എഫ്ബിഐ മോസ്റ്റ് വാണ്ടഡ്, തലയ്ക്ക് വില 42 കോടി; സർജറി നടത്തി മുഖം മാറ്റിയ ‘ക്രിപ്‌റ്റോ ക്വീൻ’; മാഫിയ തലവൻ വെട്ടിനുറുക്കി കടലിലെറിഞ്ഞോ?
Mail This Article
ജൂൺ 2016. ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തോടു ചേർന്ന വിശാലമായ അറീന കാണികളെക്കൊണ്ടു നിറഞ്ഞൊഴുകിയ സായാഹ്‌നം. ആടയാഭരണങ്ങളുടെ ആർഭാടത്തോടെയും ആകർഷകമായ ആകാരസൗഷ്‌ഠവത്തോടെയും വേദിയിലേക്ക് അവൾ കടന്നുവരുമ്പോൾ അറീനയെ പ്രകമ്പനംകൊള്ളിച്ച് ആരാധകസഹസ്രത്തിന്റെ ഹർഷാരവം. അതു റൂജയായിരുന്നു. ഞൊടിയിടയിൽ കോടികൾ നേടിയും, കോടികൾ നേടാമെന്ന പ്രലോഭനത്തിലൂടെ ലോകമെങ്ങുമായി ലക്ഷങ്ങളെ ആരാധകരായും അനുയായികളായും മാറ്റുകയും ചെയ്‌ത ‘ക്രിപ്‌റ്റോകറൻസി ക്വീൻ’. റൂജ ഇഗ്നാതോവ സ്വന്തം നിലയിൽ വിളംബരം ചെയ്തതാണ് അതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞ ‘ക്രിപ്‌റ്റോ ക്വീൻ’ എന്ന വിശേഷണം. റൂജ ജന്മം നൽകിയ ‘വൺകോയിൻ’ എന്ന ക്രിപ്‌റ്റോകറൻസിയിൽ വിശ്വാസമർപ്പിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച സദസ്യർക്കു കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു അന്ന് അവരിൽനിന്നുണ്ടായ വാഗ്‌ദാനങ്ങൾ. ‘രണ്ടു വർഷത്തിനപ്പുറം ബിറ്റ്‌കോയിനെപ്പറ്റി സംസാരിക്കാൻ ആരുമുണ്ടാകില്ല’ എന്നുപോലും പ്രവചിച്ച റൂജ ‘ബിറ്റ്‌കോയിൻ കില്ലർ’ എന്നാണു വൺകോയിനെ വിശേഷിപ്പിച്ചത്.