ഒടിയൻ രണ്ടാം വാർഷികത്തിൽ തിരക്കഥ പുസ്തകമാക്കി ഹരികൃഷ്ണൻ
Mail This Article
ബ്ലോക്ബസ്റ്റര്‍ ചിത്രം ഒടിയന്റെ രണ്ടാം വാർഷിക ദിനത്തില്‍ സർപ്രൈസ് പ്രഖ്യാപനവുമായി തിരക്കഥാകൃത്ത് ഹരികൃഷ്ണൻ. ഒടിയന്റെ തിരക്കഥ പുസ്തകരൂപത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഡോൺ ബുക്സ് ആണ് പ്രസാധകർ. പുസ്തകത്തിന്റെ പോസ്റ്ററും ഔദ്യോഗികമായി റിലീസ് ചെയ്തു. മഞ്ജു വാരിയർ അടക്കമുള്ള താരങ്ങൾ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
ഹരികൃഷ്ണന്റെ വാക്കുകൾ:
ഇന്ന് ‘ഒടിയൻ’ റിലീസ് ചെയ്തിട്ടു രണ്ടു വർഷം.ഒരു വലിയ സിനിമയ്ക്ക് അർഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമർശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി. എന്നെ സംബന്ധിച്ചിടത്തോളം നല്ല ഒാർമകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ.
എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയൻ. പ്രിയപ്പെട്ടവരായ മോഹൻലാൽ, മഞ്ജു വാരിയർ, വി.എ. ശ്രീകുമാർ, ആന്റണി പെരുമ്പാവൂർ, പത്മകുമാർ, ഷാജി കുമാർ... ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യസിനിമയെ കലാംശം കുറയാതെയും നോൺ ലീനിയർ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം.
സിനിമയ്ക്കുമുൻപേ തിരക്കഥ പ്രസാധനം ചെയ്യാൻ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നുവച്ചു. സിനിമ റിലീസ് ചെയ്തശേഷം, സ്ക്രിപ്റ്റിനും ഡയലോഗുകൾക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയിൽവന്നില്ല. സ്വാഭാവികമായ മടി വലിയ കാരണംതന്നെയാണ്. (ദേശീയ അവാർഡ് വാങ്ങിത്തന്ന ‘കുട്ടിസ്രാങ്കി’ ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റൊരു കാരണമില്ല.)
ഇപ്പോഴിതാ , ഒടിയന്റെ ഈ രണ്ടാം പിറന്നാൾദിനത്തിൽ, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു. നല്ല പുസ്തകങ്ങളുടെ നിർമിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോൺ ബുക്സ് ആണു പ്രസാധകർ. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനിൽ വേഗയുടെ പ്രസാധനമികവും ഡിസൈൻ വൈദഗ്ധ്യവും ഒടിയൻ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റർ അനിലിന്റെ വിരൽവരത്തിന്റെ മുദ്രയാണ്. പുസ്തകത്തിന്റെ പ്രകാശനവിവരങ്ങൾ പിന്നീടറിയിക്കാം.