കോടികളുടെ തമ്പുരാൻ
Mail This Article
ജനകോടികളുടെ ആവേശവും ആരാധ്യപുരുഷനുമാണ് മോഹൻലാൽ. ഒപ്പം കോടിക്ലബുകളുടെ തമ്പുരാനും. 50, 100, 150, 200 അങ്ങനെ കോടികളുടെ വാതിലുകൾ തുറന്ന് മോഹൻലാൽ മലയാള സിനിമയെ മുന്നോട്ട് നയിക്കുകയാണ്. നാല് കോടി–അഞ്ചുകോടി മുതൽ മുടക്കിൽ സിനിമ എടുത്തിരുന്ന മലയാളം ഇൻഡസ്ട്രിക്ക് ദൃശ്യത്തിലൂടെ 50 കോടിയും പുലിമുരുകനിലൂടെ 150 കോടിയും ലൂസിഫറിലൂടെ 200 കോടിയും മോഹൻലാൽ മലയാള സിനിമയ്ക്കു സമ്മാനിച്ചു.
പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് മോഹൻലാൽ. ഓരോ വർഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ താരമൂല്യവും ഉയരുകയാണ്. സാറ്റ്ലൈറ്റ് റൈറ്റ്സ്, ഓവർസീസ് (വിദേശരാജ്യങ്ങളിൽ ചിത്രത്തിന്റെ വിതരണം) റൈറ്റ്സ്, റീമേയ്ക്ക് റൈറ്റ്സ്, ഡബ്ബിങ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ് ഇവയിലൂടെയെല്ലാം മോഹൻലാൽ സിനിമകൾക്കു ലഭിക്കുന്നത് കോടികളാണ്. സാറ്റ്ലൈറ്റ് തുകകളിൽ കുടുങ്ങി കിടന്നിരുന്ന സിനിമാ ബിസിനസ്സിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതും മോഹൻലാൽ സിനിമകളുടെ വാണിജ്യ വിജയം തന്നെ.
ലൂസിഫറും മലയാള സിനിമയുടെ വലുപ്പവും
ലൂസിഫറിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ച സമയത്തു തന്നെ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയിരുന്നു. പതിനഞ്ച് കോടിക്ക് മുകളിൽ നൽകിയാണ് റിലീസിനു മുമ്പേ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം കമ്പനി സ്വന്തമാക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഓഡിയോ വിഡിയോ (ട്രെയിലർ, ഗാനങ്ങൾ) അവകാശവും വൻതുകയ്ക്കാണ് ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ് സ്വന്തമാക്കിയത്. ചുരുക്കത്തിൽ മുടക്കുമുതലിനെക്കൾ കൂടുതൽ പണം റിലീസിനു മുമ്പ് തന്നെ നിർമാതാവിന്റെ പെട്ടിയിൽ വീണെന്നു ചുരുക്കം.
കോടികൾ വാരിയ സിനിമകൾ
ദൃശ്യം: ജിത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ദൃശ്യം മലയാളത്തിൽ ആദ്യ 50 കോടി ക്ലബിൽ ഇടംനേടുന്ന ചിത്രമായിരുന്നു. മലയാളത്തില്‍ നിലവിലുണ്ടായിരുന്ന എല്ലാ കലക്‌ഷന്‍ റെക്കോര്‍ഡുകളെയും പഴങ്കഥയാക്കിയ ചിത്രം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേയ്ക്ക് അവകാശം വിറ്റുപോയ സിനിമകളിലൊന്നാണ്. കേരളത്തില്‍ മാത്രം 20,000 ഷോകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഏകദേശം 6 കോടി രൂപ ചെലവില്‍ നിർമിച്ച സിനിമ 66.25 കോടി രൂപയാണ് ബോക്‌സ്ഓഫീസില്‍ നിന്നും േനടിയത്.
പുലിമുരുകന്‍: മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രം. വൈശാഖ് സംവിധാനം ചെയ്ത പുലിമുരകനിലൂടെ ബ്രഹ്മാണ്ഡസിനിമകൾ മലയാളത്തിനും സാധ്യമാകും എന്നു തെളിയിച്ചു. ഇന്ത്യയ്ക്കു പുറമേ യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ചെലവേറിയ ചിത്രവും കൂടിയായിരുന്നു. വെറും 14 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി കലക്‌ഷന്‍ നേടിയത്. 25 കോടി രൂപ ചെലവില്‍ ടോമിച്ചൻ മുളകുപാടമായിരുന്നു നിർമാണം.
ഒപ്പം: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ഒപ്പം. മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ച ഈ ചിത്രം 40 ദിവസം കൊണ്ട് 50 കോടി എന്ന നേട്ടം കൈവരിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. 6.8 കോടി മുതല്‍ മുടക്കില്‍ നിർമിച്ച ചിത്രം 50.47 കോടി രൂപയാണ് നേടിയത്.
മോഹൻലാലിന്റെ അനുഗ്രഹത്തിൽ ആന്റണിയുടെ ആശീർവാദ്
നരസിംഹം എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം നടത്തിയ നിർമാണ കമ്പനിയാണ് ആശീർവാദ് സിനിമാസ്. ഇപ്പോള്‍ മലയാളത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്‌ഷൻ ഹൗസ്. ആശീർവാദിന്റെ 18ാമത്തെ ചിത്രമാണ് ദൃശ്യം. ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് ലൂസിഫർ. ഇട്ടിമാണി, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പ്രോജക്ടുകൾ. ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിന്റെ ദീർഘവീക്ഷണം തന്നെയാണ് കമ്പനിയുടെ വിജയരഹസ്യം.
കോടി സിനിമകളുടെ അണിയറക്കാർ പറയുന്നത്
ജീത്തു ജോസഫ്: ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് തിരക്കഥയാണ് ഏറ്റവും വലിയ ഘടകമെന്നാണ്. മോഹൻലാൽ എന്ന നടനെ ഉപയോഗപ്പെടുത്തുന്ന കഥകളുണ്ടാകുക. സിനിമയുടെ വലുപ്പചെറുപ്പമൊക്കെ നിശ്ചയിക്കുന്നത് അതിന്റെ കഥാഘടന തന്നെയാണ്. കോടി ക്ലബുകളുടെ പുറകെ മലയാളസിനിമ പോകരുത് എന്നാണ് എന്റെ അഭിപ്രായം. സംവിധായകനെ സംബന്ധിച്ചടത്തോളം താൻ എടുക്കുന്ന സിനിമ വിജയമാകണം എന്നതിലുപരി നിർമാതാവിന് നഷ്ടവും സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
ടോമിച്ചൻ മുളകുപാടം: മോഹൻലാലിനെ നായകനാക്കി പുലിമുരുകനേക്കാൾ വലിയൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ബജറ്റിനേക്കാൾ മോഹൻലാല്‍ എന്ന നടനെ പൂർണമായും ഉപയോഗിക്കുന്ന കഥകളാകും ഞാൻ തിരഞ്ഞെടുക്കുക. അദ്ദേഹത്തിന്റെ വാണിജ്യമൂല്യം കൂടാൻ കാരണം സിനിമയുടെ വലുപ്പം മാത്രമല്ല തിരഞ്ഞെടുക്കുന്ന കഥകളുടെ പ്രത്യേകതയുമുണ്ട്. തിരക്കഥയ്ക്ക് അനുസരിച്ചുള്ള ബജറ്റിൽ സിനിമ ചെയ്യണം. കഥയ്ക്ക് ആവശ്യമാകുന്ന ബജറ്റ് നൽകാൻ നിർമാതാവും തയാറാകണം. മോഹൻലാലുമായി ഉടൻ ഒന്നിക്കും.
അന്യഭാഷയിലെ സ്വാധീനം
ദൃശ്യത്തിനു ശേഷം ചെറുതും വലുതുമായി മോഹൻലാൽ അഭിനയിച്ചത് 23 സിനിമകളിലാണ്. മൈത്രി (കന്നഡ), വിസ്മയം (െതലുങ്ക്), ജനത ഗാരേജ് (തെലുങ്ക്), ജില്ല (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലൂടെ അവിടെയുള്ള ആരാധകരെയും അദ്ദേഹം സ്വന്തമാക്കി. സൂര്യ നായകനാകുന്ന കാപ്പാൻ എന്ന തമിഴ് ചിത്രമാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ട്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ മോഹന്‍ലാലിന്റെ പ്രതിഫലവും കോടികളാണെന്നാണ് റിപ്പോർട്ട്.
പുതിയ മോഹൻലാൽ സിനിമകൾ
നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന കോമഡി ചിത്രമാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ട്. നൂറുകോടി ബജറ്റിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മറ്റൊരു മെഗാ സിനിമ. ചിത്രീകരണം പൂർത്തിയാക്കിയ മരക്കാർ ഇപ്പോൾ പോസ്റ്റ് പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്. ഇട്ടിമാണിക്കു ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലാകും മോഹൻലാൽ അഭിനയിക്കുക. അതിനു പിന്നാലെ ഒക്ടോബറിൽ തന്റെ സ്വന്തം സംവിധാന സംരംഭത്തിലേക്കും താരം കടക്കും.