ADVERTISEMENT

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ഇട്ടിമാണിയുടെ സംവിധായകരായ ജിബിയും ജോജുവും. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ തങ്ങളെ സംബന്ധിച്ചടത്തോളം സ്വപ്നസാഫല്യമാണെന്ന് ഇരുവരും പറയുന്നു.

 

ജിബിയുടെയും ജോജുവിന്റെയും കുറിപ്പ് വായിക്കാം

 

ഇന്ന് ലാലേട്ടന്റെ ജന്മദിനം , മലയാളികൾ ഇത്രത്തോളം ആഘോഷമാക്കുന്ന ഒരു ജന്മദിനം വളരെ വിരളമാണ്. അദ്ദേഹത്തിന്റെ ജനപ്രീതി കാണുമ്പോൾ ലാലേട്ടൻ ഒരോരുത്തർക്കും സ്വന്തം കുടുംബത്തിലെ അംഗത്തേപ്പോലെയാണ് എന്ന് തോന്നാറുണ്ട്. ഞങ്ങൾക്ക് അതിലുപരി ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് ഈ പിറന്നാളിൽ ലാലേട്ടൻ നിൽക്കുന്നത് "ഇട്ടിമാണി: Made in china'' എന്ന ചിത്രത്തിനൊപ്പമാണ്. 

 

അതിന്റെ പിന്നാമ്പുറം പരിശോധിച്ചാൽ 24 വർഷമായി ജിബി എന്ന അസിസ്റ്റന്റ്-അസോസിയേറ്റ് ഡയറക്ടറും 20 വർഷമായി അസിസ്റ്റന്റ്-അസോസിയേറ്റായി തുടരുന്ന ജോജുവും ഞങ്ങൾ രണ്ടു പേരും ലാലേട്ടനെ അടുത്ത് കാണുന്നത് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്. ഇത്രയും വർഷം ലാലേട്ടൻ എന്ന മഹാ വൃക്ഷം ഇവിടെ ഉണ്ടായിരുന്നെങ്കിൽ പോലും ഞങ്ങൾക്ക് കാണാനോ എത്തി പിടിക്കാനോ പറ്റാത്ത അത്ര ദൂരത്തിൽ ആയിരുന്നു അദ്ദേഹം. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഞങ്ങൾ ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്സ് ആയിരുന്നു. 

 

പത്ത് മുപ്പത്തഞ്ചോളം സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിൽ പോലും യഥാർഥത്തിൽ ഈ ചിത്രത്തിൽ ഞങ്ങൾ വർക്ക് ചെയ്യുകയായിരുന്നില്ല, കാരണം എന്നും ലാലേട്ടൻ ഞങ്ങളുടെ തൊട്ടു മുൻപിൽ നിൽക്കുന്നു, ഞങ്ങൾ ആരാധിക്കുന്ന ഞങ്ങൾ സ്വപ്നം കാണുന്ന ലാലേട്ടൻ ഞങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്നുത് ഞങ്ങൾക്ക് ഭയങ്കര അതിശയമായിരുന്നു. ഞങ്ങൾ എപ്പോൾ നോക്കിയാലും ഷോട്ട് എടുക്കാൻ വരുമ്പോൾ ലാലേട്ടന്റെ മുഖത്തേക്കാണ്‌ നോക്കുക. മുഖത്തേക്ക് നോക്കി ഇങ്ങനെ നിന്ന് പോകും, അവിടെ കണ്ടിന്യുറ്റി നോക്കാനോ മറ്റുള്ള കാര്യങ്ങൾ വരെ സത്യം പറഞ്ഞാൽ മറന്നു പോയിട്ടുണ്ട്.

 

അങ്ങനെ നിന്ന ജീവിതത്തിൽ സത്യം പറഞ്ഞാൽ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യുക എന്നത് ! മുന്തിരി വള്ളികൾ ഷൂട്ട് ഒരോ ദിവസം കഴിയുന്തോറും വിഷമമായിരുന്നു കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ലാലേട്ടൻ ഈ പ്രൊജക്ട് വിട്ട് പോകും; ഈ ലോകം മുഴുവൻ കാത്തിരിക്കുന്ന ഇത്ര തിരക്കുള്ള വ്യക്തി ഇനി അദ്ദേഹത്തെ എങ്ങനെ കാണും? ഞങ്ങൾ മനസിൽ തീരുമാനിച്ചിരുന്നു ലാലേട്ടനെ വിട്ടു കളയരുത് എന്ന്.

 

പുതുമുഖ സംവിധായകർക്ക് ലാലട്ടേൻ ഡേറ്റ് കൊടുക്കില്ല എന്നത് വെറും തോന്നൽ ആണ് എന്ന് മനസിലാക്കി ലാലേട്ടനെ ഞങ്ങൾക്ക് വേണം എന്ന് അതിയായ ആഗ്രഹത്തിന്റെ ഫലം എന്ന പോലെ; ഞങ്ങളുടെ 40 ൽ എത്തി നിൽക്കുന്ന ഈ ജീവിതത്തിൽ ഇനിയൊരിക്കൽ ലാലേട്ടനെ കാണാനോ അദ്ദേഹത്തോട് ഒപ്പം പ്രവർത്തിക്കാനോ ചിലപ്പോൾ ദൈവം ഒരു ഭാഗ്യം തന്നു എന്ന് വരില്ല!

 

ഒരു നല്ല കഥ, തിരക്കഥ, സംഭാഷണം തയാറാക്കി ഞങ്ങൾ കാത്തിരുന്നത് കൊണ്ടോ, ദൈവം എല്ലാ അനുഗ്രഹവും കൊണ്ടുവന്നു തന്നതു പോലെ തൊട്ടടുത്ത് ലാലേട്ടൻ ഉണ്ടായി. ലാലേട്ടനോട് അത് പറയാൻ സാഹചര്യം കിട്ടി. ലാലേട്ടന് വേണ്ട തിരുത്തലുകൾക്ക് വേണ്ടി ഒന്നൊന്നര വർഷം പോയി. എന്നിരുന്നാൽ പോലും ഇന്ന് തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഞങ്ങൾ നിൽക്കുന്നത്. ഇന്ന് മോഹൻലാൽ എന്ന് പറയുന്ന ലോകം കണ്ട ഏറ്റവും മികച്ച നടൻ ഞങ്ങളുടെ സെറ്റിലാണ്. ഞങ്ങളുടെ കൂടെയാണ് ഇട്ടിമാണി ആയിട്ട് അദ്ദേഹം ഇപ്പോൾ. ഈ നടക്കുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്

 

ഈ നിമിഷം മുകളിലേക്ക് നോക്കുമ്പോൾ ആകാശത്ത് ഉദിച്ച് നിൽക്കുന്ന ചന്ദ്രൻ അത് പ്രകാശിച്ച് നിൽക്കുമ്പോൾ ഞങ്ങളുടെ മനസ്സില്‍ അത് ലാലേട്ടന്റെ മുഖമായി തോന്നുന്നു. കാരണം ഞങ്ങൾ ഇന്ന് സ്വപ്ന ലോകത്താണ് ഞങ്ങളോടൊപ്പം ലാലേട്ടൻ. ഞങ്ങൾ ചെറുപ്പത്തിൽ സ്വപ്നം കണ്ട് നടന്നിരുന്ന ലാലേട്ടനെ ഇന്ന് ഞങ്ങൾ ഡയറക്ട് ചെയ്യുന്നു. ഇതിൽ വലിയ ഭാഗ്യം ഇനി ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാനില്ല! ഇനി ഒരു ആയിരം പടം ചെയ്താലും ഇട്ടിമാണി തന്നെയാണ് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.

 

ഇന്ന് ഞങ്ങൾ ഈ ചിത്രം ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല എല്ലാ അസിസ്റ്റന്റ് അസോസിയേറ്റീവ് ഡയറക്ടേഴ്സിനും വേണ്ടിയാണ്. ലാലേട്ടൻ നമ്മുടെ എല്ലാവരുടേയും ആണ്, ലാലേട്ടനോടൊപ്പം സിനിമ ചെയ്യാനാഗ്രഹിക്കുന്ന എല്ലാ യുവ സംവിധായകരോട്, കേരളത്തിന്റെ ഒരു പൊതു സ്വത്തായി നിങ്ങൾക്ക് അവതരിപ്പിക്കാൻ പറ്റുന്ന കഥകൾ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ലാലേട്ടനിലേക്ക് എത്തും, ദൈവം എത്തിക്കും. 

 

ഈ പുണ്യജന്മത്തിൽ ഒരു ജന്മദിനം ഞങ്ങളോട് ഒപ്പം ആയതിൽ ഇതിൽ വലിയ ഒരു ഭാഗ്യം ഈ സിനിമ ജീവിതത്തിൽ ഇനി വരാൻ ഇല്ല. നന്ദി ലാലേട്ടാ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com