മോഹൻലാലിനെ അനുകരിച്ച് ബോളിവുഡ് താരം; ‘ഹാപ്പി സർദാർ’ ചിത്രം വൈറൽ
Mail This Article
‘എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക്’...ഇന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർതാരം മോഹൻലാലിന് ഇതാ ഒരു ബോളിവുഡ് ഫാൻ. മോഹൻലാലിനെ അനുകരിക്കുന്ന ബോളിവുഡ് നടന്‍ ജാവേദ് ജഫ്റിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
കാളിദാസ് ജയറാം നായകനാകുന്ന ‘ഹാപ്പി സർദാർ’ എന്ന സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ളൊരു ചിത്രമാണിത്. തോള് ചെരിഞ്ഞ് മോഹൻലാലിനെ അനുകരിക്കാൻ ശ്രമിക്കുന്ന ജാവേദിനെ ചിത്രത്തിൽ കാണാം. സിനിമയിൽ കാളിദാസന്റെ അച്ഛന്റെ വേഷത്തിലാണ് ജാവേദ് എത്തുന്നത്. പൃഥ്വിരാജ് ചിത്രം പിക്കറ്റ് 43–യ്ക്കു ശേഷം അദ്ദേഹം അഭിനയിക്കുന്ന മലയാളചിത്രമാണ് ‘ഹാപ്പി സർദാർ’.
ദമ്പതികളായ സുദീപും ഗീതികയും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ക്നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ളപ്രണയ കഥ നർമത്തിൽ ചാലിച്ചു പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെറിൻ ഫിലിപ്പ് ആണ് നായിക.
സിദ്ധിഖ്, സുരാജ് വെഞ്ഞാറന്മൂട്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സിദ്ധി (ആനന്ദം ), കുപ്പി, പിഷാരടി ,ഹരീഷ് കണാരൻ, ധർമജൻ , ബൈജു, ശാന്തി കൃഷ്ണ, പ്രവീണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കോ പ്രൊഡ്യൂസേഴ്സ് : നൗഷാദ് ആലത്തൂർ , അജി മേടയിൽ. ക്യാമറ : അഭിനന്ദൻ രാമാനുജം.
സംഗീതം: ഗോപി സുന്ദർ. എഡിറ്റിങ്: ഷമീർ മുഹമ്മദ്. വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ . കല : ജിത്തു . സ്റ്റണ്ട് : സുപ്രീം സുന്ദർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഷെറിൻ സ്റ്റാൻലി , പ്രൊക്‌ഷൻ കൺട്രോളർ : ബാദുഷ. ചിത്രം ഓണത്തിന് റഹാ ഇന്റർനാഷണൽ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കും.