ADVERTISEMENT

നാല്പത്തിയെട്ടു വർഷത്തെ സംഭവബഹുലമായ തിരക്കുപിടിച്ച ജീവിതത്തിലെ വിശേഷങ്ങളുമായി സിന്ധു കൃഷ്ണ. നാല് മക്കളുടെ അമ്മ റോളിൽ നിന്നും ഭർത്താവിന്റെയും മക്കളുടെയും വിഡിയോഗ്രാഫറായി വരെ മാറിയതിന്റെ കഥ പറയുകയാണ് സിന്ധു.  സോഷ്യൽ മീഡിയ അടക്കി വാഴുന്ന കൃഷ്ണ സിസ്റ്റേഴ്സ് എന്ന് വിളിപ്പേരുള്ള അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും അമ്മ സിന്ധു കൃഷ്ണ ഇന്നൊരു താരമായി കഴിഞ്ഞു. സമൂഹമാധ്യമത്തിൽ ലൈവ് വിഡിയോയിൽ പ്രേക്ഷകരുമായി സംസാരിക്കുന്നതിനിടെയാണ് സിന്ധു മനസുതുറന്നത്.

 

നാല് കുട്ടികളെ വളർത്താൻ അമ്മ എന്ന നിലയൽ  അനുഭവിച്ച ബുദ്ധിമുട്ടിനെപ്പറ്റി സിന്ധു ലൈവ് വിഡിയോയിൽ പറയുകയുണ്ടായി. സിന്ധുവിന്റെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വായിക്കാം. 

 

‘കുട്ടികൾ ചെറുതായിരുന്നപ്പോൾ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു, അഹാനയെ വളർത്തി ആണ് കുട്ടികളെ വളർത്താൻ പഠിച്ചത്.  അഹാനയ്ക്ക് പത്തു വയസായപ്പോൾ താഴെ മൂന്നു കുട്ടികൾ ആയി.  കുട്ടികളെ വളർത്താൻ നല്ല പാടുതന്നെയാണ്.  രാവിലെ എഴുന്നേൽക്കുന്നത് മുതൽ കിടക്കുന്നവരെ ഒരു മെഷീൻ പോലെ പണിയെടുക്കുമായിരുന്നു.  എല്ലാ കാര്യങ്ങളും ചിട്ടയോടെ നോക്കുന്ന അമ്മ ആയിരുന്നു ഞാൻ.  എല്ലാ കാര്യങ്ങൾക്കും ചിട്ട വേണം എന്ന് നിർബന്ധമുണ്ടായിരുന്നു.  മക്കളുടെ ചെറിയ കാര്യങ്ങൾ പോലും ഓവർ ആയി ശ്രദ്ധിക്കും. അത് ചിലപ്പോൾ കുട്ടികളെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകാം.  ഒരു ഫുൾ ടൈം മദർ ആയിരുന്നതുകൊണ്ട് എല്ലാം ചെയ്യാൻ കഴിഞ്ഞു.  കുട്ടികൾ ഓരോ ക്ലാസിലായിരിക്കും ഉള്ളത്, ക്ലാസ് കഴിയുമ്പോൾ ഓരോ ക്ലാസിലും ചെന്ന് അവിടെ കാത്തു പുറത്തു നിൽക്കും, അത് എങ്ങനെ എന്ന് ഇപ്പോൾ തനിക്ക് അത്ഭുതം തോന്നാറുണ്ട്.  ഇപ്പോൾ കുട്ടികൾ വളർന്നു, അവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തിയായപ്പോൾ ജോലി കുറഞ്ഞു, സിന്ധു പറയുന്നു.  

 

‘അഹാന ആയിരുന്നു കുട്ടികളിൽ ഏറ്റവും നന്നായി പഠിക്കുന്നത്.  ഹൻസിക ചെറിയ കുട്ടിയായിരുന്നപ്പോൾ നന്നായി പഠിക്കുമായിരുന്നു.  പക്ഷേ ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കുറഞ്ഞിട്ടുണ്ട്.  മൊബൈലിലും ഇന്റർനെറ്റിലും താൽപര്യം കൂടിയതിനു ശേഷം ഹൻസികയുടെ ശ്രദ്ധ മാറിയിട്ടുണ്ട്.  ഇഷാനിയും ദിയയും ആവറേജ് സ്റ്റുഡന്റസ് ആയിരുന്നു.’

 

തന്റെ  ക്ലീനിങ് ഹാബിറ്റ് ആണ് മറ്റുള്ളവർക്ക് തലവേദനയുണ്ടാക്കിയിട്ടുള്ള ഒരു ശീലം എന്ന് സിന്ധു പറയുന്നു.  പുറത്തുപോയി വരുന്ന  മക്കളുടെ പുറകെ നടന്ന് വൃത്തിയായിട്ടു മാത്രമേ ബെഡിലോ സോഫയിലോ ഇരിക്കാൻ അനുവദിക്കൂ.  ഇതൊക്കെ ശല്യമായി തോന്നാറുണ്ടെന്നു കുട്ടികൾ പറയാറുണ്ട്.  പക്ഷേ കൊറോണ വ്യാപിച്ചതിനു ശേഷം അങ്ങനെ കുഴപ്പമില്ല. കുട്ടികൾക്ക് ഇപ്പോൾ കൈയും കാലും മുഖവുമൊക്കെ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലായിട്ടുണ്ട്. 

 

‘ഏറ്റവും പ്രിയം കുടുംബത്തോടൊപ്പം വീട്ടിൽ ചെലവഴിക്കുക എന്നതാണ്.  യൂറോപ്പിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നു, എന്നെങ്കിലും പോകാൻ സാധിക്കും എന്ന് കരുതുന്നു.  എന്നാലും തനിക്കേറ്റവും ഇഷ്ടം വീടുതന്നെയാണ്.  വൈകിട്ടു എല്ലാവരും കുളിച്ചു വൃത്തിയായി ലിവിങ് റൂമിൽ ഇഷ്ടമുള്ളത് കഴിച്ചിരുന്നു ടിവി കാണുന്ന സമയമാണ് താൻ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് സിന്ധു പറയുന്നു.

 

അമ്മയുടെയും മക്കളുടെയും മുടിയുടെ രഹസ്യം എന്താണെന്നറിയാനായിരുന്നു ഒരു ആരാധികയുടെ ആഗ്രഹം.  തങ്ങൾക്ക് അങ്ങനെ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്ന് സിന്ധു പറഞ്ഞു.  കൃഷ്ണകുമാർ കറിവേപ്പിലയൊക്കെ ഇട്ടു കാച്ചിയെടുക്കുന്ന ഒരു എണ്ണയുണ്ട് അതാണ് തലയിൽ ഇടുന്നത്.  കുട്ടികൾക്ക്  മുടിക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല.  എല്ലാവർക്കും ജന്മനാ തന്നെ നല്ല മുടി ഉണ്ടെന്ന് മറുപടി. 

 

പെൺകുട്ടികൾ എപ്പോഴും സാമ്പത്തികമായി സ്വാതന്ത്ര്യമുള്ളവരായിരിക്കണം.  ഹാർഡ് വർക്ക് ചെയ്യണം, നല്ല വിദ്യാഭ്യാസം നേടണം, ജോലി ചെയ്തു പണമുണ്ടാക്കി സ്വന്തം കാലിൽ നിൽക്കണം. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയണം.  നല്ല മനുഷ്യരായി വളരണം, അച്ഛനെയും അമ്മയെയും മുതിർന്നവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും ശീലിക്കണം, പെൺകുട്ടികൾ മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറാൻ പഠിക്കണം, നല്ലതാര് ചീത്തയാര് എന്നൊക്കെ അറിയണം, മോശം പെരുമാറ്റം എളുപ്പം മനസ്സിലാക്കണം.  ചുറ്റുമുള്ള ലോകം അത്ര നല്ലതൊന്നുമല്ല, അങ്ങനെയൊരു സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്നൊക്കെ താൻ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാറുണ്ടെന്നും സിന്ധു പറയുന്നു.

 

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ സ്വദേശികളായ രംഗനാഥൻ, വസന്ത എന്നിവരാണ് സിന്ധു കൃഷ്ണയുടെ മാതാപിതാക്കൾ.  ഊട്ടി ബോർഡിങ് സ്കൂളിലായിരുന്നു പഠിച്ചു വളർന്നത്.  സ്കൂള്‍ പഠനം കഴിഞ്ഞപ്പോൾ മസ്കറ്റിൽ ജോലിചെയ്യുന്ന മാതാപിതാക്കളുടെ അടുത്തേക്ക് പോയി.  ഡിഗ്രിയും പിജിയും തിരുവനന്തപുരത്തു കോളജിൽ ആയിരുന്നു.  എംഎ രണ്ടാം വർഷം പഠിക്കുമ്പോഴാണ് കൃഷ്ണകുമാറിനെ പരിചയപ്പെടുന്നതും വിവാഹത്തിൽ കലാശിക്കുന്നതും.  സിന്ധുവിന്റെ സഹോദരി സിമി കുടുംബസമേതം ബാംഗ്ലൂരിൽ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com