ADVERTISEMENT

റാംജിറാവു സ്പീക്കിങ്ങ്... ആദ്യം കേട്ടപ്പോൾ ഒരു നടുക്കം. പിന്നെ കണ്ടത് ഒട്ടും പരിചിതമല്ലാത്ത രൂപം. അരയിൽ ചങ്ങല. പിറകോട്ടു ചീകിയ കട്ടിയുള്ള മുടി. ദുരൂഹ അന്തരീക്ഷങ്ങളിലെ പ്രത്യക്ഷപ്പെടൽ. 20 വര്‍ഷങ്ങൾക്കിപ്പുറവും റാംജിറാവുവിലെ ഓരോ ചിരിമുഹൂർത്തങ്ങളും മലയാളികൾക്ക് മനപാഠമാണ്. 

ചിരി വന്ന വഴി

 

‘സിനിമയിൽ സാധാരണ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ ജീവിതത്തിൽ നമ്മൾ കണ്ട കഥാപാത്രങ്ങളുടെ പെരുമാറ്റരീതികൾ, മാനറിസങ്ങൾ ഒക്കെ പകർത്താറുണ്ട്. യഥാർഥ ജീവിതത്തിൽ കാണുന്ന അനുഭവങ്ങളും പകർത്താറുണ്ട്. ചിലത് സാങ്കൽപികമായിരിക്കും. ഒരാളും ഇതുവരെ എവിടെയും കണ്ടു പരിചിതമല്ലാത്ത കഥാപാത്രമുണ്ടാക്കും ചിലപ്പോൾ. അത്തരത്തിലൊന്നാണ് വിജയരാഘവൻ അവതരിപ്പിച്ച റാംജിറാവു എന്ന കഥാപാത്രം. അരയിൽ ചങ്ങല, വലിയ വള. ഇങ്ങനൊരാളെ പുറത്തുകണ്ടാൽ അപ്പോൾ തന്നെ പൊലീസ് അറസ്റ്റ് ചെയ്യും. അയാളുടെ പേരു പോലും ഇതുവരെ ആരും കേള്‍ക്കാത്തതാണ്'', റാംജിറാവുവിന്‍റെ പാത്രസൃഷ്ടിയെക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മനോരമ ന്യൂസിന്‍റെ ചിരി വന്ന വഴി എന്ന പരിപാടിയിൽ പറഞ്ഞതിങ്ങനെ.

 

‘ഓരോ സ്ഥലത്തും തമാശ കൊണ്ടുവരാൻ സാധിച്ചു, അതുകൊണ്ടാണ് ഇന്നും ഈ സിനിമ തമാശയുടെ പേരിൽ ചർച്ച ചെയ്യപ്പെടുന്നത്. സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം ഒരു കാർട്ടൂണ്‍ സ്വഭാവമുണ്ട്. സ്വാഭാവികമായ പശ്ചാത്തലത്തിൽ വരുന്ന കഥാപാത്രങ്ങളാണെങ്കിലും എല്ലാവരും ചിരി നൽകുന്നുണ്ട്. അവരുടെ ജീവിതത്തിലെ ദുരിതങ്ങള്‍ക്കിടയിലും ഹാസ്യമുണ്ടാക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് മാമുക്കോയ അവതരിപ്പിച്ച ഹംസക്കോയ.’

 

‘ഈ ഹംസക്കോയ എന്ന ആള് യഥാർഥത്തിൽ ഉളളതാണ്. ഞങ്ങൾക്കൊപ്പമുള്ള അൻസാറിന്റെ അടുത്ത സുഹൃത്ത്. വളരെ രസികൻ. മഹാരാജാസിൽ മമ്മൂക്കയുടെ കൂടെ പഠിച്ചിരുന്ന ആളാണ് ഹംസക്കോയ. ഞങ്ങളുമായും അദ്ദേഹത്തിന് നല്ല അടുപ്പമാണ്. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന കഥാപാത്രം. അദ്ദേഹത്തിന്റെ പ്രകൃതം മാത്രം കടമായി എടുത്താണ് സിനിമയിലെ കഥാപാത്രത്തെ സൃഷ്ടിച്ചത്.’

 

റാംജിറാവു ഇറങ്ങിയ സമയത്തേക്കാൾ സ്വീകാര്യത കിട്ടിയത് അതിനുശേഷമാണ്. ഇനിയുള്ള കാലത്തും അത് കൂടുകയുള്ളൂ. ഈ സ്വീകാര്യതയ്ക്കു കാരണം ചിത്രത്തിലെ തമാശകളുടെ പുതുമയാണെന്നും പറയുന്നു സംവിധായകൻ. ‌‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com