'വേട്ടമൃഗം നല്ല ഒന്നാന്തരം തീമാ... രക്തരൂക്ഷിതവും അക്രമനിബിഢവും'; റൈഫിൾ ക്ലബിലെ രാപ്പാടി അഭിമുഖം
Mail This Article
ചാരനിറത്തിലുള്ള ബാബാ സൂട്ട് ധരിച്ച് കയ്യിലൊരു തൂവെള്ള തൂവാലയും നെറ്റിയിൽ ചന്ദനവും ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്നുള്ള തെച്ചിപ്പൂവും തുളസിക്കതിരും ചെവിയിലും തിരുകി മലയാള സിനിമയുടെ ചലനസമവാക്യങ്ങൾ നിയന്ത്രിക്കുന്ന തൊണ്ണൂറുകളിലെ നിർമാതാവായി റൈഫിൾ ക്ലബിൽ നിറഞ്ഞാടുകയാണ് രാപ്പാടി. മരം ചുറ്റി നടക്കുന്ന പൈങ്കിളി നായക സങ്കൽപങ്ങളെ പൊളിച്ചെഴുതി രക്തരൂക്ഷിതമായ സിനിമ എടുക്കണമെന്ന ആഗ്രഹത്തോടെ യുവതാരത്തെ സമീപിക്കുന്ന രാപ്പാടിയെ റൈഫിൾ ക്ലബ് കണ്ടവരാരും മറക്കില്ല. സിനിമയിൽ ‘തുപ്പാക്കി’ എടുക്കാത്ത അപൂർവം കഥാപാത്രങ്ങളിൽ ഒരാൾ. സ്വാഭാവിക നർമങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് ഈ കഥാപാത്രം. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തിയ കിരൺ പീതാംബരനാണ് രാപ്പാടി എന്ന കഥാപാത്രത്തെ അതിഗംഭീരമായി തിരശ്ശീലയിലെത്തിച്ചത്. സിനിമാ വിശേഷങ്ങളുമായി കിരൺ പീതാംബരൻ മനോരമ ഓൺലൈനിൽ.
‘രാപ്പാടി’ നൽകിയ സ്വീകാര്യത
സിനിമ കണ്ട് എന്റെ സുഹൃത്തുക്കളും പരിചയക്കാരും വിളിച്ചിരുന്നു. ഇതിനു മുൻപു ചെയ്ത പല കഥാപാത്രങ്ങൾക്കും നെഗറ്റീവ് ഷെയ്ഡ് ഉണ്ടായിരുന്നു. മാലിക്, പാൽതൂ ജാൻവർ, അറിയിപ്പ്, സല്യൂട്ട് എന്നിങ്ങനെയുള്ള സിനിമകളിലൊക്കെ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ പലതും ഒടിടിയിലാണ് റിലീസ് ചെയ്തതും ചർച്ചയായതും. അതുകൊണ്ടു തന്നെ, രാപ്പാടി എന്ന കഥാപാത്രത്തിന് ലഭിച്ച പോലെയുള്ള ശ്രദ്ധ ആ കഥാപാത്രങ്ങൾക്കു ലഭിച്ചില്ല. നായാട്ട് തിയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ വന്നപ്പോൾ തിയറ്റർ അടച്ചു. അതുകൊണ്ട്, ഇത്രയും സിനിമകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർ എന്നെ തിരിച്ചറിയുന്ന അവസ്ഥയിലേക്കൊന്നും വന്നിട്ടില്ല.
മേക്കോവറിനു പിന്നിൽ
തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണ്. മിലിന്ദ് ആയിരുന്നു കാസ്റ്റിങ് ഡയറക്ടർ. പടം തുടങ്ങുന്നതിന് ഒന്നര–രണ്ടു മാസം മുൻപാണ് വിളിച്ചത്. കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടാഴ്ച മുൻപാണ് ലുക്ക് ഒക്കെ സെറ്റാകുന്നത്. ആഷിക്കേട്ടനാണ് മീശ ഇപ്പോൾ സിനിമയിൽ കാണുന്ന രീതിയിൽ കനം കുറയ്ക്കാമെന്ന് നിർദേശിച്ചത്. പൂവ് ചെവിയിൽ തിരുകിക്കൊളൂ എന്നു പറഞ്ഞത് ശ്യാമേട്ടനാണ്. അദ്ദേഹം തന്നെയാണ് കയ്യിലൊരു തൂവാല പിടിക്കാം എന്നും പറഞ്ഞത്. അങ്ങനെയൊരു കൂട്ടായ്മയിൽ നിന്നാണ് രാപ്പാടി എന്ന കഥാപാത്രത്തിന്റെ ലുക്കും ഭാവവും സെറ്റായത്. എന്റെ ചില ഡയലോഗുകളും പ്രേക്ഷകർക്കിടയിൽ റജിസ്റ്റർ ആയി. രാപ്പാടി ഫിലിംസും വേട്ടമൃഗം എന്ന സിനിമയും റൈഫിൾ ക്ലബ് കണ്ടവർ മറക്കില്ല.
സെറ്റിലെ വെടിവട്ടം
വിനീതിനും നിയാസ് ഇക്കയുമായിട്ടായിരുന്നു കൂടുതലും കോംബിനേഷൻ ഉണ്ടായിരുന്നത്. ഞങ്ങൾ വരെ പെട്ടെന്ന് കമ്പനിയായി. വിനീതിനെ എത്രയോ കാലങ്ങളായി സിനിമയിൽ കാണുന്നു. അത്രയും അനുഭവസമ്പത്തുള്ള നടനും സംവിധായകനുമൊക്കെയാണ് അദ്ദേഹം. നന്നാകുന്നുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ അഭിനയിക്കാൻ ആത്മവിശ്വാസം കൂടി. സെറ്റ് മൊത്തത്തിൽ നല്ല രസമായിരുന്നു. ആർടിസ്റ്റുകൾക്ക് പ്രത്യേകം ടെന്റുകൾ സെറ്റ് ചെയ്തിരുന്നു. ഷൂട്ടില്ലാത്ത നേരങ്ങളിൽ എല്ലാവരും അവിടെ കൂടും. കഥ പറച്ചിലും തമാശയുമൊക്കെയായി രസമായിരുന്നു. എനിക്കും വെടി വയ്ക്കാനുള്ള ട്രെയിനിങ് തന്നിരുന്നു. പിന്നെയാണ് ആ കഥാപാത്രത്തെ അതിൽ നിന്നൊഴിവാക്കിയത്.
സുഹൃത്തുക്കൾ വഴി സിനിമയിലേക്ക്
കൊട്ടാരക്കരയാണ് സ്വദേശം. അച്ഛനും അമ്മയും കോഴിക്കോട് അധ്യാപകരായിരുന്നു. പ്രീഡിഗ്രി വരെ കോഴിക്കോടാണ് പഠിച്ചത്. പിന്നീട് ഡിഗ്രി ചെയ്തു. എംബിഎ ചെയ്യാൻ കൊച്ചിയിൽ എസ്.സി.എം.എസിൽ വന്നു. അവിടെ വച്ചാണ് ഹർഷദ് അലിയെ പരിചയപ്പെടുന്നത്. എന്റെ റൂംമേറ്റ് ആയിരുന്നു. ഹർഷദ് വഴിയാണ് ഞാൻ സിനിമയിലെത്തുന്നത്. ചെറുപ്പം മുതൽ അഭിനയം ആഗ്രഹമായി മനസ്സിലുണ്ട്. സുഹൃദ്‍വലയത്തിൽ ഉള്ളവരെ അനുകരിക്കുന്നത് ഒരു നേരമ്പോക്ക് ആയിരുന്നു. എങ്ങനെ സിനിമയിലെത്തും എന്നൊന്നും അറിയില്ല. ഹർഷദിന് ധാരാളം സിനിമാ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പഠനശേഷം ജോലി കിട്ടിയപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം. ഹർഷദിനെ കാണാൻ സൈജു ശ്രീധരൻ (എഡിറ്റർ) ഒക്കെ വരുമായിരുന്നു. ഹർഷദ് വഴിയാണ് ഞാൻ ആഷിക്ക് അബു, മധു സി.നാരായണൻ, ശ്യാം പുഷ്കരൻ എന്നിവരെയൊക്കെ പരിചയപ്പെടുന്നത്. ആഷിക്കേട്ടനുമായി നല്ല പരിചയത്തിലാകുന്നത് നാരദന്റെ സമയത്താണ്. അതിൽ ഞാൻ അഭിനയിച്ചിരുന്നു.
ഗപ്പിയിലെ ‘ഫോട്ടോ’ അഭിനയം
ദീർഘകാലം സെയിൽസ് മേഖലയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. രണ്ടു ദിവസം ലീവ് എടുത്തൊക്കെയാണ് പലപ്പോഴും സിനിമയിൽ അഭിനയിക്കാൻ പോകാറുള്ളത്. അറിയിപ്പിനും പാൽതൂ ജാൻവറിനുമാണ് അൽപം കൂടുതൽ ദിവസം ലീവ് എടുക്കേണ്ടി വന്നത്. സാങ്കേതികമായി ഞാൻ ആദ്യം അഭിനയിച്ചത് ഗപ്പിയിലാണ്. അതിൽ എന്റെ ഫോട്ടോ മാത്രമാണ് വന്നത്. ചേതൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്റെ ഫോട്ടോ ആയി കാണിക്കുന്നത് എന്റെ ഫോട്ടോയാണ്. സിനിമയുടെ ഭാഗം ആകുക എന്നത് അത്രയും സന്തോഷമായിരുന്നു. പിന്നീട് വലിയ പെരുന്നാൾ, മനോഹരം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. വലിയ പെരുന്നാളിൽ നിന്നു പരിചയപ്പെട്ട ജയിംസ് ഏലിയ ആണ് എന്നെ മാലിക്കിന്റെയും നായാട്ടിന്റെയും ഓഡിഷന് പറഞ്ഞു വിടുന്നത്. ആ രണ്ടു സിനിമകളിലും വേഷം ലഭിച്ചു. പിന്നെ, മലയൻകുഞ്ഞ്, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ആ സമയത്ത് കൂടുതലും പൊലീസ് വേഷങ്ങളായിരുന്നു. ഒരു സീനോ രണ്ടു സീനോ എന്നല്ല, സിനിമയുടെ ഭാഗമാകുന്നതിലായിരുന്നു സന്തോഷം. പാൽതൂ ജാൻവറിൽ കമ്പൗണ്ടറിന്റെ വേഷമായിരുന്നു. ബേസിലിനൊപ്പം ചെയ്ത ആ വേഷം കുറച്ചു ശ്രദ്ധിക്കപ്പെട്ടു.
ഇനി പൂർണമായും സിനിമിലേക്ക്
സാംസങ്ങിൽ മൊബൈൽ ഡിവിഷന്റെ ഏരിയാ മാനേജർ ആയിട്ടാണ് വർക്ക് ചെയ്തിരുന്നത്. ഇപ്പോൾ ജോലി രാജി വച്ച് പൂർണമായും സിനിമയിലേക്ക് ഇറങ്ങി. റൈഫിൾ ക്ലബ് ഇറങ്ങുന്നതിനു മുൻപെ രാജി വച്ചിരുന്നു. കാരണം, സിനിമയും ജോലിയും ഒരുമിച്ചു കൊണ്ടു പോകുന്നത് ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കണം. ഇപ്പോഴെങ്കിലും സിനിമയ്ക്കു വേണ്ട ഇറങ്ങിയില്ലെങ്കിൽ ഭാവിയിൽ എനിക്കൊരുപക്ഷേ, മറുചിന്ത വന്നാലോ! ഒരു ശ്രമം നടത്തി നോക്കാമായിരുന്നു എന്നൊരു ചിന്ത ഭാവിയിൽ വരരുതല്ലോ. അതുകൊണ്ട് ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതി. ശരിയായില്ലെങ്കിൽ ഏതെങ്കിലും കമ്പനിയിൽ തിരികെ ജോലിക്കു കയറാമല്ലോ.