറഞ്ഞു. അങ്ങനെ ഞാൻ ലിജോ സാറിനെ പോയി കണ്ടു. പക്ഷേ, ആന്റി ക്രൈസ്റ്റ് നടന്നില്ല. അദ്ദേഹം എന്നെ ഡബിൾ ബാരൽ സിനിമയിലേക്ക് വിളിച്ചു. അതിൽ അസിസ്റ്റന്റ് ആയിരുന്നു. പിന്നീട് അനിലേട്ടന്റെ ലോർഡ് ലിവിങ്സ്റ്റൺ 10000 കണ്ടി ചെയ്തു. അതിൽ ഞാനും പടയോട്ടം ചെയ്ത റഫീഖ് ഇബ്രാഹിമും അസോഷ്യേറ്റ്സ് ആയിരുന്നു. 'നോർത്ത് 24 കാതം' സിനിമയിൽ ഖാലിദ് റഹ്മാനും വർക്ക് ചെയ്തിരുന്നു. അദ്ദേഹം 'അനുരാഗ കരിക്കിൻ വെള്ളം' ചെയ്തപ്പോൾ എന്നെ വിളിച്ചു. പിന്നീട് റഫീഖ് ഇബ്രാഹിം പടയോട്ടത്തിലേക്കും വിളിച്ചു. മാർക്കോണി മത്തായിയാണ് പിന്നീട് ചെയ്തത്. പക്ഷേ, അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 'ഉണ്ട' സിനിമയുടെ പ്രിപ്രൊഡക്ഷനിൽ ഭാഗമായിരുന്നു. ആദ്യ ദിവസം ഷൂട്ടിന് ചെന്നപ്പോൾ ചൂടും വെയിലും കൊണ്ട് സൺ ബേൺ ആയി തിരികെ പോരേണ്ടി വന്നു. പിന്നീട് തല്ലുമാല ചെയ്തു. 

ഓർഗാനിക് ആയി വന്ന സിനിമകൾ

ഞാൻ ആദ്യത്തെ സിനിമയിൽ വർക്ക് ചെയ്യുന്ന സമയം. ഖാലിദ് റഹ്മാൻ എന്നോടു പറഞ്ഞു, "ശിൽപയ്ക്ക് ഒരു കാര്യം ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു മാറി നിന്നാൽ, അതു ചെയ്യാൻ ആയിരം പേർ പുറത്തു കാത്തു നിൽക്കുന്നുണ്ടാകും" എന്ന്. അതായത്, വെള്ളത്തിലിറങ്ങി ഷൂട്ട് ഉള്ളപ്പോൾ അതിൽ ഇറങ്ങി നിൽക്കാൻ പറ്റില്ലെന്നു പറയാൻ കഴിയില്ല. അത്രയും കഠിനാധ്വാനം വേണ്ട ഫീൽഡാണ് ഇത്. സിനിമയിൽ ഒരിക്കൽ പോലും എന്റെ ജെൻഡറിനെക്കുറിച്ച് എനിക്ക് ആകുലപ്പെടേണ്ടി വന്നിട്ടില്ല. അങ്ങനെയാണ് എന്റെ സഹപ്രവർത്തകർ എന്നോടു പെരുമാറിയിട്ടുള്ളത്. എനിക്ക് എപ്പോഴും നല്ല പ്രൊജക്ടുകളിൽ ജോലി ചെയ്യാൻ കഴിഞ്ഞു. വലിയ സ്വാതന്ത്ര്യത്തോടെ വർക്ക് ചെയ്യാൻ പറ്റിയിട്ടുണ്ട്. വളരെ ഓർഗാനിക് ആയി അവസരങ്ങൾ വന്നു കൊണ്ടിരുന്നു. അവറാനും അങ്ങനെ സംഭവിച്ചതാണ്. വൈകാതെ സിനിമയുടെ ഷൂട്ട് തുടങ്ങും. 

English Summary:

Another director Shilpa Alexander is preparing to make her debut in Malayalam cinema with the film 'Aavaran' starring Tovino Thomas. Shilpa has been a part of Malayalam cinema since 'North 24 Katham' directed by Anil Radhakrishna Menon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com