മനസ്സിൽ മായാത്ത മകൾ: ഋഷി കപൂറിന്റെ ഓർമകളുമായി മീനാക്ഷി
Mail This Article
കോട്ടയം ∙ ‘‘ ഒരു ലെജൻഡ് ആണു മുന്നിൽ നിൽക്കുന്നത്. എനിക്ക് ഹിന്ദിയും അറിയില്ല. പക്ഷേ , അദ്ദേഹം കൂൾ കൂളായി ആ പേടി മാറ്റി ’’– കിടങ്ങൂരിലെ വീട്ടിലിരുന്ന് ബാലതാരം മീനാക്ഷി സ്വപ്നതുല്യമായ ആ കണ്ടുമുട്ടലിന്റെ കഥ പറഞ്ഞു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ദ് ബോഡി’ എന്ന ഹിന്ദി സിനിമയിൽ അഭിനയിക്കാൻ മൊറീഷ്യസിൽ എത്തിയപ്പോഴാണ് മീനാക്ഷി ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായകനെ കാണുന്നത്.ഋഷി കപൂറിന്റെ മകളുടെ വേഷമായിരുന്നു മീനാക്ഷിക്ക്. അച്ഛൻ അനൂപിനൊപ്പമാണ് മീനാക്ഷി മൊറീഷ്യസിൽ പോയത്.
‘‘വലിയ പേടിയോടെയാണ് ഷോട്ട് എടുക്കുമ്പോൾ ഞാൻ പോയത്. ആദ്യം തന്നെ അദ്ദേഹം പറഞ്ഞു. എതിരെ നിൽക്കുന്നത് ആരാണെങ്കിലും സ്വന്തം വേഷം നന്നായി അഭിനയിക്കണം. മറ്റെല്ലാവരോടും ഹിന്ദി സംസാരിച്ചെങ്കിലും എന്നോട് ഇംഗ്ലിഷിൽ സംസാരിച്ചു. എനിക്ക് ഹിന്ദി അത്ര വഴങ്ങുന്നില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായിരുന്നു. ഒരു കാർ അപകടത്തിന്റെ സീൻ ഷൂട്ട് ചെയ്യണം.
കാർ മരത്തിൽ തൂങ്ങിക്കിടക്കുന്ന സീൻ എടുക്കണം. പലപ്പോഴും അദ്ദേഹം എന്നെ എടുത്ത് നിന്നാണ് ഷൂട്ട് ചെയ്തത്. എനിക്ക് ആകെ ടെൻഷനായിരുന്നു. പക്ഷേ അദ്ദേഹം വളരെ കൂളായാണ് അതു െചയ്തത്. അദ്ദേഹത്തിന്റെ മകളായി അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം. മരണ വാർത്ത അറിഞ്ഞപ്പോൾ ആകെ ഒരു സങ്കടം. ഒരുപാട് സപ്പോർട്ട് ചെയ്ത സ്വന്തം ഒരാൾ വിട്ടു പോയതു പോലെ.