‘തവള പറഞ്ഞ കഥയുമായി’ മുന്തിരിമൊഞ്ചന്; ഒക്ടോബര്‍ 25 ന് തിയറ്ററുകളിൽ
Mail This Article
നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രം ‘മുന്തിരിമൊഞ്ചന്: ഒരു തവള പറഞ്ഞ കഥ’ ഒക്ടോബര്‍ 25 ന് തിയറ്ററുകളിലെത്തും. യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.
ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്) ദീപികയും (കൈരാവി തക്കര്‍) വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക്ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ് (ഗോപിക അനില്‍) രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്റെ ഇതിവൃത്തം.
ഈ സിനിമ തികച്ചും ലളിതവും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയവുമാണെന്ന് സംവിധായകന് വിജിത്ത് നമ്പ്യാര്‍ വ്യക്തമാക്കി. വളരെ സിംപിളായിട്ടാണ് കഥ പറയുന്നത്. പ്രേക്ഷകര്‍ക്ക് വളരെ വേഗം ഈ ചിത്രം ഉള്‍ക്കൊളളാനാകും.അവരെ രസിപ്പിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരിമൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണെന്ന് സംവിധായകന് പറഞ്ഞു. ന്യൂജെന്‍ കുട്ടികളെ ഫ്രീക്കന്മാര് എന്നും മറ്റും വിളിക്കുന്നതുപോലെ മലബാറില്‍ തമാശ കലര്‍ത്തിവിളിക്കുന്ന പേരാണ് മുന്തിരിമൊഞ്ചന്. മലബാറിന്റെ മെഫില്‍ഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചനെന്നും സംവിധായകന് ചൂണ്ടിക്കാട്ടി.
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്,കെ.എസ്.ചിത്ര,ഹരിശങ്കര്‍, വിജേഷ് ഗോപാല്‍,ശ്രേയ ജയദീപ്,സുധാമയി നമ്പ്യാര്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന് വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം ഒരുക്കിയിട്ടുള്ളത്. ‘ഓര്‍ക്കുന്നു ഞാനാ’ എന്ന ഗാനം ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി മുന്നേറുകയാണ്.
ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട്, നിലംബൂര്, ജന്‍ജലി (ഹിമാചല്‍ പ്രദേശ്), തേനി എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. മൂവി ഫാക്ടറി ഈ നവംബര്‍ മാസത്തില്‍ മുന്തിരിമൊഞ്ചന് തിയേറ്ററിലെത്തിക്കും. മനേഷ് കൃഷ്ണന്, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍,ദേവന്,സലീമ(ആരണ്യകം ഫെയിം) തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.