ADVERTISEMENT

ആയുധ എഴുത്ത് എന്ന ചിത്രത്തിൽ സിദ്ധാർഥ് ചെയ്ത വേഷത്തിലേക്ക് നടനായി ആദ്യം കാർത്തിയെ ക്ഷണിച്ചത് മണിരത്നമായിരുന്നു.  ന്യൂയോർക്കിൽ മാസ്റ്റേഴ്സ് പഠനം കഴിഞ്ഞു ഗ്രാഫിക് ഡിസൈനറായി ജോലി തുടങ്ങിയ അക്കാലത്തു പക്ഷേ, കാർത്തി നടനാകാൻ നിന്നില്ല, പകരം സഹസംവിധായകനായി. നടൻ ശിവകുമാറിന്റെ രണ്ടാമത്തെ മകനും സുര്യയുടെ തമ്പിയുമായ (അനുജൻ) കാർത്തിയുടെ വഴി  അഭിനയമാണെന്നു കാലം പിന്നീടു തെളിയിച്ചു. പരുത്തിവീരനിൽ  തമിഴിലെ പുതിയ അഭിനയഭാവം കണ്ടു. ജീത്തു ജോസഫിന്റെ ‘തമ്പി’ സിനിമയുടെ ഭാഗമായി കാർത്തി മനോരമയുമായി സംസാരിക്കുന്നു. 

 

പരുത്തിവീരൻ 

 

അകന്ന ബന്ധുവും സ്കൂൾ മേറ്റുമായ ജ്ഞാനവേലാണു പരുത്തിവീരന്റെ നിർമാതാവ്. ആദ്യം നീ നടനാവട്ടെ, പിന്നീടാവാം സംവിധാനം എന്നു ജ്ഞാനവേൽ പറഞ്ഞിടത്തു വച്ചാണ് സംവിധായകൻ അമീറിന്റെ ആവശ്യപ്രകാരം പരുത്തിവീരനിൽ നായകനാവുന്നത്. 

jyothika-jeethu

 

വീട്ടിലെല്ലാം താരങ്ങൾ

 

ഞാനും സൂര്യയും ജ്യോതികയും അപ്പായും ചേർന്ന സിനിമാക്കുടുംബം ചെന്നൈയിൽ ഒരുവീട്ടിൽ തന്നെയാണു താമസം. കടുത്ത ദാരിദ്ര്യം അനുഭവിച്ചു സിനിമയിലെത്തിയ ആളാണ് അപ്പ ശിവകുമാർ. പരിശ്രമം കൊണ്ടു വിജയിച്ചയാൾ. പെയിന്റിങ് പഠിക്കാൻ ചെന്നൈയിലെത്തി സിനിമയിൽ ഇടം കണ്ടെത്തിയ അദ്ദേഹം കാണിച്ച വഴിയിലൂടെയാണു ഞാനും സൂര്യയുമെല്ലാം നടക്കുന്നത്. പക്വത കാട്ടണമെന്നും കൃത്യനിഷ്ഠയും അച്ചടക്കവും നിർബന്ധമാണെന്നും സംവിധായകന്റെ നിർദേശങ്ങൾ മാനിക്കണമെന്നും അപ്പാ എന്നും പറയും. 

 

അമ്മ

 

മൂല്യങ്ങളെക്കുറിച്ച് മാത്രമാണ് അമ്മ എന്നും സംസാരിക്കുക. അമ്മ ലക്ഷ്മിയാണെന്റെ റോൾ മോഡൽ. മക്കളെ വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ച അമ്മ അപ്പ അഭിനയിച്ച പല ചിത്രങ്ങളും ഇപ്പോഴാണാദ്യം കാണുന്നത്. 

 

വിവാഹം

 

ഈറോഡുള്ള രഞ്ജിനിയാണു ഭാര്യ. ടിസിഎസിലാണു ജോലി.  കോയമ്പത്തൂരിൽ 2011ൽ ആയിരുന്നു വിവാഹം. അപ്പായുടെ നാടായ കോയമ്പത്തൂരിൽ കല്യാണം വേണമെന്ന് അപ്പായുടെ താൽപര്യമായിരുന്നു. ഒരു മകളുണ്ട്, ആറുവയസ്സുകാരി ഉമയാൾ. 

 

അഭിനയം, തയാറെടുപ്പുകൾ

 

പണത്തിനു വേണ്ടി പണിയെടുക്കുന്ന ആളല്ല ഞാൻ. ഇതെന്റെ പാഷനാണ്. പലതും പഠിക്കുകയാണിപ്പോഴും. ഫൈറ്റ്, ഡാൻസ് ക്ലാസുകൾക്കു പോയതു നടനായ ശേഷമാണ്. നടനു വേണ്ട ചില ചിട്ടകളും അച്ചടക്കവും വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്നയാളാണ്. നേരത്തേ ഉറങ്ങും. രാവിലെ ജിമ്മിൽ പോകും. ആഹാരം നിയന്ത്രിക്കും. പണ്ട്, കുട്ടിയായിരുന്നപ്പോൾ രണ്ടു വർഷം സംഗീതം പഠിച്ചിട്ടുണ്ട്. ചേച്ചി ബൃന്ദ നന്നായി പാടും. 

 

ഇതര ഭാഷാചിത്രങ്ങൾ

 

തെലുങ്കിൽ ഒരു ചിത്രം അഭിനയിച്ചു. മലയാളത്തിൽ രണ്ടു പ്രോജക്ടുകൾ വന്നിരുന്നു. പക്ഷേ, അതു നടന്നില്ല. ജ്യേഷ്ഠഭാര്യ ജ്യോതികയും ഞാനും തമ്പിയിൽ ഒന്നിച്ചഭിനയിച്ചു. ഇനി സൂര്യയും ഞാനും ചേർന്നുള്ള പ്രോജക്ട് വന്നിരുന്നെങ്കിൽ എന്നാണാഗ്രഹം.  

 

രാഷ്ട്രീയം

 

24 മണിക്കൂർ ജോലി ചെയ്യുന്നവരാണു രാഷ്ട്രീയക്കാർ. അവരോട് എനിക്കെന്നും ആദരവാണ്. രാഷ്ട്രീയത്തിലിറങ്ങുക ലക്ഷ്യമല്ല. നടികർ സംഘത്തിന്റെ നേതൃത്വത്തിലെത്തിയതോടെ എതിർപ്പുകളെ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ധീരമായി മുന്നോട്ടു പോവുകയാണ്. പുതിയ ഓഫിസ് നിർമിക്കാൻ ഒരു കോടി രൂപയാണു സംഭാവന നൽകിയത്. അഭിപ്രായ വ്യത്യാസം സാധാരണമാണ്. പൊതുവായി എനിക്കു ശത്രുക്കളൊന്നുമില്ല. എതിരഭിപ്രായങ്ങൾ അധികകാലം നിലനിൽക്കില്ലെന്നാണു വിശ്വാസം. 

 

ഉളവൻ ഫൗണ്ടേഷൻ

 

എന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷനാണ്. കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കലാണു ലക്ഷ്യം. കൃഷിയിടം വാങ്ങണം. ജൈവകൃഷി പ്രചരിപ്പിക്കണം. കുളങ്ങളും പുഴകളും വൃത്തിയാക്കി സംരക്ഷിക്കണം. വിളകൾ സംരക്ഷിക്കാനും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ തുടങ്ങണം. കർഷകരുടെ രക്ഷയ്ക്കും സൗകര്യങ്ങൾക്കുമായി ഒരു കോടി രൂപ സംഭാവന ചെയ്ത് ഉളവൻ ഫൗണ്ടേഷൻ  കർഷകർക്കൊപ്പമെന്ന നിലപാടറിയിച്ചു കഴിഞ്ഞു. 

 

യാത്രകൾ

 

എൻജിനീയറിങ് കോളജിലെ സഹപാഠികൾ എല്ലാ വർഷവും ഇപ്പോഴും ഒത്തുകൂടാറുണ്ട്. എന്റെ കസിൻസ് നാലഞ്ചുപേർ ചേർന്ന് ഇടയ്ക്കിടെ ട്രക്കിങ് നടത്താറുണ്ട്. കാടുകളോടാണു പ്രിയം. കേരളത്തിലെ കാടുകളിൽ പലവട്ടം ഞങ്ങളെത്തിയിരുന്നു. വയനാട്ടിൽ ഒരു കസിന് എസ്റ്റേറ്റ് ഉണ്ട്. അവിടെയും ഞങ്ങൾ പതിവാണ്. പണ്ട്, അവധിക്കാലത്ത് അപ്പായുടെ കോയമ്പത്തൂരിലെ വീട്ടിൽ കസിൻസ് എല്ലാവരും ചേർന്നു കുളത്തിലെ കുളിയും കളികളുമായി സജീവമാകുന്ന അതേ വികാരത്തോടെയാണ് ഇപ്പോഴും ഞങ്ങൾ വനയാത്രയ്ക്കിറങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com