രണ്ടാം പകുതിയിൽ ‘പേരന്പ്’ വലിഞ്ഞു; മമ്മൂട്ടിയില്‍ നിന്ന് ശ്രദ്ധമാറി: മേജര്‍ രവി
Mail This Article
പേരൻപിനും മമ്മൂട്ടിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം തന്നെ ലഭിക്കുമെന്ന പ്രതീക്ഷ മലയാളികൾക്കുണ്ടായിരുന്നു. എന്നാൽ പേർപിനെക്കുറിച്ചോ മമ്മൂട്ടിയെക്കുറിച്ചോ യാതൊരുവിധ പരാമർശം പോലും ഉയർന്നില്ല. എന്തുകൊണ്ട് പേരൻപിനെയും മമ്മൂട്ടിയേയും ഒഴിവാക്കിയെന്ന ചോദ്യത്തിന് ജൂറി അംഗമായ മേജർ രവി മറുപടി നൽകുന്നു:
‘പേരൻപ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാൽ രണ്ടാം പകുതിയിൽ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്. ആ ഇഴച്ചിൽ മമ്മൂട്ടിയുടെ പ്രകടനത്തിൽ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാംപാതിയിൽ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പുറകിലേക്ക് തള്ളിപ്പോകുന്നത്. എന്നാൽ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടിൽവരെയുണ്ടായിരുന്നു. ഞാനും മമ്മൂട്ടിയ്ക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തിൽ കേവലം ഒരു പരാമർശമോ അവാർഡ് പങ്കിടലോ സാധിക്കില്ല. നൽകുകയാണെങ്കിൽ മികച്ച നടനുള്ള പുരസ്കാരം തന്നെ കൊടുക്കേണ്ടി വരും. - മേജർ രവി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
‘ഉറി- ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തോട് പ്രത്യേക താൽപര്യം ഉണ്ടായിട്ടില്ല. ജൂറിയിലെ പത്തുപേരും പത്ത് അഭിപ്രായമാണ് പറയുന്നത്. പലവട്ടം വഴക്കിട്ട് ടേബിൾ വിട്ട് പോയിട്ടുണ്ട്. ഉത്തരേന്ത്യയിൽ ചിത്രത്തിന് ലഭിച്ച വലിയ ജനപ്രീതിയാണ് അവാർഡിന് പരിഗണിക്കാൻ കാരണായത്. കേന്ദ്രസർക്കാരിന്റെ രഹസ്യ അജണ്ട ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഉണ്ടായിട്ടില്ല.’- മേജർ രവി പറഞ്ഞു.
വിവിധ ഭാഷകളിലായി 419 എൻട്രികളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. അവസാനഘട്ടത്തിൽ 85 ചിത്രങ്ങൾ ജൂറിയുടെ മുൻപിലെത്തി. മലയാളത്തിന് ഇത്തവണ അഞ്ചു പുരസ്കാരങ്ങൾ ലഭിച്ചു.