പൃഥ്വിരാജിന്റെ ഡ്രൈവർ ‘കുമാരേട്ടൻ’; ഉപ്പും മുളകിലെ മാധവൻ തമ്പി
Mail This Article
സിനിമയിലെ നായകന്മാർ മാത്രമല്ല ഓരോ അഭിനേതാക്കളുടെയും കരുത്തുറ്റ പ്രകടനമാണ് അയ്യപ്പനും കോശിയും എന്ന സിനിമയെ വേറിട്ടുനിർത്തുന്നത്. അതിലൊരു കഥാപാത്രമാണ് അയ്യപ്പന്റെ ഡ്രൈവറായ കുമാരൻ. സിനിമ കഴിഞ്ഞാലും അയ്യപ്പനും കോശിക്കുമൊപ്പം കുമാരനും നിങ്ങളുടെ കൂടെ കൂടും.
ഉപ്പും മുളകും എന്ന സീരിയലിൽ ബാലുവിന്റെ അച്ഛനായി അഭിനയിച്ച കോട്ടയം രമേശ് ആണ് ആ കുമാരേട്ടൻ. ഒരു സുപ്രഭാതത്തിൽ അഭിനയത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച ആളല്ല അദ്ദേഹം, പതിറ്റാണ്ടുകള്‍ നാടകത്തിനൊപ്പം ജീവിച്ച വ്യക്തിയാണ്. മഹാപ്രതിഭകളായ തിലകൻ, എൻ.എൻ. പിള്ള, ജഗതി എന്നിവർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിന് കരുത്തായുണ്ട്.
കോട്ടയം രമേശിനെക്കുറിച്ച് വിപിൻ നാഥ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് താഴെ കൊടുക്കുന്നു:
"ഒന്നു പകച്ചു പോയാൽ പിന്നെ മനുഷ്യനെ പത്ത് പൈസക്ക് കൊള്ളത്തില്ല "
ഡ്രൈവർ കുമാരേട്ടൻ അല്ല കുമാരൻ എന്ന സാരഥിയുടെ ഉപേദേശമാണിത്.. അതിലുപരി സൂചനയുമാണ്.. കുമാരനെ പോലെ ആത്മാർത്ഥതയും കൂറുമുള്ള തൊഴിലാളികൾ വെള്ളിത്തിരയിൽ തന്നെ വിരളമാണ്..
ചിത്രത്തിൽ കുമാരനെ കാണിക്കുമ്പോഴൊക്ക എന്തോ മഹാനടൻ തിലകനെ ഓർത്തു പോയി.. ശബ്ദത്തിലുള്ള സാമ്യത, ചില ചേഷ്ടകൾ,ശരീരഭാഷാ അങ്ങനെ എല്ലാം കൊണ്ടും.. ഇത് ആദ്യമായല്ല "വൈറസ് " എന്ന സിനിമയിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ആയി വന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു.. ഇനി തിലകൻ സാറിന്റെ അനിയനും മറ്റുമാണോ?? ചോദ്യങ്ങൾ അതിന്റെ ഉത്തരം കണ്ടെത്തി..
തിരുവനന്തപുരം സൗപർണിക, അക്ഷരകല, അശ്വതി, കോട്ടയം നാഷനൽ, പാലാ കമ്മ്യൂണിക്കേഷൻസ്, പൂഞ്ഞാർ നവധാര, അരീന കൊല്ലം, എൻ. എൻ പിള്ളയുടെ വിശ്വകേരള കലാസമിതി, തൃശൂർ കലാനിലയം എന്നീ പ്രസിദ്ധ സമിതികളിലൂടെ അഹോരാത്രം തട്ടിനെ കർമമേഖലയാക്കി നാടകരംഗത്തെ മികച്ചനടനായി തീർന്ന "കോട്ടയം രമേശ് " എന്ന കലാകാരനാണ് അദ്ദേഹം..
ചിലർക്ക് "ഉപ്പും മുളകിലെ" മാധവൻ തമ്പിയുമാണ്.. കാർബൺ, വാരിക്കുഴിയിലെ കൊലപാതകം, ഉരിയാട്ട്, വൈറസ് എന്നീ സിനിമകളിലും ഭാഗമായ ഈ നടന് ഇനിയുള്ള ചലച്ചിത്രയാത്രയിൽ മുതൽ കൂട്ട് തന്നെയാകും "അയ്യപ്പനും കോശിയിലെ" ഡ്രൈവർ കുമാരേട്ടൻ അല്ല കുമാരൻ.. അത്ര മനോഹരമാക്കിയിട്ടുണ്ട്..