ADVERTISEMENT

ചൈനയിലെ ഗ്വാങ് ചോ നഗരത്തിൽ 11 വർഷമായി താമസിക്കുന്ന മലപ്പുറം സ്വദേശിനിയും ചെറുകഥാകൃത്തുമായ ഫർസാന അലി അവിടുത്തെ തിയറ്ററിൽ ‘ദൃശ്യം’ സിനിമയുടെ റീമേക്ക് കണ്ടപ്പോഴുള്ള അനുഭവം കൊട്ടകയുമായി പങ്കുവയ്ക്കുന്നു.  ചൈനയിൽ 11 കൊല്ലമായി താമസിക്കുന്നു. മലയാളി എന്ന നിലയിൽ കാര്യമായി ഒന്ന് അഹങ്കരിക്കാനായത് ഇപ്പോഴാണ്. നമ്മുടെ സ്വന്തം സിനിമ ‘ദൃശ്യം’ ചൈനയിൽ റീമേക്ക് ചെയ്തതു കണ്ടിരുന്നപ്പോൾ, അവസാനം ചൈനീസ് ഭാഷയിൽ ദി എൻഡ് എന്ന് എഴുതിക്കാണിക്കുമ്പോൾ എണീക്കാൻ പോലും മറന്നു പോയി ചൈനക്കാർ സീറ്റിൽ അമർന്നിരുന്നതു കണ്ടപ്പോൾ, ഞാൻ ടിക്കറ്റെടുത്തു കൊണ്ടു കാണിച്ച രണ്ടു ചൈനക്കാരി കൂട്ടുകാരികൾ നിങ്ങളുടെ സിനിമ ഞങ്ങളുടെ സർവ മൂഡും കളഞ്ഞു ഡെസ്പാക്കീന്ന് പറഞ്ഞപ്പോൾ. മലയാളിയായതിൽ ശരിക്കും അഭിമാനം കൊണ്ട നിമിഷങ്ങൾ.   

 

രാജ് കപൂർ

Sheep Without a Shepherd-Trailer 2 误杀 Kinostart China 20.12.2019

 

ഇന്ത്യൻ സിനിമയോടു മാത്രമല്ല, ഇന്ത്യയെന്ന രാജ്യത്തോടു തന്നെ ഏറെ ഇഷ്ടം സൂക്ഷിക്കുന്നവരാണു ചൈനക്കാർ. അതിർത്തികൾ ഒന്നും സാധാരണക്കാരുടെ മനസിലല്ലല്ലോ വരയ്ക്കപ്പെടാറ്. ഈ 11 കൊല്ലത്തിനിടയിൽ ഒന്നുപോലുമില്ല മോശം അനുഭവം. ചൈനക്കാർക്ക് ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമകളാണ്. നമ്മളിപ്പോഴും മൂളിക്കൊണ്ടിരിക്കുന്ന രാജ്കപൂർ സിനിമയിലെ ആവാരാ ഹും എന്നു തുടങ്ങുന്ന ഗാനമില്ലേ. ഇന്ത്യക്കാരിയാണെന്ന് അറിയുമ്പോൾ ആവേശത്തോടെ ആ വരികൾ എന്നെ പാടിക്കേൾപ്പിക്കുന്ന എത്രയോ പ്രായമായ ആളുകളുണ്ടിവിടെയെന്നറിയുമോ. 

 

അമീർ ഹാൻ

 

പുതുതലമുറയ്ക്കു പ്രിയം ആമിർഖാനാണ്. അവരുടെ ഭാഷയിൽ അമീർ ഹാൻ. ചൈനയെ മൊത്തം പിടിച്ചുകുലുക്കിയ ഇന്ത്യൻ സിനിമയായിരുന്നു ദംഗൽ. ദംഗലിനു ശേഷം ഒട്ടനേകം ഇന്ത്യൻ സിനിമകൾ റിലീസായെങ്കിലും ചൈനക്കാരുടെ ഹൃദയത്തെ കീഴടക്കാനെത്തിയതു പിന്നീടു നമ്മുടെ ദൃശ്യം മാത്രം. പുറമെ പട്ടണത്തിന്റെ പ്രൗഢിയും ആഢ്യത്തവും കാണിക്കുന്ന ഓരോ ചൈനക്കാരിലും ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമീണതയുണ്ട്. കുഞ്ഞിലേ കേട്ടു വളർന്ന മുത്തശ്ശിക്കഥകളിലെ നന്മയും മൂല്യവും തങ്ങളുടെ മക്കൾക്ക് അന്യമാണല്ലോ എന്ന വേദനയുമുണ്ട്. അതിനെ നികത്താനുതകുന്ന സിനിമകൾ ഒരു കാരണവശാലും അവർ നഷ്ടപ്പെടുത്തില്ല.

 

ദൃശ്യം വരുന്നു

 

അങ്ങനെ ദംഗലിന്റെ ഹാങ്ങോവറിൽ ഇരിക്കുമ്പോഴാണ്, 'നിങ്ങളൊരിക്കലും കാണാതെ പോവരുതെന്ന’ തലക്കെട്ടോടെ കഴിഞ്ഞ ഡിസംബറിൽ ഒരു സിനിമ ചൈനയിൽ റിലീസായത്. യെസ്. ദൃശ്യം. നമ്മടെ ജോർജൂട്ടി ഫാമിലിയുടെ ദുരന്ത കഥ തന്നെ. വുഷാ എന്ന ചൈനീസ് തലക്കെട്ടോടെ, ഷീപ്പ് വിത്തൗട്ട് എ ഷെപ്പഡ് എന്ന ഇംഗ്ലിഷ് പേരോടെ. ചൈനീസ് ദൃശ്യത്തിനു പോകുമ്പോൾ രണ്ടു കാര്യങ്ങൾ മനസിലുണ്ടായിരുന്നു. ഒന്ന്: മോഹൻലാൽ എന്ന ഇന്ത്യയുടെ അഭിമാനതാരത്തിന് തത്തുല്യനായുള്ള ചൈനീസ് നടന്റെ അഭിനയം എങ്ങനെയുണ്ടെന്നറിയുക. രണ്ട്: തൊടുപുഴയുടെ ഗ്രാമ ഭംഗി നിറഞ്ഞ സിനിമയെ ചൈനക്കാരുടെ ഇഷ്ട വിഭവമാക്കി മാറ്റി സംവിധായകൻ എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയുക. 

 

തൊടുപുഴ തായ്‌ലൻഡായി

 

രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യം ചൈനീസിൽ കഷ്ടി രണ്ടു മണിക്കൂർ മാത്രമേയുള്ളൂ. പാട്ടുകളില്ല. തായ്‌ലൻഡിലെ ഗ്രാമമായ ചാൻബാനിലെ തെരുവിൽ ജീവിക്കുന്ന ചൈനീസ് കുടുംബം. രാജാക്കാട് പൊലീസ് സ്റ്റേഷനു മുൻപിലുള്ള ചായക്കടയ്ക്ക് പകരം അങ്കിൾ സോങ്ങിന്റെ ജ്യൂസും മറ്റും വിൽക്കുന്ന കട. ലീ വെയ്‌ജ്യേ (ജോർജുകുട്ടി) സ്വന്തമായി ടെലികമ്യൂണിക്കേഷൻ ബിസിനസ് നടത്തുന്നയാൾ. ആയിരത്തോളം ഡിറ്റക്ടീവ് സിനിമകൾ കണ്ടെന്ന് അവകാശപ്പെടുന്ന, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള പാവപ്പെട്ടവൻ, കുടുംബസ്നേഹി. പക്ഷേ, ജോർജുകുട്ടിയുടെയും റാണിയുടെയും കുസൃതിയും ക്യൂട്ട്നെസും നിറഞ്ഞ, നമ്മൾ ദൃശ്യത്തിൽ കണ്ട നിമിഷങ്ങൾ ഇതിലില്ല കേട്ടോ.

 

സദാചാരം

 

ഒരു പെൺകുട്ടിയുടെ ന്യൂഡ് വിഡിയോ (അതും ഒളിക്യാമറ) പുറത്തായാൽ ജീവിതം അമ്പേ തകർന്നു എന്ന മലയാളി/ഇന്ത്യൻ പൊതുബോധത്തിനു ചൈനീസ് ജീവിതത്തിൽ സ്ഥാനമില്ല. അതിനാലാകണം അവർ കഥാപരിസരം ചൈനയിൽ നിന്നു മറ്റൊരു രാജ്യത്തിലേക്കു പറിച്ചുനട്ടത്. 2019ലാണു കഥ നടക്കുന്നത്. അൻസിബ അവതരിപ്പിച്ച ഒതുക്കമുള്ള മകൾക്കു പകരം അച്ഛനോട് സദാ മുഖം കറുപ്പിക്കുന്ന പിങ്പിങ് എന്ന മകളാണിവിടെ. സമ്മർ ക്യാംപിൽ വച്ച് അവൾക്കു ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ച് അതു മൊബൈലിൽ പകർത്തുന്നു. ഒരു കാടിനു പിറകിൽ, ശ്മശാനത്തിന് അരികിലായാണ് ഇതിലെ വീടെന്നതിനാൽ ഒരു കുഴിമാടം തുറന്നാണു മൃതദേഹം ഒളിപ്പിക്കുന്നത്. 

 

ചൈനയിൽ ധ്യാനമുണ്ടോ

 

പലരെയും പോലെ എനിക്കും അറിയാൻ ഏറെ താൽപര്യമുണ്ടായിരുന്നത് ഇവരും പാറേൽ പള്ളിയിൽ ധ്യാനം കൂടാനാണോ പോവുന്നത് എന്നതായിരുന്നു. അല്ല! ഏപ്രിൽ 2, 3 തീയതികളിൽ മറ്റൊരു നഗരമായ ലുവാ പത്തോമിൽ നടക്കുന്ന ബോക്സിങ് മത്സരത്തിനു ദൃക്‌സാക്ഷികളായി എന്നതാണ് ഇവിടെ കുടുംബം മെനയുന്ന കഥ. പാസ്പോർട്ട് വെരിഫിക്കേഷൻ ചെയ്യാൻ ഒരു വീട്ടിൽ പോകവെയാണ് സഹദേവൻ പൊലീസ് മഞ്ഞക്കാറിലുള്ള ജോർജുകുട്ടിയുടെ സഞ്ചാരം കണ്ടതെങ്കിൽ, ഇവിടെയതു റോഡരികിലെ തട്ടുകടയിൽ നൂഡിൽസിനായി കാത്തു നിൽക്കുമ്പോഴായിരുന്നു. 

 

പൊലീസ് ചീഫ് ആയി വേഷമിട്ട ജോൻ ചെൻ മികച്ച അഭിനേത്രിയാണ്. രണ്ട് അമ്മമാരും നേർക്കുനേർ നിന്നു ഗദ്ഗദങ്ങൾ മാത്രം സ്‌ക്രീനിൽ നിറഞ്ഞ ചില രംഗങ്ങളുണ്ട്, മലയാളത്തിൽ ഇല്ലാത്തവ, സിംപ്ലി അമേസിങ് - ഹീറോ ഓറിയന്റഡ് ആണല്ലോ നമ്മുടെ പല സിനിമകളും. പൊതുശ്‌മശാനത്തിൽ കയറിയ പൊലീസ് മൃതദേഹത്തിനായി കുഴി തോണ്ടിയപ്പോൾ തെരുവാകെ കലാപം പൊട്ടിപ്പുറപ്പെട്ടു. പൊലീസിനു കിട്ടിയതോ ചത്ത ഒരാടിനെ.

 

ക്ലൈമാക്സിലെ മാറ്റം

 

പൊലീസ് ചീഫിനോടും ഭർത്താവിനോടും മാപ്പിരന്ന ശേഷം ചൈനീസ് ജോർജുകുട്ടി എന്നെ ഞെട്ടിച്ചു. നേരെപോയി മീഡിയയ്ക്ക് മുൻപിൽ കുറ്റമേറ്റു പറഞ്ഞു. ജോർജുകുട്ടി നടന്നുപോകും വഴി കേരളത്തിലെ പ്രേക്ഷകർക്ക് വെളിവാക്കപ്പെട്ട ക്ലൈമാക്സിന്റെ പകിട്ടും ഗരിമയും അതിനില്ലായിരുന്നു. ചൈനീസ് സെൻസർ ബോർഡിനെ സമാധാനിപ്പിക്കാനാണ് ഇത്തരത്തിൽ ഒരു അവസാനമെന്നാണു ചൈനീസ് സുഹൃത്തുക്കൾ പറഞ്ഞത്. 

 

വെയ്‌ജ്യേയുടെ സ്നേഹത്തിന്റെയും കുടുംബത്തോടുള്ള പ്രതിബദ്ധതയുടെയും സമർപ്പണത്തിന്റെയും ആഴം കൂടെ അവിടെ പ്രകടമാവുന്നുണ്ട്. അവസാനം പൊലീസ് വാനിൽ പോകുന്ന അച്ഛനു പിറകെ കരഞ്ഞു കൊണ്ട് ഓടുന്ന മകൾ. എല്ലാക്കാലത്തും അച്ഛനെ അധിക്ഷേപിച്ച മകൾ അച്ഛനു വേണ്ടി കരയുന്നതു മാത്രം മതിയായിരുന്നു അയാൾക്ക്. സ്‌ക്രീനിൽ പൊലീസ് തെളിവെടുപ്പിന്റെ രംഗങ്ങളായപ്പോൾ ആധി മൂത്ത് സീറ്റിൽ നിന്നിറങ്ങി നിലത്തിരുന്നിരുന്ന ഒരു സ്ത്രീയെ ഞാൻ തിയറ്ററിൽ കണ്ടു. ജീത്തു ജോസഫ് എന്ന മലയാളിയുടെ രചനാവൈഭവത്തിന് ഇത്ര വലിയൊരു ജനവിഭാഗത്തെ പിടിച്ചിരുത്താനായല്ലോ എന്ന അത്ഭുതം. 

 

മോഹൻലാൽ എന്ന ഭാവം

 

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണു ‘തേന്മാവിൻ കൊമ്പത്ത്’ കാണുന്നത്. അഭിനയിക്കാതെ അഭിനയിക്കുന്ന ആളാണെന്നതിലാണ് എനിക്ക് ലാലേട്ടനോട് ആരാധന. ദൃശ്യത്തിലെ പയ്യൻ മരിക്കുന്നതിനു മുമ്പുള്ള ജോർജുകുട്ടിയിൽ ഇല്ലാത്ത ഒരു ഭാവം അതിനുശേഷമുള്ള ജോർജുകുട്ടിയിൽ ഉണ്ട്. അതെന്താണെന്നു ചോദിച്ചാൽ ഉത്തരമില്ല. ആ ‘പേരില്ലാ ഭാവം’ ന്യൂഡൽഹിയിലെ മമ്മൂട്ടിയിലുണ്ട്, ട്രോ‌യിയിലെ ബ്രാഡ്പിറ്റിലുമുണ്ട്. ജോർജുകുട്ടിയെ ചൈനീസ് ആക്കുമ്പോൾ ചൈനാ നടൻ അതെങ്ങനെ പകർന്നാടും! എന്റെ ഏറ്റവും വലിയ സന്ദേഹം അതായിരുന്നു കേട്ടോ. ഉത്തരം: മോഹൻലാൽ എന്ന പ്രതിഭയുടെ ഏഴയലത്തു പോലും എത്തിയിട്ടില്ല ചൈനയിലെ എണ്ണം പറഞ്ഞ, മികച്ച അഭിനേതാവായ ഷ്യാവോ. എന്റെ മനസ്സിലെ ജോർജുകുട്ടിക്ക് എന്നും ലാലിന്റെ മുഖമായിരിക്കും.

 

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് പതിപ്പ് സൂപ്പർ ഹിറ്റ് ചാർട്ടിൽ. ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ് വിത്തൗട്ട് എ ഷെപ്പേർഡ്’  റിലീസ് ചെയ്തു മൂന്നാഴ്ച പിന്നിടുമ്പോൾ കലക്‌ഷൻ ചാർട്ടിൽ 1000 കോടി കടന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ചിത്രത്തോടൊപ്പം റിലീസ് ചെയ്ത സ്കൈ ഫയർ, സ്റ്റാർ വാർസ് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണു ചൈനീസ് ദൃശ്യത്തിന്റെ കുതിപ്പ്. 46.35 മില്യൺ യുവാൻ (6.61 മില്യൺ ഡോളർ) ആണ് ആദ്യ ദിവസത്തെ  കലക്‌ഷൻ.

 

മലയാളത്തിൽ ജീത്തു ജോസഫ് തുടങ്ങിവച്ച വിജയക്കുതിപ്പ് ചൈനയിലും തുടരുന്നുവെന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘‘ചൈനയിലും ഈ കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകർ ഏറ്റെടുത്തുവെന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരിലേക്ക് അത്രമേൽ ആഴത്തിലിറങ്ങുന്നതാണെന്നു വീണ്ടും തെളിയിക്കപ്പെട്ടതിൽ അഭിമാനവുമുണ്ട്’’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com