ADVERTISEMENT

തിയറ്ററുകൾ ഇളക്കി മറിച്ച് ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയാണ് വിപിൻ ദാസിന്റെ കഥയിൽ ആനന്ദ് മേനൻ സംവിധാനം ചെയ്ത 'വാഴ'.  ഒരു സംഘം പുതുമുഖങ്ങളെ അണിനിരത്തി നിർമിച്ച ചിത്രം തിയറ്ററിൽ വൻ വിജയമായിരുന്നു. ചിത്രത്തിൽ മായ എന്ന കഥാപാത്രമായി എത്തിയ പുതുമുഖം മീനാക്ഷി എന്ന താരം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.  രാജമാണിക്യം, തൊമ്മനും മക്കളും തുടങ്ങി നിരവധി സിനിമകളിൽ പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവ് ആയും കൺട്രോളർ ആയും പ്രവർത്തിച്ചിട്ടുള്ള പരേതനായ ഉണ്ണികൃഷ്ണന്റെ മകൾ ആണ് മീനാക്ഷി. സംവിധായകൻ അനീഷ് ഉപാസനയുടെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ മീനാക്ഷിയും അമ്മയും എത്തിയപ്പോൾ തന്റെ സ്വന്തം ഉണ്ണി ചേട്ടന്റെ കുടുംബത്തെ അനീഷ് തിരിച്ചറിയുകയായിരുന്നു. അനീഷ് ആണ് മീനാക്ഷിയെ സിനിമയിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചത്. ഉണ്ണി ആറിന്റെ ‘വാങ്കി’ലൂടെ അച്ഛന്റെ പിന്മുറക്കാരിയായി സിനിമയിലെത്തിയ മീനാക്ഷി ‘വാഴ’യും കഴിഞ്ഞ് മമ്മൂട്ടി–ഗൗതം മേനോൻ ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞു.  ടോംബോയ് ലുക്കിൽ ബോൾഡായി പ്രസരിപ്പോടെ ഓടിനടന്ന് വാഴയിലെ പ്രിയതാരമായി മാറിയ കഥയുമായി മനോരമ ഓൺലൈനിൽ എത്തുകയാണ് മീനാക്ഷി.  

അനീഷ് ഉപാസന ചോദിച്ചു, ‘ഉണ്ണി ചേട്ടന്റെ മകളല്ലേ’ 

അഞ്ചുവർഷത്തെ നിയമപഠനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു കുസാറ്റിൽ.  അതിനിടയ്ക്ക് ഞാനും അമ്മയും കൂടി ഒരു സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ പോയി. അത് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുടെ സ്റ്റുഡിയോ ആയിരുന്നു.  എന്റെ അച്ഛന്റെ ഫോട്ടോ ഒക്കെ എഡിറ്റ് ചെയ്യാനുണ്ടായിരുന്നു.  പിറ്റേ ദിവസം ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നു,  ഉണ്ണിച്ചേട്ടന്റെ മകൾ ആണോ, മോളുടെ ഫോട്ടോ കണ്ടു നന്നായിട്ടുണ്ട്.  അനീഷ് ചേട്ടന് അച്ഛനെ അറിയാം.  അച്ഛൻ ഉണ്ണികൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊഡക്‌ഷൻ കൺട്രോളറും ഒക്കെ ആയിരുന്നു.  ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചുപോയി.

meenakshi
അച്ഛനും അമ്മയ്ക്കുമൊപ്പം

‘രാജമാണിക്യം’ സെറ്റിൽ ഒക്കെ അനീഷേട്ടനെ അച്ഛൻ സഹായിച്ചിട്ടുണ്ട്.  ഞങ്ങളെ കണ്ടപ്പോൾ അനീഷേട്ടന് സന്തോഷമായി.  ചേട്ടൻ എന്നോട് മോഡലിങ്, സിനിമ ഒക്കെ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. ഞാൻ സിനിമ നോക്കുന്നതിൽ കുഴപ്പമില്ല എന്ന് പറഞ്ഞു.  അനീഷേട്ടൻ എന്റെ കുറെ പടങ്ങൾ എടുത്ത് പലർക്കും അയച്ചു. അങ്ങനെയാണ് ഉണ്ണി ആർ. സാറിന്റെ വാങ്ക് എന്ന സിനിമയിലേക്ക് എത്തുന്നത്.  തിരക്കഥാകൃത്ത് ഷബ്‌ന മുഹമ്മദ് എന്റെ ഫോട്ടോ കണ്ടിട്ട് വിളിക്കുകയായിരുന്നു. ‘വാങ്ക്’ ആണ് എന്റെ ആദ്യത്തെ ചിത്രം. കമേഴ്ഷ്യൽ ആയി ആദ്യം ചെയ്ത സിനിമ വാഴ ആണ്. 

meenakshi-unnikrishnan434

സിനിമയിലേക്കെന്ന് ഉറപ്പിച്ചു

‘വാങ്ക്’ ചെയ്തുകഴിഞ്ഞിട്ടാണ് ഇത് എനിക്ക് പറ്റുന്ന പണി ആണ് എന്ന് മനസ്സിലായി ഞാൻ ഓഡിഷന് പോകാൻ തുടങ്ങിയത്. പണ്ട് അച്ഛനോടൊപ്പം ലൊക്കേഷനിൽ പോയിട്ടുണ്ട്.  മമ്മൂക്കയുടെ തൊമ്മനും മക്കളും എന്ന സിനിമയുടെ ക്ളൈമാക്സ് ഒക്കെ ചെയ്യുന്നത് എനിക്ക് ഓർമ്മയുണ്ട്.  മനസ്സിൽ എവിടെയൊക്കെയോ സിനിമ ഉണ്ടായിരുന്നു. എന്നാലും വാങ്ക് ആണ് എനിക്ക് ആത്മവിശ്വാസം തന്നത്.

പഠനം കഴിഞ്ഞ് ഞാൻ രണ്ടുമാസം ഒരു കോർപറേറ്റ് ലോ സ്ഥാപനത്തിൽ ജോലി ചെയ്തു. എങ്കിലും എനിക്ക് ഒരു സംതൃപ്തി ഉണ്ടായില്ല. അതിനു ശേഷം ഉണ്ണി ആർ. സാറിന്റെ വടക്കൻ എന്ന സിനിമയിൽ അഭിനയിച്ചു. അതും റിലീസ് ചെയ്യാനുണ്ട്.  ആ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ ഒക്കെ പോയിട്ടുണ്ട്.  ആ സിനിമയും കഴിഞ്ഞാണ് ‘വാഴ’യിലേക്ക് എത്തുന്നത്. ഓഡിഷന് പോയിട്ട് ‘വാഴ’യിലേക്ക് സിലക്റ്റ് ചെയ്യുകയായിരുന്നു.  വാഴയുടെ കഥ കേട്ടപ്പോ ഇഷ്ടം തോന്നി.  വിപിൻ ചേട്ടന്റെ കഥ അടിപൊളി ആണ്.  ഈ കഥ എല്ലാവര്‍ക്കും റിലേറ്റ്  ചെയ്യാൻ കഴിയും, യുവാക്കൾക്കും മാതാപിതാക്കൾക്കും എല്ലാം സ്വന്തം ജീവിതമാണ് ഇതെന്ന് തോന്നും.  

meenakshi-unnikrishnan22

തൊമ്മനും മക്കളും സെറ്റിൽ പോയ ഓർമ്മകൾ 

കൊച്ചിയിൽ ചെമ്പുമുക്ക് ആണ് എന്റെ വീട്. അമ്മയും എന്റെ ഡോഗ് ചാർളിയും അടങ്ങുന്നതാണ് എന്റെ കുടുംബം.  പണ്ട് അച്ഛന്റെ കൂടെ ലൊകേഷനിൽ പോയി സിനിമ ഒക്കെ നല്ല പരിചിതമായിരുന്നു.  ‘തൊമ്മനും മക്കളും’ എന്ന സിനിമയുടെ ലൊകേഷനിൽ പോയി മമ്മൂക്ക അഭിനയിക്കുന്നത് കണ്ടതൊക്കെ എനിക്ക് ഓർമയുണ്ട്.  അന്ന് ഞാൻ അതിശയത്തോടെ നോക്കി നിന്നു. 

thommanum-makkalum-set

മമ്മൂക്ക അന്ന് ഭയങ്കര സ്നേഹത്തോടെ പെരുമാറിയിരുന്നു.  ഇപ്പൊ മമ്മൂക്കയുടെ സെറ്റിൽ ചെന്നപ്പോ ഞാൻ പഴയ കാര്യം പറഞ്ഞപ്പോ അദ്ദേഹത്തിന് അതൊക്കെ ഓർമയുണ്ട്. നമ്മുടെ ‘വാഴ’യുടെ കാര്യം പറഞ്ഞപ്പോ "ആ ഇത് നമ്മുടെ പുതിയ പിള്ളേരുടെ പരിപാടി അല്ലെ നന്നായിട്ടുണ്ട്" എന്ന് പറഞ്ഞു.  അദ്ദേഹം എല്ലാ കാര്യത്തെക്കുറിച്ചും അപ്ഡേറ്റഡ് ആണ്.  അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതൊക്കെ വലിയ ഭാഗ്യം തന്നെയാണ്.

meenakshi-unnikrishnan2-mammootty2

ഇതൊരു വാഴ കുടുംബം 

വാഴ ഞങ്ങൾ നന്നായി ആസ്വദിച്ചു ചെയ്ത സിനിമയാണ്. വിപിൻ ദാസ് ചേട്ടന്റെ സ്ക്രിപ്റ്റിൽ ആനന്ദ് മേനൻ ആണ് സംവിധാനം. ‘ഗൗതമിന്റെ രഥം’ എന്ന സിനിമ ചെയ്ത ആളാണ് ആനന്ദ് മേനൻ.  വിപിൻ ചേട്ടൻ ആയാലും ആനന്ദ് ആയാലും മുഴുവൻ ക്രൂവും ഞങ്ങളെ വളരെയധികം കംഫർട്ടബിൾ ആക്കി വെക്കാൻ ശ്രമിച്ചിട്ടുണ്ട്. നമുക്ക് ഒരു പേടിയും ഇല്ലാതെ അഭിനയിക്കാൻ കഴിഞ്ഞു.  ‘വാഴ’യിൽ അഭിനയിച്ചവർ മിക്കവാറും പുതുമുഖങ്ങളാണ്. എന്റെ പെയർ ആയി വന്ന സിജു സണ്ണി രോമാഞ്ചം തുടങ്ങി കുറച്ചു സിനിമകൾ ചെയ്തിട്ടുണ്ട്.

meenakshi-unnikrishnan-vipin

ജോമോനും രോമാഞ്ചത്തിൽ ഉണ്ടായിരുന്നു. എല്ലാവരും നല്ല സഹകരണവും സൗഹൃദവും ആയിരുന്നു.  ഫുൾ ഫൺ ആയിരുന്നു.  ഞാൻ ഒരു ടോംബോയ് പോലെ ആയതുകൊണ്ട് ഇവരോടൊപ്പം ഒരു ചെക്കനെ പോലെ ആണ് നടന്നത്. ഇവർ ചായകുടിക്കാൻ പോകുമ്പോ എന്നെയും വിളിച്ചോണ്ട് പോകും, അവരുടെ ഒരു കൂട്ടുകാരനെപ്പോലെ കൂടെ നടക്കുകയായിരുന്നു.  ഇപ്പൊ വാഴയുടെ ടീം എന്റെ കുടുംബമാണ്, അത്രക്ക് ഒരു അടുപ്പം ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്.  

meenakshi-unnikrishnan2232

മായയ്ക്ക് വേണ്ടി മുടി ഉപേക്ഷിച്ചു 

എനിക്ക് കുറച്ചു നല്ല നീളമുള്ള മുടി ഉണ്ടായിരുന്നു. ഓഡിഷന് ചെന്നപ്പോൾ തന്നെ അവർ പറഞ്ഞിരുന്നു മായ എന്ന കഥാപാത്രം ഇങ്ങനെ ആണ് മുടി മുറിക്കേണ്ടി വരും എന്ന്.  പിന്നെ അവർ തന്നെ എന്നെ കൊണ്ടുപോയി മെയ്ക്ക് ഓവർ ചെയ്തു.  എന്റെ അമ്മയും അമ്മുമ്മയും ഒക്കെ എന്റെ മുടി നന്നയി നോക്കുന്നവരാണ് അവർക്ക് വിഷമം ആകുമോ എന്ന് പേടി ഉണ്ടായിരുന്നു.  പക്ഷെ മുടി മുറിച്ചു കഴിഞ്ഞപ്പോ എല്ലാവര്ക്കും ഇഷ്ടപെടുകയാണ് ചെയ്തത്. ആ കഥാപാത്രത്തിന് ഞാൻ അനുയോജ്യ ആയിരുന്നു കഥാപാത്രം വർക്ക് ആയി എന്നൊക്കെയാണ് കിട്ടിയ പ്രതികരണങ്ങൾ.  അങ്ങനെ മായയ്ക്ക് വേണ്ടി ഞാൻ  എന്റെ മുടി കളഞ്ഞു.  ഇപ്പോൾ എല്ലാവരും പറയുന്നത് ആ ഹെയർ സ്റ്റൈൽ ആണ് എനിക്ക് ചേരുന്നതെന്ന്. പക്ഷേ അങ്ങനെ ഒരു ലുക്കിൽ എന്നെ തളച്ചിടാൻ ഞാനില്ല. അടുത്ത പ്രോജെക്റ്റിൽ മുടി വേണം അങ്ങനെ ഞാൻ വീണ്ടും മുടി വളർത്തുകയാണ്.

meenakshi-unnikrishnan-vaazha

‘വാഴ’ എന്ന ഭാഗ്യം 

വാഴയ്ക്ക് നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. തിയറ്റർ വിസിറ്റിന് പോയപ്പോൾ, ഒരു ആന്റി വന്നു കയ്യിൽ പിടിച്ചു സംസാരിച്ചു ‘മോളെ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു.  ഞങ്ങൾ ആദ്യം ക്രൂവിനോടൊപ്പം ആദ്യ ഷോ കണ്ടു. പിന്നീട് എന്റെ ഫ്രണ്ട്സിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ഇരുന്നു കണ്ടു.  എന്നെ ബിഗ് സ്‌ക്രീനിൽ കണ്ടത് വല്ലാത്ത ഒരു അനുഭമായിരുന്നു.  എനിക്ക് ചമ്മലും നാണവും ഒക്കെ തോന്നി. 

meenakshi-unnikrishnan232

സിനിമ ഒടിടിയിൽ വന്നതിനു ശേഷം ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട്. തമിഴ്, കന്നഡ തുടങ്ങി പല ഭാഷകളിൽ ആണ് മെസ്സേജ് വരുന്നത്. ഞാൻ അതൊക്കെ ട്രാൻസ്‌ലേറ്റ് ചെയ്താണ് വായിക്കുന്നത്. ഒരുപാട് സിനിമാ പ്രവർത്തകർ ഒക്കെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. മലയാളികൾക്ക് മാത്രമല്ല എല്ലാവർക്കും കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ട്.  ഹിറ്റ് ആയ ഒരു സിനിമയിൽ കൂടി ഇൻഡസ്ട്രിയിൽ വരാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.   

meenakshi-unnikrishnan2-mammootty

അടുത്തത് മമ്മൂട്ടിയുടെ ഡൊമിനിക്ക് 

മമ്മൂക്ക നായകനാകുന്ന ഗൗതം വാസുദേവൻ സാർ സംവിധാനം ചെയ്യുന്ന  'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്' എന്ന സിനിമയിൽ ആണ് ഞാൻ അടുത്തതായി അഭിനയിച്ചത്.  അതിന്റെ ഷൂട്ട് കഴിഞ്ഞു. അതിൽ വളരെ കുറച്ചേ അല്ലെങ്കിലും ഒരു സസ്പെൻസ് കഥാപാത്രമാണ്. നൗഫൽ അബ്ദുല്ല സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി സിനിമയാണ് അടുത്ത പ്രോജക്ട്. മാത്യു തോമസിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്. അതിന്റെ ഷൂട്ട് ഉടനെ തുടങ്ങും. ഇപ്പോൾ ചെയ്തതിന്റെ ഓപ്പോസിറ്റ് ഉള്ള ഒരു കഥാപാത്രമാണ് അതിൽ.  ചെയ്തതുപോലെ വീണ്ടും വീണ്ടും ചെയ്യാതെ എപ്പോഴും വ്യത്യസ്തതയുള്ള കഥാപാത്രം ചെയ്യാനാണ് എനിക്ക് ആഗ്രഹം.

English Summary:

Chat with Meenakshi Unnikrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com