മിനിസ്ക്രീനിലെ ഹിറ്റ് ടീം; ‘മറിമായം’ സിനിമയാകുമ്പോൾ
Mail This Article
വലിയ പ്രേക്ഷകപ്രീതിയുള്ള പരമ്പരയാണ് മറിമായം. അതിലെ അഭിനേതാക്കളുടെ പേരിനേക്കാൾ കാഴ്ചക്കാർക്ക് പരിചയം മണ്ഡോദരി, സത്യശീലൻ, മന്മഥൻ, കോയാക്ക തുടങ്ങിയ കഥാപാത്രങ്ങളെയാണ്. ശരിയായ പേര് പോലും ആളുകൾ മറന്നുപോയി എന്ന് മറിമായം കാസ്റ്റ് പറയുന്നത് അഭിമാനത്തോടെയാണ്. കഴിഞ്ഞ പതിനാലു വർഷമായി തുടരുന്ന മറിമായം പരിപാടിയുടെ വിജയം കൂടുമ്പോൾ ഇമ്പമുള്ള ഈ കൂട്ടുകാർ തന്നെയാണ്. ഇവർ ഒത്തുചേർന്ന് പുതിയ സിനിമയുണ്ടാകുന്നു; പഞ്ചായത്ത് ജെട്ടി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ''ഞങ്ങളുടെ കുടുംബത്തില്‍ ഒരു ഉത്സവം കൊടിയേറുന്ന ദിവസമാണ് ജൂലൈ ഇരുപത്തിയാറാം തീയതി. അതിന്റെ കാത്തിരിപ്പിലാണ് ഞങ്ങൾ. ഞങ്ങളുടെ സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്. അതിന്റെ സന്തോഷവും ആകാംക്ഷയും ടെൻഷനും ഒക്കെയുണ്ട്''. മറിമായം ടീം സിനിമയുടെ വിശേഷങ്ങളും ജീവിതവും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
മറിമായത്തിലെ തമാശകൾ
സ്നേഹ ശ്രീകുമാർ (മണ്ഡോദരി); മറിമായത്തിലെ തമാശകൾ നമ്മളെല്ലാം ചർച്ച ചെയ്യാറുണ്ട്. ഞങ്ങൾക്കിടയിൽ വാഗ്‌വാദങ്ങളും എമണ്ടൻ തർക്കങ്ങളുമൊക്കെ
ഉണ്ടാകാറുണ്ട്. അതുകൊണ്ട് അതിന്റെ റിസൾട്ട് വരുമ്പോൾ നൂറിൽ നൂറായിരിക്കും. അപ്പോൾ എല്ലാവരും ഹാപ്പിയാകും. ഡബിൾ മീനിങ്ങായിട്ടുള്ള തമാശകളൊന്നും ആർക്കും ഇഷ്ടവുമില്ല. ആരും അംഗീകരിക്കുകയുമില്ല. അതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം.
റിയാസ് നർമകല (മന്മഥൻ); നമുക്ക് വീട്ടിൽ കുടുംബം ഉണ്ട്. നമ്മുടെ വീട്ടുകാര് കാണുന്നതാണ്. അവർക്കും കൂടി കാണണം എന്നുള്ള ഒറ്റച്ചിന്തയേ നമുക്കുണ്ടാകാറുള്ളൂ. തമാശ സഭ്യമായിരിക്കണം. എന്റെ മക്കൾ കാണുന്നതാണ്. അവർക്ക് എല്ലാവർക്കും കാണാൻ പറ്റണം. അവർക്കതിൽ നിന്ന് എന്തെങ്കിലും ഉൾക്കൊള്ളാനും പറ്റണം. അങ്ങനെ ചിന്തിക്കുന്നവരാണ് ഇതിലുള്ളവരെല്ലാം.
മറിമായം കൊണ്ടുവന്ന മാറ്റം
സ്നേഹ ശ്രീകുമാർ (മണ്ഡോദരി); ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ എല്ലാവരും കൂടി വന്നിരുന്ന് വർത്തമാനം പറയും. കൂടുതൽ സമയം ഇവിടെ ചിലവഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം.
റിയാസിക്കയൊക്കെ എത്രയോ കാലം മുൻപുതന്നെ ഈ മേഖലയിൽ കഴിവ് തെളിയിച്ച ആളാണ്. തിരുവനന്തപുരത്ത് പണ്ടത്തെ ഹിറ്റ് ട്രൂപ്പാണ് നർമകല. അതിനെ കുറേ കാലം നയിച്ചത് റിയാസിക്കയാണ്. സുരാജ് വെഞ്ഞാറമ്മൂട് ഒക്കെ കളിച്ചിരുന്ന ട്രൂപ്പാണ്. പക്ഷേ മറിമായം ഞങ്ങൾക്കെല്ലാവർക്കും ഒരുപോലെ ഭാഗ്യമാണ്.
പ്രേക്ഷകരിലേക്ക് ഞങ്ങൾക്കുള്ള ചവിട്ടുപടിയാണ് മറിമായം. എല്ലാ വർഷവും ഒരു സിനിമ എടുക്കണമെന്നാണ് ഞങ്ങളുടെ തീരുമാനം. അതിന് നിങ്ങൾ സഹായിക്കണം. നിങ്ങൾ ഈ സിനിമ കണ്ട് വിജയിപ്പിച്ചിട്ടു വേണം ഞങ്ങൾക്കിതൊരു തുടർ പരിപാടിയാക്കാൻ.
ഉണ്ണി രാജ് (ഉണ്ണി); കലോത്സവ വേദികളിലൊക്കെ നാടകവും മിമിക്രിയും പഠിപ്പിക്കാൻ പോയിട്ടുണ്ട്. എനിക്ക് അഭിനയം ഒന്നുമറിയില്ല. എന്റെ അഭിനയത്തിന്റെ ഒരു ഇൻസ്റ്റിറ്റ്യൂട്ടാണിത്. എല്ലാവരുടെയും കൂടെ നിന്ന് ഞാനും എന്തൊക്കെയോ ചെയ്യുന്നു. പുറത്ത് പോകുമ്പോൾ എല്ലാവരും തിരിച്ചറിയുന്നുണ്ട്. മറിമായത്തിൽ വന്നതിനുശേഷമാണ് ജീവിതത്തിൽ സാമ്പത്തികമായും മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. പുറംരാജ്യങ്ങളിലൊക്കെ പോകാന്‍ പറ്റി. കുറേ നാടുകൾ കാണാൻ പറ്റി.
സൗഹൃദം തന്ന വ്യക്തിത്വം
വിനോദ് കോവൂർ (മൊയ്‌ദു); പല നാട്ടിൽ നിന്നും വന്നവരാണ് ഞങ്ങൾ. എന്നാലും തമ്മിൽ ഒരു കെമിസ്ട്രി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. അഭിനയിക്കുന്ന സമയത്ത് പരസ്പരം പടവെട്ടിയെന്നൊക്കെ വരും. സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ചില കഥാപാത്രങ്ങളുടെ ഡയലോഗുകളോ ചേഷ്ടകളോയൊക്കെ ഇഷ്ടപ്പെടാതെ വരുമ്പോള്‍ അതിനെ എതിർത്തു സംസാരിക്കാറുണ്ട്. പക്ഷേ അഭിനയിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ സംഭവം മാറും. പിന്നെ ഞങ്ങൾ കഥാപാത്രങ്ങൾ മാത്രമാകും.
നിയാസ് ബക്കർ(കോയ); പരിചയവും ബന്ധവുമൊക്കെ കൂടുമ്പോളാണല്ലോ നമ്മൾ ശരിക്കും ഓപൺ ആകുന്നത്. ആദ്യമൊക്കെ എല്ലാവരും ഡീസന്റായിരുന്നു. 13–14 വർഷമായപ്പോൾ എല്ലാവർക്കും എല്ലാവരുടെയും സ്വഭാവം ഏകദേശം അറിയാം. അപ്പോൾ അടിയും വഴക്കും സ്നേഹവും ഒക്കെ ഉണ്ടാവും.
ഒരാൾ എങ്ങനെയെന്നുള്ളത് അയാൾക്ക് അറിയുന്നതിനേക്കാൾ കൂടുതൽ ബാക്കിയുള്ളവർക്ക് അറിയാം.
അതിൽ ഗുണവും ദോഷവും ഉണ്ട്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും ഭയങ്കര ഐക്യമാണ്. അത്രയും വലിയ സൗഹൃദമായി.
പഞ്ചായത്ത് ജെട്ടി എന്ന സിനിമ
സലിം ഹസൻ (പ്യാരിജാതൻ/ മുഹമ്മദ് പ്യാരി); ആദ്യം സിനിമയിൽ നിന്നുള്ള ആളുകളെ ട്രൈ ചെയ്തു നോക്കിയിരുന്നു. പക്ഷേ അവരുടെ തിരക്കു കാരണം നമ്മൾ പ്രതീക്ഷിച്ച് സമയത്തൊന്നും ആരെയും കിട്ടിയില്ല. ഒരുപാട് കാത്തിരിക്കാനും പറ്റാത്തതു കൊണ്ട് നമ്മൾ തന്നെ ചെയ്താൽ മതി എന്ന് നിർമാതാവും തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് ഈ സിനിമ നടന്നു. അല്ലെങ്കിൽ ഇത് നടക്കില്ല. നമ്മൾ കാത്ത് കാത്തിരിക്കും.
മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ); മറിമായത്തിലെ ആളുകളെ കൂടാതെ മിമിക്രി രംഗത്തു നിന്നുള്ള അറുപതോളം കലാകാരന്മാരും, നാടക രംഗത്തുനിന്നുള്ള സീനിയറായിട്ടുള്ള ആളുകളും അഭിനയിച്ചിട്ടുണ്ട്. അവർക്കു കൊടുത്ത വേഷങ്ങള്‍ വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. ചെറിയ ആർട്ടിസ്റ്റുകൾക്കുള്ള ദാരിദ്ര്യം ഈ സിനിമയിലൂടെ മലയാളസിനിമയ്ക്ക് മാറിക്കിട്ടും. ഈ സിനിമയിൽ പത്തുനൂറ്റമ്പത് ആളുകളുണ്ട്. അവർക്കെല്ലാം കൃത്യമായ ഡയലോഗും ഉണ്ട്. അമ്മമാരുടെ കുറവും ഈ സിനിമയിൽ ഞങ്ങൾ നികത്തിയിട്ടുണ്ട്. അഭിനയത്തിൽ വളരെ അനുഭവപരിചയമുള്ള ഒരുപാട് അമ്മമാരുണ്ട് ഈ സിനിമയിൽ.
നാടകത്തിൽ നിന്നുള്ള പതിനഞ്ചോളം പേരുണ്ട്. അവാര്‍ഡൊക്കെ കിട്ടിയവരുണ്ട്. അവരെയൊക്കെ ഇതിൽ സഹകരിപ്പിക്കാൻ പറ്റി എന്നുള്ളത് ഞങ്ങളുടെ ഒരു ഭാഗ്യം.
റിയാസ് നർമകല (മന്മഥൻ); നിങ്ങളുടെ മുൻപില്‍ സിനിമാതാരങ്ങൾ ഒന്നുമല്ലെന്ന് പ്രേക്ഷകർ പലപ്പോഴും പറയാറുണ്ട്. ഇവര് ഞങ്ങളെയിങ്ങനെ തലയിൽ എടുത്തു വച്ചിരിക്കുകയാണ്. പരമ്പര അല്ല സിനിമ. മറിമായം കുടുംബത്തിൽ നിന്നാണ് ഈ സിനിമ വരുന്നത്. ഷൂട്ടിന് വരുമ്പോളെല്ലാം നമ്മുടെ തറവാട്ടിലേക്ക് തിരിച്ചു പോകുന്ന പോലെയാണ് തോന്നാറുള്ളത്. ആ ആഘോഷം പഞ്ചായത്ത് ജെട്ടി എന്ന സിനിമയിലും കാണാം. ജൂലൈ 26 ന് സിനിമ വരുമ്പോൾ എല്ലാവരും പോയി കാണണം.