മോഹന്‍ലാലിന്റെ ബറോസ്; ഛായാഗ്രാഹകൻ െക.യു. മോഹനൻ
Mail This Article
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് െക.യു. മോഹനൻ. തലാഷ്, ഡോൺ, റയീസ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ മോഹനന്‍ അവസാനമായി മലയാളത്തിൽ ചെയ്തത് കാർബണ്‍ ആണ്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കാനായി ഗാമ നൽകിയ നിധി, ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടിവന്നു. ഗാമയുടെ പിൻതുടർച്ചക്കാരൻ താനാണെന്ന് അവൻ പറയുമ്പോൾ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.
ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തില്‍ ഉള്ള ഒരു ത്രീഡി ചിത്രമായാണ് ഒരുക്കാന്‍ പോകുന്നത്. 40 വർഷം മുൻപു മോഹൻലാൽ എന്ന നടനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹൻലാലിനെ സംവിധായകനുമാക്കുന്നു.
മോഹൻലാൽതന്നെയാണു ബറോസിന്റെ വേഷത്തിലുമെത്തുന്നത്. പ്രധാന നിർമാതാവായി ആന്റണി പെരുമ്പാവൂരും. വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.