ADVERTISEMENT

വിവാദ പ്രസ്താവനയിലും തനിക്കു നേരെ ഉയരുന്ന അപവാദങ്ങളിലും മറുപടിയുമായി നടി സരയു. സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണം എന്ന് തേൻപുരട്ടിയ വാക്കുക്കളാൽ ആവർത്തിച്ചു പഠിപ്പിച്ചിരുന്നിടത്ത്  നിന്നും  താൻ യു ടേൺ എടുത്ത് പോരുകയായിരുന്നു എന്ന് സരയു കുറിച്ചു.

 

പഴയൊരു ചാനൽ അഭിമുഖത്തിൽ സരയു പറഞ്ഞ വാക്കുകൾ ചൂണ്ടിക്കാട്ടി നടിക്കു നേരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. സ്ത്രീ പുരുഷന് ഒരു പടി താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടമെന്നും അങ്ങനെയുള്ളിടത്ത് പ്രശ്‌നങ്ങള്‍ കുറവാണെന്നുമാണ് സരയു ആ പരിപാടിയിൽ അഭിപ്രായപ്പെടുന്നത്. സരയുവിന്റേത് സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നു പറഞ്ഞായിരുന്നു വിമർശനങ്ങൾ.

 

സരയുവിന്റെ വിശദീകരണ കുറിപ്പ്:

 

നമസ്കാരം, 2 ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച് എഴുതിയിട്ടും വർഷങ്ങൾക്ക് മുന്നേ ഉള്ള ഒരു വിഡിയോ ഇപ്പോഴും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കുന്നു എന്നറിയുന്നു...

 

ഞാൻ ചിന്തകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും ഈ വർഷങ്ങൾ കൊണ്ട് കുറച്ച് മുന്നിലേക്ക് പോന്നിരിക്കുന്നു. അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങൾ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാൻ ചെയ്യുന്നത്. വീടിനുള്ളിലെ സുരക്ഷിത്വത്തിൽ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്... ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങൾ ഉണ്ടായിരുന്നു.

 

സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണം എന്ന് തേൻപുരട്ടിയ വാക്കുക്കളാൽ ആവർത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേൺ എടുത്ത് പോരുകയായിരുന്നു... അതാണ് എന്നിലെ സ്ത്രീയോട് ഞാൻ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം...

 

പറഞ്ഞുവന്നത് ഇത്രേ ഉള്ളു...ഞാൻ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിച്ചോണ്ടിരിക്കുന്നത്.. എനിക്ക് ഇനിയും ഇതിന് മുകളിൽ സമയം ചിലവഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല....

 

എന്നിലെ മാറ്റങ്ങളുടെ നേർത്ത സാധ്യതകൾ എങ്കിലും തിരിച്ചറിഞ്ഞു നേരിട്ട് ചോദിക്കുകയും എളുപ്പത്തിൽ ചെയ്യാവുന്ന വിഡിയോ ഷെയർ ഒഴിവാക്കി 2 വരികൾ കൃത്യമായി, ഊർജം പകരുന്ന തരത്തിൽ എഴുതുകയും, പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കൾക്ക് സ്നേഹം...

 

തിരിച്ചറിയുന്നു നല്ല സൗഹൃദങ്ങളെ , ശുഭരാത്രി.

 

വിവാദ വിഡിയോയുമായി ബന്ധപ്പെട്ട് സരയുവിന്റെ ആദ്യ ഫെയ്സ്ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു

 

കാലത്തിനൊത്തു കാഴചപ്പാടുകൾ മാറും...ആണും പെണ്ണും ഒരേ തട്ടിൽ കൈപിടിച്ചു ജീവിക്കുന്നതാണ് ഇന്നെന്റെ ശെരി.... (അന്ന് പറഞ്ഞതിൽ നിന്ന് ലേശം വ്യത്യസ്തം തന്നെ ആണ് അഭിപ്രായം)അതാണ് എന്റെ ഇക്വാലിസം... അതാണ് എന്റെ ഫെമിനിസവും...എന്റെ ശരികള്‍ ഇങ്ങനെ ആണ്... എന്റെ മാത്രം ശെരി...

 

സോഷ്യൽ മീഡിയയ്ക്ക് അപ്പുറത്ത് സുന്ദരമായ ഒരു കുടുംബ ജീവിതം നയിക്കുന്ന ആളാണ് ഞാൻ....പങ്കുവച്ചും പൊട്ടിച്ചിരിച്ചും പറഞ്ഞും അറിഞ്ഞും ഞങ്ങൾ തീർത്ത ലോകം തന്നെ ആണ് എനിക്ക് വലുത്... അതിനപ്പുറം ഒരു സൈബർ ലോകത്തിനും വില കൊടുക്കുന്നില്ല...

 

എങ്കിലും നല്ല ചർച്ചകൾ നടക്കുന്ന, നല്ല എഴുത്തുകൾ വായിക്കാൻ കിട്ടുന്ന, നല്ല സൗഹൃദങ്ങൾ പൂക്കുന്ന ഒരിടം എന്ന രീതിയിൽ ഒരുപാട് ഇഷ്ടമുണ്ട്....ആ ഇഷ്ടം ഇല്ലാതാക്കുന്ന ചിലരുണ്ട്, ചിലതുണ്ട്....

 

അതിനോട് അന്നും ഇന്നും എന്നും വെറുപ്പ് തന്നെ...അപ്പുറത്തെ വീട്ടിലേക്ക് കണ്ണും നട്ടിരുന്നു,ഓരോ വിഷയങ്ങൾ ദിവസവും കണ്ടുപിടിക്കാനുള്ള അവരുടെ ബുദ്ധിമുട്ടും മനസിലാക്കുന്നു...

 

അപ്പോൾ നിങ്ങളൊക്കെ തകർക്കിന്.....സുദീർഘമായ ഒരു എഴുത്തൊന്നും ഇതിന് ആവശ്യമില്ല....ശുഭരാത്രി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com