ADVERTISEMENT

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ വച്ചു നടന്നു. നാദിർഷ, ദിലീപ്, അനുശ്രീ, രമേശ് പിഷാരടി, സലിം കുമാർ, ഹരിശ്രീ അശോകൻ, സ്വാസിക, ഹരീഷ് പേരടി, കലാഭവൻ ഷാജോൺ, അബു സലിം, ആന്റോ ജോസഫ് തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

Keshu Ee Veedinte Nadhan' Pooja / Dileep /Nadirsha

 

1987ൽ തുടങ്ങിയതാണ് തങ്ങളുടെ സൗഹൃദമെന്ന് നാദിർഷയെക്കുറിച്ച് ദിലീപ് പറഞ്ഞു. ‘നാദിർഷയുടെ മിമിക്രി കാണാനാണ് ഞാൻ ആദ്യം പോകുന്നത്. അങ്ങനെ സുഹൃത്തുക്കളായി. ഒരുമിച്ച് പല സ്റ്റേജുകൾ. സിനിമയിൽ സംവിധായകൻ ആകാൻ പോയ ആളാണ് ഞാൻ. പക്ഷേ സംവിധായകന്‍ ആയത് നാദിർഷയും. നാദിർഷ മുമ്പ് ചെയ്ത സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തയുള്ള സിനിമയാകും ഇത്. വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരുടെയും അനുഗ്രഹം വേണം.’–ദിലീപ് പറഞ്ഞു.

 

‘നാദിർഷയുടെ ഹിറ്റ് സിനിമകൾക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാൻ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പർഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ?. ഷൂട്ടിങിനു പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാൻ വേണ്ടി മാത്രമാണ്. ഈ സിനിമയിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിനു വേണ്ടി എന്നെ സമീപിച്ചപ്പോൾ ഞാൻ ചോദിച്ചു, ആരാണ് നിര്‍മാണം. അപ്പോള്‍ നാദിർഷ പറഞ്ഞു, ‘ഞാനും ദിലീപും ചേർന്നാണ്.’ അപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്ന് ഞാനും പറഞ്ഞു.’–സലിം കുമാർ പറഞ്ഞു.

 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തൊണ്ണൂറുകാരനായി ദിലീപ് എത്തുന്നു. ഉർവശിയാണ് ദിലീപിന്റെ ഭാര്യയായി അഭിനയിക്കുന്നത്. തണ്ണീർമത്തനിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂൺ ഫെയിം വൈഷ്ണവിയും ദിലീപിന്റെ മക്കളായി അഭിനയിക്കുന്നു.

 

ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവാണ്. അനുശ്രീയാണ് നായിക. കലാഭവൻ ഷാജോൺ, സലിം കുമാർ, സ്വാസിക, ഹരീഷ് കണാരൻ, അബു സലിം, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

 

നാദ് ഗ്രൂപ്പ് നിർമിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അനിൽ നായർ, സംഗീത സംവിധാനം നാദിർഷ, ഗാനരചന ഹരിനാരായണൻ, ജ്യോതിഷ്. ചിത്രസംയോജനം സാജൻ, വസ്ത്രാലങ്കാരം സഖി എൽസ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com