ADVERTISEMENT

മലയാളികളുടെ ചലച്ചിത്രാസ്വാദനം തരംതാഴ്ന്നുവെന്ന വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമർശിച്ച് സംവിധായകൻ മേജർ രവി. ചന്ദനക്കുറി ഇട്ട് മോഹൻലാലിന്റെ സിനിമ കാണാൻ പോകുന്നുവെന്ന് എടുത്തു പറയുന്ന അടൂരിന്റെ പ്രസ്താവന കാപട്യമുള്ളതാണ്. ഈ ഡിജിറ്റൽ ലോകത്ത് ആർക്കു വേണമെങ്കിലും സിനിമ എടുക്കാം. ഒരു പരീക്ഷയ്ക്കു പഠിച്ചു മാർക്ക് വാങ്ങേണ്ട സംഗതിയല്ല സിനിമയെന്നും മേജർ രവി അഭിപ്രായപ്പെട്ടു. വാളയാർ സംഭവത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. സർക്കാർ തീരുമാനിച്ചു കഴിഞ്ഞാൽ ജോളി കേസ് പോലെ തീരാവുന്ന കേസാണ് വാളയാറിലേതെന്നും ഏതു പാർട്ടിക്കാരായാലും തെറ്റു ചെയ്താൽ അതു ചെയ്തെന്നു ചൂണ്ടിക്കാട്ടാനുള്ള ചങ്കൂറ്റം നേതാക്കന്മാർക്ക് ഉണ്ടാകണമെന്നും മേജർ രവി പറഞ്ഞു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയെ തരംതാഴ്ത്തരുത്

എല്ലാവർക്കും ഓരോ സമയമുണ്ട്. നിങ്ങൾ നിങ്ങളുടേതായ സമയത്ത് സിനിമകൾ എടുത്തിട്ട്, അതെല്ലാം വിദേശരാജ്യങ്ങളിൽ പോയി വിറ്റിട്ട്, ഇത്രയും വലിയ വ്യക്തിയായെന്നു പറയുന്നതിനെ നിങ്ങളുടെ ഭാഗ്യമായി മാത്രം കണക്കാക്കിയാൽ മതി. കാരണം ആ സിനിമയെ കുറച്ചു പേർ അഭിനന്ദിച്ചു. ഇവിടത്തെ നാട്ടുകാർക്ക് ആർക്കും ആ സിനിമ മനസ്സിലായിട്ടില്ല. ഇന്നു മലയാള സിനിമയെ തരംതാഴ്ത്തി സംസാരിക്കുന്ന സമയത്ത്, അദ്ദേഹം ഈയടുത്ത കാലത്ത് എത്ര സിനിമകൾ ചെയ്തിട്ടുണ്ട്, ആ ചെയ്ത സിനിമകൾക്ക് എവിടെയാണ് അംഗീകാരം കിട്ടിയിരിക്കുന്നത് എന്നുള്ളത് അദ്ദേഹം തന്നെ തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും.

അടൂരിന് അതിനുള്ള അർഹതയില്ല

രണ്ടാമത്, മോഹൻലാലിന്റെ സിനിമകളെ അല്ലെങ്കിൽ അതുപോലുള്ള സിനിമകളെ തരംതാഴ്ത്തി പറയാനുള്ള അർഹത ഒരു സംവിധായകനുമില്ല. ഒരു പടത്തിന്റെ വിജയം ആ ചിത്രം ജനങ്ങൾ സ്വീകരിച്ചു എന്നുള്ളതാണ്. അതുകൊണ്ടാണ് അവർ തിയറ്ററിൽ പോയി സിനിമ കാണുന്നത്. അടൂരിന്റെ പ്രശ്നം അതല്ല. അദ്ദേഹത്തിന്റെ പ്രശ്നം അവർ ചന്ദനക്കുറി ഇട്ടു പോകുന്നു എന്നുള്ളതാണ്. ഇവിടെയാണ് അദ്ദേഹത്തിന്റെ വർഗീയ സ്വഭാവം കാണുന്നത്. എന്തുകൊണ്ട് ഇത് എടുത്തു പറഞ്ഞിരിക്കുന്നു? ചന്ദനക്കുറി ഇട്ട് മോഹൻലാലിന്റെ സിനിമ കാണാൻ പോകുന്നുവെന്ന് എടുത്തു പറയുന്നതു തന്നെ കാപട്യമുള്ള പ്രസ്താവന ആണ്. അതിൽ പാർട്ടിപരമായ ചിന്താഗതികളുണ്ട്. അദ്ദേഹത്തിന് ചന്ദനക്കുറി ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. പക്ഷേ, അതിനെ പൊതു ഇടത്തിലേക്ക് എടുത്തിട്ട് ചളി വാരിത്തേക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല.

കുട്ടികൾ സിനിമ ചെയ്യട്ടെ

ഈ ഡിജിറ്റൽ ലോകത്ത് ആർക്കു വേണമെങ്കിലും സിനിമ എടുക്കാം. അടൂരിന്റെ കാലത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹവും അതിൽത്തന്നെ സിനിമ എടുക്കുമായിരുന്നു. ടെക്നോളജി മാറുന്നതിന് അനുസരിച്ച് നമ്മളും മാറണം. അതിനെ കുറ്റമായി പറയുന്നത് സിനിമയെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് തുല്യമാണ്. രണ്ടാമത്, കുട്ടികൾ ഒരു വിവരവും ഇല്ലാതെ സിനിമ എടുത്തു എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. അടൂർ ആദ്യം സിനിമയെടുക്കുന്ന സമയത്ത് അദ്ദേഹവും സിനിമയിൽ കുട്ടി ആയിരുന്നില്ലേ? ആദ്യത്തെ സിനിമ ഏതൊരു വ്യക്തിക്കും പരീക്ഷണമാണ്. ചിലത് ഹിറ്റ് ആകും, ചിലതു ഫ്ലോപ് ആകും. അവിടെയാണ് ആ കുട്ടികളുടെ കഴിവിനെക്കുറിച്ച് നമ്മൾ സംസാരിക്കേണ്ടത്. സിനിമ എന്നത് ഒരു പരീക്ഷയ്ക്കു പഠിച്ചു മാർക്ക് വാങ്ങേണ്ട സംഗതിയല്ല. ഓരോരുത്തരുടെയും ചിന്താഗതിയിൽ അവർക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് അവർ ചിത്രീകരിക്കുന്നത്. അവർ ബ്ലൂ ഫിലിം ഒന്നുമല്ലല്ലോ ചെയ്യുന്നത്. അഞ്ചു മിനിറ്റും പത്തു മിനിറ്റും കൊണ്ടൊക്കെ നമ്മെ ഞെട്ടിപ്പിക്കുന്ന സിനിമകൾ കുട്ടികളാണ് ചെയ്യുന്നത്. അവരെ പ്രോത്സാഹിപ്പിക്കുകയാണ് മുതിർന്നവർ ചെയ്യേണ്ടത്. ആ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ ഫ്രസ്ട്രേഷൻ മാത്രമെ എനിക്കു കാണാൻ കഴിയുന്നുള്ളൂ.

വാളയാർ സംഭവത്തിൽ സർക്കാരിനു വീഴ്ച പറ്റി

2017ൽ നടന്ന സംഭവത്തിൽ പ്രഥമദൃഷ്ട്യാ ഏതൊരു കണ്ണുപൊട്ടനും മനസ്സിലാക്കാം അതിലൊരു ക്രൈം നടന്നിട്ടുണ്ട് എന്ന്. ഒരു ജോളിയുടെ കേസ് ഇത്രയും വർഷത്തിനു ശേഷം പിടിക്കാൻ സാധിച്ച പൊലീസാണ് കേരളത്തിന്റേത്. അപ്പോൾ പൊലീസിനു കഴിവില്ലെന്നു പറയാൻ കഴിയില്ല. പൊലീസിന്റെ മനസ്സില്ലായ്മ എന്നു വേണമെങ്കിൽ പറയാം. ഇതിൽ പിടിക്കപ്പെട്ടവരും ചോദ്യം ചെയ്യപ്പെട്ടവരും വെറുതെ വിട്ടവരുമെല്ലാം രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തികളാണ്. ഈ രാഷ്ട്രീയപ്പാർട്ടി ഇവിടെ ഭരിക്കാൻ തുടങ്ങിയതിനു ശേഷം സ്ത്രീകളോടുള്ള പെരുമാറ്റം ഏറ്റവും മോശമായിക്കഴിഞ്ഞതായി പലയിടത്തും കണ്ടുകഴിഞ്ഞു. എന്തു ചോദിച്ചാലും അതു ഞങ്ങളുടെ പാർട്ടി അന്വേഷിക്കുമെന്ന മറുപടിയും. നിങ്ങളുടെ പാർട്ടിയെന്താ സുപ്രീംകോടതിയാണോ? ഞങ്ങളെന്ത് ഗുണ്ടായിസം കാണിച്ചാലും നിങ്ങളത് സഹിച്ചോളണം എന്ന ഭരണാധികാരികളുടെ മനോഭാവത്തെയാണ് ഇതു കാണിക്കുന്നത്. ജനങ്ങളുടെ കൂടെയാണ് ഞങ്ങൾ എന്നു പറയുകയും അതിനു വിപരീത രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്.

സിബിഐ അന്വേഷണത്തെ ഭയമോ?

നിങ്ങൾക്കു ഭയക്കാനില്ലെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത്? ഇത് അതല്ല. അവർ അന്വേഷിക്കുകയുമില്ല, സിബിഐയ്ക്ക് കൊടുക്കാനും പാടില്ല. തീർത്തും കപടമായ നിലപാടാണ് ഇത്. സർക്കാർ തീരുമാനിച്ചു കഴിഞ്ഞാൽ ജോളി കേസ് പോലെ തീരാവുന്ന ഒരു കേസ് മാത്രമാണിത്. ജോളി പാർട്ടിക്കാരിയല്ല. അതുകൊണ്ട്, കൃത്യമായി അന്വേഷണം നടന്നു. അതിൽ പാർട്ടിക്കാർ ഉണ്ടായിരുന്നെങ്കിൽ ആ കേസ് താറുമാറായിപ്പോയേനെ! ഭരണകക്ഷിയെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തമായ പ്രതിപക്ഷം ഉണ്ടാകണം. അല്ലെങ്കിൽ എന്തും ചെയ്തു കളയും എന്നൊരു ഹുങ്ക് ഭരണകക്ഷിക്ക് ഉണ്ടാകും.

നയങ്ങൾ മനുഷ്യത്വപരമാകണം‌

ഉത്തരേന്ത്യയിൽ ഒരു പീഡനം നടന്നാൽ ഒച്ചയും ബഹളവും ഉണ്ടാക്കുന്ന സാംസ്കാരികനായകരുടെ നാടാണ് കേരളം. ഇവിടെ നടന്നാൽ ഒരു അനക്കവും ഇല്ല. ഉത്തരേന്ത്യ ഭരിക്കുന്നത് ബിജെപിയും ഇവിടെ ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയും ആണെങ്കിൽ അവർ അങ്ങോട്ടു നോക്കി നിന്നു കുരയ്ക്കും. ഇവിടെ എന്തു കുറ്റം നടന്നാലും ആർക്കും യാതൊരു പ്രശ്നവുമില്ല. ആദ്യം അതൊക്കെയാണ് മാറ്റേണ്ടത്. മനുഷ്യത്വപരമായ നയങ്ങളാണ് പറയേണ്ടത്. അതിന‌കത്ത് പാർട്ടി നോക്കരുത്. ഏതു പാർട്ടിക്കാരായാലും തെറ്റു ചെയ്താൽ അതു ചെയ്തെന്നു ചൂണ്ടിക്കാട്ടാനുള്ള ചങ്കൂറ്റം ഉള്ളവരാണെങ്കിൽ അവരെ നമുക്ക് സാംസ്കാരികനായകരെന്നു വിളിക്കാം. അല്ലെങ്കിൽ അവരെ അവസരവാദികൾ എന്നു വിളിക്കുന്നതായിരിക്കും ഉചിതം.

ഒൻപതു വയസ്സായ കുട്ടി തൂങ്ങി മരിച്ചു എന്നു പറയുന്നത് എങ്ങനെ വിശ്വസിക്കാനും ഉൾക്കൊള്ളാനും സാധിക്കും? ആ കുട്ടിയുടെ ചേച്ചിയെ അതിനു മുൻപേ ഇതുപോലെ കൊന്നു കെട്ടിത്തൂക്കി! കോടതി അങ്ങനെ പറഞ്ഞില്ലല്ലോ, എന്നിട്ട് എങ്ങനെ നിങ്ങൾ അതു പറയുന്നു എന്നു ചോദിച്ചാൽ, നമ്മളും അരിയാഹാരം കഴിക്കുന്നവരാണെന്ന് മാത്രമേ അതിനു മറുപടി ഉള്ളൂ. ഇനിയും സർക്കാർ കണ്ണടയ്ക്കാതെ, ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യണം എന്നാണ് എനിക്കു പറയാനുള്ളത്.– മേജർ രവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com