ADVERTISEMENT

തുടക്കം മുതൽ അവസാനം വരെ ഒരേ പിരിമുറുക്കത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തുക. ഒരു നായികയില്ലാതെ, പാട്ടില്ലാതെ ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവത്തെ കംപ്ലീറ്റ് ത്രില്ലറായി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ച് അതൊരു ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കുക. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൈദി എന്ന തമിഴ് ചിത്രം ഇതെല്ലാമാണ്. 2019ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ത്രില്ലർ ചിത്രമെന്ന നിരൂപക പ്രശംസ നേടി തമിഴിലും ആന്ധ്രയിലും കേരളത്തിലും ഹൗസ്ഫുൾ ജൈത്രയാത്രയിലാണ് കൈദി. തമിഴ് താരം കാർത്തിയുടെയും മലയാളി താരം നരേന്റെയും അത്യുഗ്രൻ പ്രകടനമാണ് ചിത്രത്തിന്റെ കരുത്ത്. സിനിമ കണ്ടിറങ്ങിയാലും കാർത്തിയുടെ ഡില്ലിയും നരേന്റെ ബിജോയ് എന്ന പൊലീസ് കഥാപാത്രവും പ്രേക്ഷകരെ വിട്ടൊഴിയില്ല. "സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ് ഈ സിനിമ,"- ചിത്രത്തെക്കുറിച്ച് നരേൻ പറയുന്നു. 

 

ധീരമായ പരീക്ഷണം

narain-kaithi

 

ധീരമായ ഒരു പരീക്ഷണമായിരുന്നു ഈ സിനിമ. ഒരു പാട്ടില്ലാതെ, നായികയില്ലാതെ കംപ്ലീറ്റ് ഡാർക്ക് ആയി രാത്രി നടക്കുന്ന ഒരു സംഭവം സിനിമയാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഞാനും കാർത്തിയും ഒരുപാടു വർഷങ്ങളായി ഗംഭീരൻ സിനിമകളെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, അങ്ങനെ ഒന്നു കിട്ടണമല്ലോ! കിട്ടിയപ്പോഴോ, രണ്ടു പേർക്കും ഒരേ പടത്തിൽ തന്നെ അഭിനയിക്കാൻ പറ്റിയെന്നുള്ളതാണ്. അതാണ് അതിന്റെയൊരു ഭംഗി. 

 

karthi-kaithi

ആദ്യം മുതൽ അവസാനം വരെ ടെൻഷൻ തരുന്ന സീക്വൻസുകളാണ്. പടത്തിൽ ഇടയ്ക്കൊരു റിലീഫ് തരാൻ കഴിയുന്ന സന്ദർഭങ്ങളൊന്നുമില്ല. വൈകിട്ട് ആറു മണി മുതൽ രാവിലെ ആറു മണി വരെയായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇങ്ങനെയൊരു സിനിമയിൽ വിശ്വസിച്ച്, അതു ചെയ്യാൻ തുനിഞ്ഞിറങ്ങിയതുകൊണ്ട് അതു  ആസ്വദിക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ്, ആ ഷെഡ്യൂൾ പ്രശ്നമല്ലാതെ തോന്നിയത്. അല്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ് ഇതു ചെയ്യാൻ! 

 

കാർത്തി നേരിട്ടു വിളിച്ചു

kaithi-trailer

 

ആദ്യത്തെ ഫോൺകോൾ വരുന്നത് കാർത്തിയിൽ നിന്നാണ്. ഒരു ഗംഭീരൻ കഥ വന്നിട്ടുണ്ട്. സോളോ ഹീറോ അല്ലാതെ രണ്ടു മൂന്നു പ്രാധാന്യമുള്ള കഥാപാത്രങ്ങളുണ്ടെന്ന് പറഞ്ഞു. അതിലൊരാളായി സംവിധായകൻ എന്റെ പേര് പറഞ്ഞപ്പോൾ കാർത്തി അദ്ദേഹത്തോടു പറഞ്ഞത്രെ, ഞാൻ തന്നെ നരേനെ വിളിച്ചു ഇക്കാര്യം പറയാമെന്ന്! അങ്ങനെയാണ് കാർത്തിയുടെ കോൾ എനിക്കു വരുന്നത്. 

 

എന്നെ വ്യക്തമായി അറിയുന്നതുകൊണ്ടു തന്നെയാണ് അദ്ദേഹം എന്നെ വിളിച്ചതും. ഡ്രീം വാരിയർ പിക്ചേഴ്സ് എന്ന വലിയ ബാനർ. മുഴുനീള കഥാപാത്രം. കാർത്തിയോടൊപ്പം അഭിനയിക്കുക. ഇത്രയും ആയപ്പോഴേക്കും ഞാൻ സെറ്റ് ആയി. കാർത്തിയും ഞാനും പത്തു വർഷത്തിലേറെയായി സുഹൃത്തുക്കളാണ്. തമിഴ് ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും അടുപ്പമുള്ളത് കാർത്തിയോടാണ്. വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന ആഗ്രഹം പങ്കുവയ്ക്കുമ്പോഴും കച്ചവട സിനിമകളുടെ സ്ഥിരം പാറ്റേണിൽ നിൽക്കുന്നതുകൊണ്ട് പരീക്ഷണ സിനിമകൾ വന്നുചേരാതെ ഇരിക്കുന്നതിനെക്കുറിച്ചൊക്കെ ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. അപ്പോഴാണ് ഈ ചിത്രം വരുന്നത്.   

 

kaithi-movie-review

ബിജോയ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ

 

ബിജോയ് എന്ന കഥാപാത്രത്തിൽ എനിക്ക് ഏറ്റവും അപ്പീലിങ് ആയി തോന്നിയ ഒരു കാര്യം, ആ കഥാപാത്രത്തിന്റെ വൾനറബിലിറ്റി (vulnerability) ആണ്. ബിജോയ് വളരെ കണിശക്കാരനായ, കരുത്തുള്ള പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും ആളുടെ ചില ദുർബലതകൾ പലപ്പോഴായി പുറത്തുവരുന്നുണ്ട്. അങ്ങനെയാണ് ആ കഥാപാത്രത്തിന് ഭംഗി കൂടുന്നത്. അവിടെയാണ് എനിക്ക് ബിജോയ് എന്ന കഥാപാത്രത്തോട് ഒരു അടുപ്പമോ ഇഷ്ടമോ ഒക്കെ വരുന്നത്. ഇയാൾ പൊലീസാണെന്നതൊക്കെ ശരിയാണ്. പക്ഷേ, അയാൾ നിസഹായനായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ നിന്നുപോകുന്നുണ്ട്. 

 

ആ വീഴ്ച ഒറിജിനലായി സംഭവിച്ചു

 

കൈ ഒടിഞ്ഞിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ബിജോയ് എന്നു പറഞ്ഞപ്പോഴെ ഒന്നുറപ്പായി, ഈ ആക്‌ഷൻ ചിത്രത്തിൽ എനിക്ക് കാര്യമായ ആക്‌ഷൻ സീക്വൻസ് ഉണ്ടാവില്ലെന്ന്! അതാണ് ആദ്യം മനസിൽ വന്നത്. എനിക്കു വെല്ലുവിളിയായി തോന്നിയത് മറ്റു ചില കാര്യങ്ങളാണ്. കുറച്ചധികം ഓടുന്ന സീക്വൻസുകൾ ഇതിലുണ്ട്. കുന്നിന്റെ മുകളിൽ നിന്ന് ഓടുന്ന രംഗങ്ങൾ. 

 

പിന്നെ, സിനിമയുടെ തുടക്കത്തിൽ സ്വിമ്മിങ് പൂളിനു ചുറ്റുമുള്ള ഓട്ടമുണ്ട്. അതിൽ ഗംഭീരനൊരു വീഴ്ച വീണിട്ടുണ്ടായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് എന്റെ മുഖം ഇടിച്ചില്ല. അല്ലെങ്കിൽ അന്നു മുതലെ ഷൂട്ടിങ് പാക്ക്അപ് ആയി പോകേണ്ടി വന്നേനെ! തപ്പിത്തടഞ്ഞ് വീഴുന്ന പോലെ അഭിനയിക്കണം എന്നാണ് സംവിധായകൻ പറഞ്ഞത്. അഞ്ചാറു തവണ റിഹേഴ്സലിനു അതൊക്കെ നല്ല രീതിയിൽ വീഴാതെ അഭിനയിച്ചു. പക്ഷേ, ടേക്ക് പോയപ്പോൾ അവിടെ വെള്ളം വീണിട്ട് ഞാൻ ശരിക്കും നല്ലൊരു വീഴ്ച വീണു. ഒരു കൈ സ്ലിങ് ബാഗിനകത്ത് ആയതുകൊണ്ട് ഓടുമ്പോൾ ബാലൻസ് കിട്ടിയില്ല. ഏകദേശം മൂന്നു നാലു മാസം ആ വീണതിന്റെ തോൾവേദനയും ശരീരവേദനയും ഉണ്ടായിരുന്നു. പ്രാക്ടിക്കലി അതൊരു ബുദ്ധിമുട്ടായിരുന്നു. 

 

നിർത്തിയ ശീലം വീണ്ടും തുടങ്ങി

 

ഞാൻ സിഗരറ്റു വലി നിർത്തിയിരുന്നു. ഇടയ്ക്കു മാത്രമെ വലിച്ചിരുന്നുള്ളൂ. ആ സമയത്താണ് ഈ സിനിമ. കഥ പറഞ്ഞപ്പോഴൊന്നും സംവിധായകൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല. സ്റ്റിൽസ് ഷൂട്ട് ചെയ്യുന്ന സമയത്ത് ലോകേഷ് അടുത്തു വന്നു ചോദിച്ചു– സർ ദം അടിപ്പീങ്കളാ? (വലിക്കുമോ). ഞാൻ പറഞ്ഞു, നിർത്തിയിരിക്കുകയാണെന്ന്. അപ്പോൾ അടുത്ത അഭ്യർഥന– തിരുപ്പി സ്റ്റാർട് പണ്ണ മുടിയുമാ? കഥയിൽ അത് ആവശ്യമായിരുന്നു. അങ്ങനെ വീണ്ടും വലി തുടങ്ങി. ആ ഒരു എക്സ്ക്യൂസും പറഞ്ഞ് ഇപ്പോൾ ഇടയ്ക്കിടെ വലിക്കുന്നുണ്ട്. 

 

കൈദിക്ക് രണ്ടാം ഭാഗമുണ്ടോ?

 

ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകും. രസമായിരിക്കും അത്. എന്നത്തേക്ക് അതു ചെയ്യുമെന്ന് പറയാൻ കഴിയില്ല. കാരണം, സംവിധായകൻ ലോകേഷ് കനകരാജ് ഇപ്പോൾ വിജയ്‌യുടെ പടം ചെയ്തു തുടങ്ങി. വളരെ പ്രതീക്ഷയുള്ള പയ്യനാണ്. 24 മണിക്കൂറും സിനിമ മാത്രം മനസിൽ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ലോകേഷ്. ഒരു അഞ്ചു മിനിറ്റു പോലും റിലാക്സ് ചെയ്തു കാണാത്ത ആളാണ്. മൊത്തം ടീം പയ്യൻമാരാണ്. വളരെ എനർജെറ്റിക് ആയ ടീം. അയാൾ തീർച്ചയായും ഉയരങ്ങളിലെത്തും. 

 

തമിഴ്നാട്ടിൽ ഇതൊരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആണ്. കാർത്തിയുടെ കരിയറിലും എന്റെ തമിഴ് കരിയറിലും ഏറ്റവും വലിയ ഹിറ്റാണ് ഈ ചിത്രം. അത്രയ്ക്ക് നമ്മൾ പ്രതീക്ഷിച്ചിരുന്നില്ല. ഹിറ്റാവുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ, ഇത്രയും വലുതാകുമെന്ന് കരുതിയില്ല. തിയറ്ററുകളുടെ എണ്ണം കൂടുന്നു. യു.എസിലും യു.കെയിലും തിയറ്ററുകൾ കൂടുന്നു. അതൊന്നും നമ്മൾ പ്രതീക്ഷിച്ചിരുന്നതല്ല. വിതരണക്കാർ വലിയ സന്തോഷത്തിലാണ്.  

 

മലയാളത്തിലേക്ക് ഇനി

 

മലയാളത്തിലെ ഗംഭീരൻ സിനിമകളുടെ ഭാഗമാകാൻ ഞാനും ആഗ്രഹിക്കുന്നു. പക്ഷേ, നല്ല സിനിമകളൊന്നും നമ്മളെ തേടി എത്തുന്നില്ല. അതിനുള്ള കാത്തിരിപ്പാണ്. എന്തു പറ്റിയെന്നു ചോദിച്ചാൽ മലയാളത്തിൽ പുതിയ സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും വരുന്ന സമയത്ത് ഞാൻ തമിഴിൽ വിവിധ പ്രൊജക്ടുകളുമായി തിരക്കിലായിരുന്നു. അങ്ങനെ പല പ്രൊജക്ടുകളും മിസ് ആയി. തമിഴിൽ മെയിൻ റോൾ ചെയ്യുമ്പോൾ എപ്പോഴും മിനിമം ഏഴെട്ടു മാസം മാറ്റി വയ്ക്കണം. അത് ഒരു ബുദ്ധിമുട്ടായിരുന്നു. അത് തമിഴിന്റെ ഒരു കൾച്ചർ ആണ്. 

 

സോളോ ഹീറോ സിനിമകൾ ചെയ്യുമ്പോൾ എട്ടൊൻപതു മാസം അങ്ങനെ പോകും. ആ ഗെറ്റപ്പ് മാറ്റി മറ്റൊരു പ്രൊജക്ട് അപ്പോൾ ചെയ്യാൻ എനിക്ക് പറ്റിയില്ല. അങ്ങനെ പലതും മിസ് ചെയ്തു. കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾ എടുത്തു നോക്കിയാൽ ഏറ്റവും നല്ല സിനിമകളാണ് മലയാളത്തിൽ സംഭവിച്ചത്. അതിൽ പല ചിത്രങ്ങളും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ചിത്രങ്ങളായിരുന്നു. അതിന്റെയൊക്കെ ഭാഗം ആകണമെന്നും ആഗ്രഹിച്ചിരുന്നു. ഇപ്പോൾ മലയാളത്തിൽ പുതിയ സംവിധായകന്റെ ഒരു പ്രൊജക്ട് വന്നിട്ടുണ്ട്. അതു സംഭവിക്കുമെന്നാണ് പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com