50–ാം പിറന്നാളിന് സെൽഫ് ട്രോളുമായി സലിം കുമാർ; ഒന്നൊന്നര കുറിപ്പെന്ന് ആരാധകർ
Mail This Article
തന്റെ അൻപതാം പിറന്നാളിനെ ഹാഫ് സെഞ്ചുറി നോട്ട് ഔട്ട് എന്ന് വിശേഷിപ്പിച്ച്് നടന്‍ സലിം കുമാര്‍. സിനിമയിലെ കഥാപാത്രങ്ങളുടെ കോമഡി നമ്പറുകൾ പോലെ രസകരമാണ് പിറന്നാള്‍ ദിനത്തിലെ അദ്ദേഹത്തിന്റെ കുറിപ്പും. ‘ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ തേര്‍ഡ് അംപയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.’ മരണത്തിന് മുമ്പിലെത്തിയ അനുഭവത്തെ വിവരിച്ച് സലിം കുമാര്‍ കുറിച്ചു. ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്ന സലിം കുമാറിന്റെ എഡിറ്റ് ചെയ്ത ഫോട്ടോയ്ക്കൊപ്പമാണ് പോസ്റ്റ്.
സലിം കുമാറിന്റെ കുറിപ്പ് വായിക്കാം:
അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ചുറി തികച്ചു….ദുര്‍ഘടമായിരുന്നു ഈ ഇന്നിങ്‌സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കി തീര്‍ക്കാന്‍ സാധിച്ചു….
അനുഭവങ്ങളേ നന്ദി…. ! ഈ ഇന്നിങ്‌സില്‍ ടോട്ടല്‍ 10 പ്രാവശ്യമാണ് അംപയര്‍മാര്‍ ഔട്ട് വിളിച്ചത്. എന്നാല്‍ എന്റെ അപ്പീലില്‍ അതെല്ലാം തള്ളി പോവുകയാണുണ്ടായത്. ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്.
എന്നാല്‍ തേര്‍ഡ് അംപയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു. എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്‌സ്മാന്മാര്‍ ഔട്ട് ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാന്‍.
പ്രിയ സുഹൃത്തുക്കളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം…..ഈ ഇന്നിങ്‌സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം. എന്നാലും ക്രീസില്‍ നില്‍ക്കുന്നതിന്റെ സമയദൈര്‍ഘ്യം കൂട്ടുവാന്‍വേണ്ടി ഒരു ഡിഫെന്‍സ് ഗെയിമും ഞാന്‍ കളിക്കുകയില്ല. നില്‍ക്കുന്ന സമയംവരെ സിക്‌സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും…
ഈ അൻപത് വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ….അപ്പോഴെല്ലാം എനിക്ക് വേണ്ട സ്‌നേഹവും പ്രോത്സാഹനവും തന്ന നിങ്ങള്‍ക്കേവര്‍ക്കും ഞാന്‍ ഇപ്പോള്‍ നന്ദി രേഖപ്പെടുത്തുന്നില്ല,
കാരണം ‘നന്ദി’ വാക്കുകള്‍കൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സില്‍ എക്കാലവും സൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
സ്‌നേഹത്തോടെ
സലിംകുമാര്‍
ഇതുവരെ പിറന്നാളിനു കേക്കുമുറിച്ചു ശീലമില്ലാത്ത സലിംകുമാർ ഇന്നത്തെ പിറന്നാളിനെക്കുറിച്ചു പുറത്തുപറയുന്നതിനു കാരണമുണ്ട് – ‘‘ എന്റെ പ്രായം സംബന്ധിച്ച് ചിലർക്ക് ചില തെറ്റിദ്ധാരണകളുണ്ട്. എനിക്കിത്രയേ പ്രായമായിട്ടുള്ളൂ എന്ന് എപ്പോഴും പറയാനാകില്ലല്ലോ.അതുകൊണ്ട് അൻപതാം പിറന്നാളിന് ചെറിയൊരു കേക്ക് മുറിക്കും ’’ – പറവൂർ രാമൻകുളങ്ങരയിലെ ലാഫിങ് വില്ലയിലിരുന്ന് സലിംകുമാർ പറഞ്ഞു.കന്നിമാസത്തിൽ ആയില്യമാണ് സലിംകുമാറിന്റെ ജൻമനക്ഷത്രം.എന്നാൽ ഇന്നത്തെ പിറന്നാൾ തിയതി കണക്കുകൂട്ടിയുള്ളതാണ്.
‘‘ വിവാഹത്തിനു മുൻപ് അമ്മയും വിവാഹശേഷം ഭാര്യയും കൃത്യമായി പിറന്നാൾ ഓർത്ത് അമ്പലത്തിൽ വഴിപാടു കഴിക്കും.എനിക്കാണെങ്കിൽ പിറന്നാൾ ആഘോഷിച്ച് ശീലവുമില്ല ’’– സലിംപറഞ്ഞു.