ലാലും മാറി, ജനവും മാറി, ഞാനും മാറി: സിദ്ദിഖ്
Mail This Article
ഇന്നസെന്റിനെ എപ്പോൾ കാണുമ്പോഴും ഓർമ വരുന്ന രംഗമേതാണ്? പെൺകുട്ടിക്കു മുന്നിൽ മുണ്ടഴിഞ്ഞു പോയതറിയാതെ അന്തസ്സോടെ നിൽക്കുന്ന റാംജി റാവിലെ മുഖം ! ആ മുഖം മലയാളിക്കു സമ്മാനിച്ച കൂട്ടുകെട്ടിലെ ഒരാൾ സിദ്ദിഖായിരുന്നു. പിന്നീടു സിദ്ദിഖ് സമ്മാനിച്ച പല മുഖങ്ങളും നാം കണ്ടു. ഇടയ്ക്കു തിരക്കിനിടയിൽ തമിഴിലേക്കും ഹിന്ദിയിലേക്കും സിദ്ദിഖ് യാത്രപോയപ്പോഴും നാം കാത്തിരുന്നു. ഇപ്പോൾ സിദ്ദിഖ് തിരിച്ചെത്തുകയാണ്. ബിഗ് ബ്രദറുമായി.
ബിഗ് ബ്രദറിന്റെ പ്രത്യേകതകൾ സിദ്ധിഖ് പറയുന്നു
മോഹൻലാൽ എന്ന നടനു രണ്ടു തരത്തിലുള്ള ഇമേജുണ്ട്. അസാധാരണ വലുപ്പമുള്ള മനുഷ്യനായി നിറഞ്ഞാടുന്ന ലാൽ. അല്ലെങ്കിൽ വളരെ താഴ്‌മയോടെ ജീവിക്കുന്ന ലാൽ. ഞാനിതിൽ ആദ്യത്തെ ലാലിനെ എടുത്തു. ചെറുപ്പക്കാർ കാത്തിരിക്കുന്നതു ആദ്യത്തെ ലാലിനെയാണ്. അവരുടെ മനസ്സിലെ ലാൽ എന്നതു സാധാരണ മനുഷ്യനിലും വലിയ ലാലാണ്. ഇതിൽ ആക്‌ഷനുതന്നെയാണു മുൻതൂക്കം.
മലയാളികൾക്കു മറ്റു ഭാഷാ ചിത്രങ്ങൾ ധാരാളമായി കാണാൻ അവർക്കു അവസരമുണ്ട്. അതുപോലുള്ള സിനിമകൾ അവർ ഇവിടെയും പ്രതീക്ഷിക്കുന്നു. അവ വരുന്നതു കൂടുതൽ വലിയ ഇൻഡസ്ട്രിയിൽനിന്നാണോ എന്നൊന്നും ആലോചിക്കേണ്ട ബാധ്യത മലയാളി പ്രേക്ഷകനില്ല. ഞാൻ ഇപ്പറഞ്ഞത് കമേഴ്സ്യൽ സിനിമകളുടെ മാത്രം കാര്യമാണ്.
വല്യേട്ടൻ, ക്രോണിക് ബാച്ച്ലർ, ഹിറ്റ്ലർ എന്നിവയെല്ലാം വിവിധ തരത്തിലുള്ള ജേഷ്ഠന്മാരുടെ കഥയാണ്. അതിലെല്ലാം ജേഷ്ഠൻ എന്ന ഘടകത്തിനു വളരെ വൈകാരികമായ വശംകൂടി ഉണ്ടായിരുന്നു. ബിഗ് ബ്രദറിനും ഈ വൈകാരിക തലമുണ്ട്. എന്റെ പ്രതീക്ഷയും അതിലാണ്. എന്റെ എല്ലാ സിനിമകളിലും അത്തരമൊരു അംശം ഉണ്ടായിരുന്നുവെന്നാണു ഞാൻ കരുതുന്നത്.
9 വർഷത്തോളമായി ലാലിനെ വച്ച് ഒരു സിനിമ എന്ന ആലോചന തുടങ്ങിയിട്ട്. മറ്റു ഭാഷകളിലെ ജോലിയും ലാലിനു വേണ്ടി ഒരു വിഷയം കണ്ടെത്താനുള്ള പ്രയാസവുമാണ് വൈകാൻ കാരണം. നായകൻ ലാൽ ആകുമ്പോൾ എന്തു വേണം എന്നല്ല, എന്തു വേണ്ട എന്നു തീരുമാനിക്കാനാണു പ്രയാസം. നോക്കുന്നിടത്തെല്ലാം ലാലുണ്ട് എന്നതായിരുന്നു അവസ്ഥ. പലതും മാറ്റിമാറ്റിയെടുത്താണ് അവസാനം ഈ ലാലിനെ കണ്ടെത്തിയത്. ഇതിന്റെ കഥതന്നെയാണു ലാലിനെ ആദ്യം ആകർഷിച്ചത്. തിരക്കഥയായി വന്നപ്പോൾ ലാൽ പറഞ്ഞു, ഇതിൽ ആക്‌ഷൻ ഏറെ വന്നിരിക്കുന്നുവെന്ന്. സ്വാഭാവികമായും ആ കഥാപാത്രം വളർന്നപ്പോൾ അയാൾക്കുവേണ്ട തരത്തിലുള്ള ആക്‌ഷൻ വന്നുപോയതാണ്. അതു ലാലിനും ഇഷ്ടമായി. അങ്ങിനെയാണ് ഈ ബിഗ് ബ്രദറുണ്ടാകുന്നത്.
ലാലും മാറി, ജനവും മാറി, ഞാനും മാറി
പഴയ ലാലിനെ കാണിച്ചാൽ ജനം കാണുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കാലത്തിനനുസരിച്ചു ലാൽ മാറി. നമ്മളുടെ മനസ്സും മാറിയിരിക്കുന്നു. ദൃശ്യം സിനിമയിൽ സാധാരണ ലാലിനെ കാണിച്ചിട്ടും വിജയിച്ചത് അതിലെ അസാമാന്യ സസ്പൻസ് എന്ന ബ്രില്യൻസുകൊണ്ടാണ്. പക്ഷേ, മറ്റു സിനിമകളിൽ ജനം കാത്തിരിക്കുന്നതു ത്രില്ലിങ് ലാലിനെത്തന്നെയാണ്